ഇംഗ്ലണ്ടിലേയ്ക്ക് ഇംഗ്ലീഷുകാരെ നന്നാക്കാന്‍ വരുന്ന ആള്‍ദൈവങ്ങളോടും ധ്യാനഗുരുക്കന്‍മാരോടും ഒരപേക്ഷ

കടന്നുകയറ്റത്തിന്റെയും രക്തത്തിന്റെയും കറയായ ഈ പണത്തില്‍ നിന്നും പിരിവെടുത്ത് ഇവിടെ വരുന്നത് പോലും എത്രയോ ദൈവനിന്ദയാണ് എന്ന് ഈ ധ്യാനഗുരുക്കന്‍മാര്‍ ചിന്തിക്കണം.

ഇംഗ്ലണ്ടിലേയ്ക്ക് ഇംഗ്ലീഷുകാരെ നന്നാക്കാന്‍ വരുന്ന ആള്‍ദൈവങ്ങളോടും ധ്യാനഗുരുക്കന്‍മാരോടും ഒരപേക്ഷ

ടോം ജോസ് തടിയമ്പാട്, ലിവര്‍പൂള്‍, യുകെ

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുളളില്‍ കേരള സമൂഹത്തില്‍ ഉണ്ടായ ഒരു പ്രതിഭാസമാണ് ധ്യാനം എന്ന് മലയാളത്തിലും റിട്രീറ്റ് എന്ന് ഇംഗ്ലീഷിലും പറയുന്നത്. ആത്മീയ സൗഖ്യത്തിന് വേണ്ടി മാറിത്താമസിച്ച് പ്രാര്‍ത്ഥിക്കുക എന്നാണ് ഇതിനര്‍ത്ഥമാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഒട്ടേറെ ആളുകള്‍ മദ്യപാനം നിര്‍ത്തുകയും അസാന്‍മാര്‍ഗിക മാര്‍ഗത്തിലൂടെ നടന്ന ഒട്ടേറെ മനുഷ്യര്‍ നേര്‍വഴിയിലൂടെ ജീവിതം നയിക്കുകയും ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ ധ്യാനത്തിന്റെ നല്ല വശങ്ങള്‍ തന്നെ. അതുപോലെ തന്നെ സമൂഹം ഉപേക്ഷിച്ച എയ്ഡ്സ് രോഗികളെപ്പോലെയുളള മനുഷ്യരെ സംരക്ഷിക്കാന്‍ ഒത്തിരി നല്ല മനുഷ്യര്‍ ശ്രമിക്കുന്നു. അതിലൂടെ അവര്‍ ക്രൈസ്തവത കണ്ടെത്തുന്നു. ഇതെല്ലാം ഈ ആത്മീയ മുന്നേറ്റത്തിന്റെ നല്ല വശങ്ങള്‍ തന്നെ. എത്ര എതിര്‍ത്ത് ചിന്തിക്കുന്നവര്‍ക്ക് പോലും സമ്മതിക്കേണ്ടി വരും.


ഇംഗ്ലണ്ടില്‍ ജീവിതം ആരംഭിച്ചതിന് ശേഷം രണ്ടു ധ്യാനങ്ങളില്‍ പങ്കെടുക്കാനും ഒട്ടേറെ പെന്തക്കോസ്തു പാസ്റ്റര്‍മാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാനും ഇടവന്നു. ഇതില്‍ അവസാനം പങ്കെടുത്ത ധ്യാനം ഒരു കോളേജ് പ്രിന്‍സിപ്പലായ അച്ചന്‍ നേതൃത്വം നല്‍കിയതായിരുന്നു. അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളില്‍ നിന്ന് പകര്‍ത്തിയ വാക്കുകള്‍ വളരെയേറെ സാധാരണക്കാരന്റെ ജീവിതത്തിന് പ്രചോദനം നല്‍കുന്നതും ഗുണപരവുമായിരുന്നു. അദ്ദേഹം പറഞ്ഞു തന്ന മൂന്ന് കാര്യങ്ങള്‍ ഏറെ നന്നായി ചിന്തിപ്പിക്കുകയുണ്ടായി.

ക്രിസ്തു എല്ലാ സ്ഥലത്തും തോറ്റുകൊണ്ട് വിജയിക്കുകയാണ് ചെയ്തത്. അദ്ദേഹം കണ്ടെത്തിയ സത്യങ്ങള്‍ക്ക് വേണ്ടി, വിശ്വാസങ്ങള്‍ക്കു വേണ്ടി സര്‍വ ഭൗതികമായ സുഖങ്ങളും ഉപേക്ഷിച്ച് ബോധപൂര്‍വ്വമായ തോല്‍വിയിലൂടെയാണ് ക്രിസ്തു ഈ വിജയം നേടിയത്. രണ്ടാമത് അദ്ദേഹം പറഞ്ഞത് സ്വര്‍ഗസ്ഥനായ പിതാവേഎന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ വളരെയേറെ പേടിക്കണം. കാരണം അതില്‍ ഒരു വ്യവസ്ഥ പറയുന്നുണ്ട്. മറ്റുളളവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഇത് ആര്‍ക്ക് സത്യസന്ധമായി ചൊല്ലാന്‍ കഴിയും.

