പതിനെട്ട് വര്‍ഷമായി സല്ലുവിന്റെ ചങ്കും കരളുമാണ് ഷേറ...

പതിനെട്ട് വര്‍ഷമായി സല്‍മാന്റെ ചങ്കും കരളുമാണ് ഷേറ. നമ്മള്‍ സ്നേഹത്തോടെയും ആരാധനയോടെയും സല്ലുവെന്ന് വിളിക്കുന്ന സല്‍മാന്‍ ഖാനെ ഷേറ വിളിക്കുന്നത് മാലിക്ക് എന്നാണ്.

പതിനെട്ട് വര്‍ഷമായി സല്ലുവിന്റെ ചങ്കും കരളുമാണ് ഷേറ...


മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ഷേറയാണ് ഇന്നലത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. പതിനെട്ട് വര്‍ഷമായി സല്ലുവിന്റെ അംഗരക്ഷകനായി പ്രവര്‍ത്തിക്കുന്ന ഷേറ, കഴിഞ്ഞ ദിവസം  മുംബൈ വിലേ പാര്‍ലെയിലുള്ള പബ്ബില്‍ ഒരാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അയാളുടെ തോളെല്ലിനു ക്ഷതമേല്‍പ്പിക്കുകയും ചെയ്തു.

പതിനെട്ട് വര്‍ഷമായി സല്‍മാന്റെ  ചങ്കും കരളുമാണ് ഷേറ. നമ്മള്‍ സ്നേഹത്തോടെയും ആരാധനയോടെയും സല്ലുവെന്ന് വിളിക്കുന്ന സല്‍മാന്‍ ഖാനെ ഷേറ വിളിക്കുന്നത് മാലിക്ക് എന്നാണ്.

മുംബൈ അന്ധേരിയിലെ മനീഷ് നഗറിലെ ഒരു സാധാരണ സിഖ് കുടുംബത്തിലാണ് ഷേറ എന്ന് അറിയപ്പെടുന്ന ഗുര്‍മീത് സിംഗ് ജനിച്ചത്. ജോലിക്ക് വേണ്ടി തന്റെ മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവ് ഉപേക്ഷിക്കാന്‍ തയ്യാറായ വ്യക്തിയാണ്  ഷേറ. ഒരിക്കല്‍ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ഇതേ കുറിച്ച്  ഷേറ പറഞ്ഞിട്ടുണ്ട്. " തലപ്പാവ് അണിഞ്ഞു കൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എനിക്ക് സാധിക്കില്ല. അത് കൊണ്ട് എനിക്ക് മുടി മുറിക്കേണ്ടി വന്നു".

പഠിത്തത്തില്‍ ക്ലാസിലെ പിന്‍നിരയിലെ പ്രമുഖനായിരുന്ന കൊച്ചു ഷേറ, തന്റെ കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചത് അച്ഛന്റെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലാണ്. ഈ കാലയളവില്‍ ഷേറയുടെ ലോകം ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളായിരുന്നു. മിസ്റ്റര്‍ മുംബൈ, മിസ്റ്റര്‍ മഹാരാഷ്ട്ര മത്സരങ്ങളില്‍ രണ്ടാം സ്ഥാനതെത്താന്‍  ഷേറയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഒത്ത പൊക്കവും അതിനൊത്ത വണ്ണവും: ഷേറയുടെ ഈ ആകാരവടിവ് തന്നെയാണ് അദ്ദേഹത്തിനു ബോളിവുഡ് താരങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന ആന്ദ്ര ടിമ്മിന്‍സിന്റെ വിസ്‌ക്രാഫ്റ്റ് കമ്പനിയിലേക്ക് വഴിയൊരുക്കിയത്.

