'ജിയോ'യ്ക്ക് ഇന്റര്‍ കണക്ഷന്‍ സൗകര്യം നിഷേധിച്ചു; ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ഈടാക്കണമെന്ന് ട്രായ്

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ സൗകര്യമൊരുക്കാത്തതിനാല്‍ ഐഡിയ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായുടെ ശിപാര്‍ശ. മറ്റ് കമ്പനികള്‍ റിലയന്‍സ് ജിയോയിലേക്കും തിരിച്ചുമുള്ള ഫോണ്‍വിളികള്‍ ബന്ധിപ്പിക്കാനാവശ്യമായ സൗകര്യമൊരുക്കിയില്ലെന്നാണ് ജിയോയുടെ പരാതി.

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ സൗകര്യമൊരുക്കാത്തതിനാല്‍ ഐഡിയ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായുടെ ശിപാര്‍ശ. മറ്റ് കമ്പനികള്‍ റിലയന്‍സ് ജിയോയിലേക്കും തിരിച്ചുമുള്ള ഫോണ്‍വിളികള്‍ ബന്ധിപ്പിക്കാനാവശ്യമായ സൗകര്യമൊരുക്കിയില്ലെന്നാണ് ജിയോയുടെ പരാതി. എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികളില്‍ നിന്നും 1050 കോടി രൂപ വീതവും ഐഡിയയില്‍ നിന്നും 950 കോടി രൂപയും പിഴ ഈടാക്കാനാണ് ടെലികോം മന്ത്രാലയത്തിന് നല്‍കിയ ശിപാര്‍ശയിലുള്ളത്.


ഓരോ കമ്പനിക്കും സര്‍ക്കിളിന് ഒന്നിന് 50 കോടി രൂപ വീതമാണ് പിഴ ചുത്തിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതിന് സൗകര്യം നിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രായുടെ നടപടി. മറ്റ് ഓപ്പറേറ്റര്‍മാര്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ അനുവദിക്കാത്തതിനാല്‍ ജിയോയില്‍ നിന്നുള്ള ഫോണ്‍വിളികള്‍ മുറിയുന്നുവെന്നാണ് ജിയോ നല്‍കിയ പരാതിയിലുള്ളത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ട്രായ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പത്ത് കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഇവര്‍ക്ക് കോള്‍ വിളിക്കാനുള്ള സൗകര്യം ആവശ്യപ്പെട്ട് മറ്റ് ഓപ്പറേറ്റര്‍മാരെ സമീപിച്ചെങ്കിലും കാരണങ്ങള്‍ വ്യക്തമാക്കാതെ നിലവിലെ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ കൂടി നിഷേധിക്കുകയാണ് ചെയ്തതെന്ന് റിലയന്‍സ് നല്‍കിയ പരാതിയില്‍ പറയുന്നു.

റിലയന്‍സ് ജിയോ കാരണം മിക്ക സര്‍ക്കിളും ജാമായെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാരിലൊരാള്‍ നാരദയോട് പ്രതികരിച്ചത്.ടെസ്റ്റ് കണക്ഷന്‍ എന്ന പേരില്‍ റിലയന്‍സ് ജിയോ മുഴുവന്‍ സേവനങ്ങളും നല്‍കിയതുകൊണ്ടാണ് കൂടുതല്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാത്തതെന്നാണ് ഓപ്പറേറ്റര്‍മാരുടെ വാദം. ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ സംവിധാനം നല്‍കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണെന്നും എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ കമ്പനികള്‍ പറയുന്നു.

ടെലികോം കമ്പനികളുമായി ട്രായ് നടത്തിയ ചര്‍ച്ചയില്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ അനുവദിക്കാന്‍ ധാരണയായിരുന്നു. എങ്കിലും കോളുകള്‍ മുറിയുന്നത് തുടരുകയാണെന്ന് ജിയോ പരാതിപ്പെടുന്നു.

Read More >>