ഗുരുവിന്റെ ഫോട്ടോ തൂക്കിയെറിഞ്ഞത് ആര്?

ഹിന്ദുസന്യാസിയാണ് ശ്രീനാരായണ ഗുരു എന്ന് സമർത്ഥിക്കാനും ദൈവമാക്കാനും കൊണ്ടുപിടിച്ച വർഗ്ഗീയ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ കഥകൊണ്ട് മറുപടിയുമായി എസ്. ഹരീഷ്. 'മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ' എന്ന പുതിയ കഥയാണ് ജാതിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും ഇടം നൽകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പാണ് സോഷ്യൽ മീഡിയയിൽ ഏറെ വിവാദമുയർത്തിയ ബിരിയാണിക്കു ശേഷം കവർ സ്റ്റോറിയായി എസ്. ഹരീഷിന്റെ കഥ അവതരിപ്പിക്കുന്നത്.

ഗുരുവിന്റെ ഫോട്ടോ തൂക്കിയെറിഞ്ഞത് ആര്?

എസ്.ഹരീഷിന്റെ പുതിയ കഥ 'ഇക്കാലത്തെ ജാതിയെ' വലിച്ചു കീറുന്നു. വെള്ളാപ്പള്ളിമാർ മറുപടി പറയേണ്ടി വരും.

ഹിന്ദുസന്യാസിയാണ് ശ്രീനാരായണ ഗുരു എന്ന് സമർത്ഥിക്കാനും ദൈവമാക്കാനും കൊണ്ടുപിടിച്ച വർഗ്ഗീയ ശ്രമങ്ങൾ നടക്കുന്നതിനിടയിൽ കഥകൊണ്ട് മറുപടിയുമായി എസ്. ഹരീഷ്. 'മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ' എന്ന പുതിയ കഥയാണ് ജാതിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും ഇടം നൽകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പാണ് സോഷ്യൽ മീഡിയയിൽ ഏറെ വിവാദമുയർത്തിയ ബിരിയാണിക്കു ശേഷം കവർ സ്റ്റോറിയായി എസ്. ഹരീഷിന്റെ കഥ അവതരിപ്പിക്കുന്നത്.


ബിരിയാണിയിലെ ജാതിയെക്കുറിച്ച് റോബിൻ ഡിക്രൂസ് നടത്തിയ വിമർശനത്തിലാണ് കഥയിലെ ജാതി പരാമർശിക്കപ്പെടുന്നത്. എന്നാൽ ഹരീഷിന്റെ കഥ ജാതിയെ നേരിട്ട് പിടികൂടുകയാണ്- (നായർ) ചെക്കനെ വിവാഹം കഴിക്കാനായി (ഈഴവ) പെൺകുട്ടിയുടെ വീട്ടിലെ ഉമ്മറത്തിരിക്കുന്ന ഫോട്ടോ (ശ്രീനാരായണ ഗുരുവിന്റെ) എടുത്തു മാറ്റുന്നതാണ് കഥ. ഫോട്ടോ ശ്രീനാരായണ ഗുരുവിന്റേതെന്ന് നേരിട്ട് സൂചനകളില്ല. എന്നാൽ കഥ ആ ഫോട്ടോ ഗുരുവിന്റേത് തന്നെയെന്ന് വ്യക്തമാക്കുന്നു. കഥ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സൃഷ്ടിക്കുകയാണ്.

'എന്താണ് ഹരീഷ് പറയുന്ന ഉത്തരം? മിക്കവാറും എല്ലാ സത്യങ്ങളേയും പോലെ അതും അത്ര ലളിതമല്ല. ശ്രീനാരായണ ഗുരുവിന്റെ ഫോട്ടാ ആദ്യം ചമുരിൽ നിന്നെടുത്തത് ഈഴവർ തന്നെയാണല്ലോ എന്ന് ഓർമിച്ചു കൊണ്ട് അത് ആ ചോദ്യത്തെത്തന്നെ തലകീഴാക്കുകയാണ് ചെയ്യുന്നത്.

