പാലക്കാട്ട് വീണ്ടും ചന്ദനക്കൊള്ള; ഒത്താശ ചെയ്ത് വനംവകുപ്പ് : നാരദാ ഇൻവെസ്റ്റിഗേഷൻ

സർക്കാർവനത്തിൽ വളരുന്ന ചന്ദനം, സ്വകാര്യഭൂമിയിലെ അകിൽമരമെന്ന് വനംവകുപ്പ്; മുറിച്ചു കടത്തി മാഫിയ കൊയ്യുന്നത് കോടികൾ; കേസുമില്ല പുക്കാറുമില്ല പരമസുഖം! നാരദാ ഇൻവെസ്റ്റിഗേഷൻ...

പാലക്കാട്ട് വീണ്ടും ചന്ദനക്കൊള്ള; ഒത്താശ ചെയ്ത് വനംവകുപ്പ് : നാരദാ ഇൻവെസ്റ്റിഗേഷൻ

പാലക്കാട്: പട്ടാമ്പി ഫോറസ്റ്റ് ഓഫീസ് പരിധിയിലുള്ള വനഭൂമിയിൽ തഴച്ചുവളരുന്ന ചന്ദനമരങ്ങളെ അകിൽ മരമെന്ന് കണക്കാക്കി മുറിച്ചു കടത്താൻ മാഫിയയ്ക്കു വനംവകുപ്പിന്റെ ഒത്താശ. ചന്ദനവും അകിലും ഇടകലർന്നു വളരുന്നിടത്താണ് ചന്ദനമരത്തെ പോലും അകിൽമരമാക്കി വനംവകുപ്പിന്റെ കൈസഹായം. വല്ലപ്പുഴ, കൊപ്പം പഞ്ചായത്തുകളില്‍ 200 ലധികം ഹെക്ടറിൽ പരന്നു കിടക്കുന്ന വനപ്രദേശത്താണ് വനംവകുപ്പിന്റെ പൂർണസമ്മതത്തോടെ ചന്ദനമാഫിയ വിളയാടുന്നത്.


സംഭവത്തെക്കുറിച്ച് അന്വേഷിച്ച നാരദാ ന്യൂസിനോട് വനംവകുപ്പ് അധികൃതർ പറഞ്ഞത് വിചിത്രമായ മറുപടി. വളരുന്നത് ചന്ദനമല്ലെന്നും അകിൽ എന്ന മരമാണെന്നും വളരുന്നത് സ്വകാര്യഭൂമിയിലാണെന്നും അവിടെ വിലക്കേർപ്പെടുത്താനോ കേസെടുക്കാനോ തങ്ങൾക്കു കഴിയില്ലെന്നുമൊക്കെയാണ് ഒരുളുപ്പുമില്ലാതെ വനംവകുപ്പുദ്യോഗസ്ഥർ പ്രതികരിക്കുന്നത്.

ഒരുദ്യോഗസ്ഥന്റെ വാക്കുകളിലേയ്ക്ക് -
" വനം വകുപ്പിന്റെ അധീനതയില്‍ വരുന്ന പട്ടാമ്പി താലൂക്കിലെ ഒരു ഫോറസ്റ്റിലും ചന്ദനമരങ്ങള്‍ ഇല്ല. രാമഗിരി കോട്ടയുള്‍പ്പെടുന്ന വനഭൂമിയിലും ചന്ദനമരങ്ങള്‍ ഇല്ല. മണ്ണാര്‍ക്കാട് താലൂക്കിലും മറയൂരിലും മാത്രമേ ചന്ദനമരങ്ങള്‍ ഉള്ളു. പിന്നെ ചന്ദനമരം പോലെ തോന്നിക്കുന്ന അകില്‍ എന്ന മരമുണ്ട്. ഇതിന്റെ ഇലയും ആകൃതിയും ചന്ദനമരത്തിന്റെ പോലെയാണ്. ഇതിന്റെ കാതല്‍ ഭാഗത്തിന് ചന്ദനത്തിന്റെ സുഗന്ധവും കുറെ ഗുണവും ഉണ്ട്. ചന്ദന കള്ളക്കടത്തുകാര്‍ ചന്ദന മരത്തിന്റെ ഇടയില്‍ ഇതും വെച്ച് വില്‍ക്കാറുണ്ട്. ചന്ദനത്തിലെ മായമാണ് അകില്‍. അത് പാഴ്‌മരമായതിനാല്‍ മുറിക്കുന്നതിന് വിലക്കില്ല. ഈ അകില്‍ എന്ന മരവും രാമഗിരി കോട്ടയില്‍ ഇല്ല. സമീപത്തുള്ള സ്വകാര്യവനത്തിലാണ് അത്തരം മരങ്ങള്‍ ഉള്ളത്. അതു മുറിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ വനം വകുപ്പിന് കഴിയില്ല ".

