സംഘപരിവാർ കുതന്ത്രങ്ങളിൽ തീപിടിച്ച വിക്‌ടോറിയ കോളേജ്

ഇക്കഴിഞ്ഞ സർവ്വകലാശാല കലോത്സവത്തിൽ വിക്ടോറിയ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ഒരു മീശയുടെ രൂപാന്തരം' (Metamorphosis of a Moustache) എന്ന ഏറെ ശ്രദ്ധേയമായ നാടകം ചിലരുടെയെല്ലാം ഉറക്കം കെടുത്തുക തന്നെ ചെയ്തു എന്നതാണ് ഈ തീയിടൽ വെളിവാക്കുന്നത്. തീയിട്ട് നശിപ്പിക്കുക എന്നത് ഫാസിസ്റ്റുകളുടെ ഒരു പതിവ് രീതിയാണെന്നത് ചരിത്രം നമ്മോട് പറയുന്നുണ്ട്. സുധീഷ് കുമാർ എഴുതുന്നു.

സംഘപരിവാർ കുതന്ത്രങ്ങളിൽ തീപിടിച്ച വിക്‌ടോറിയ  കോളേജ്

സുധീഷ് കുമാർ

പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ ദേശീയ ഗാനത്തിന്റെയും വന്ദേമാതരത്തിന്റെയും പ്രക്ഷേപണം നിർത്തിവച്ചതിനെതുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു എന്ന വാർത്ത വല്ലാത്ത അമ്പരപ്പോടെയാണ് വായിച്ചത്. 125 വർഷത്തെ പാരമ്പര്യമുള്ള വിക്ടോറിയ പോലൊരു കലാലയത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയ ഗാനവും വന്ദേമാതരവും പതിവായി മുഴങ്ങുന്നുണ്ടായിരുന്നു എന്നത് പലർക്കും ഒരു പുതിയ അറിവായിരുന്നു. കൃത്യമായി പറഞ്ഞാൽ 2009 മുതലാണ് ഇങ്ങനൊരു രീതി തുടർന്നു വന്നതത്രേ! ദേശീയ ഗാനത്തോടുള്ള ആദരവിന്റെ പ്രകടനം പലപ്പോഴും വിവാദമായിട്ടുണ്ട്.


തിരുവനന്തപുരത്തെ സിനിമാ തീയേറ്ററിൽ ദേശീയഗാനം പ്രദർശിപ്പിക്കുന്നതിനെ തുടർന്നുണ്ടായ വിവാദവും ശശി തരൂർ ദേശീയഗാനാലാപന വേളയിൽ കൈ നെഞ്ചോടു ചേർത്തെന്ന കാരണത്താൽ ഏറെ ഒച്ചപ്പാടുണ്ടായതും മറക്കാറായിട്ടില്ലല്ലോ. ആംപ്ലിഫയറിന്റെ സാങ്കേതിക തകരാർ കൊണ്ടാണ് ഗാനാലാപനം നിന്നു പോയത് എന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടും ഇടതുപക്ഷ അനുകൂല അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ ഗൂഢാലോചനയാണിതെന്ന മട്ടിൽ ഇതിനെ മുതലെടുക്കാനാണ് എ.ബി.വി.പി.യും സംഘപരിവാറും തുടക്കം മുതൽ ശ്രമിച്ചു കൊണ്ടിരുന്നത്. മുൻ പ്രിൻസിപ്പാൾ വിരമിച്ചപ്പോൾ ഉണ്ടായ കുഴിമാട വിവാദവുമായി ഇതിനെ കൂട്ടിചേർത്ത് വായിക്കേണ്ടതുമാണ്.

