വടക്കുംനാഥനു നേരെ വിരല്‍ ചൂണ്ടിയ 'കുറത്തി'ക്ക് തൃശൂരില്‍ ആര്‍എസ്എസ് ഭീഷണി

'മുല പറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍'- എന്ന കടമ്മനിട്ടയുടെ കുറത്തി കവിതയിലെ വരികളുടെ ശില്‍പ്പരൂപത്തിനു നേരെ തൃശൂരില്‍ ആര്‍എസ്എസ് ആക്രമണം. ശില്‍പ്പത്തിനു നേരെയുള്ള ആദ്യ ഘട്ട അക്രമത്തില്‍ കവി കടമ്മനിട്ടയെ കുത്തിക്കീറി. വടക്കുംനാഥ ക്ഷേത്രത്തിനു നേരെ വിരല്‍ ചൂണ്ടിയതും കുറത്തി ചവിട്ടുന്ന പാമ്പിന്‍ പത്തിയിലെ കാവിയുമാകാം അക്രമത്തിനു കാരണമെന്ന് ശില്‍പ്പികള്‍

വടക്കുംനാഥനു നേരെ വിരല്‍ ചൂണ്ടിയ

കവി കടമ്മനിട്ടയുടെ 'കുറത്തി'ക്കു തൃശൂരില്‍ ആര്‍എസ്എസ് ഭീഷണി. നവംബര്‍ 11 മുതല്‍ തൃശൂരില്‍ ആരംഭിക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണണത്തിനായി കവികളും ശില്‍പ്പികളുമായ മൂന്നു കലാപ്രവര്‍ത്തകര്‍ ചേര്‍ന്നു നിര്‍മ്മിച്ചതാണ് ശില്‍പ്പം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപി ഹര്‍ത്താല്‍ ദിവസം പട്ടാപ്പകല്‍ പരസ്യമായാണ് ആദ്യഘട്ട ആക്രമണം നടത്തിയത്. കുറത്തി ശില്‍പ്പത്തെ തള്ളി മറിച്ചിടാനാണ് സംഘം അന്ന് ശ്രമിച്ചത്. ആകെ 13 അടി ഉയരമുള്ള ശില്‍പ്പപീഠം ഇരുമ്പിന്റെ ചട്ടയില്‍ ബലത്തില്‍ ഉണ്ടാക്കിയതിനാല്‍ മറിച്ചിടാനുള്ള ശ്രമം വിജയിച്ചില്ല. കുറത്തി കവിതയിലെ വരികള്‍ ആലേഖനം ചെയ്ത പീഠത്തിലുണ്ടായിരുന്ന കവി കടമ്മനിട്ടയുടെ ചിത്രം കുത്തിക്കീറി വികൃതമാക്കുകയും ശില്‍പ്പത്തിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്ന മലയുടേയും പുഴയുടേയും ചീത്രീകരണം പറിച്ചെറിയുകയും ചെയ്തു.


[caption id="attachment_51609" align="aligncenter" width="655"]14615839_1127036737391627_6231976028005284521_o
കുറത്തി ശില്‍പ്പം അക്രമിക്കപ്പെട്ട നിലയില്‍. കവി കടമ്മനിട്ടയുടെ മുഖം കുത്തി കീറിയിരിക്കുന്നു. എട്ടടിയുള്ള ശില്‍പ്പത്തെ പീഠത്തില്‍ നിന്ന് മറിച്ചിടാനാണ് ശ്രമിച്ചത്‌[/caption]
'എന്റെ മുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുല പറിച്ചു വലിച്ചെറിഞ്ഞീ
പുരമെരിക്കും ഞാന്‍'- എന്നാണ് വരികള്‍.

മുലവലിച്ചു പറിച്ച്, കരനാഥന്മാര്‍ക്കു നേരെ വിരല്‍ ചൂണ്ടി, കരിനാഗക്കളത്തിലേറിയാണ് കുറത്തി നില്‍ക്കുന്നത്. നാഗത്തിന്റെ പത്തിയിലെ കാവിയാകാം ആര്‍എസ്എസുകാരെ ചൊടിപ്പിച്ചതെന്ന് ശില്‍പ്പികളിലൊരാളായ സുനില്‍ മോന്‍ പറഞ്ഞു. നടുവിലാല്‍ ജംങ്ഷനു സമീപം സ്ഥാപിച്ച ശില്‍പ്പം വിരല്‍ ചൂണ്ടുന്നത് വടക്കുംനാഥന്‍ ക്ഷേത്രത്തിനു നേരെയാണ്. കരനാഥന്മാര്‍ക്കു നേരെ വിരല്‍ ചൂണ്ടിയാണ് കവിതയിലെ ആ തീച്ചോദ്യം കുറത്തി ചോദിക്കുന്നത്:
'കരനാഥന്മാര്‍ക്കു നേരെ വിരല്‍ചൂണ്ടി പറയുന്നു
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ
നിങ്ങളവരുടെ കുഴിമാടം കുളന്തോണ്ടുന്നോ
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്'