ശ്രീനാരായണഗുരു ഒരുവേള ഉള്ളാലെ ചർവാകന്മാരുടെ പാത പിന്തുടർന്ന നിരീശ്വരവാദി ആയിരുന്നിരിക്കണം. അതേസമയം അദ്ദേഹം ഒരു ശുദ്ധാദ്വൈതി ആയിരുന്നു എന്നു വിചാരിക്കുന്നവരാണ് അധികവും. ചട്ടമ്പിസ്വാമിയിൽ നിന്ന് അദ്ദേഹം യോഗവിദ്യ പഠിച്ചു എന്ന് അംഗീകരിച്ചാൽ എന്തോ കുറച്ചിലാണെന്നു കരുതുന്ന തിയററ്റീഷ്യന്മാരും കുറവല്ല. (പുലയക്കുട്ടികൾ പഠിച്ച സ്‌കൂളിന് തീയിട്ടത് ആരാണെന്ന് അവർക്കറിയാമോ ആവോ?). ഈഴവരെ പന്നി പെറ്റവരെന്നു വിളിക്കുകയും പിന്നീട് അച്ചായന്മാർ വെച്ച വിമോചന ചുടുചോറ് വാരുകയും ചെയ്ത മന്നനേയും നായർവിരോധത്തിന് ചികിത്സ കിട്ടാതെ മരിച്ച പി. കെ. ബാലകൃഷ്ണനേയും കൂടി ഈ സന്ദർഭത്തിൽ ഓർത്തുകൊള്ളുന്നു.

ചോറു തിന്നോ/ചോറുണ്ടോ? പപ്പടം വറുത്തോ/പപ്പടം കാച്ചിയോ? ആനനെ കണ്ടോ/ആനയെ കണ്ടോ? വെളുത്തുള്ളി ചേർക്കണോ/വെളുത്തുള്ളി ചേർക്കാതിരിക്കണോ? ശാന്തിക്കാരന്റെ കാർമികത്വത്തിലെ കല്യാണം/ചടങ്ങുകൾ ഏറെയില്ലാത്ത കല്യാണം എന്നിങ്ങനെ മിക്കവാറും എല്ലാ സാംസ്‌കാരിക ചിഹ്നങ്ങളേയും ഹരീഷിന്റെ കഥ ഞോടുന്നുണ്ട്. പവിത്രയുടെ വീട്ടുമുറ്റത്ത് നടന്ന കല്യാണസദ്യയിൽ പച്ചമോരും പുളിശ്ശേരിയും വിളമ്പിയോ/ഇല്ലയോ എന്നു മാത്രമേ ഇനി അറിയാനുള്ളു'- രാം മോഹൻ പാലിയത്ത് കഥയെക്കുറിച്ചെഴുതുന്നു.

മൗനം ആപൽക്കരമായ വിസ്ഫോടനം ആകുന്നത് ഇങ്ങനെയാണ് എന്ന് ഇന്നത്തെ മാതൃഭൂമിയിൽ ഹരീഷിന്റെ കഥ വായിച്ചപ്പോൾ തോന്നി. പറയുന്നത്രയും സത്യമാണ്. പലരും പറയാൻ മടിച്ചതുമാണ്. പതിവ് പോലെ പതിഞ്ഞ താളത്തിൽ ശബ്ദമുയർത്താതെ തന്നെ. ഒരു പുതിയ ഹരീഷിനെയാണ് ഞാൻ ഈ കഥയിൽ കാണുന്നത്. ഞാൻ വായിച്ചിട്ടുള്ള ഹരീഷത്തിന്റെ കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ചെറിയ ക്യാൻവാസിൽ ഒതുക്കിയ വലിയ സത്യം. വിവാദികൾക്കു അഴിഞ്ഞാടാൻ ഒരവസരം കൂടി. ഗുരു ഹിന്ദു സന്യാസിയാണോ മറ്റെന്തെങ്കിലുമാണോ എന്ന ചോദ്യം ഒരിക്കൽ കൂടി ചോദിക്കൂ.