ദേശീയ ഗാന പ്രക്ഷേപണ വിവാദം ചൂടുപിടിച്ചതിനെതുടർന്നുള്ള ദിവസത്തിലാണ് കോളേജ് വിദ്യാർത്ഥി യൂണിയൻ ഓഫീസിനും തമിഴ് വിഭാഗത്തിലെ കെട്ടിടത്തിനും തീ പിടിക്കുന്നത്. കത്തിച്ചാമ്പലായതാവട്ടെ വിക്ടോറിയ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടക പ്രവർത്തക കൂട്ടായ്മയായ ചെമ്പരത്തി കാമ്പസ്സ് തീയേറ്റർ, തങ്ങളുടെ നാടകങ്ങൾക്കായി തയ്യാറാക്കിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന നാടക സാമഗ്രികളും രംഗവിതാനങ്ങളും വസ്ത്രങ്ങളും. സ്വാഭാവികമായ ഒരു അഗ്നിബാധ എന്ന നിലയിൽ ഒറ്റക്കോളം വാർത്തയായി മാത്രമാണ് ഇത് പത്രങ്ങളിൽ സ്ഥാനം പിടിച്ചത്. എല്ലാ തീപിടിത്തത്തിനും കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്ന പതിവ് കണ്ടെത്തൽ ഈ വാർത്തയിലുമുണ്ടായിരുന്നു.

എന്നാൽ വൈദ്യുതി ബന്ധമില്ലാത്ത ഒരു മുറിക്കകത്ത് എങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുക, അങ്ങനെയുണ്ടാവുന്ന ഒരു തീപിടുത്തത്തിൽ എങ്ങനെ ഇത്ര കൃത്യമായി എല്ലാ നാടകസാമഗ്രികളും പൂർണ്ണമായി കത്തിയമർന്നു തുടങ്ങിയ ചോദ്യങ്ങളെല്ലാം ഇതിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാക്കുന്നതായിരുന്നു. അതോടെ കത്തിയതല്ല കത്തിച്ചത് തന്നെ എന്ന് ഉറപ്പാവുകയും ചെയ്തു. ഇക്കഴിഞ്ഞ സർവ്വകലാശാല കലോത്സവത്തിൽ വിക്ടോറിയ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ഒരു മീശയുടെ രൂപാന്തരം' (Metamorphosis of a Moustache) എന്ന ഏറെ ശ്രദ്ധേയമായ നാടകം ചിലരുടെയെല്ലാം ഉറക്കം കെടുത്തുക തന്നെ ചെയ്തു എന്നതാണ് ഈ തീയിടൽ വെളിവാക്കുന്നത്. തീയിട്ട് നശിപ്പിക്കുക എന്നത് ഫാസിസ്റ്റുകളുടെ ഒരു പതിവ് രീതിയാണെന്നത് ചരിത്രം നമ്മോട് പറയുന്നുണ്ട്.

ഗ്രന്ഥപ്പുരകൾക്ക് തീയിടുന്നത് സമീപ വർത്തമാനത്തിൽ നാം കണ്ടതുമാണല്ലോ. കേരളത്തിലെ മറ്റേതെങ്കിലും സർക്കാർ കോളേജുകളിൽ ഇത്തരത്തിൽ ദേശീയ ഗാനം ആലപിക്കുകയോ പ്രക്ഷേപണം ചെയ്യപ്പെടുകയോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തായാലും മുൻകാലങ്ങളിൽ നമ്മുടെ ക്യാംപസുകളിൽ അതുണ്ടായിരുന്നില്ല. ദേശാഭിമാന കാപട്യത്തിന്റെയും രാജ്യസ്‌നേഹ വ്യായാമങ്ങളുടെയും പൊള്ളത്തരങ്ങളെ നമ്മുടെ ക്യാംപസ്സുകൾ സ്വീകരിച്ചിരുന്നില്ല. അത്രമാത്രം പൂരോഗമന പരവും സർഗ്ഗാത്മകവും മാനവികവുമാണ് നമ്മുടെ ക്യാംപസ്സുകൾ. ആ ക്യാംപസ്സുകളിൽ തങ്ങളുടെ വർഗ്ഗീയ ഇടം സ്ഥാപിച്ചെടുക്കുക എന്ന അജണ്ടയുടെ പരീക്ഷണശാലയായി സംഘപരിവാർ പാലക്കാട് വിക്ടോറിയ കോളേജ് ലക്ഷ്യം വച്ചിരിക്കുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലും സംഘപരിവാർ തങ്ങളുടെ അജണ്ട നടപ്പാക്കാൻ തുടങ്ങിയത് എ കൺ്ടി വിത്തൗട്ട് പോസ്റ്റ് ഓഫീസ് എന്ന സാംസ്‌ക്കാരിക പരിപാടിക്ക് നേരെ ആക്രോശമുയർത്തിയായിരുന്നു എന്നത് പ്രത്യേകം ഓർക്കണം.

