കേരളാ പോലീസിലും സ്വാധീനമുറപ്പിച്ച് സംഘപരിവാർ; ആർഎസ്എസുകാർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണമില്ല; ഇടിവെട്ടേറ്റ് കണ്ണൂരിലെ സിപിഐഎം

വലിയ പ്രതിസന്ധിയിലാണ് കണ്ണൂരിലെ സിപിഐഎം. അടുത്ത ഇര ആരെന്ന് ഒരുപിടിയും കിട്ടാതെ നേതാക്കളും അണികളും. വരമ്പിൽ കൂലി കൊടുക്കണമെങ്കിൽ ഒഴുക്കേണ്ടത് നിരപരാധികളുടെ ചോര. വൻഭൂരിപക്ഷത്തോടെ നാടുഭരിക്കുകയാണ് പാർടി. അമരത്ത് കണ്ണൂർ ശൈലിയുടെ ഹൃദയവും മസ്തിഷ്കവുമായ പിണറായി വിജയൻ. പക്ഷേ, സിപിഐഎമ്മുകാരെ കൊലപ്പെടുത്തി സംഘർഷം വിതയ്ക്കാൻ ജില്ലയിൽ സ്വൈരവിഹാരം നടത്തുന്ന ആരെയും അറസ്റ്റു ചെയ്യാൻ പോലീസിനു താൽപര്യമില്ല.

കേരളാ പോലീസിലും സ്വാധീനമുറപ്പിച്ച് സംഘപരിവാർ; ആർഎസ്എസുകാർ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണമില്ല; ഇടിവെട്ടേറ്റ് കണ്ണൂരിലെ സിപിഐഎം

ഉത്തരേന്ത്യയിലെ ഐപിഎസ് ഉദ്യോഗസ്ഥരിലൂടെ കേരളാ പോലീസിലും സംഘപരിവാറിന്റെ സ്വാധീനം ശക്തമാകുന്നു. കണ്ണൂരിൽ ആർഎസ്എസുകാർ പ്രതികളായ കൊലക്കേസുകളിലെ ദുരൂഹമായ പോലീസ് നിഷ്ക്രിയത്വത്തിനു പിന്നിൽ ഈ സ്വാധീനമാണ് എന്നു വ്യക്തമാണ്. സിപിഐഎമ്മുകാർ കൊല്ലപ്പെട്ട കേസുകളിൽ പിടിയിലായവർ കൊടുത്ത മൊഴികളിൽ ചൂണ്ടിക്കാട്ടിയവരിലേയ്ക്കൊന്നും ഒരന്വേഷണവും നീളുന്നില്ല. ഏതാനും പേരെ അറസ്റ്റു ചെയ്ത് കൈകഴുകുകയാണ് പോലീസ്.

ആരാണ് കണ്ണൻ?

പയ്യന്നൂരിലെ ധൻരാജ് വധക്കേസിൽ കഴിഞ്ഞ ആഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ആ കുറ്റപത്രത്തിൽ കണ്ണൻ എന്നൊരു പേരുണ്ട്. കൃത്യത്തിൽ നേരിട്ടു പങ്കെടുക്കുകയും അറസ്റ്റിലാവുകയും ചെയ്ത പ്രതികളുടെ മൊഴിയനുസരിച്ച് കണ്ണൂർ ജില്ലയ്ക്കു പുറത്തുനിന്നുള്ള കണ്ണൻ എന്ന ആർഎസ്എസ് പ്രചാരകാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഇയാളുടെ വിലാസമടക്കമുള്ള ഒരു വിവരവും പോലീസിനറിയില്ല. കണ്ടെത്താൻ ഊർജിതമായ ശ്രമങ്ങളില്ല. അതിനു താൽപര്യവുമില്ല.


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ ആദ്യം പിടിയിലാകേണ്ടത്, ജില്ലയിൽ സംഘർഷം വിതയ്ക്കാൻ ജില്ലയ്ക്കു പുറത്തു നിന്നെത്തുന്നവരെയാണ്. ഈ ദിശയിൽ ഒരന്വേഷണവും നടത്താൻ ആഭ്യന്തരവകുപ്പുപോലും തയ്യാറാകുന്നില്ല. ആഭ്യന്തരവകുപ്പിനെ നയിക്കുന്നവർക്കും അന്വേഷണം ആ ദിശയിൽ മുന്നേറണമെന്ന് ആഗ്രഹമില്ല. പൊലീസ് നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന വേദവാക്യം ഉരുവിട്ടു കൈകഴുകുകയാണ് രാഷ്ട്രീയനേതൃത്വം.

സിപിഐഎം പ്രവർത്തകൻ മോഹനനെ വധിച്ചത് മുഖംമൂടി ധരിച്ച ആറംഗ സംഘമാണ്. ഈ സംഘത്തിൽ മൂന്നു പേരെ അറസ്റ്റു ചെയ്തതോടെ അന്വേഷണം നിലച്ചു. കണ്ണൂർ പോലീസ് മേധാവികൾക്കു മേലുള്ള ആർഎസ്എസ് നിയന്ത്രണത്തിന്റെ തെളിവാണ് ഈ കേസും.

