എൻഐഎയുടെ പേരിൽ പ്രചരിപ്പിക്കുന്ന കെട്ടുകഥകളുടെ ഉറവിടം സംഘപരിവാർ; ഉപ്പുതൊടാതെ വിഴുങ്ങി മാധ്യമങ്ങൾ

നാലു പ്രമുഖരെ വധിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നാണ് കഴിഞ്ഞ ദിവസത്തെ മാതൃഭൂമി വെളിപ്പെടുത്തിയത്. എന്നാൽ മനോരമ ഒരു പടികൂടി മുകളിൽ കയറി. ഹിറ്റ്‌ലിസ്റ്റിൽ രാഷ്ട്രീയ നേതാവും രണ്ടു ജഡ്ജിമാരും ഒരു പോലീസ് ഉദ്യോഗസ്ഥനും എന്ന ബോക്സ് വാർത്തയാണ് മനോരമ നൽകിയത്. എന്നാൽ ആരുടെയും പേരുകൾ വെളിപ്പെടുത്താൻ രണ്ടു പത്രങ്ങളും തയ്യാറായില്ല.

എൻഐഎയുടെ പേരിൽ പ്രചരിപ്പിക്കുന്ന കെട്ടുകഥകളുടെ ഉറവിടം സംഘപരിവാർ; ഉപ്പുതൊടാതെ വിഴുങ്ങി മാധ്യമങ്ങൾ

കണ്ണൂർ : കനകമലയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായവരെക്കുറിച്ചു മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെ ഉറവിടം സംഘപരിവാർ കേന്ദ്രങ്ങൾ? എൻഐഎ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പത്രക്കുറിപ്പുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. എന്നാൽ ഹിറ്റ് ലിസ്റ്റിലെ പേരുകൾ  പുറത്തുവിട്ടുകൊണ്ടും അവരെന്തുകൊണ്ട് ഹിറ്റ് ലിസ്റ്റിൽപ്പെട്ടു എന്നു വിശദീകരിച്ചും  ബിജെപി മുഖപത്രമായ ജന്മഭൂമി രംഗത്തു വന്നതോടെയാണ് സംഘപരിവാർ അജണ്ടയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സംശയം ബലപ്പെടുന്നത്.


ദക്ഷിണേന്ത്യയിലെ പ്രധാന വ്യക്തികളെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരപ്രവർത്തനങ്ങൾ നടത്താൻ കേരളത്തിലെയും തമിഴ്നാട്ടിലെയും ചില യുവാക്കൾ ക്രിമിനൽ ഗൂഢാലോചനയിലേർപ്പെട്ടു എന്ന വിശ്വാസ യോഗ്യമായ വിവരങ്ങൾ ലഭിച്ചെന്നാണ് എൻഐഎ പത്രക്കുറിപ്പിൽ പറയുന്നത്. ഒക്ടോബർ നാലിനു പത്രങ്ങളെഴുതിയ വിവരങ്ങളൊന്നും എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നാലു പ്രമുഖരെ വധിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നാണ് കഴിഞ്ഞ ദിവസത്തെ മാതൃഭൂമി വെളിപ്പെടുത്തിയത്. എന്നാൽ മനോരമ ഒരു പടികൂടി മുകളിൽ കയറി. ഹിറ്റ്‌ലിസ്റ്റിൽ രാഷ്ട്രീയ നേതാവും രണ്ടു ജഡ്ജിമാരും ഒരു പോലീസ് ഉദ്യോഗസ്ഥനും എന്ന ബോക്സ് വാർത്തയാണ് മനോരമ നൽകിയത്. എന്നാൽ ആരുടെയും പേരുകൾ വെളിപ്പെടുത്താൻ രണ്ടു പത്രങ്ങളും തയ്യാറായില്ല.

എന്നാൽ ഈ നേതാവിന്റെയും ജഡ്ജിമാരുടെയും പോലീസ് ഉദ്യോഗസ്ഥന്റെയും പേരുകൾ പുറത്തുവിടുക മാത്രമല്ല, ഹിറ്റ് ലിസ്റ്റിൽ പേരുള്ളവരോടുളള വൈരാഗ്യത്തിന്റെ കാരണവും ജന്മഭൂമി വിശദമായി വിവരിക്കുന്നു. ജന്മഭൂമിയിലൂടെ ചോരുന്ന ആധികാരിക വിവരങ്ങളുടെ ഉറവിടം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഹിറ്റ്‌ലിസ്റ്റിലെ രാഷ്ട്രീയ നേതാവ് പി ജയരാജൻ, ജഡ്ജിമാരുടെ പേരും ജന്മഭൂമിയിൽ 