salman khan shera 2

1995ല്‍ ഹോളിവുഡ് താരം കീന്‍ റീവ്സിന് വേണ്ടി മുംബൈയിലൊരുക്കിയ പാര്‍ട്ടിയില്‍ വച്ചാണ് ഷേറ ആദ്യമായി സല്‍മാനെ കാണുന്നത്. അതിനു ശേഷം ചണ്ഡിഗഡില്‍ നടന്ന സല്‍മാന്‍ ഖാന്റെ ഒരു പരിപാടിയുടെ തിരക്ക് നിയന്ത്രണാതീതമായി മാറുകയും അദ്ദേഹത്തിന് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ സംഘാടകര്‍ക്ക് സാധ്യമാകാതെ വരികയും ചെയ്തു. ഇവിടെ വച്ചാണ് ഷേറ സല്ലുവിന്റെ 'കുടുംബത്തിലേക്ക്' കടന്നു വരുന്നത്. ചണ്ഡിഗഡ് ഷോയ്ക്ക് ശേഷം സല്ലുവിന്റെ സഹോദരന്‍ സൊഹയില്‍ ഖാന്‍ മികവൊത്ത ഒരു അംഗരക്ഷകനെ തേടുകയും ഷേറയെ കണ്ടെത്തുകയുമായിരുന്നു.

ആരാധകര്‍ സല്ലു ഭായ് എന്ന് വിളിക്കുമ്പോള്‍, ഷേറയ്ക്ക് അദ്ദേഹം സല്‍മാന്‍ മാലിക്കാണ്. "മാലിക്ക് എന്നാല്‍ യജമാനന്‍. അദ്ദേഹമാണ് എനിക്കെല്ലാം." ഇതിനെ കുറിച്ച് ഷേറ പറയുന്നത് ഇങ്ങനെയാണ്. സല്‍മാന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന്  ഷേറ പറഞ്ഞാല്‍ അത് വെറുംവാക്കല്ല, മുന്‍പ് പലപ്പോഴും അദ്ദേഹം അത് ചെയ്തു കാണിച്ചിട്ടുണ്ട്. ഒരിക്കല്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ വച്ച് സല്‍മാന്‍ ഖാന്‍ ഇടുങ്ങിയ റോഡിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ആരാധകരുടെ ബഹളം മൂലം കാര്‍ വളരെ പതിയെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്. ഈ അവസരത്തില്‍ ഷേറ കാറില്‍ നിന്ന് ഇറങ്ങുകയും ഏകദേശം രണ്ടു കിലോമീറ്ററോളം കാറിന്റെ മുന്നേ ഓടി വഴിയൊരുക്കുകയും ചെയ്തു.

തന്റെ വിശ്വസ്തനായ അംഗരക്ഷകനെ സല്ലുവും ആദരിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രം ബോഡിഗാര്‍ഡ് സല്ലു സമര്‍പ്പിച്ചത് ഷേറയ്ക്കാണ്. ബോളിവുഡിലെ ഒരു താരവും ഇതുവരെ തങ്ങളുടെ അംഗരക്ഷകര്‍ക്ക് വേണ്ടി ചെയ്യാത്ത കാര്യമാണ് സല്‍മാന്‍ മാലിക്ക് തനിക്ക് വേണ്ടി ചെയ്തതതെന്നു  ഷേറ പറയുന്നു. ഇന്നേ വരെ അദ്ദേഹം പറഞ്ഞിട്ടുള്ളതെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും താന്‍ അങ്ങനെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

ഷേറയുടെ മകന്‍ ടൈഗറിനെ ബോളിവുഡില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ടൈഗര്‍ ഉടന്‍ തന്നെ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുമെന്നാണ് സൂചന.

ഇന്ന് സല്‍മാന്റെ സുരക്ഷ ഒരുപിടി അംഗരക്ഷകരുടെ കയ്യില്‍ ഭദ്രമാണ്. പക്ഷെ അദ്ദേഹം രാജ്യത്തിന് പുറത്ത് പോകുമ്പോഴും ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മാലിക്കിനെ സംരക്ഷിക്കുന്നത് ഷേറ തന്നെയായിരിക്കും.