മാതൃഭൂമി നല്ല വഴിയിലൂടെ നടക്കാൻ തുടങ്ങുന്നതായി തോന്നുന്നു. കഴിഞ്ഞ ആഴ്ച സോക്രടീസിന്റെ പാമരം വായിച്ചപ്പോൾ സോക്രടീസിന്റെ ഏറ്റവും മെച്വർ ആയ കഥ എന്ന് തോന്നുകയുണ്ടായി. എഴുത്തിന്റെ പാത നയിക്കുന്ന സ്വസ്ഥവും ശാന്തവുമായ ഒരു ഇരിപ്പിടത്തിലേക്കാണ് ഹരീഷും നീങ്ങുന്നത്- എന്നാണ് സോഷ്യൽ മീഡിയിൽ നിരന്തരം സാഹിത്യ നിരൂപണം നടത്തുന്ന അജിത് നീലാഞ്ജനത്തിന്റെ അഭിപ്രായം.

'ഇങ്ങനെ ഒക്കെ എഴുതാൻ- അലങ്കാരമോ ചമയമോ മാങ്ങയോ ചേനയോ ഇല്ലാതെ- എഴുതാൻ ദിങ്ങോരെ കഴിഞ്ഞിട്ടേ ഒള്ള്. കുഴിബോംബു ഭൂമി തുരന്നുനിക്ഷേപിച്ചിട്ട് അതിന്റെ മോളിൽ കൃതൃമ പുൽതകിടി അല്ലാത്ത സ്വഭാവിക കറുകപ്പുല്ലും നീരോലിയും പാണലും കമ്യൂണിസ്റ്റ് പച്ചയുമൊക്കെ അതീവ ശ്രദ്ധയോടെ അശ്രദ്ധമാംവിധം വളർത്തി മീതെയിരുന്ന് ചുമ്മാ കുശലം പറയാൻ വിളിക്കുന്നു ഹരീഷ്. കൂടുതൽ അമർന്നിരിക്കണ്ട. സംഗതി പൊട്ടും. നമിച്ചു ഹരീഷ്. ഉമ്മ. സയനഡെന്തിനു അഞ്ചു കിലോ? നിങ്ങളിങ്ങനെ ആണ്ടിനും സംക്രാന്തിക്കും ഓരോന്ന് പൂശ്യാമതീട്ടാ. ഹരീഷിന്റെ ജാതി കുഴിച്ചു നോക്കി ഇതൊന്ന് വിവാദമാക്കാൻ ആരുമില്ലഡേയ് സോഷ്യൽ മീഡിയേല്?'- എന്നാണ് നോവലിസ്റ്റും കഥാകൃത്തുമായ മണികണ്ഠന്റെ ചോദ്യം.