വടക്കുനാഥനു നേരെ വിരല്‍ ചൂണ്ടി, ഈ വരികള്‍ ചോദിക്കുന്ന കുറത്തി തങ്ങളുടെ ഫാസിസത്തിനു നേരെ കലാപമുയര്‍ത്തുകയാണെന്ന് മനസിലാക്കിയ 'മൂളയുള്ള' ഏതോ ആര്‍എസ്എസുകാരാണ് ശില്‍പ്പം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ശില്‍പ്പികള്‍ പറഞ്ഞു. ഇരുമ്പ്, കട്ടിയുള്ള പോളിമര്‍ എന്നിവ കൊണ്ടു നിര്‍മ്മിച്ച ശില്‍പ്പത്തിന് നാലുമാസത്തോളം കേടുകൂടാതെ നില്‍ക്കാനാവും.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാലനാണ് ശില്‍പ്പം ഉദ്ഘാടനം ചെയ്തത്. കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ തളിക്കുളത്ത് ശില്‍പ്പനിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ നാട്ടുകാര്‍ സാംസ്‌കാരിക സദസും നടത്തിയിരുന്നു. ഇരുപതു ദിവസമെടുത്താണ് കുറത്തി പൂര്‍ത്തിയായത്. കുറത്തി ശില്‍പ്പം വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ഹൈന്ദവ വര്‍ഗ്ഗീയതയ്‌ക്കെതിരായ ആഹ്വാനമെന്ന നിലയില്‍ ശ്രദ്ധേയമായ കവിതയാണ് കുറത്തി. ഫാസിസ്റ്റുകള്‍ എത്ര പ്രതിമ തകര്‍ത്താലും കുറത്തി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പുതുതലമുറയിലൂടെ പുറത്തുവരുമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ തൃശൂരില്‍ എത്തി പ്രതിഷേധമറിയിച്ചു.

[caption id="attachment_51356" align="alignright" width="300"]IMG_20161015_132859 ശില്‍പ്പികളായ   സലിം ചേനവുംസുനില്‍ മോനും കണ്ണന്‍ രാമനും[/caption]

കുറത്തി ശില്‍പ്പം അക്രമിക്കപ്പെട്ടതിനെതിരെ കവി കെ. സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചു. വിനാശകാരികളായ കുറ്റവാളികള്‍ക്കെതിരെ കലയേയും സംസ്‌ക്കാരത്തേയും സ്‌നേഹിക്കുന്ന മുഴുവന്‍ പേര്‍ക്കുമൊപ്പം ശബ്ദമുയര്‍ത്തുന്നുവെന്നും യുദ്ധത്തിനും ഹിംസയ്ക്കും ചൂഷണത്തിനുമെതിരെ പാട്ടുയര്‍ത്തിയ ബോബ് ഡിലന് നൊബേല്‍ കിട്ടിയ ദിവസം തന്നെ കുറത്തി ശില്‍പ്പം കേരളത്തില്‍ അക്രമിക്കപ്പെട്ടത് വിരോധാഭാസമായെന്നും ലജ്ജിക്കുന്നുവെന്നും സച്ചിദാനന്ദന്‍ കുറിച്ചു. കുറത്തിയ്ക്കു നേരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിച്ചു നടന്ന യോഗം വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി പി.എ ഉഷാകുമാരി നേതൃത്വം നല്‍കി.

സുനില്‍ മോന്‍, കണ്ണന്‍ രാമന്‍, സലിം ചേനം എന്നിവര്‍ ജനകീയമായമായ സാമ്പത്തിക സമാഹരണത്തോടെയാണ് ശില്‍പ്പം നിര്‍മ്മിച്ചത്. ഏതാണ്ട് അരലക്ഷത്തിലധികം തുകയും മൂന്നാളുടെ ഇരുപതോളം രാപ്പകലില്ലാത്ത പ്രവര്‍ത്തിദിനങ്ങളും ചെലവിട്ടാണ് ശില്‍പ്പം പൂര്‍ത്തിയാക്കിയത്. സമ്മേളനത്തോടനുബന്ധിച്ച് വേറെയും ശില്‍പ്പങ്ങള്‍ ചെയ്യാന്‍ ശില്‍പ്പികള്‍ ഉദ്ദേശിക്കുന്നുണ്ട്. ഫാസിസം എക്കാലത്തും കുറത്തി പോലുള്ള അടയാളങ്ങള്‍ക്കു നേരെ അക്രമം നടത്തും- ശില്‍പ്പി സുനില്‍ പറയുന്നു.

കുറത്തി ശില്‍പ്പം പൊതുസ്ഥലത്താണിരിക്കുന്നത്. ഏതുസമയത്തും അത് എരിച്ചു കളിയാന്‍ സാധിക്കും. തള്ളി മറിക്കാന്‍ നോക്കിയത് പരാജയപ്പെട്ടവര്‍ ഇനി തീയുമായിട്ടാകും വരുന്നത്. മുല പറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാനെന്ന് ഗര്‍ജ്ജിക്കുന്ന കുറത്തി വടക്കുംനാഥനു സമീപത്തു നിന്നു എരിഞ്ഞു തീര്‍ന്നേക്കാം- ഭീഷണി ആ നിലയ്ക്കുമുണ്ട്.

Read More >>