കലാപത്തീ പടർത്താൻ തെരുവിൽ വെടിമരുന്നു തുപ്പുന്നവർക്ക് പോലീസ് തുണ; കേരളം എങ്ങോട്ട്?

സുധീരമായ നിലപാടുകളുടെ പേരിലാണ് പിണറായിയെ ആരാധകർ ഇരട്ടച്ചങ്കിന്റെ ഉടമയെന്നു വിളിക്കുന്നത്. പക്ഷേ, പോലീസ് ഭരണത്തിൽ ആ ഇരട്ടച്ചങ്കു പ്രതിഫലിക്കുന്നില്ല എന്ന കാര്യം തുറന്നു പറഞ്ഞാൽ ആരാധകർ വിഷമിക്കരുത്.

കലാപത്തീ പടർത്താൻ തെരുവിൽ വെടിമരുന്നു തുപ്പുന്നവർക്ക് പോലീസ് തുണ; കേരളം എങ്ങോട്ട്?

അന്യമത വിദ്വേഷം വമിച്ച് തെരുവിലും സമൂഹമാധ്യമങ്ങളിലും ആടിത്തിമിർക്കുകയാണ് ഒരു വശത്ത് സംഘപരിവാർ നേതാക്കൾ. മുസ്ലിംകൾ പന്നികളെ പോലെ പെറ്റു പെരുകുന്നുവെന്ന് എൻ. ഗോപാല കൃഷ്ണൻ. ആറ്റിങ്ങൽ കടലിൽ ക്രിസ്ത്യാനികൾ ഹിന്ദുക്കളെ കടലിൽ പോകാൻ സമ്മതിക്കുന്നില്ലെന്ന് കെ പി ശശികല.

മറുവശത്ത്, അമുസ്‌ലിംങ്ങളോട് ചിരിക്കരുത് ,അവരെ നോക്കരുത് എന്നൊക്കെയുളള ആഹ്വാനങ്ങളുമായി ഷംസുദീന്‍ ഫരീദ് പാലത്തിനെപ്പോലുളളവർ. ആളിക്കത്തുന്ന കലാപത്തീ ലക്ഷ്യമിട്ട് സമൂഹത്തിലേയ്ക്ക് വെടിമരുന്നു തുപ്പുകയാണിവർ.


വാട്സാപ്പു വഴി പ്രചരിക്കുന്ന മറ്റൊരു വീഡിയോ ഞങ്ങൾ പുറത്തുവിടുന്നു. കേട്ടു നോക്കുക.

[video width="352" height="264" mp4="http://ml.naradanews.com/wp-content/uploads/2016/10/mujahid-provocation.mp4"][/video]

വിസ്ഡം മുജാഹിദ് ഗ്രൂപ്പിന്റെ നേതാവാണ് പ്രസംഗിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യവും ഒരു വിഭാഗത്തെ തുടച്ചു നീക്കലാണ്. അദ്ദേഹവും സംഘവും ലക്ഷ്യം വെയ്ക്കുന്നത് സുന്നികളെ. അവരെ തുടച്ചുതന്നെ നീക്കണം.  അങ്ങനെ ചെയ്താൽ പത്തുവർഷത്തിനകം കേരളത്തെ ഇസ്ലാമിന്റെ രാജ്യമാക്കി മാറ്റാമത്രേ. അതാണ് ദൌത്യം. അതും കാലഘട്ടത്തിന്റെ ദൌത്യം.

ഇത്തരക്കാർക്കിടയിൽ കേരളത്തിലെങ്ങനെയാണ് സമാധാനം പുലരുക? എവിടെയാണ് നമ്മുടെ പോലീസ്? ഇ പി ജയരാജൻ കൊളുത്തിവിട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പു കൈയിലുണ്ടെന്ന കാര്യം മറന്നുപോയോ, നമ്മുടെ മുഖ്യമന്ത്രി?

എവിടെ ലോകനാഥ് ബെഹ്റ? ഇത്തരം പ്രചരണങ്ങൾ നിരീക്ഷിക്കാൻ പോലീസ് സേനയ്ക്കു സംവിധാനമില്ലേ. വായിക്കുന്നില്ലേ അവർ പത്രങ്ങളൊന്നും? കാണുന്നില്ലേ അവർ ടെലിവിഷൻ ചാനലുകൾ? ആരെങ്കിലും പരാതി നൽകിയാലേ കേസെടുക്കൂ എന്നാണോ നിർബന്ധം?

മതം, വംശം, ജന്മദേശം, വാസസ്ഥലം, ഭാഷ, ജാതി, സമുദായം തുടങ്ങി സമൂഹത്തിലെ ഏതു വിഭാഗങ്ങൾ തമ്മിലും സ്പർദ്ധയും ശത്രുതയും വളർത്തുന്ന തലത്തിൽ എന്തു ചെയ്താലും ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പു നൽകുന്നു, ഐപിസി 153എ. ഏതെങ്കിലും വിഭാഗത്തിൽ അരക്ഷിതാവസ്ഥ വളർത്തുന്നതും ശിക്ഷാർഹമാണ് ഇന്ത്യയിൽ. ഗോപാലകൃഷ്ണനും ശശികലയും ലക്ഷ്യം വെയ്ക്കുന്നത് ന്യൂനപക്ഷ മതങ്ങളെ. വിസ്ഡം മുജാഹിദുകാർക്ക് തുടച്ചു നീക്കേണ്ടത് സുന്നികളെ.