'നേതാക്കളെ വധിച്ച് ഐഎസ് കലാപത്തിന് ശ്രമിച്ചു' എന്ന തലക്കെട്ടിലെഴുതിയ വാർത്തയിലാണ് ഹിറ്റ് ലിസ്റ്റിലെ പേരുകാരെ ജന്മഭൂമി പുറത്തുവിട്ടത്.

janmabhumi
സിപിഐഎം നേതാവ് പി. ജയരാജനെ വധിച്ച് കലാപം സൃഷ്ടിക്കുക. കുറ്റം ആര്‍എസ്എസിന്റെ തലയില്‍ വയ്ക്കുക. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷത്തില്‍ അഞ്ചു പ്രമുഖ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കൊലപ്പെടുത്തുക. അങ്ങനെ കേരളത്തില്‍ ഒരിക്കലും അവസാനിക്കാത്ത സിപിഐഎം-ആര്‍എസ്എസ് കലാപത്തിന് തിരികൊളുത്തുക. ജയരാജനെ കൊല്ലുമ്പോള്‍ ഉണ്ടാകുന്ന കലാപം മുതലെടുത്ത് കുമ്മനം രാജശേഖരന്‍, വത്സന്‍ തില്ലങ്കേരി, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് എന്നീ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കൊല്ലാനായിരുന്നു ഐഎസ് നീക്കം

ഇതാണ് ജന്മഭൂമി വാർത്ത

തലശേരിയില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുന്‍ ദേശാഭിമാനി ഏജന്റ് ഫസലിന്റെ കൊലയ്ക്ക് പകരംവീട്ടുകയെന്ന ലക്ഷ്യവും ജയരാജനെതിരായ നീക്കത്തിനു പുറകിലുണ്ട് എന്ന് ജന്മഭൂമി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

ലൗ  ജിഹാദ് എന്ന ഭീകരപ്രവർത്തന റിക്രൂട്ടിംഗ് പദ്ധതി പുറത്തു കൊണ്ടുവന്നതിന് ജസ്റ്റിസ് കെ ടി ശങ്കരനെയും മുസ്ലിം വ്യക്തിനിയമമായ ശരിയത്തിനെ എതിർക്കുകയും ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുകയും ചെയ്തതിന് കെമാൽ പാഷയെയും ഹിറ്റ് ലിസ്റ്റിൽ പെടുത്തിയെന്ന് ജന്മഭൂമി വാദിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും നിരവധി തീവ്രവാദക്കേസുകളുടെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതുമാണ് എസ്‌പി ഉണ്ണിരാജയെ ഹിറ്റ്‌ലിസ്റ്റില്‍പ്പെടുത്താൻ കാരണമെന്നും പത്രം വാദിക്കുന്നു.

ജന്മഭൂമിയാകുന്ന മാതൃഭൂമി


ഒക്ടോബർ നാലിനു മാതൃഭൂമി ഒമ്പതാം പേജിൽ പ്രസിദ്ധീകരിച്ച ഏഴു കോളം വാർത്തയുടെ ഉറവിടവും ഇതുതന്നെയാണെന്നു വ്യക്തം. മേൽപ്പറഞ്ഞ ബിജെപി നേതാക്കളെ അപായപ്പെടുത്താൻ സൂചനയുള്ള വിവരം രഹസ്യാന്വേഷണ ഏജൻസി ചോർത്തിയ കാര്യമൊക്കെ മാതൃഭൂമി എടുത്തു പറഞ്ഞിട്ടുണ്ട്. ബിജെപി ദേശീയ കൗൺസിലിനു മുന്നോടിയായി നടന്ന രഹസ്യനിരീക്ഷണത്തിനിടെയാണ് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവാക്കളുടെ അറസ്റ്റിലേയ്ക്ക് നീണ്ടതെന്നാണ് മാതൃഭൂമിയ്ക്കു ലഭിച്ച "സൂചന". അറസ്റ്റിലായവർക്ക് ഐഎസ് എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആധികാരികമായിത്തന്നെ മാതൃഭൂമി പ്രസ്താവിക്കുന്നുണ്ട്. അക്കാര്യത്തിൽ എൻഐഎയുടെ അന്വേഷണം ഇനി ആവശ്യമില്ലെന്നുപോലും തോന്നിപ്പോകുന്ന റിപ്പോർട്ടിംഗ്.