മൂന്നാമത് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അത് അര്‍പ്പിക്കുന്ന അച്ഛന്‍മാര്‍ക്ക് പോലും യോഗ്യതയുണ്ടോയെന്ന് സംശയിക്കണം. ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ന്നിട്ടു വേണം വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍. ഇതൊക്കെ അദ്ദേഹം പറഞ്ഞത് എത്രമാത്രം സത്യസന്ധതയോടും യുക്തി ബോധത്തോടും കൂടിയാണെന്ന് ചിന്തിച്ച് പോകുന്നു.[caption id="attachment_47814" align="alignleft" width="229"]tom jose ടോം ജോസ് തടിയമ്പാട[/caption]

മറ്റൊന്ന് അദ്ദേഹം പറഞ്ഞത് ഈ രാജ്യത്തിന് (ഇംഗ്ലണ്ടിന്) ഇന്നുണ്ടായിരിക്കുന്ന ആത്മീയ തകര്‍ച്ചയില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഇതിനു സമാനമായ പ്രസ്താവനകള്‍ പെന്തക്കോസ്ത് പാസ്റ്റര്‍മാരില്‍ നിന്നും പല ധ്യാനഗുരുക്കന്‍മാരില്‍ നിന്നും പലപ്രാവശ്യം കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രാജ്യത്ത് വന്നപ്പോള്‍ പ്രധാനമായും കേട്ടിരുന്ന സംസാരം നമ്മളെ ഈ രാജ്യത്ത് ദൈവം കൊണ്ടുവന്നിരിക്കുന്നത് ഈ രാജ്യത്തിന്റെ നഷ്ടപ്പെട്ടുപോയ ആത്മീയത തിരിച്ച് കൊണ്ടുവരാന്‍ വേണ്ടിയാണ് എന്നാണ്. ഏത് കാലത്ത് നഷ്ടപ്പെട്ടുപോയ ആത്മീയത തിരിച്ചു കൊണ്ടുവന്നാണ് നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് എന്ന് മനസിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊന്ന് എഴുതാമെന്ന് കരുതിയത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ കാത്തോലിസം വളരെ ശക്തമായി നിലനിന്നിരുന്ന കാലത്ത് രാജ്യവും സര്‍വ്വതും നഷ്ടപ്പെട്ട് അനാഥരായി ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഇംഗ്ലണ്ടിലെ യോര്‍ക്ക് എന്ന സ്ഥലത്ത് താമസിച്ചിരുന്ന ജൂതന്‍മാരെ കൂട്ടക്കൊല ചെയ്ത ക്ലിഫോര്‍ഡ്സ് ടവര്‍ ഇന്നും മതഭീകരതയുടെ പ്രതീകമായി നിലനില്‍ക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് മൂവ്മെന്റ്സിനുശേഷം പ്രൊട്ടസ്റ്റന്റ് രാജാവ് അധികാരത്തില്‍ ഇരുന്നപ്പോള്‍ കത്തോലിക്കരെയും കത്തോലിക്കാ രാജാവ് അധികാരത്തിലിരുന്നപ്പോള്‍ പ്രൊട്ടസ്റ്റന്റുകളെയും അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന്റെ കഥ വിവരിച്ച് കൊണ്ട് ലണ്ടനിലെ തെംസ് നദീതീരത്ത് ടവര്‍ ഓഫ് ലണ്ടന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കുറച്ച് മുമ്പോട്ട് വന്നാല്‍ 1930കളില്‍ ലണ്ടനില്‍ ജൂതന്‍മാര്‍ താമസിച്ചിരുന്നു. ചേരികളില്‍ നടത്തിയ അക്രമങ്ങള്‍, അതുപോലെ തന്നെ ഐറിഷുകാര്‍ക്ക് നേരെ നടത്തിയ അക്രമങ്ങള്‍ എന്തിന് 1960കളില്‍ പോലും കറുത്തവര്‍ഗ്ഗക്കാരുടെ കൂടെ നിന്ന് ജോലി ചെയ്യാന്‍ വെളളക്കാര്‍ തയാറല്ലായിരുന്നു.

ഇന്ന് ലിവര്‍പൂളിലെ ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന ജേക്കബ്സ് എന്ന ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ 1960ല്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു എന്തിന് 1960കളില്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്ന വര്‍ണവെറിയന്‍ ഭരണകൂടത്തിന്റെ പ്രസിഡന്റായിരുന്ന പീറ്റര്‍ വില്യം ബോത്തം പരസ്യമായി പ്രസംഗിച്ചത് ഓര്‍ക്കുന്നു. നിങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവരാണ്. അതിന് അദ്ദേഹം കണ്ടെത്തിയ ബൈബിള്‍ വാക്യം ബൈബിളിലെ പഴയ നിയമത്തില്‍ നിന്നായിരുന്നു.

നോഹ വീഞ്ഞുകുടിച്ച് കൂടാരത്തില്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടികള്‍ പുറത്തിറങ്ങി. അതില്‍ കുറച്ച് കുട്ടികള്‍ തിരിച്ച് പെട്ടകത്തില്‍ വന്നപ്പോള്‍ നോഹ നഗ്‌നനായി കിടക്കുന്നതാണ് കണ്ടത്. അവര്‍ പുറത്ത് ചെന്ന് അപ്പന്‍ നഗ്‌നനായി കിടക്കുന്നു എന്നറിയിച്ചു. അപ്പോള്‍ പുറത്ത് നിന്ന കുട്ടികള്‍ പുറകോട്ട് വന്ന് ഒരു മുണ്ടെടുത്ത് അപ്പന്റെ നഗ്‌നത മറച്ചു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ നോഹ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചതിന് ശേഷം അപ്പന്റെ നഗ്‌നത കണ്ടിട്ട് ഒന്നും ചെയ്യാതിരുന്ന കുട്ടികളെ അദ്ദേഹം ശപിച്ചു. നിങ്ങളെന്നും അപ്പന്റെ നഗ്‌നത മറച്ച കുട്ടികള്‍ക്ക് അടിമകളായിരിക്കും. അതുകൊണ്ട് നിങ്ങള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ ഞങ്ങള്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്ക് എന്നും അടിമകളായിരിക്കും എന്ന് പീറ്റര്‍ വില്യം ബോത്തം പ്രഖ്യാപിച്ചു.

