ഹാപ്പി ദീപാവലി; ആശംസകളുമായി ബാലസുബ്രഹ്മണ്യം

യു.എ.ഇയിലെ ഫെറോപാന്‍ ഓയില്‍ഫീല്‍ഡ് സെര്‍വീസസ് ആന്റ് സപ്ലൈസ് കമ്പനിയുടെ വൈസ് പ്രസിഡന്റ്റ് ശ്രീ. ബാലസുബ്രഹ്മണ്യം ഒരു വ്യവസായി മാത്രമല്ല തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടിയാണ്.

ഹാപ്പി ദീപാവലി; ആശംസകളുമായി ബാലസുബ്രഹ്മണ്യം

തമിഴ്‌നാട് സ്വദേശിയായ ശ്രീ. ബാലസുബ്രഹ്മണ്യം സ്വന്തം കഴിവും അധ്വാനവും കൊണ്ട് അബുദാബിയില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ്. ബിസിനസിനൊപ്പം സാമുഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിയത്.

അദ്ദേഹത്തോടൊപ്പം  അല്‍പസമയം:

 . തിരക്കേറിയ ബിസിനസുകാരനായ താങ്കള്‍ ആഘോഷവേളകളില്‍ കുടുംബവും സുഹൃത്തുക്കളുമായി ചെലവഴിക്കാന്‍ എങ്ങനെ സമയം കണ്ടെത്തുന്നു?അത്തരത്തില്‍ സമയം കണ്ടെത്തുക എന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും സാങ്കേതിക വിദ്യയുടെ വികാസവും യാത്രാ സൗകര്യങ്ങളും ആഘോഷവേളകളില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായിരിക്കാന്‍ സഹായിക്കുന്നുണ്ട്. ചെറിയ ഇടവേളകള്‍ എടുക്കുക വഴി ബിസിനസും കുടുംബവും ഒരു പോലെ കൊണ്ടുപോകാന്‍ സാധിക്കാറുണ്ട്. ഓഫീസിലെ കാര്യങ്ങള്‍ വീട്ടിലേക്കോ വീട്ടിലെ കാര്യങ്ങള്‍ ഓഫീസിലേക്കോ ഞാന്‍ കൊണ്ടുപോകാറില്ല. എനിക്കെന്റെ സഹപ്രവര്‍ത്തകരിലും ജീവനക്കാരിലും പൂര്‍ണമായ വിശ്വാസമാണ്. അത് കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ എന്നെ സഹായിക്കുന്നു. പ്രധാനമായും ആഴ്ചാവസാനം കുടുംബവും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാറുണ്ട്. ഒപ്പം അവരുടെ പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളികളാകാറുമുണ്ട്.

 . താങ്കളേക്കുറിച്ചും താങ്കളുടെ ബിസിനസിനെക്കുറിച്ചും വിശദീകരിക്കാമോ?

ഫെറോപാന്‍ ഓയില്‍ഫീല്‍ഡ് സെര്‍വീസസ് ആന്റ് സപ്ലൈസ് എല്‍എല്‍സി എന്ന ഞങ്ങളുടെ കമ്പനി പ്രധാനപ്പെട്ട ADNOC കമ്പനികള്‍ക്ക് സേവനം നല്‍കുന്ന യുഎഇയിലെ ശ്രദ്ധേയമായ EPC (എന്‍ജിനീയറിംഗ്, പ്രോക്യുര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍) കമ്പനികളിലൊന്നാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഞാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്. മുമ്പ് മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് , സൗദി അറേബ്യയിലെ ടഅആകഇ, അബുദാബിയിലെ ADNOC എന്നീ കമ്പനികളില്‍ ജോലി ചെയ്തിരുന്നു.

അരുണ ശാന്തിയാണ് ഭാര്യ. രണ്ട് പെണ്‍മക്കളും ഒരു പേരക്കുട്ടിയുമുണ്ട്. പെണ്‍മക്കള്‍ രണ്ടുപേരും അബുദാബിയിലാണ് +2 വരെ പഠിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് പോയി. ഒരാള്‍ എന്‍ജീനീയറും മറ്റെയാള്‍ ഡോക്ടറുമാണ്.

 . ബിസിനസുകാരന്‍ എന്നതിലുപരി താങ്കള്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ഒരു വ്യക്തി കൂടിയാണ്. ഇക്കാര്യങ്ങളില്‍ താങ്കളെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹ്യസേവനം നടത്തുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നതിന് എന്റെ ഗുരുക്കന്‍മാരുടെ പഠനങ്ങളും കാരണമായിട്ടുണ്ട്.

. താങ്കളുടെ റോള്‍ മോഡല്‍ ആരാണ്?

എന്റെ ഭാര്യാപിതാവാണത്. 82 മത് വയസിലും അദ്ദേഹം തന്റെ ബിസിനസ് ഭംഗിയായി നടത്തുന്നു. അതോടൊപ്പം സാമൂഹ്യസേവനം നടത്തുകയുംചെയ്യുന്നു. കൂടാതെ, ഇപ്പോഴും അദ്ദേഹം യാത്രകളും നടത്താറുണ്ട്‌.

. ഞങ്ങളുടെ വായനക്കാര്‍ക്കുള്ള താങ്കളുടെ ദീപാവലി സന്ദേശമെന്താണ്?

ദീപാവലി അടക്കമുള്ള നമ്മുടെ എല്ലാ ആഘോഷങ്ങളും ഏറ്റവും ഭംഗിയായി നടത്താന്‍ പിന്തുണ നല്‍കുന്ന യു.എ.ഇ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യു.എ.ഇ മന്ത്രിസഭക്കും നന്ദി പറയാനാണ് ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ താമസിക്കുന്ന ഞങ്ങള്‍ക്ക് യു.എ.ഇ ഒരു അന്യ നാടായി തോന്നിയിട്ടില്ല. ഒപ്പം ഒരു ആഘോഷവും നഷ്ടമായിട്ടില്ല.

ഈ ദീപാവലി വേളയില്‍ എല്ലാ വായനക്കാരേയും ആയുരാരോഗ്യ സൗഖ്യങ്ങള്‍ നല്‍കി ദൈവം അനുഗ്രഹിക്കട്ടെ. ദീപങ്ങളുടെ ഈ ആഘോഷം യു.എ.ഇയില്‍ ജീവിക്കുന്ന എല്ലാവരിലും സന്തോഷം നിറയ്ക്കട്ടെ. സാധ്യമാകുന്ന സന്ദര്‍ഭങ്ങളലൊക്കെ മറ്റുള്ളവരെ സഹായിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക.

ദീപാവലി ആശംസകള്‍!

Read More >>