ബാഴ്‌സയ്ക്കും റയലിനും അത്‌ലറ്റികോയ്ക്കും ജയം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് റയലിന് തുണയായത്

ബാഴ്‌സയ്ക്കും റയലിനും അത്‌ലറ്റികോയ്ക്കും ജയം

ബാഴ്‌സലോണ: ലാലിഗയിൽ ബാഴ്‌സയ്ക്കും റയലിനും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ഗ്രനഡയെ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സലോണ തോൽപ്പിച്ചപ്പോൾ മലാഗയ്‌ക്കെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അത്‌ലറ്റികോയുടെ ജയം. ക്രിസ്റ്റിയാനോയുടെ ഹാട്രിക്കിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഡിപ്പോർട്ടിവോ ആൽവസിനെ റയൽ മാഡ്രിഡ് തോൽപ്പിച്ചപ്പോൾ ലഗാനസിനെതിരെ റയൽ സോഷ്യാഡഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. സെവില്ലയും സ്‌പോർട്ടിങ് ഗിജനും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു.

റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ കാത്തുവച്ച പ്രതീക്ഷ സാക്ഷാത്കരിക്കുന്ന വിധമായിരുന്നു മൈതാനത്ത് ക്രിസ്റ്റിയാനോയുടെ പ്രകടനം. കളിയുടെ ഏഴാം മിനുറ്റിൽ തന്നെ ഡൈവേർസന്റെ ഗോളിൽ മുന്നിലെത്തിയ ഡിപ്പോർട്ടിവോയ്‌ക്കെതിരെ ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ മടക്കി റൊണാൾഡോ റയിലിനെ മുന്നിലെത്തിച്ചു. 17-ആം മിനുറ്റിലും 33-ആം മിനുറ്റിലുമായിരുന്നു ആദ്യപകുതിയിൽ പോർച്ചുഗൽ സൂപ്പർതാരത്തിൽ നിന്നും ഗോൾ പിറന്നത്. പിന്നീട് രണ്ടാം പകുതിയിൽ 84-ആം മിനുറ്റിൽ ആൽവരോ മൊറാറ്റയും നാലുമിനുറ്റിനകം 88-ആം മിനുറ്റിൽ ക്രിസ്റ്റിയാനോ ഹാട്രിക് കൂടി തികച്ചതോടെ റയൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജയം ഉറപ്പിച്ചു.
ലാലിഗ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഗ്രനാഡയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബാഴ്‌സലോണ പട്ടികയിൽ രണ്ടാമതെത്തി. പത്തുകളിയിൽ നിന്നും ഏഴു ജയവും മൂന്നു സമനിലയുമായി തോൽവിയറിയാതെ റയൽ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്ത്. പത്തു കളിയിൽ നിന്നും ഏഴു ജയം ബാഴ്‌സയ്ക്കുണ്ടെങ്കിലും രണ്ട് തോൽവി പിണഞ്ഞതും ഒരു മത്സരം സമനിലയായതുമാണ് മെസിയുടെ ടീമിന് വിനയായത്. അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും സെവില്ല നാലാം സ്ഥാനത്തുമുണ്ട്.
മലാഗയെ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. ഏഴാം മിനുറ്റിലും 86-ആം മിനുറ്റിലും ഫെരേര കരാസ്‌കോയും 24-ആം മിനുറ്റിലും 44-ആം മിനുറ്റിലും ഗമീരോയും ഗോൾ നേടിയപ്പോൾ മലാഗയ്ക്ക് വേണ്ടി 31-ആം മിനുറ്റിൽ സാൻഡ്രോ റമൈറസും 64-ആം മിനുറ്റിൽ ഇഗ്നേഷ്യോ കാമാച്ചോയും ഗോൾവല കുലുക്കി.

Read More >>