കണ്ണൂരിലെ ആർഎസ്എസ് കാര്യാലയത്തിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണകേന്ദ്രത്തിന് സമീപത്തുള്ള കാര്യാലയത്തിൽ പ്രതികൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ച കണ്ണൂർ ഡിവൈഎസ്‌പിയും സംഘവും കാര്യാലയത്തിൽ പോകുകയും ഉടൻ തന്നെ കാര്യാലയത്തിൽ നിന്നും പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ച പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാൽ തുടർന്ന് ഈ കേന്ദ്രം റെയിഡു ചെയ്യാനോ കൊലക്കേസ് പ്രതികളെ ഒളിവിൽ പാർപ്പിച്ച കുറ്റത്തിന് കാര്യാലയത്തിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതൊക്കെ സാധാരണ നടപടിക്രമങ്ങളാണ്. ആർഎസ്എസുകാരാണ് പ്രതികളെങ്കിൽ, സാധാരണ അന്വേഷണ നടപടികൾക്കു പോലും പൊലീസ് തയ്യാറാവുന്നില്ല.

ധൻരാജ് വധം ആസൂത്രണം ചെയ്തത് കണ്ണൻ എന്ന ആർഎസ്എസ് പ്രചാരകനാണെങ്കിൽ മോഹനൻ വധത്തിനു പിന്നിൽ മോഹൻ എന്ന വയനാട് സ്വദേശിയായ ആർഎസ്എസുകാരനാണെന്ന് പോലീസുകാർ തന്നെ പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനും ഒരന്വേഷണത്തിനും പോലീസ് തയ്യാറല്ല.

ജിഷയെ വധിച്ച ആസാമുകാരനായ പ്രതിയെ അതിവിദഗ്ദ്ധമായി കെണിയിലാക്കിയ പോലീസാണ് കേരളത്തിലേത്. അവരാണ് കണ്ണൻ, മോഹൻ തുടങ്ങിയ പേരുകൾക്കു മുന്നിൽ സ്തംഭിച്ചു നിൽക്കുന്നത്. ആ വഴിക്ക് അന്വേഷണം നീങ്ങേണ്ടതില്ല എന്ന കൃത്യമായ നിർദ്ദേശമില്ലാതെ കേരള പോലീസ് ഈ വിധം നിഷ്ക്രിയമാവുകയില്ല.

ഇടിവേട്ടേറ്റ് കണ്ണൂരിലെ സിപിഐഎം; ചലനം നഷ്ടപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

രമേശ് ചെന്നിത്തല പോലീസിനെ കാവിവത്കരിച്ചു എന്നാക്ഷേപിച്ചവരാണ് സിപിഐഎമ്മുകാർ. ആ ആരോപണം ശരിയാണെങ്കിൽ, അധികാരം ഉപയോഗിച്ച് ആ കാവിക്കറ നീക്കുകയാണ് പുതിയ ഭരണകർത്താക്കളുടെ ചുമതല. കൃത്യമായ പരാതികൾ ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നിഷ്ക്രിയത്വം തുടരുന്നതാണ് കണ്ണൂരിലെ സിപിഐഎമ്മിനെ അസ്വസ്ഥമാക്കുന്നത്.

വലിയ പ്രതിസന്ധിയിലാണ് കണ്ണൂരിലെ സിപിഐഎം. അടുത്ത ഇര ആരെന്ന് ഒരുപിടിയും കിട്ടാതെ നേതാക്കളും അണികളും. വരമ്പിൽ കൂലി കൊടുക്കണമെങ്കിൽ ഒഴുക്കേണ്ടത് നിരപരാധികളുടെ ചോര. വൻഭൂരിപക്ഷത്തോടെ നാടുഭരിക്കുകയാണ് പാർടി. അമരത്ത് കണ്ണൂർ ശൈലിയുടെ ഹൃദയവും മസ്തിഷ്കവുമായ പിണറായി വിജയൻ. പക്ഷേ, സിപിഐഎമ്മുകാരെ കൊലപ്പെടുത്തി സംഘർഷം വിതയ്ക്കാൻ ജില്ലയിൽ സ്വൈരവിഹാരം നടത്തുന്ന ആരെയും അറസ്റ്റു ചെയ്യാൻ പോലീസിനു താൽപര്യമില്ല.

ഇക്കാര്യങ്ങളൊക്കെ പലതവണ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ധരിപ്പിച്ചിട്ടും ഫലമില്ലാത്തതിന്റെ നിരാശ ചിലരെങ്കിലും മറച്ചുവെയ്ക്കുന്നില്ല. പിണറായി വിജയനെ കാഴ്ചക്കാരനാക്കി പോലീസിൽ പിടിമുറുക്കുകയാണ് സംഘപരിവാർ. വർഗീയ കലാപങ്ങൾക്കു വഴിമരുന്നിടുന്ന വിദ്വേഷ പ്രചാരകർക്കെതിരെ കേസെടുക്കാനുള്ള കേരളാ പോലീസിന്റെ മടിയും ഇതുമായി വേണം ചേർത്തു വായിക്കേണ്ടത്.

Read More >>