സുധീഷ് മിന്നി 'നാളത്തെ രക്തസാക്ഷി'യെന്ന് ആർഎസ്എസ് ഫെയ്‌സ്ബുക്ക് പേജിൽ വധഭീഷണി; കൊന്നാലും തന്റെ ലക്ഷ്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുധീഷ് മിന്നി

'നിങ്ങൾ പുതപ്പിക്കുന്ന മരണത്തെ കാത്തിരിക്കുന്ന ഒരാളാണ് താൻ' എന്ന രീതിയിൽ സുധീഷ് മിന്നി ഫെയ്‌സ്ബുക്കിൽ കൂടി മറുപടി നൽകിയിട്ടുണ്ട്.

സുധീഷ് മിന്നി

കണ്ണൂർ: ഭീഷണിയും മറുപടി മറുഭീഷണിയും ആയി സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ കലാപം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള 'അമ്പാടിമുക്ക് കണ്ണൂർ' എന്ന ഫെയ്‌സ്ബുക്ക് പേജിൽ 'നാളത്തെ രക്തസാക്ഷി സുധീഷ്‌മിന്നി അറിയുവാൻ' എന്ന തലക്കെട്ടിൽ വധഭീഷണി പ്രത്യക്ഷപ്പെട്ടു. പലതിന്റെയും പിൻബലത്തോടെ ആർഎസ്എസ്സിനെതിരെ നീങ്ങുമ്പോൾ, എല്ലാ പ്രതിരോധങ്ങളെയും തട്ടി മാറ്റി മുന്നേറുന്ന സംഘപ്രസ്ഥാനത്തിന്റെ ചരിത്രം സുധീഷ് മിന്നി അറിയാതെ പോകുന്നുവെന്ന് പറയുന്ന പോസ്റ്റിൽ ടിപി മോഡലിൽ സിപിഐഎം തന്നെ സുധീഷ് മിന്നിയെ വധിക്കും എന്ന നിലയിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌.
'നിങ്ങൾ പുതപ്പിക്കുന്ന മരണത്തെ കാത്തിരിക്കുന്ന ഒരാളാണ് താൻ' എന്ന രീതിയിൽ ഇതിന് സുധീഷ് മിന്നി ഫെയ്‌സ്ബുക്കിൽ കൂടി മറുപടി നൽകിയിട്ടുണ്ട്. കൊന്നാലും തന്റെ ലക്ഷ്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും തന്റെ തുടർച്ചയാവാൻ സംഘപരിവാരത്തിൽ നിന്നുതന്നെ ഒരാൾ എത്തുമെന്നും സംഘപരിവാറിന്റെ തകർച്ചയിൽ തുടക്കക്കാരൻ മാത്രമാണ് താൻ എന്നും സുധീഷ് മിന്നി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഇതിനിടയിൽ 'അമ്പാടിമുക്ക് കണ്ണൂരി'ന്റെ ഭീഷണിക്ക് മറുപടിയുമായി 'അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ' എന്ന സിപിഐഎം അനുഭാവികളുടെ പേജ് രംഗത്തെത്തി. 'മിന്നി നാളത്തെ രക്തസാക്ഷിയെങ്കിൽ കെ ബി പ്രജിൽ നാളത്തെ ബലിദാനി' എന്നാണ് വരമ്പത്ത് കൂലി മോഡലിൽ പ്രാദേശിക ആർഎസ്എസ് നേതാവിന്റെ ചിത്രസഹിതം മറുഭീഷണി മുഴക്കിയിരിക്കുന്നത്‌.കണ്ണൂർ അമ്പാടിമുക്ക് ആർഎസ്എസിന്റെ ശക്തികേന്ദ്രമായിരുന്നു. ബിജെപിക്കകത്തെ ആഭ്യന്തരപ്രശ്നങ്ങളെ തുടർന്ന് ഒരു വിഭാഗം സിപിഐഎമ്മിലേക്ക് എത്തുകയായിരുന്നു. ഇരുവിഭാഗങ്ങൾക്കിടയിൽ നിരന്തരസംഘർഷം നിലനിൽക്കുന്നതിനാൽ ഇപ്പോഴത്തെ ഈ ഫെയ്‌സ്ബുക്ക് ഭീഷണികളെ ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്.

Read More >>