കാന്തപുരം വിഭാഗവുമായി ലീഗ് അടുക്കുന്നതിനെതിരെ സമസ്ത

നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് പറഞ്ഞു സംഘ് പരിവാറിനെപ്പോലും ഞെട്ടിച്ച നേതാവാണ് കാന്തപുരം.

കാന്തപുരം വിഭാഗവുമായി ലീഗ് അടുക്കുന്നതിനെതിരെ സമസ്ത

കോഴിക്കോട്: കാന്തപുരം സുന്നി വിഭാഗവുമായി അടുപ്പം പുലര്‍ത്താന്‍ മുസ്ലിം ലീഗില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമസ്ത ഇകെ വിഭാഗം കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. മുസ്ലിംലീഗിന്റെ എക്കാലത്തെയും വോട്ട് ബാങ്കായ സമസ്ത ഇകെ വിഭാഗവുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് കാന്തപുരവുമായുള്ള ബാന്ധത്തിലൂടെ സംഭവിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതിന് ശേഷവും ലീഗുമായി നിരവധി വിഷയങ്ങളില്‍ ആശയ സംഘട്ടനം പതിവായിരുന്നു.


കാന്തപുരവുമായി ബന്ധം ഊഷ്മളമായിക്കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാവ് 'നാരദാ ന്യൂസി'നോട് പറഞ്ഞു. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഒക്ടോബര്‍ 29ന് കോഴിക്കോട്ട് നടക്കുന്ന മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ലീഗ് നേതൃത്വം കാന്തപുരം വിഭാഗത്തെയും ക്ഷണിച്ചു കഴിഞ്ഞു. കാന്തപുരം സ്ഥലത്തെത്തില്ലെങ്കിലും കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ എ പി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളാരെങ്കിലും പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. ഭരണമില്ലാത്ത മുസ്ലിം ലീഗുമായുള്ള ബന്ധത്തേക്കാള്‍ ഗുണം ഇടതുപക്ഷത്തിനോടുള്ള അടുപ്പംതന്നെയാണെന്ന് കണക്കു കൂട്ടുന്നവരുണ്ട് എപി വിഭാഗത്തില്‍ ചിലരെങ്കിലും. നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സംഘ് പരിവാറിനെപ്പോലും ഞെട്ടിച്ച നേതാവാണ് കാന്തപുരം.

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഒരുമിച്ച് നീങ്ങേണ്ടതുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മാത്രം പറഞ്ഞു വെയ്ക്കുകയാണ് എപി വിഭാഗം നേതാവ്. അതിനപ്പുറത്തേക്കുള്ള ബന്ധമൊക്കെ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതാണെന്നും അദേഹം വ്യക്തമാക്കി.
അതേസമയം എപിയുമായുള്ള ബാന്ധവം സമസ്ത ഇകെ വിഭാഗത്തെ കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുകയാണ്. മുടി വിവാദത്തിലുള്‍പ്പെടെ കാന്തപുരത്തിന്റെ നിലപാടുകളെ പൊളിച്ചടുക്കിയ ലീഗിനൊപ്പം നിന്ന പാരമ്പര്യമാണ് സമസ്ത ഇകെ വിഭാഗത്തിന്റേത്. അതുകൊണ്ടുതന്നെ എപിയുമായി അടുത്താല്‍ ശക്തമായ തിരിച്ചടികള്‍ ലീഗിന് കൊടുക്കുമെന്ന് സമസ്ത ഇകെ വിഭാഗം യുവ നേതാവ് പ്രതികരിച്ചു.

മുമ്പ് ശരീഅത്ത് വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുത്തതിനെച്ചൊല്ലിയാണ് സമസ്തയില്‍ പിളര്‍പ്പുണ്ടായതും കാന്തപുരം വിഭാഗം വേറിട്ടുപോയതും. സമാനമായ വിഷയത്തില്‍ തന്നെ മുസ്ലിംലീഗും എപിയും ഒരുമിച്ച് നീങ്ങുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ സമസ്ത ഇകെ വിഭാഗത്തിന് കഴിയില്ല. കാന്തപുരവുമായുള്ള ബാന്ധവത്തിലൂടെ ഇകെ വിഭാഗത്തിന് പണികൊടുക്കുകയെന്ന ലക്ഷ്യംകൂടി ലീഗിനുണ്ട്. കാന്തപുരവുമായി ലീഗ് അടുക്കുന്ന ഓരോ ഘട്ടത്തിലും സമസ്ത ഇകെ തിരിച്ചടികള്‍ നല്‍കാറുണ്ട്. 'ചന്ദ്രിക'യ്ക്ക് പകരം 'സുപ്രഭാതം' പത്രം തുടങ്ങി ഇകെ വിഭാഗം തിരിച്ചടി നല്‍കിയതൊക്കെ മുസ്ലിംലീഗിനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. മുസ്ലിംലീഗിന്റെ കാന്തപുരം പ്രേമത്തിനെതിരെ തിരിച്ചടി നല്‍കേണ്ടത് ഇടതുപക്ഷവുമായി സഹകരിച്ചുകൊണ്ടാവണമെന്ന നിലപാടിലാണ് സമസ്ത ഇകെ വിഭാഗം നേതാവ് കോട്ടുമല ബാപ്പുമുസ്ല്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.

Read More >>