മേല്‍വിവരിച്ച ക്രൂരതകളെല്ലാം അരങ്ങേറിയത് ബൈബിളിനെയും കുരിശില്‍ കിടന്ന് തന്നോട് ക്രൂരതകള്‍ കാട്ടിയവരോട് ക്ഷമിക്കണമേ എന്ന് പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്റെയും പേരിലാണ്. ഇതില്‍ ഏത് കാലഘട്ടത്തിലേക്കാണ് നാം തിരിച്ച് പോകേണ്ടത്. 1980കളില്‍ തന്നെ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുണ്ടായിരുന്ന സൗത്ത് ആഫ്രിക്കയിലെ ഗവണ്‍മെന്റ് ബെഞ്ചമിന്‍ മോളോയിസ് എന്ന കറുത്ത വര്‍ഗക്കാരനായ കവിയെ തൂക്കിക്കൊന്നതിന്റെ കാരണം അദ്ദേഹം സ്വാതന്ത്ര്യത്തിന് വേണ്ടി കവിത എഴുതി എന്നതായിരുന്നു. ആ കാലത്ത് തന്നെ പൊലീസ് സ്റ്റേഷന്റെ ഇരുമ്പു ഗേറ്റിനുളളില്‍ രണ്ടു കറുത്തവര്‍ഗ്ഗക്കാരുടെ ഇടയിലേക്ക് രണ്ട് ബുള്‍ഡോഗുകളെ അഴിച്ച് വിട്ട് അവരെ കടിച്ച് കൊല്ലുന്നത് കണ്ട് ആസ്വദിച്ചിരുന്ന പൊലീസുകാരെ ഈ അടുത്ത കാലത്താണ് ശിക്ഷിച്ചത്. ഇതെല്ലാം നടന്നത് ഇംഗ്ലണ്ടില്‍ പളളിയും വിശ്വാസവും ശക്തമായ കാലത്താണ്.

എന്നാല്‍ ഇന്ന് പളളികള്‍ വിശ്വാസികള്‍ ഇല്ലാതെ അടയുമ്പോള്‍ ആ സ്ഥാനത്ത് പബ്ബുകളും ഹെല്‍ത്ത് സെന്ററുകളും ഉയരുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇന്നത്തെ മൂല്യങ്ങള്‍ എത്രയോ മനുഷ്യത്വപരവും നീതിയുക്തവുമാണെന്ന് ചിന്തിച്ച് പോകുന്നു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലുളളവരില്‍ ഏറെ പേരും റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥരാണ്. അതില്‍ തന്നെ ഫോക്ക്ലന്‍ഡ് യുദ്ധത്തിലും ബോസ്നിയായിലെ സൈനിക നടപടികളിലും ഒക്കെപരിക്ക് പറ്റിയവരും. അവരും ഞാനും മേടിക്കുന്ന ശമ്പളത്തിന് ഒരു വ്യത്യാസവുമില്ല.

holy bibleഅതുപോലെ തന്നെ ജീവിതത്തിലെ ഏല്ലാ തുറകളിലും ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരെപ്പോലെ തന്നെ നമുക്കും അവസരങ്ങള്‍ തന്നിട്ടുണ്ട് എന്നുളളതിന്റെ ഏറ്റവും വലിയ തെളിവാണ് പാകിസ്ഥാനില്‍ അവധിക്ക് പോയ അഞ്ചുവയസുകാരന്‍ സാഹില്‍ എന്ന കുട്ടിയെ ക്രിമിനല്‍ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം പൗണ്ട് മോചനദ്രവ്യം കൊടുക്കാത്ത പക്ഷം കുട്ടിയെ അതിക്രൂരമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും ബ്രിട്ടീഷ് മാധ്യമങ്ങളും നടത്തിയ ശ്രമങ്ങളും അതിലൂടെ ആ കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞതും.

ഈ അടുത്ത കാലത്ത് ഇംഗ്ലണ്ടിലെയും കേരളത്തിലെയും പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു വാര്‍ത്ത- പന്ത്രണ്ടുകാരന്‍ അപ്പനായി. അതില്‍ അമ്മയായ പെണ്‍കുട്ടി 14 വയസുകാരി. പലരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ ആ പെണ്‍കുട്ടി ഗര്‍ഭിണിയായത് പന്ത്രണ്ട് വയസുകാരനില്‍ നിന്നല്ല എന്ന് പിന്നീട് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു. എന്നാല്‍ ആ പതിനാലുവയസുകാരി എങ്ങനെ ആ കുട്ടിയെ സംരക്ഷിക്കുമെന്ന പ്രശ്നത്തിന് മുന്നിലേക്ക് കടന്നു വന്നത് ഒരു ക്രിസ്ത്യന്‍ പാതിരിയായിരുന്നു. അദ്ദേഹം ആ നവജാത ശിശുവിനെ ദത്തെടുത്ത് കൊണ്ട് ഇങ്ങനെ പറഞ്ഞു. എല്ലാ ജീവനുകളും ദൈവത്തിന് മുന്നില്‍ വളരെ ശ്രേഷ്ഠമാണ്. അതു കൊണ്ട് തന്നെ ഈ കുട്ടിയെ ജീവിക്കുവാന്‍ സഹായിക്കുക എന്നതാണ് എന്റെ പ്രഥമവും പ്രധാനവുമായ ദൈവസേവ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് സമൂഹത്തില്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ പുനഃപ്രതിഷ്ഠിക്കാന്‍ വരുന്ന ധ്യാനഗുരുക്കന്‍മാരോടും പാസ്റ്റര്‍മാരോടും ഒന്ന് ചോദിച്ചോട്ടെ നമ്മുടെ സമൂഹത്തിലാണ് ആ പെണ്‍കുട്ടിയ്ക്ക് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കില്‍ ആ പെണ്‍കുട്ടിയെ കുടുംബക്കാര്‍ ആരും അറിയാതെ അബോര്‍ഷന്‍ നടത്താന്‍ ശ്രമിക്കും. അതല്ല അവള്‍ പ്രസവിച്ചിരുന്നെങ്കില്‍ ആ കുഞ്ഞിനെ ഏതെങ്കിലും ടോയ്ലറ്റില്‍ എറിഞ്ഞ് കളയും. അതിനുമപ്പുറത്തേക്ക് ആ പെണ്‍കുട്ടി കുറച്ച് കൂടി ധൈര്യം കാണിച്ച് പ്രസവിച്ച് ആ കുട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ അവളെ വേശ്യ എന്ന് മുദ്രകുത്തി തെരുവില്‍ തളളും.

