ടിപ്പു സുൽത്താൻ മതഭ്രാന്തനെന്ന് ആർഎസ്എസ്; മതേതരവാദിയെന്ന് സിദ്ധരാമയ്യ

ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയിട്ടുണ്ടെന്നു സിദ്ധരാമയ്യ പ്രതികരിച്ചു

ടിപ്പു സുൽത്താൻ മതഭ്രാന്തനെന്ന് ആർഎസ്എസ്; മതേതരവാദിയെന്ന് സിദ്ധരാമയ്യ

ബംഗളുരു: നവംബർ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പരാമർശങ്ങളുമായി ആർഎസ്എസ് രംഗത്ത്. ടിപ്പു സുൽത്താൻ മതഭ്രാന്തനും അക്രമകാരിയും ആയിരുന്നെന്ന് ആർഎസ്എസ് നേതാവ് വി നാഗരാജ് പറഞ്ഞു. ടിപ്പു ജയന്തി ആഘോഷിക്കാൻ ശ്രമിച്ചാൽ ആർഎസ്എസ് തെരുവിലിറങ്ങി തടയും. ക്രിസ്ത്യൻ മതവിശ്വാസികളുടേതടക്കം മുറിവിൽ ഉപ്പു തേക്കുന്നതിന് തുല്യമാണ് ജയന്തി ആഘോഷങ്ങൾ എന്നും ടിപ്പുവിന്റെ ക്രൂരതയ്ക്ക് ഇരയായവരാണ് ക്രിസ്ത്യാനികൾ എന്നും ആർഎസ്എസ് നേതാവ് പ്രസ്താവിച്ചു.

എന്നാൽ ടിപ്പു സുൽത്താൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയിട്ടുണ്ടെന്നും ടിപ്പു സുൽത്താൻ തികഞ്ഞ പുരോഗമനവാദിയും മതേതരവാദിയും ആയിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ടിപ്പു ജയന്തിയെ എതിർക്കുന്നത് ചില വർഗീയശക്തികൾ മാത്രമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംഘ്പരിവാറിന്റെയും മുഖ്യപ്രതിപക്ഷമായ ബിജെപിയുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ട് നവംബർ 10ന് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ടിപ്പു ജയന്തി ആഘോഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാർ നടത്തിയ ബന്ദ് അക്രമാസക്തമായിരുന്നു. കുടക് മേഖലയിൽ നടന്ന സംഘർഷത്തിൽ വിഎച്ച്പി ജില്ലാ നേതാവ് ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Story by
Read More >>