pht2

പട്ടാമ്പിയെന്നൊരു രാജ്യമുണ്ട്. അവിടെ സർക്കാർ വനം സ്വകാര്യഭൂമിയാക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുമുണ്ട്...

സർക്കാർ ഭൂമി സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥന്റെ വാക്കുകളാണ് മുകളിൽ കണ്ടത്. എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ കാണുന്നത് എന്നറിയാൻ ഈ ഉദ്യോഗസ്ഥന്റെ വാക്കുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയാൽ മതി.

വനഭൂമിയിൽ ഏതാണ്ട് നാൽപ്പതേക്കർ സ്ഥലത്തെച്ചൊല്ലി കോടതിയിൽ വ്യവഹാരം നിലനിൽക്കുന്നുണ്ട്. അതിൽത്തന്നെ എതിർ കക്ഷി സർക്കാരാണ്. 1970 കളില്‍ തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തതാണ്, ഈ ഭൂമി, എന്നാണ് കോടതിയെ സമീപിച്ചവരുടെ പരാതി. ഭൂപരിധി നിയമം മറികടക്കാനായി ഒരു കുടുംബത്തിലെ പത്തുപേർ ചേർന്ന് ഒരാൾക്കു മുക്ത്യാർ നൽകി സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കയാണ്.

അതായത്, കേസ് തീർപ്പാകുന്നതുവരെ ഈ ഭൂമിയുടെ കൈവശാവകാശം സർക്കാരിനാണെന്നർത്ഥം. സർക്കാരിന്റെ കൈവശമുള്ള വനഭൂമിയെച്ചൊല്ലി പരാതിയുമായി ആരോ കോടതിയിലെത്തിയപ്പോൾ വനംവകുപ്പ് ആ ഭൂമി ഉപേക്ഷിച്ചു. ഇനിയവിടെ എന്തു സംഭവിച്ചാലും തങ്ങൾക്കൊന്നുമില്ലെന്നാണ് പട്ടാമ്പി ഫോറസ്റ്റ് ഓഫീസിന്റെ സമീപനം. ഈ ഉദാസീനത മുതലെടുത്താണ് കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ നിർഭയമായി കൊള്ളയടിക്കപ്പെടുന്നത്. ഈ ഉദാസീനതയുടെ വിഹിതം മാഫിയ വനംവകുപ്പ് ഓഫീസിൽ കാണിക്കവെയ്ക്കുന്നു എന്നതും പരസ്യമായ രഹസ്യം.

ചന്ദനത്തിനും അകിലിനും പുറമേ വീട്ടിയും തേക്കുമുള്ള കാടാണിത്. ഉടമസ്ഥത ലഭിച്ചാൽ സ്വകാര്യ വ്യക്തികൾക്കു കോളാണെന്നു സാരം. വനംവകുപ്പിലെ തന്നെ ചില ഉന്നതരുടെ പിന്തുണയോടെ കേസിനെ ദുര്‍ബ്ബലപ്പെടുത്തി വനഭൂമി വിട്ടു കൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നു സംശയിക്കണം. ആറു മാസത്തിന് മുമ്പ് ഷൊര്‍ണൂര്‍ പരുത്തിപ്രക്ക് സമീപത്തെ 60 ഏക്കര്‍ കൊടുംവനം സമാന വിധത്തില്‍ കേസ് നടത്തി മാഫിയകള്‍ സ്വന്തമാക്കിയിരുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്നു ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബ്ബലമായതിനാല്‍ കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുകയായിരുന്നു.

pht 12

അകിൽ മരമാണെങ്കിൽ ആർക്കും കൊള്ളയടിക്കാമെന്നോ...?