എന്നാല്‍ ഈ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ അച്ഛന്‍ ആ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ കൂടി ബ്രിട്ടീഷ് സോഷ്യല്‍ സര്‍വീസ് ആ കുട്ടിയെയും അതിന്റെ മാതാവിനെയും സംരക്ഷിക്കും. ഇത്രയേറെ മാനവികത പുലര്‍ത്തുന്ന ഈ സമൂഹത്തിനാണോ അതോ നമ്മുടെ സമൂഹത്തിനാണോ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം.
എറണാകുളം സിറ്റിയില്‍ തന്നെ വീടും കൂടും ഇല്ലാതെ അലഞ്ഞ് നടന്ന് തെണ്ടി ജീവിക്കുന്ന 290 കുട്ടികള്‍ ഉണ്ടെന്നാണ് രണ്ട് വര്‍ഷം മുമ്പ് മാതൃഭൂമി പത്രം നടത്തിയ ഒരു സര്‍വേയില്‍ ചൂണ്ടിക്കാണിച്ചത്. കേരള സമൂഹത്തില്‍ ആകമാനം എത്രയായിരിക്കുമെന്ന് വ്യക്തമായ കണക്കില്ല. അതുപോലെ തന്നെ ആരും നോക്കാനില്ലാതെ അലഞ്ഞു നടക്കുന്ന അപ്പന്‍മാരുടെയും അമ്മമാരുടെയും കണക്കും വ്യക്തമല്ല. ഇത്തരം ഒരാളെയെങ്കിലും ഈ ഇംഗ്ലീഷ് സൊസൈറ്റിയില്‍ കാണാന്‍ കഴിയുമോ?
നമ്മുടെ നാട്ടില്‍ ഇവരെയൊക്കെ സംരക്ഷിക്കാന്‍ ദൈവവിശ്വാസത്തിന്റെ പേരില്‍ ഒത്തിരി നല്ല വ്യക്തികള്‍ ശ്രമിക്കുന്നു എന്നുളളത് എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ അത്തരം ആളുകളെ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഗവണ്‍മെന്റ് ഒരുക്കുന്നുണ്ട്. ഇത് ഈ സമൂഹത്തിന്റെ ശ്രേഷ്ഠമായ ദൈവസേവ അല്ല എന്ന് പറയുവാന്‍ കഴിയുമോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലം കേരളമാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇടുക്കി ജില്ലയില്‍. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടര്‍ ലീലാമേനോന്‍ പറയുന്നത് ആത്മഹത്യ കൂടുതലും നടക്കുന്നത് സ്ത്രീകളിലാണ്. അതില്‍ കൂടുതലും സ്ത്രീധനവുമായി ബന്ധപ്പെട്ട് കുടുംബത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ നിന്നാണ്. കേരളത്തില്‍ എത്രയോ അപ്പനമ്മമാര്‍ അവരുടെ മക്കള്‍ക്കുണ്ടായ ഇത്തരം ദുരന്തങ്ങളില്‍ മനം നൊന്ത് ജീവിക്കുന്നുണ്ടാകും. ഇത്തരം ഒരു സംഭവമെങ്കിലും ഈ ഇംഗ്ലീഷ് സമൂഹത്തില്‍ നമുക്ക് കാണാന്‍ കഴിയുമോ എന്ന് ചിന്തിക്കണം. ഇത്രയേറെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നമ്മുടെ സമൂഹത്തില്‍ നിന്നും ഇവിടെ മൂല്യങ്ങള്‍ ഉയര്‍ത്താന്‍ വരുന്ന ഈ ധ്യാനഗുരുക്കന്‍മാരോടും പാസ്റ്റര്‍മാരോടും ഒന്ന് ചോദിച്ചോട്ടെ സ്ത്രീധനം വാങ്ങി കല്യാണം കഴിയ്ക്കുന്നവരുടെ വിവാഹം ആശീര്‍വദിക്കാന്‍ ഞങ്ങള്‍ തയാറല്ല എന്ന് പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

ഈ കഴിഞ്ഞ ആറ് മാസത്തിനുളളില്‍ കേരളത്തില്‍ 19ഉം 20ഉം വയസ് പ്രായമായ എഞ്ചിനീയറിംഗിനും എംബിബിഎസിനും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തത് നിങ്ങളും ഞാനും പത്രങ്ങളില്‍ വായിച്ചതാണ്. അവരുടെ പ്രണയങ്ങള്‍ക്ക് അവരുടെ കുടുംബങ്ങള്‍ എതിരായിരുന്നു എന്നതാണ് അവരെ ഈ ദുരന്തത്തിലേക്ക് നയിച്ചത്. ഏദന്‍തോട്ടത്തില്‍ ആദം ഏകനായിരുന്നപ്പോള്‍ അവനൊരു തുണയെ വേണമെന്ന് കണ്ട് അവന്റെ വാരിയെല്ല് ഊരിയെടുത്ത് ഹവ്വായെ സൃഷ്ടിച്ചു. ദൈവം അവിടെ കല്യാണവും നടത്തിക്കൊടുത്തില്ല, സ്ത്രീധനവും നല്‍കിയില്ല.

കുടുംബങ്ങളുടെ സാമൂഹ്യ നിലവാരവും അംഗീകാരവും നോക്കാതെ തുണയെ കണ്ടെത്തി ജീവിക്കുകയും അവര്‍ക്ക് യോജിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാന്യമായി പിരിഞ്ഞുപോയി രണ്ടുപേരും അവരുടേതായ നിലയില്‍ ജീവിക്കുന്ന ഈ സമൂഹത്തിനാണോ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം അതോ സ്ത്രീധനത്തിന്റെയും കുടുംബമാഹാത്മ്യത്തിന്റെയും പേരില്‍ സ്ത്രീയെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന സമൂഹത്തിനാണോ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം.

കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ മതരാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ല എന്ന് പറയുവാന്‍ സാമാന്യ ബോധമുളളവര്‍ക്ക് കഴിയില്ല. ഇലക്ഷന്‍ സമയമാകുമ്പോള്‍ ബിഷപ്പുമാരുടെ കാലുതൊട്ട് വന്ദിച്ച് ബിഷപ്പുമാര്‍ കൊടുക്കുന്ന പണം കൊണ്ട് ഇലക്ഷന്‍ ഡെപ്പോസിറ്റ് കെട്ടി വച്ച് ബിഷപ്പുമാരോടൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പടവും പത്രങ്ങളില്‍ പ്രത്യക്ഷമാകുന്നത് കാണാം. ഇങ്ങനെ ജയിച്ചു വരുന്ന എത്രയാളുകളെ അഴിമതി രഹിതമായി പ്രവര്‍ത്തിക്കുവാന്‍ ഈ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കഴിയുന്നുണ്ടെന്ന് സ്വയം ചിന്തിക്കുന്നത് നന്നാകും. കേരളത്തിലെ ഉദ്യോഗ സമൂഹം ബഹുഭൂരിപക്ഷവും ഈശ്വരവിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും നിലനില്‍ക്കുന്നവരാണ്. അവരില്‍ എത്രശതമാനം ആളുകള്‍ അഴിമതി രഹിതമാണ് എന്ന് പറയാന്‍ കഴിയും. എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തില്‍ അഴിമതി രഹിതവും മാന്യമായി പെരുമാറുന്ന രാഷ്ട്രീയക്കാരും പൊലീസുകാരും സര്‍ക്കാരുദ്യോഗസ്ഥരും ഡോക്ടര്‍മാരും പളളീലച്ചന്‍മാരും ഉളള ഈ സമൂഹത്തിനാണോഅതോ കേരള സമൂഹത്തെ ആകമാനം കുടിയന്‍മാരായി കരുതുന്ന മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കാണോ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം. ഈ ധ്യാനഗുരുക്കന്‍മാരും പാസ്റ്റര്‍മാരും വരുന്ന കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങളുടെ കഥയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും എല്ലാദിവസവും വാര്‍ത്തയാണ്. അത് വച്ച് നോക്കുമ്പോള്‍ ഇവിടുത്തെ യോബ്സിന്റെ ആക്രമണങ്ങള്‍ എത്രയോ ചെറുതാണ് എന്ന് തോന്നിപ്പോകും.

കേരളത്തില്‍ ഈ അടുത്തകാലത്തായി കൂട്ടുകാരായി നടക്കുന്ന ആണ്‍കുട്ടികളുടെയോ പെണ്‍കുട്ടികളുടെയോ ഒരാളുടെ വിവാഹം ഉറപ്പിച്ച് കഴിയുമ്പോള്‍ ഇവര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു. ഇതിന്റെ കാരണം ഒരു പക്ഷേ അവര്‍ ഹോമോ സെക്ഷ്വലോ ലെസ്ബിയനോ ആയിരിക്കാം. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ സമൂഹം അനുവദിക്കില്ല എന്നതാണ് അവരെ ആത്മഹത്യയിലേക്ക് വിലയം പ്രാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഹോമോസെക്ഷ്വലും ലെസ്ബിയനും ഒരു രോഗമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്. എന്നാല്‍ ഈ സമൂഹത്തില്‍ അവര്‍ക്ക് എല്ലാ അവകാശങ്ങളും അനുവദിച്ച് കൊടുത്ത് അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ സമൂഹത്തിനാണോ അവരുടേതല്ലാത്ത കുറ്റത്തിന് അവരെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന സമൂഹത്തെയാണോ ദൈവം കാത്തു സംരക്ഷിക്കുന്നത്. അതില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം.

യുകെയില്‍ വന്നിരിക്കുന്ന മലയാളികളില്‍ ബഹുഭൂരിപക്ഷവും നഴ്സിംഗ് ജോലിയുമായി ബന്ധപ്പെട്ടാണ്. ഇവരില്‍ തന്നെ കൂടുതല്‍ പേരും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഗള്‍ഫിലും ജോലി നോക്കിയിട്ടുളളവരാണ്. അതുപോലെ സഭ നടത്തുന്ന സ്ഥാപനങ്ങളിലും. അവിടെ അവര്‍ക്ക് കിട്ടിയ അനുഭവങ്ങളും പെരുമാറ്റങ്ങളും തന്നെയാണോ ഇവിടെ കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ഈ സമൂഹത്തെ നന്നാക്കാന്‍ വരുന്നവര്‍ ഒന്ന് അന്വേഷിച്ചാല്‍ നന്നാവും. ഇതെല്ലാം പറയുന്നത് കേരള സമൂഹത്തില്‍ ക്രിസ്തീയ സഭ നടത്തിയിട്ടുള പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍ നടത്തിയിട്ടുളള സേവനങ്ങളെ വിലകുറച്ച് കണ്ടുകൊണ്ടല്ല. .ലോകത്തിന്റെ രക്ഷ ഇസ്ലാമിലൂടെ എന്ന് ഭാരതത്തിന്റെ മതിലുകളില്‍ എഴുതി വയ്ക്കുന്ന ഇസ്ലാം മതത്തിന്റെ സ്വാധീനമുളള സൗദി അറേബ്യ ഉള്‍പ്പെടെയുള ഗള്‍ഫ് രാജ്യങ്ങളില്‍ ഒരേ ജോലിക്ക് ഇന്ത്യാക്കാരനും ഇംഗ്ലീഷുകാരനും കിട്ടുന്ന ശമ്പളം എത്രയോ വ്യത്യസ്തമാണ്.

