മകന്‍ പള്ളിക്ക് മാപ്പെഴുതി നല്‍കിയില്ല; ക്രൈസ്തവ ദമ്പതികളെ വീട്ടുവളപ്പില്‍ ദഹിപ്പിക്കേണ്ടി വന്നത് വിവാദമാകുന്നു

പള്ളിവികാരിയുടേയും കമ്മിറ്റിയുടേയും എതിര്‍പ്പിനെതുടര്‍ന്ന് ക്രൈസ്തവ വിശ്വാസിയായ ചേര്‍ത്തല കളവംകോട്ടെ ചേനാട്ട് വീട്ടില്‍ എം പി ലീലാമ്മയുടെ മൃതദേഹമാണ് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്നത്. ഇതിനിടയില്‍ കഴിഞ്ഞ ബുധനാഴ്ച മരിച്ച ഭര്‍ത്താവ് അഡ്വക്കേറ്റ് ജോര്‍ജിനേയും അതേ മാര്‍ഗ്ഗത്തില്‍ സംസ്‌ക്കരിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മകന്‍ പള്ളിക്ക് മാപ്പെഴുതി നല്‍കിയില്ല; ക്രൈസ്തവ ദമ്പതികളെ വീട്ടുവളപ്പില്‍ ദഹിപ്പിക്കേണ്ടി വന്നത് വിവാദമാകുന്നു

ആലപ്പുഴ: മകൻ പള്ളിക്ക് മാപ്പെഴുതി നൽകിയില്ലെന്ന കാരണം പറഞ്ഞു അമ്മയുടെ സംസ്കാരം സെമിത്തേരിയിൽ നടത്താൻ പള്ളിയധികൃതർ സമ്മതിച്ചില്ല. രണ്ട് മാസത്തിനിടെ ആലപ്പുഴ ചേര്‍ത്തലയിൽ നടന്ന ക്രിസ്ത്യന്‍ ദമ്പതികളുടെ ശവസംസ്‌കാരങ്ങളാണ് ക്രൈസ്തവസഭയ്ക്കുള്ളില്‍ ചര്‍ച്ചയാകുന്നത്. ചേർത്തലയിലെ സെന്റ് ആന്‍സ് പള്ളിവികാരിയുടേയും കമ്മിറ്റിയുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ക്രൈസ്തവ വിശ്വാസിയായ ചേര്‍ത്തല കളവംകോട്ടെ ചേനാട്ട് വീട്ടില്‍ എം പി ലീലാമ്മയുടെ മൃതദേഹമാണ് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്നത്. ഇതിനിടയില്‍ കഴിഞ്ഞ ബുധനാഴ്ച മരിച്ച ഭര്‍ത്താവ് അഡ്വക്കേറ്റ് ജോര്‍ജിനേയും അതേ മാര്‍ഗ്ഗത്തില്‍ സംസ്‌ക്കരിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കുര്‍ബാനയ്ക്കും മറ്റ് ചടങ്ങുകള്‍ക്കും പങ്കെടുക്കാത്തതിന് മാപ്പെഴുതി നല്‍കണമെന്ന പള്ളിയധികൃതരുടെ നിര്‍ദ്ദേശം മകന്‍ ഷിജു നിഷേധിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.


റിട്ടയേര്‍ഡ് അധ്യാപിക എം പി ലീലാമ്മയുടെ മരണവിവരം സെപ്റ്റംബര്‍ മൂന്നിന് മകന്‍ ഷിജു ഇടവകയായ സെന്റ് ആന്‍സ് പള്ളിയിലെത്തി അറിയിച്ചിരുന്നു. പള്ളിയധികൃതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താന്‍ സ്ഥിരമായി പള്ളിയില്‍ പോകാറില്ലെന്ന് ഷിജു പറയുന്നു. ഇക്കാര്യത്തില്‍ മാപ്പെഴുതി തരണമെന്ന് പള്ളി വികാരിയുള്‍പ്പെടെയുള്ളവര്‍ വാശിപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മാതാവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഷിജു നാരദാ ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം ആറു വര്‍ഷം ഇടവക പള്ളിയുടെ സ്‌കൂളില്‍ സൗജന്യ സേവനം നടത്തിയിരുന്ന ലീലാമ്മ പള്ളിയിലെ ചടങ്ങുകളിലും മറ്റ് പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹത്തോട് കാണിച്ച അനാദരവിനെതുടര്‍ന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് പ്രസിഡന്റ് ആയ അഡ്വ. പോളച്ചന്‍ പുതുപ്പാറ വഴി ഷിജു പള്ളിവികാരിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എറണാകുളം- അങ്കമാലി രൂപതയും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് ചൂണ്ടിക്കാട്ടുന്നു.

[caption id="attachment_54394" align="alignleft" width="387"]postmortum അഡ്വ ജോര്‍ജ് ചേനാട്ടും, എം പി ലീലാമ്മയും[/caption]

എന്നാല്‍ മകന്‍ ഷിജു മാതാപിതാക്കളെ സംരക്ഷിക്കാത്ത ആളാണെന്നടക്കമുള്ള മറുപടിയാണ് ഇതിന് ലഭിച്ചത്. ഇതിനിടയിലാണ് കഴിഞ്ഞ ബുധനാഴ്ച ഷിജുവിന്റെ പിതാവ് അഡ്വ ജോര്‍ജ് ചേനാട്ട് മരിക്കുന്നത്. ലീലാമ്മയുടെ ശവസംസ്‌കാരം വിവാദമായതിനെതുടര്‍ന്ന് പള്ളിവികാരി ഫാ. ആന്റണി സിഎംഐ ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ഷിജുവിന്റെ വീട്ടിലെത്തി പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിക്കാമെന്ന് അറിയിച്ചു. എന്നാല്‍ അമ്മയുടെ അടുത്ത് തന്നെ സംസ്‌ക്കരിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഷിജു നിര്‍ദേശം തള്ളുകയായിരുന്നു. താനും ക്രൈസ്തവ വിശ്വാസിയാണെന്നും വര്‍ഷത്തില്‍ മൂന്നോ നാലോ തവണ പള്ളിയില്‍ പോകാറുണ്ടെന്നും ഷിജു നാരദാ ന്യൂസിനോട് പറഞ്ഞു.

മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിരോധം മാതാപിതാക്കളോട് കാണിക്കേണ്ട കാര്യമില്ലെന്നായിരുന്നു സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാടിന്റെ പ്രതികരണം. എന്നാല്‍ പള്ളിയില്‍ സംസ്‌ക്കരിക്കാന്‍ അനുവാദം നല്‍കിയിട്ടും മകന്‍ സമ്മതിച്ചില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മകനോടുള്ള ദേഷ്യത്തിന് വിശ്വാസിയായ അമ്മയുടെ മൃതദേഹത്തെ അപമാനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി കെ ജോയി പറയുന്നു. മദര്‍തെരേസയെ വിശുദ്ധയാക്കി പ്രഖ്യാപിച്ച സെപ്റ്റംബര്‍ മൂന്നിന് തന്നെ പള്ളിയധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികാര നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേരള കാത്തലിക് ഫെഡറേഷന്‍, കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് എന്നീ സംഘടനകളുടെ തീരുമാനം. സഭാ നേതൃത്വം തുടരുന്ന ഏകാധിപത്യ പ്രവണതകള്‍ക്ക് ഉദാഹരണമാണിതെന്നാണ് തിരുത്തല്‍ പ്രസ്ഥാനങ്ങളുടെ നിലപാട്.

Read More >>