എത്രയോ നാളുകളായി പട്ടാപ്പകൽ പരസ്യമായി ഇവരീ ഈ കുറ്റകൃത്യത്തിലേർപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷമായ വിമർശനങ്ങൾ അവർക്കെതിരെ ഉയരുന്നുണ്ട്. അതു കേരളത്തിന്റെ സാമൂഹ്യബോധം. പക്ഷേ, നിയമവാഴ്ച എന്നൊന്നുണ്ട്. അതിന്റെ അവസ്ഥ പരിതാപകരമാണ്.

ഒരു പ്രസംഗത്തിന്റെ പേരിലാണ് സിപിഐഎം നേതാവ് എം എം മണിയെ 45 ദിവസം ജയിലിലടച്ചത്. അതേ യുക്തി സിപിഎം ഭരിക്കുമ്പോൾ എതിരാളികളോട് പ്രയോഗിക്കണമെന്നല്ല പറഞ്ഞു വരുന്നത്.  അതു ചെയ്യാൻ തയ്യാറായ പോലീസ് പക്ഷേ, ഗോപാലകൃഷ്ണനും ശശികലയ്ക്കും നേരെ ഒരു പെറ്റിക്കേസു പോലും സ്വമേധയാ ചുമത്തുന്നില്ല. അതൊരു യാഥാർത്ഥ്യമാണ്.

സുധീരമായ നിലപാടുകളുടെ പേരിലാണ് പിണറായിയെ ആരാധകർ ഇരട്ടച്ചങ്കിന്റെ ഉടമയെന്നു വിളിക്കുന്നത്. പക്ഷേ, പോലീസ് ഭരണത്തിൽ ആ ഇരട്ടച്ചങ്കു പ്രതിഫലിക്കുന്നില്ല എന്ന കാര്യം തുറന്നു പറഞ്ഞാൽ ആരാധകർ വിഷമിക്കരുത്.

2003ൽ മാറാട് കലാപത്തെ തുടർന്നാണ് വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ കോഴിക്കോട് മുതലക്കുളത്ത് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഐപിസി 153-ാം വകുപ്പു പ്രകാരം അന്ന് തൊഗാഡിയയ്ക്കെതിരെ കേസെടുത്തു. കേസിലെ കൂട്ടുപ്രതിയായ കുമ്മനം രാജശേഖരൻ നൽകിയ അപേക്ഷയിന്മേൽ ഉമ്മൻചാണ്ടി സർക്കാർ ആ കേസ് പിൻവലിച്ചു.

അന്ന്, ഉമ്മൻചാണ്ടിയ്ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അതിരൂക്ഷവിമർശനം ഉയർത്തിയവരാണ് ഇന്ന് ഭരണക്കസേരയിൽ. ഗോപാലകൃഷ്ണനും ശശികലയ്ക്കും ഷംസുദ്ദീൻ പാലത്തിനുമൊക്കെ എതിരേ സ്വമേധയാ കേസെടുത്ത് കുറ്റപത്രം നൽകേണ്ടവർ.

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ഭരണപക്ഷവും നാട്ടിൽ പരസ്പര വിദ്വേഷം വളർത്തുന്നവർക്കെതിരെ  നിശബ്ദരായിരിക്കുന്നത്? ഇത്തരക്കാർക്കെതിരെ പൊലീസ് സ്വമേധയാ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന് ഡിജിപിയോട് ചോദിക്കേണ്ട കാലം കഴിഞ്ഞില്ലേ?

നിയമപാലകർ വർഗീയതയ്ക്കു കീഴ്പെട്ടാൽ നീതി അപ്രാപ്യമാകും. പല കലാപങ്ങളിലും ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചത് നിയമപാലകരാണെന്നത് ഇന്ത്യ ചോരയിലെഴുതിപ്പഠിച്ച പാഠമാണ്. കേരളത്തിലെ പോലീസ് വർഗീയതയുമായി സന്ധി ചെയ്യുകയാണോ? അതും ഇരട്ടച്ചങ്കുണ്ടെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തിയ ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ...?

സ്വൈരജീവിതം കാംക്ഷിക്കുന്നവരുടെ ആശങ്കയ്ക്ക് മറുപടി പറയാനുളള ബാധ്യത സർക്കാരിനുണ്ട്. സ്വൈര ജീവിതം തകർക്കുന്നവർക്കെതിരെ നടപടിയെടുക്കാം. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഒരു ഇടതുപക്ഷ ഭരണത്തിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നു. ദയവായി നിരാശപ്പെടുത്തരുത്.

Read More >>