സാംസങ്ങ് നോട്ട് 7 ദീപാവലിക്ക് മുന്‍പ് 'വീണ്ടും' ഇന്ത്യയിലെത്തും...

നേരത്തേ ബാറ്ററി തകരാറിനെത്തുടര്‍ന്ന് 25 ലക്ഷം ഫോണുകളാണ് കമ്പനി തിരിച്ചുവിളിച്ചത്

സാംസങ്ങ് നോട്ട് 7 ദീപാവലിക്ക് മുന്‍പ്

ന്യൂഡല്‍ഹി: ബാറ്ററി തകരാറിനെത്തുടര്‍ന്ന് തിരിച്ചുവിളിച്ച സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7-ന്റെ പുതുക്കിയ മോഡല്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് എന്നിവയോടാകും സാംസങ്ങ് മത്സരിക്കേണ്ടി വരിക.

നേരത്തേ ബാറ്ററി തകരാറിനെത്തുടര്‍ന്ന് 25 ലക്ഷം ഫോണുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. അതുകൊണ്ട് തന്നെ  രാജ്യത്ത് ഈ മാസം ആദ്യം ആരംഭിക്കാനിരുന്ന വില്‍പ്പന സാംസങ്ങ് നീട്ടിവെയ്ക്കുകയായിരുന്നു.

വില്‍പന നടത്തിയ നോട്ട് 7 ഫോണുകളില്‍ 60 ശതമാനവും തിരിച്ചെടുത്തതായി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവ കേടുപാടുകള്‍ തീര്‍ത്ത് അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് തിരിച്ചുകൊടുത്തതായും കമ്പനി വ്യക്തമാക്കി. സിംഗപ്പൂരില്‍ 80 ശതമാനം നോട്ട് 7 മോഡലുകളും കമ്പനി തിരികെ വാങ്ങിച്ചു.