മലഞ്ചരക്ക് വ്യാപാരം നിയന്ത്രിച്ച് കൊണ്ടിരുന്ന ഡച്ചുകാരായ കച്ചവടക്കാര്‍ ഒരു റാത്തല്‍ കുരുമുളകിന് അഞ്ച് ഷില്ലിംഗ് വര്‍ദ്ധിപ്പിച്ചതില്‍ ഒരു ന്യായവും ഇല്ല. വിശ്വസിച്ച് ലണ്ടന്‍ നഗരത്തിലെ 24 കച്ചവടക്കാര്‍ ഒരുമിച്ച് 159ല്‍ തുടക്കമിട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പ്രതിനിധീകരിച്ച് 1600 ഡിസംബര്‍ മാസം 24ആം തീയതി ഹെക്ടര്‍ എന്ന കൊച്ചുകപ്പലിന്റെ കപ്പിത്താനായി ബോംബെയ്ക്ക് വടക്ക് ഭാഗത്തുളള സൂററ്റ് തുറമുഖത്ത് എത്തിച്ചേര്‍ന്ന ക്യാപ്റ്റന്‍ വില്യം ഹോക്കിംഗ്സ് ഒരുപക്ഷേ ചിന്തിച്ചിരിക്കില്ല തന്റെ ഈ യാത്ര ബ്രിട്ടീഷ് സിംഹാസനത്തെ ലോകത്തെ ഭൂരിപക്ഷം വരുന്ന ഭൂപ്രദേശത്തെ അധികാരിയാക്കുന്നതിന് വേണ്ടിയുളള തുടക്കം ആകുമെന്ന്. അങ്ങനെ നീണ്ട 350 വര്‍ഷക്കാലം ബ്രിട്ടണ്‍ നേരിട്ടും അല്ലാതെയും ഇന്ത്യയെ ചവിട്ടി മെതിച്ച് ഭരിച്ചു. ആ ഇന്ത്യയില്‍ നിന്നും വരുന്നവരെയും പാകിസ്ഥാനില്‍ നിന്ന് വരുന്നവരെയും എല്ലാം മനുഷ്യരായി കണ്ട് ബ്രിട്ടീഷുകാരനെപ്പോലെ ജീവിക്കാന്‍ അനുവദിക്കുന്ന ആ രാജ്യത്തിനാണോ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം. അതോ മനുഷ്യനെ വ്യത്യസ്ത തലത്തില്‍ പരിഗണിക്കുന്ന മേല്‍പ്പറഞ്ഞ മതാധിഷ്ഠിത സമൂഹത്തിനാണോ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യം.

ഇനി ധ്യാനഗുരുക്കന്‍മാര്‍ ഉദ്ബോധിപ്പിക്കാന്‍ വരുന്ന ആളുകള്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഉറവിടം കൂടി പറഞ്ഞു കൊളളട്ടെ. ഇവിടെ ഒരുലക്ഷവും ഒന്നരലക്ഷവും ശമ്പളം കിട്ടുന്ന ആളുകളില്‍ നിന്ന് പിരിച്ച് കിട്ടുന്ന പണം കൊണ്ടാണ് ഈ രാജ്യത്ത് ഇന്നലെകളില്‍ ഉണ്ടായിരുന്ന ആത്മീയത തിരിച്ച് കൊണ്ടുവരുന്നതിന് വേണ്ടി ആത്മീയ ഗുരുക്കന്‍മാരും പാസ്റ്റര്‍മാരും ഇവിടെ എത്തിച്ചേരുന്നത്. ഈ പണം എവിടെ നിന്നാണ് ഗവണ്‍മെന്റ് കണ്ടെത്തി ശമ്പളമായി നല്‍കുന്നത് എന്നറിയാന്‍ സിറ്റിസണ്‍ഷിപ്പ് കിട്ടുന്നതിന് വേണ്ടിയുളള ടെസ്റ്റ് ബുക്ക് വായിച്ചാല്‍ മതിയാകും. ലോക്കല്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള ഫണ്ടിന്റെ 20ശതമാനം മാത്രമാണ് ജനങ്ങളില്‍ നിന്ന് കളക്ട് ചെയ്യുന്നത്. ബാക്കിയുളള 80ശതമാനം സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഫണ്ടാണ്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഈ പണം കണ്ടെത്തുന്നത് ലോകത്ത് അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നുമാണ്. അത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ലോകത്തിന്റെ പലഭാഗങ്ങളിലും സൈനിക കടന്നാക്രമണങ്ങള്‍ നടക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. അങ്ങനെ നോക്കിയാല്‍ അത്തരം കടന്നുകയറ്റങ്ങളിലൂടെ ജീവന്‍ നഷ്ടപ്പെടുന്ന ബ്രിട്ടീഷ് പട്ടാളക്കാരന്റെ രക്തത്തില്‍ നിന്നാണ് ഈ പണം കണ്ടെത്തുന്നത്.

Reyes-Yoga+Retreat-12കടന്നുകയറ്റത്തിന്റെയും രക്തത്തിന്റെയും കറയായ ഈ പണത്തില്‍ നിന്നും പിരിവെടുത്ത് ഇവിടെ വരുന്നത് പോലും എത്രയോ ദൈവനിന്ദയാണ് എന്ന് ഈ ധ്യാനഗുരുക്കന്‍മാര്‍ ചിന്തിക്കണം. കേരളീയരും മനസിന്റെ അടിത്തട്ടില്‍ സൂക്ഷിക്കുന്ന ഒരു ജന്മിയും ജന്മിത്ത മൂല്യങ്ങളുമുണ്ട് എന്ന് മനസിലാക്കാന്‍ കേരളത്തില്‍ അടുത്ത കാലത്ത് വിജയിച്ച സിനിമകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാല്‍ മതിയാകും. കേരള സമൂഹം വിദ്യാസമ്പന്നവും സാംസ്‌കാരികമായി മുന്നില്‍ നില്‍ക്കുന്നവരുമാണ് എന്ന് നമ്മള്‍ അഭിമാനം കൊളളുമ്പോഴും ചൂഴ്ന്ന് പരിശോധിച്ചാല്‍ ജനാധിപത്യ സംസ്‌കാരത്തിന്റെ തുടക്കം പോലും അവിടെ നടന്നിട്ടില്ല എന്ന് മനസിലാക്കാന്‍ കേരളത്തിലെ കുടുംബബന്ധങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ മതി. സ്ത്രീയെ ഇന്നും രണ്ടാംതരം പൗരന്‍മാരായി കാണുന്ന കുടുംബക്രമമാണ് നാം ഇന്നും പിന്തുടരുന്നത്. സ്ത്രീയും പുരുഷനും ഒരു പോലെ സമന്‍മാരായി കഴിയുന്ന ബ്രിട്ടീഷ് സമൂഹത്തില്‍ ജീവിക്കാന്‍ കഴിഞ്ഞപ്പോള്‍ മലയാളികളുടെ ജന്മിത്ത കുടുംബ സംസ്‌കാരം ചോദ്യം ചെയ്യപ്പെടുമോ എന്ന ആത്മസംഘര്‍ഷത്തിലാണ് ഇവിടുത്തെ മലയാളി പുരുഷ സമൂഹം എന്ന് തോന്നിപ്പോകുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ക്രിസ്തുമസിന് അവതരിപ്പിച്ച നാടകം.