അവർ ആഗ്രഹിക്കുന്ന സാംസ്‌ക്കാരിക ദേശീയത സാധ്യമാക്കണമെങ്കിൽ ചിന്താശേഷിയുള്ള മസ്തിഷ്‌ക്കങ്ങൾ പ്രവർത്തന രഹിതമാകേണ്ടതുണ്ട്. അതിനുള്ള തുടർച്ചയായ ശ്രമങ്ങൾ കേരളത്തിലും നടക്കുന്നതിന്റെ സമീപ ഉദാഹരണമായി വേണം വിക്ടോറിയ കോളേജ് സംഭവത്തെയും കാണേണ്ടത്. ഇതൊരു ക്യാംപസ്സിന്റെ മാത്രം പ്രശ്‌നമായല്ല പുരോഗമന സമൂഹം കാണുന്നത്. ഈ അസഹിഷ്ണുതക്കെതിരായി പാലക്കാട്ടെ കലാകാരന്മാരും നാടക-സാംസ്‌ക്കാരിക പ്രവർത്തകരും കൂട്ടമായി തന്നെ മുന്നോട്ട് വന്നിരിക്കുന്നു.

Victoria-College_1അഗ്നിക്കിരയായ നാടക സാമഗ്രികളും അനുബന്ധ ഉപകരണങ്ങളും പൊതുജന പങ്കാളിത്തത്തോടെ പുനർ നിർമ്മിക്കാനും നാടകം അതിന്റെ എല്ലാ ശക്തി സൗന്ദര്യങ്ങളോടെയും പുനരവതരിപ്പിക്കാനും ഈ കൂട്ടായ്മ തീരുമാനമെടുത്തിരിക്കുന്നു. ചോദ്യങ്ങളുയരാത്ത, കഴുത്തിൽ കുടുക്കിട്ട ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം വരി വരിയായി പോകുന്ന, ജഡജീവിതങ്ങളെ അടവച്ച് വിരിയിക്കാനുള്ളതല്ല ക്യാംപസ് എന്നും ഫാസിസത്തിനെതിരായ ചെറുത്ത് നിൽപ്പിന് വിദ്യാർത്ഥികൾക്കൊപ്പം കലാലയ മതിൽക്കെട്ടിന് പുറത്ത് ആയിരങ്ങൾ തയ്യാറായി തന്നെ ഉണ്ട് എന്ന ഉറച്ച പ്രഖ്യാപനമാവും ഈ സാംസ്‌ക്കാരിക പ്രതിരോധം. കത്തി ചാമ്പലാക്കിയവർ തീർച്ചയായും ആഹ്ലാദിക്കുന്നുണ്ടാവും. പക്ഷേ, ചാരം മൂടിയ കനലുകളിൽ നിന്നും ആയിരമായിരം തീപ്പന്തങ്ങൾ കൊളുത്തപ്പെടും.

ആ തീപ്പന്തങ്ങൾക്ക് മുളക്കുന്ന നാവുകളാൽ അവർ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഉദാത്ത മാനവികതയെന്ന വിശാല സങ്കല്പത്തിന് ഒരു പോറൽ പോലുമേൽക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരോരുത്തർക്കും ഈ പ്രതിരോധം ഒരു പ്രതീക്ഷയാണ്.