ഒക്ടോബർ അഞ്ചിനു ഒന്നാം പേജിൽ നൽകിയ ഫോളോ അപ്പിലാണ് മാതൃഭൂമിയുടെ രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നത്. ഇപ്പോള്‍ നിഷ്‌ക്രിയമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് കഴിഞ്ഞദിവസം പിടിയിലായ ഐഎസ് സംഘമെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു
വെന്ന വാചകത്തിൽ തുടങ്ങുന്ന വാർത്തയിൽ ശ്രദ്ധേയമായ രണ്ടു പരാമർശങ്ങളുണ്ട്

ഒന്ന്) ഭീകരസംഘടനയായ ഐഎസില്‍ ആകൃഷ്ടരായ മലയാളി യുവാക്കളുടെ ഫെയ്‌സ്ബുക് കൂട്ടായ്മ നിലവില്‍വന്നിട്ട് പത്തുമാസത്തിലധികമായി. അന്‍സാറുള്‍ ഖിലാഫ കേരള എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഈ ഫെയ്‌സ്ബുക് കൂട്ടായ്മ സംബന്ധിച്ച് കേരളാ പോലീസിന് വിവരം ലഭിച്ചിട്ടും കാര്യമായ അന്വേഷണംനടന്നില്ല,
സംസ്ഥാനത്ത് ഐഎസ് ആഭിമുഖ്യം വേരുപിടിക്കുന്നതിന് ഇത് കാരണമായി.


രണ്ട്) സോഷ്യല്‍ മീഡിയയിലെ ഐഎസ് അനുഭാവികളുടെ ആശയ പ്രചാരണം സംസ്ഥാന സര്‍ക്കാര്‍ കാര്യമായെടുത്തിരുന്നില്ല.

mathrubhumi

സംസ്ഥാനത്ത് ഐഎസിന്റെ ആഭിമുഖ്യവും ആശയപ്രചരണവും നടന്നത് സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലമാണെന്ന് ഒന്നാം പേജിൽ കുറ്റപ്പെടുത്തുന്ന ഈ വാർത്തയോടു ചേർന്നുള്ള ഗോപീകൃഷ്ണന്റെ കാർട്ടൂണും ശ്രദ്ധിക്കുക. അറബി മുദ്രാവാക്യങ്ങളെഴുതിയ കൊടിയും വാളുമേന്തി വരുന്ന ഭീകര സംഘത്തെക്കണ്ട് ആശ്വസിക്കുന്ന പിണറായി വിജയനും ടി കെ ഹംസയും. മലയാള നാട്ടിൽ ഈ പത്രം പ്രചരിപ്പിക്കാൻ പോകുന്ന സന്ദേശത്തെക്കുറിച്ച്  ഒരു സംശയത്തിനും ഇനി പഴുതില്ല. അത്രയ്ക്കു നീചമായ ക്വട്ടേഷൻ പണിയാണിത്.  എം പി വീരേന്ദ്രകുമാറൊക്കെ തങ്ങൾക്കൊപ്പം വരേണ്ടവരാണെന്ന് ബിജെപി മുൻസംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ പ്രവചിക്കുന്നത് വെറുതയാവില്ലെന്നുറപ്പിക്കുന്നു, ഗോപീകൃഷ്ണന്റെ ഈ കാർട്ടൂൺ.

നായാട്ടുകഥകൾ വായിക്കുമ്പോൾ ചരിത്രം ഓർമ്മയുണ്ടാകണം

മുഹമ്മദ് അമീർ ഖാനെയും നിസാർ അഹമ്മദിനെയും ഷോയബ് ജഗീർദാറിനെയും ഡോ. സൽമാൻ ഫർസിയെയും സയ്യദ് വാസി ഹൈദറിനെയുമൊക്കെ ഞങ്ങൾ കഴിഞ്ഞ ദിവസമാണ് പരിചയപ്പെടുത്തിയത്. ജയിലിൽ എരിഞ്ഞു തീർന്ന അവരുടെ യൗവനത്തെയും. അവരെ അറസ്റ്റു ചെയ്തപ്പോഴും ഇതുപോലെ കഥകൾ പ്രചരിപ്പിച്ചിരുന്നു. അന്നും ആ കഥകൾ ഏറ്റുപാടാൻ മുഖ്യധാരാ മാധ്യമങ്ങൾ മുൻനിരയിലുണ്ടായിരുന്നു. നിരപരാധികളെന്ന് തെളിയിക്കപ്പെട്ടിട്ടും ഇന്നും ഇവരെ സമൂഹവും ബന്ധുക്കളും വേട്ടയാടുകയാണ്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ, മാധ്യമ വിചാരണയിലൂടെ കുറ്റവാളികളാക്കപ്പെട്ട പലരെയും കോടതികൾ നിരപരാധികളായി കണ്ട അനുഭവവും നമ്മുടെ മുന്നിലുണ്ട്. ഷൗക്കത്തലിമാരുടെ ഹരം പിടിപ്പിക്കുന്ന നായാട്ടുകഥകൾ വായിക്കുമ്പോൾ ആ ഓർമ്മയും ഉണ്ടാകണം.