ഒരു സ്ത്രീയുടെകുടുംബത്തിലെ അധിക ഭരണം ചൂണ്ടിക്കാണിച്ച് കൊണ്ട് സ്ത്രീസമൂഹത്തെ ആകമാനം അവഹേളിച്ച് കൊണ്ട് നടത്തിയ ആ നാടകത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നശിച്ച് കൊണ്ടിരിക്കുന്ന ജന്മിത്ത കുടുംബ സംസ്‌കാരത്തെ പുനഃപ്രതിഷ്ഠിക്കാനുളള ഒരു ശ്രമം കാണാന്‍ കഴിയും. ഇത് തന്നെയാണ് ഇവിടെ വരുന്ന ധ്യാനഗുരുക്കന്‍മാരും പാസ്റ്റര്‍മാരും ചെയ്യുന്നത്. ബൈബിളിലെ വചനങ്ങള്‍ ഉരുവിട്ട് പുരുഷ മേധാവിത്വത്തെ പുനഃപ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ തങ്ങളുടെ ചെറിയ യൂണിറ്റായ കുടുംബത്തില്‍ ജന്മിസംസ്‌ക്കാരത്തെ പുനഃപ്രതിഷ്ടിച്ചുകൊണ്ട് വലിയ ജന്മി ആയി നില്‍ക്കുവാന്‍ ശ്രമിക്കുന്നു. ഇതില്‍ ഉറങ്ങിക്കിടക്കുന്ന ഒരു സ്വാതന്ത്യ നിഷേധവും ജനാധിപത്യ ധ്വംസനവും സൂക്ഷിച്ചു നോക്കിയാല്‍ കാണാന്‍ കഴിയും. എന്നാല്‍ ഇത് അധിക കാലം മുന്‍പോട്ട് കൊണ്ട് നടക്കാന്‍ കഴിയില്ല എന്ന് വിദ്യാസമ്പന്നരായ ധ്യാനഗുരുക്കന്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ഇന്ന് തിയോളജിക്ക് അപ്പറത്തേക്കുളള ഘഘആ, ങടണ മുതലായ മേഖലകളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ജന്മി കുടുംബ സംസ്‌കാരം ഇംഗ്ലണ്ടില്‍ തകര്‍ന്നപ്പോള്‍ ഇവിടുത്തെ പള്ളിയും അതോടൊപ്പം തകര്‍ന്നു. അതുകൊണ്ട് തന്നെ അത്തരം ജന്മിമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണ്. അതു നിങ്ങള്‍ തുടര്‍ന്നു കൊള്ളുക. പണ്ട് ഒരു പാസ്റ്റര്‍ പ്രസംഗിച്ചതുപോലെ സോദന്‍ഗോമയെ ശപിച്ച ദൈവം അമേരിക്കയെ ശപിച്ചില്ലെങ്കില്‍ സോദന്‍ഗോമയോട് ക്ഷമ പറയേണ്ടിവരും എന്ന്. അതുപോലെ നിങ്ങളും ഈ രാജ്യത്തെ ശപിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ അവസ്ഥയിലേക്കോ അല്ലങ്കില്‍ ഇപ്പോഴത്തെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ (1953 ജൂണ്‍ 2) ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് അഡീഷണല്‍ ആയി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് ഡിന്നറിന് രണ്ട് കഷ്ണം പന്നി ഇറച്ചിയായിരുന്നു. ആ അവസ്ഥയിലേക്ക് ഈ രാജ്യത്തിന്റെ സാമ്പത്തിക നില തിരിച്ചുപോയാല്‍ യുദ്ധം ദേശീയ പാരമ്പര്യത്തിന്റെ ഭാഗമായി കാണുന്ന ബ്രിട്ടീഷ്‌കാരന്‍ ജൂതന്മാര്‍ക്കെതിരെയും, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയും ഐറിഷ്‌കാര്‍ക്കെതിരെയും തിരിഞ്ഞതുപോലെ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും മാത്രം മന്ത്രം ഉയരുകയും സത്യമേവജയതേ എന്നത് ഹൃദയത്തുടിപ്പായി കരുതുന്ന ഭാരതത്തില്‍ നിന്നും വന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ക്ക് ഇവിടം വിടുകയേ നിവൃത്തിയുള്ളു. അത്തരം ഒരു സാഹചര്യം രൂപപ്പെട്ടാല്‍ ലോക സമൂഹത്തിന് വലിയ സംഭാവന ചെയ്ത വ്യവസായിക വിപ്ലവത്തിനും കാര്‍ഷിക വിപ്ലവത്തിനും തുടക്കമിടുകയും ചെയ്ത ഈ രാജ്യത്തേക്ക് നിങ്ങള്‍ക്കും വരാന്‍ കഴിയില്ല എന്നുളളതാണ് യാഥാര്‍ത്ഥ്യം.