പാഴ്‌മരമെന്ന വനംവകുപ്പ് നിസാരവത്കരിക്കുന്ന അകില്‍ എന്ന മരത്തിന് കിലോയ്ക്ക് 3000 രൂപയാണ് വില. അറേബ്യൻ നാടുകളിൽ അത്തർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഊദ് തന്നെയാണ് അകിൽ. ആയുർവേദത്തിലെ ഔഷധം. ഏഴെട്ടു വർഷം മൂപ്പുള്ള ചന്ദനത്തിന് കിലോ ആറായിരം രൂപ. മൂത്ത് നല്ല കാതലുള്ള മരമായി മാറിയാല്‍ അകിലും ചന്ദനവും തമ്മിൽ തിരിച്ചറിയാൻ വിദഗ്ദ്ധർക്കേ പറ്റൂ. അതുകൊണ്ട്, ചന്ദനത്തിന്റെ വകഭേദമായി അകിൽമരത്തെ കാണുന്നവരുമുണ്ട്.

രാമഗിരികോട്ടക്കടുത്തുള്ള വനത്തില്‍ ചന്ദനവും അകിലുമുണ്ട്. വനപ്രദേശത്തോടു ചേര്‍ന്ന് വീട്ടുമുറ്റങ്ങളില്‍ വരെ അകില്‍ വളരുന്നുണ്ട്. പുരയിടത്തിലൊരു അകിൽ മരമുണ്ടെങ്കിൽ അതിന് കാവലിരിക്കേണ്ട അവസ്ഥയാണ് വീട്ടുകാർക്ക്.

വളർച്ചയെത്തിയ മരം ഏതു പാതിരാത്രിയിലും മോഷ്ടിക്കപ്പെടാം. ഇരുചെവിയറിയാതെ ചന്ദനം വെട്ടുന്നവർക്ക് അകിൽ മരം മുറിക്കാനും ബുദ്ധിമുട്ടില്ല. വീട്ടുമുറ്റത്ത് നില്‍ക്കുന്ന എത്ര വലിയ മരവും ഇവര്‍ മുറിച്ചു കൊണ്ടു പോകും.

ചന്ദനം മുറിക്കുന്നതുപോലെ തന്നെ അകിലും മുറിക്കും. മരത്തിന്റെ കൊമ്പുകള്‍ സമീപത്തുള്ള മറ്റു മരത്തിന്റെ കൊമ്പുകളുമായി ചേര്‍ത്തു കെട്ടിയ ശേഷം ചുവട്ടിൽ മണ്ണെണ്ണയൊഴിച്ച് തുണി ചുറ്റി കട്ടർ ഉപയോഗിച്ചാണ് ചന്ദനം മുറിക്കുന്നത്. ഇതുപോലെ, ഒരു ശബ്ദവും കേൾപ്പിക്കാതെ അകിലും മുറിക്കാം.

തടി മുറിച്ചെടുത്ത ശേഷവും മേല്‍ഭാഗത്തെ മരം വീഴാതെ അങ്ങിനെ നില്‍ക്കുന്നത് കൊണ്ട് നേരം പുലര്‍ന്നാലും ഒറ്റനോട്ടത്തില്‍ മരം മുറിച്ചു പോയത് അറിയുകയില്ല. മുറിച്ചെടുക്കുന്നതിനും വില്‍ക്കുന്നതിനും പ്രത്യേക അനുമതി വേണ്ട മരമാണ് ചന്ദനത്തിന്റെ കൂട്ടത്തില്‍ പെടുന്ന അകിലും. ഇതാണ് പാഴ്‌മരമെന്നും ആര്‍ക്കും മുറിക്കാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്; വാര്‍ത്തയാക്കരുതെന്ന് സ്വകാര്യം പറഞ്ഞതും.

IMG_2379

കാടു കാണാത്ത വനംവകുപ്പ്

പട്ടാമ്പി ഫോറസ്റ്റ് ഏരിയയില്‍ ഒരു ഓഫീസറും രണ്ട് ബീറ്റ് വാച്ചര്‍മാരുമാണുള്ളത്. ഇവര്‍ രാമഗിരിക്കോട്ട വനത്തില്‍ ഒരിക്കല്‍ പോലും പരിശോധന നടത്തിയിട്ടില്ലെന്നോ അല്ലെങ്കില്‍ സത്യം മറച്ചു വെക്കുന്നു എന്നോ വേണം കരുതാന്‍. 'ഞങ്ങള്‍ പറയുന്നതൊന്നും നിങ്ങള്‍ വാര്‍ത്തയാക്കരുത്, ഞങ്ങള്‍ അറിവിലേക്ക് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളാ'ണെന്നാണ് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞത്.