hareesh 2 (1)കവി എം.ആർ രേണുകുമാർ എഴുതിയ 'നോക്കിയാൽ ഉള്ളിലേക്ക് പിടിച്ചുവലിക്കുന്ന കിണറുപോലാണ് ഹരീഷിന്റെ എഴുത്ത്. വായിച്ചു തുടങ്ങിയാൽ കഥയിലേക്ക് പെട്ടെതുതന്നെ. 'ഗഞ്ചാ വെച്ച കണ്ണ് ' എന്നൊക്കെ തമിഴ്പാട്ടിൽ പാട്ടിൽ പേശും പോലെ- എന്ന സ്റ്റാറ്റസിൽ വാസു എ കെ ഇങ്ങനെ കമന്റ് ചെയ്യുന്നു "ഈഴവ നായർ ഇരട്ട സ്വത്വങ്ങൾ നിലവിലുണ്ട്. പുരോഗതി എന്നാൽ നായർ വൽക്കരണമാണെന്നു ധരിച്ച ഈഴവ പുതു തലമുറ നേരിടുന്ന സ്വകാര്യ സംഘർഷങ്ങളെ ആവിഷ്‌ക്കരിക്കുന്ന ചെറുകഥയാണ് എസ് . ഹരീഷിന്റെ '' മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ'(' മാതൃഭൂമി ആഴ്ചപ്പതിപ്പ്). കല്യാണ ദിവസം ഗുരുവിന്റെ ഫോട്ടോയും മഞ്ഞ വസ്ത്രങ്ങളും മാറ്റാൻ നായർ വരന്റെ കുടുംബം ആവശ്യപ്പെടുമ്പോൾ കാരണവരെ അറിയിക്കാതെ തന്ത്രപൂർവം അത് ചെയ്തിട്ടും ഗുരുവായൂരിൽ പല്ലുതേച്ചു എളിയിൽ ബ്രഷ് കുത്തി നിൽക്കുന്ന വധുവിന്റെ വധുവിന്റെ അച്ഛൻ ചാന്ദ്രമോഹനെ പനകയറ്റക്കാരൻ കുഞ്ഞപ്പനായി വരന്റെ അച്ഛൻ ഓർത്തെടുക്കുന്നു-നിങ്ങളുടെ ഗുരു''' എന്ന് വർഷങ്ങൾക്കു ശേഷവും ഭാര്യയോട് പറയുന്ന സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖത്തിലെ നായരും, ''നിനക്കന്താടാ കുഴപ്പം'' എന്ന് കേൾക്കുന്ന തലമുറകളിലെ വിജയന്റെ കഥാപാത്രവും നമുക്കിവിടെ ഓർമ്മവരും. ''ചോറ് തിന്നു'' എന്ന ഈഴവതെറ്റിനെ ''ചോറ് ഉണ്ടു'' എന്ന് നായർ ശരിയാക്കി മാറ്റാൻ കുടുംബം ശ്രമിക്കുന്നു ''പപ്പടം വറുക്കുന്ന'' ഈഴവ സ്ത്രീ നായരച്ചിക്കുവേണ്ടി ''പപ്പടം കാച്ചുന്നതും'' ഹരീഷിന്റെ കഥയിൽ നാം കാണുന്നു'

രാമലക്ഷ്മണന്മാരാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് നാരായണ പണിക്കർ- വെള്ളാപ്പള്ളി കൂട്ടുകെട്ട് ഈഴവ- നായർ സഖ്യമുന്നണിയുണ്ടാക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞതും ബിജെപിയുടെ ബ്രാഹ്മണിക്കൽ അജണ്ടകളോ അതിനോടുള്ള ശ്രീനാരായണ ഗുരുവിന്റെ നിലപാടുകളോ പരിഗണിക്കാതെ ബിജെപിയുടെ പാളയത്തിൽ ഹൈന്ദവ ഐക്യം പറഞ്ഞ് ബിഡിജെഎസുമായി പോയതുമെല്ലാം സമകാലിക സംഭവങ്ങളായി നിലനിൽക്കെയാണ് ബ്രാഹ്മണിസം ശ്രീനാരായണ ഗുരുവിനെ എങ്ങനെയാണ് കാണുന്നത് എന്നതിനെ ഇക്കാലത്തിന്റെ 'ജാതി പറഞ്ഞ'് ഹരീഷ് ചർച്ചയ്ക്കു വെയ്ക്കുന്നത്.

ജാതി എത്രമാത്രം സൂഷ്മമായി ഇക്കാലത്ത് പ്രവർത്തിക്കുന്നു എന്ന് കഥയിൽ വ്യക്തമാകുന്നുണ്ട്. നായർ ബാന്ധവത്തിനായി ശ്രീനാരായണ ഗുരുവിനെ തൂക്കിയെറിഞ്ഞ് പകരം ചതുർബാഹുവിന്റെ വർണ്ണചിത്രം വെയ്ക്കുന്ന ഈഴവരെ കഥ പരിഹസിക്കുമ്പോൾ, വിമർശനമേൽക്കാതെ മാറി നിൽക്കാൻ വെള്ളാപ്പള്ളീയതയ്ക്ക് സാധിക്കില്ല. സോഷ്യൽ മീഡിയ ഹരീഷിന്റെ കഥയും ഗൗരവമുള്ള ചർച്ചയ്ക്കെടുത്തു കഴിഞ്ഞു.

Read More >>