ലോകത്ത് ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു ഹെയ്തിയിലെ ഭൂകമ്പം. ആ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ലോകത്തിന്റെ രക്ഷ ഇസ്ലാമിലൂടെ എന്ന് അങ്ങോളമിങ്ങോളമുളള മതിലുകളില്‍ എഴുതി വയ്ക്കുന്ന മതസംഘടനകള്‍ക്ക് സ്വാധീനമുളള രാഷ്ട്രങ്ങളില്‍ നിന്നാണോ അതോ വിശ്വാസം നഷ്ടപ്പെട്ടു എന്ന് വിലപിക്കുന്ന ബ്രിട്ടണില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണോ പട്ടാളവും അഗ്‌നിശമന സേനയും എത്തിയത്. ബ്രിട്ടണില്‍ നിന്ന് ചെന്ന പട്ടാളക്കാര്‍ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിന്റെയും ഭക്ഷണം വിതരണം ചെയ്യുന്നതിന്റെയും ദ്യശ്യങ്ങള്‍ നമ്മള്‍ റ്റി.വി. യിലൂടെയും പത്രങ്ങളിലൂടെയും കണ്ടതാണ്. ഇത് ഒരു വലിയ ദൈവസേവയല്ല എന്ന് പറയാന്‍ കഴിയുമോ?

നിങ്ങളില്‍ അഞ്ച് പേരെങ്കിലും നല്ലവരുണ്ടങ്കില്‍ ഞാന്‍ ഈ രാജ്യത്തെ നശിപ്പിക്കില്ലന്നാണ് ലോകത്തിനോട് ദൈവം പറഞ്ഞത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഉയര്‍ത്തുന്ന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന അഞ്ച് പേരെങ്കിലും ഈ രാജ്യത്ത് ഇല്ലാതിരിക്കുമോ? ഇല്ലെങ്കില്‍ അത് നിങ്ങളുടെ പരാജയമായേ കാണാന്‍ കഴിയു. അതുകൊണ്ട് ഈ രാജ്യത്തെ പഴിക്കുന്നത് ഒഴിവാക്കണമേയെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു. ചോറെവിടെയാണോ അവിടെയായിരിക്കണം കൂറ് ‘ എന്ന ഒരു അവബോധം ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞുപോകുന്നത്. ഇത്രയേറെ മലയാളികള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും അവസരം തന്ന ഈ രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം 16 വര്‍ഷം ഒരു കന്യാസ്ത്രീയെ കൊന്നിട്ട് അത് മറച്ചുവച്ചവര്‍ക്കുവേണ്ടിയും അയര്‍ലണ്ടിലെയും ഇറ്റലിയിലെയും അമേരിക്കയിലേയും കുട്ടികളെ പീഡിപ്പിക്കുകയും അത് 10 വര്‍ഷത്തോളം മറച്ചുവയ്ക്കാന്‍ ശ്രമിച്ചവര്‍ക്കുവേണ്ടിയും ജീവിതത്തില്‍ സ്വയം തോറ്റുകൊണ്ട് വിജയം നേടിയ ക്രിസ്തുവിനോടും യഹോവയോടും പരബ്രഹ്മത്തോടും അള്ളാഹുവിനോടും നമുക്ക് പ്രാര്‍ത്ഥിക്കാം.

ഒരു ഭാരതീയനെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാന്‍ ഒത്തിരിയുണ്ട്. ലോകാ സമസ്താ സുഖനോ ഭവന്തു എന്ന ശബ്ദം ഉയരുന്നത് ഭാരതത്തിന്റെ ഹ്യദയത്തില്‍ നിന്നാണ്. സമാധാനത്തിന്റെ അപ്പോസ്തലന്മാരും ക്രിസ്തുമതത്തിന്റെ സുഹൃത്തും എന്ന് തന്റെ അനുശോചന സന്ദേശത്തില്‍ 12-ാം പയസ് മാര്‍പ്പാപ്പ പറഞ്ഞ മഹാത്മാഗാന്ധിക്കും അതുപോലെ ശ്രീബുദ്ധനും വിവേകാന്ദനും ശ്രീനാരായണ ഗുരുവിനും ജന്മം കൊടുത്ത നാടാണ് നമ്മുടേത്. ഇന്ത്യയിലെ അനാഥരായ കുഞ്ഞുങ്ങളുടെ അമ്മയായി ജീവിച്ച് ലോകത്തിന് മുഴുവന്‍ മാത്യകയായ മദര്‍തെരേസ അന്ത്യവിശ്രമം കൊള്ളുന്നത് നമ്മുടെ രാജ്യത്താണ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യവും സര്‍വ്വതും നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്ന യൂദന്മാരെ ജീവിക്കാനും വളരാനും അനുവദിച്ച അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്ത്യാനിയേയും ഇസ്ലാമിനെയും പലായനം ചെയ്തുവന്ന പാഴ്സിയെയും എല്ലാം സംരക്ഷിച്ചു എന്ന് മാത്രമല്ല അവര്‍ക്കെല്ലാം വളരാനും പന്തലിക്കാനും അവസരം കൊടുത്തതാണ് നമ്മുടേത്.

പ്രകൃതിയില്‍ നിന്നും അകന്നു നില്‍ക്കാത്ത വിശ്വാസവും ആത്മീയതയും കൊണ്ട് ലോകം ഇന്ന് അഭിമുഖികരിക്കുന്ന കാലാവസ്ഥ വ്യതിയാനം എന്ന പ്രശ്നത്തിന് വളരെ നേരത്തേ പരിഹാരം കണ്ടെത്തിയിരുന്ന നാടാണ് ഇന്ത്യ. ഒരു മരത്തെ വെട്ടുന്നതിന് മുമ്പ് നിന്നെ വെട്ടാന്‍ എന്നെ വെട്ടാന്‍ അനുവദിക്കണമെന്നും അതില്‍ താമസിക്കുന്ന പക്ഷിക്കൂട്ടങ്ങളോട് പറന്നു പോകാന്‍ അപേക്ഷിക്കുകയും ചെയ്യുന്ന പ്രകൃതി ജീവന സംസ്‌കാരം ഭാരതത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. ഇതിലൊക്കെയാണ് നാം അഭിമാനം കൊളേളണ്ടത് അല്ലാതെ തുരുമ്പിച്ച ജന്മികുടുംബ സംസ്‌കാരം പുനസ്ഥാപിക്കുന്നതിലല്ല.

Story by