ഒരിക്കലെങ്കിലും കാടിനകത്ത് കയറിയിട്ടുള്ളവർക്ക് മരം മുറിച്ചു കടത്തിയതിന്റെ തെളിവുകൾ കിട്ടും. പക്ഷേ, ഇവിടെ വനംകൊള്ളയ്ക്ക് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. കാടിനുള്ളിൽക്കൂടി നടന്ന് കൈയേറ്റങ്ങളും മരം മുറിക്കലും കണ്ടുപിടിക്കേണ്ട ചുമതലയുള്ളവരാണ് പട്ടാമ്പി ഫോറസ്റ്റ് ഓഫീസിലുള്ള രണ്ട് ബീറ്റ് വാച്ചര്‍മാർ. അവർ ആ ജോലി ചെയ്യുന്നില്ല എന്ന് സ്പഷ്ടം.

കാടിനകത്ത് ചന്ദനമരങ്ങളും അകിലും ഇല്ലെന്നും അതു സ്വകാര്യഭൂമിയിലേ ഉള്ളൂവെന്നും വനം വകുപ്പ് അധികൃതര്‍ കട്ടായമായി പറയുകയാണ്. ഒന്നുകില്‍ അവർ കാട്ടിനുള്ളിൽ പോയിട്ടില്ല. അല്ലെങ്കിൽ അവരുടെ ഒത്താശയോടെയാണ് മരംകൊള്ള. ചന്ദനക്കൊള്ള നടത്തുന്ന മാഫിയയ്ക്കു വേണ്ടി ഇവരാരും കാട്ടിലേ കയറാറില്ല എന്നതാണ് യാഥാർത്ഥ്യം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എക്സൈസ് സംഘത്തിനൊപ്പം വല്ലപ്പുഴയില്‍ മറ്റൊരു വനത്തില്‍ വാറ്റുചാരായ വേട്ടക്ക് പോയപ്പോള്‍ കുറച്ച് ചന്ദനത്തടികള്‍ പിടികൂടിയതാണ് ഈ ഓഫീസില്‍ ആകെ നടന്ന ചന്ദനവേട്ട.

pht-4

കുളപ്പുള്ളി റേഞ്ച് ഓഫീസിനു കീഴിലാണ് പട്ടാമ്പി ഫോറസ്റ്റ് ഓഫീസ്. പക്ഷേ, കാര്യങ്ങളറിയാൻ റേഞ്ച് ഓഫീസിലെത്തുന്നവർക്ക് അമ്പരപ്പു മാറാൻ കുറച്ചു സമയമെടുക്കും. ഫോറസ്റ്റ് ഓഫീസ് എന്നാണ് പേരെങ്കിലും തങ്ങളുടെ അധീനതയിലുള്ള കാടിനെക്കുറിച്ചോ അതിന്റെ വിസ്തൃതിയെക്കുറിച്ചോ ഇവിടെയുള്ളവർക്ക് ഒന്നുമറിയില്ല. രാമഗിരി കാടിന്റെ ഒരു ഫയലും ഈ ഓഫീസിലില്ല. വല്ല വിവരങ്ങളും അറിയണമെങ്കില്‍ പട്ടാമ്പിയില്‍ ചെല്ലു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

ചോദിക്കാനും പറയാനും ആരും എത്തുകയില്ല എന്ന ധൈര്യത്തിൽ കാടു വെളുപ്പിക്കാൻ കൂട്ടുനിൽക്കുകയാണ് ഈ ഉദ്യോഗസ്ഥർ. പലേടത്തും കാട്ടിൽ കയറി ചുള്ളിയൊടിക്കുന്നവരുടെ പേരിൽ വരെ വനംകൊള്ളയ്ക്ക് വകുപ്പു ചുമത്തി കേസെടുക്കുന്ന ഉദ്യോഗസ്ഥരാണ്, സർക്കാരിന്റെ വനഭൂമി സ്വകാര്യവ്യക്തികളുടേതായി കണക്കാക്കി വനംകൊള്ളയ്ക്ക് അരുനിൽക്കുന്നത്. കൊളപ്പുള്ളി റേഞ്ച് ഓഫീസിന്റെ മുഴുവൻ പ്രവർത്തനങ്ങളും സമഗ്രമായ ഒരന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ചെയ്യേണ്ടത്.

Read More >>