ടിപ്പു ജയന്തി ആഘോഷം ഒറ്റക്കെട്ടായി എതിർത്ത് ആർഎസ്എസും ക്രിസ്ത്യൻ സംഘടനകളും

കഴിഞ്ഞവർഷത്തത്തെ ടിപ്പു ജയന്തി വിരുദ്ധ കലാപങ്ങളിൽ ആർഎസ്എസ്സിനൊപ്പം തോളോട് തോൾചേർന്നാണ് ക്രിസ്തവ സംഘടനകൾ പ്രവർത്തിച്ചത്. ആർഎസ്എസ്സിനൊപ്പം തെരുവിലിറങ്ങാനും ജയന്തി ദിനത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്യാനും 'യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ' മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ടിപ്പു ജയന്തി ആഘോഷം ഒറ്റക്കെട്ടായി എതിർത്ത് ആർഎസ്എസും ക്രിസ്ത്യൻ സംഘടനകളും

ബംഗളൂരു: ടിപ്പു ജയന്തിയെ എതിർക്കുന്നതിന്റെ മറവിൽ മുസ്ലിം വിരുദ്ധ സഖ്യമുണ്ടാക്കാൻ സംഘപരിവാർ ശ്രമം . കർണാടകം സർക്കാർ ആദ്യമായി ടിപ്പു ജയന്തി ആഘോഷിച്ച കഴിഞ്ഞ വർഷം ആർഎസ്എസ്സിനൊപ്പം നിന്ന ക്രിസ്ത്യൻ സംഘടനകളെ ഇത്തവണയും കൂടെ നിർത്താനാണ് സംഘപരിവാറിന്റെ നീക്കം. ടിപ്പു ജയന്തിക്കെതിരെ വിശാലമായ കൂട്ടായ്മയുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാവ് വി നാഗരാജ് പ്രസ്താവനകൾ നടത്തിയത്.

ടിപ്പു സുൽത്താൻ മതഭ്രാന്തനാണെന്ന് പ്രസ്താവന നടത്തിയ നാഗരാജ് ടിപ്പുവിന്റെ ക്രൂരതയ്ക്ക് ഇരയായവരാണ് ക്രിസ്ത്യാനികൾ എന്നും അഭിപ്രായപ്പെടുകയുണ്ടായി. ക്രിസ്ത്യൻ മതവിശ്വാസികളുടെ മുറിവിൽ ഉപ്പു തേക്കാനാണ് ടിപ്പു ജയന്തി ആഘോഷത്തിലൂടെ സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നത് എന്ന നാഗരാജിന്റെ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിന്റെ സൂചനകൾ തന്നെയാണ് നൽകുന്നത്.

കഴിഞ്ഞവർഷത്തത്തെ ടിപ്പു ജയന്തി വിരുദ്ധ കലാപങ്ങളിൽ ആർഎസ്എസ്സിനൊപ്പം തോളോട് തോൾചേർന്നാണ് ക്രിസ്തവ സംഘടനകൾ പ്രവർത്തിച്ചത്. ആർഎസ്എസ്സിനൊപ്പം തെരുവിലിറങ്ങാനും ജയന്തി ദിനത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്യാനും 'യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ' മുന്നിൽ തന്നെ ഉണ്ടായിരുന്നു.

തുടക്കത്തിൽ വേറിട്ട് നിന്നുകൊണ്ട് ജയന്തി വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ട ആർഎസ്എസും യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷനും പിന്നീട് കൈകോർക്കുകയായിരുന്നു. മംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ ഇരുവിഭാഗങ്ങളും ഒരുമിച്ചു പങ്കെടുത്തു. ഹിന്ദു, ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ ടിപ്പു സുൽത്താൻ നടത്തിയ വർഗീയമായ ആക്രമണങ്ങളെക്കുറിച്ചും മറ്റും ഇരുവിഭാഗവും ഒരുമിച്ച് പ്രസംഗിച്ചു.

ടിപ്പു വിരുദ്ധ സഖ്യം ഇതാദ്യമായല്ല രൂപപ്പെടുന്നത്. 2013ൽ ശ്രീരംഗപട്ടണം സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് ടിപ്പുവിന്റെ പേര് നൽകാൻ നീക്കം നടപ്പോഴും യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ സംഘപരിവാർ സംഘടനകൾക്കൊപ്പം സമരത്തിനിറങ്ങിയിരുന്നു. ബ്രിട്ടീഷ് ചാരന്മാർ എന്ന് ആരോപിച്ച് ക്രിസ്ത്യാനികളെ ടിപ്പു തടവിലാക്കിയെന്നും ക്രിസ്തീയദേവാലയം തകർത്തുവെന്നും അതിനാലാണ് ടിപ്പു ജയന്തിക്കെതിരെ യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ നിലപാട് എടുക്കുന്നതെന്നും സംഘടനയുടെ വക്താവ് ആൽബൻ മെനസ് മാധ്യമങ്ങളോട് അക്കാലത്ത് വിശദീകരിച്ചു.

1680ൽ മംഗളൂരുവിൽ നിർമിച്ച ചരിത്ര പ്രസിദ്ധമായ മിലാഗ്രസ് പള്ളി 1784ൽ ടിപ്പു സുൽത്താൻ തകർത്തുവെന്നതിനെ ഏറെ വൈകാരികമായി സംഘടന പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
2008ൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ മംഗളൂരുവിൽ നടന്ന ചർച്ച് ആക്രമണങ്ങളുടെ കരിനിഴൽ മായ്ക്കാനായാണ് ആർഎസ്എസ് ശ്രമമെന്ന് ഇടതു പക്ഷ - പുരോഗമന സംഘടനകൾ ആരോപിച്ചിരുന്നു. 2013 മുതൽ സജീവമായ ടിപ്പു വിരുദ്ധ സംഘപരിവാർ - യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷൻ കൂട്ടുകെട്ടിനെ മതേതര വിരുദ്ധ മുന്നണിയെന്ന തലത്തിലേക്ക് ഉയർത്താനുള്ള ശ്രമമാണ് നാഗരാജിന്റെ പ്രസ്താവനകൾക്ക് പിന്നിലുള്ളത്.

Read More >>