വയനാട്ടിൽ കാട്ടാനയെ വെടിവച്ചു കൊന്നത് റിസോർട്ടുടമ; വേട്ടയാടൽ വനംവകുപ്പിന് താക്കീത് നൽകാൻ

കഴിഞ്ഞ മെയ് 30ന് പുലര്‍ച്ചെയാണ് ബത്തേരി-പുല്‍പ്പള്ളി റൂട്ടില്‍ നാലാംമൈലില്‍ 10 വയസ്സ് വരുന്ന പിടിയാന വെടിയേറ്റ് ചരിഞ്ഞത്. മെയ് 29ന് രാത്രിയില്‍ റിസോര്‍ട്ടുടമയായ കുളത്തിങ്കല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ആനയെ വേട്ടയാടിയത്.

വയനാട്ടിൽ കാട്ടാനയെ വെടിവച്ചു കൊന്നത് റിസോർട്ടുടമ;  വേട്ടയാടൽ വനംവകുപ്പിന് താക്കീത് നൽകാൻ

കല്‍പറ്റ: വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടാനയെ വേട്ടയാടിയത് വനംവകുപ്പിനെ പാഠം പഠിപ്പിക്കാനാണെന്ന്  പിടിയിലായ റിസോർട്ടുടമ കുളത്തിങ്കല്‍ ഷാജി. വയനാട്ടിൽ മാത്രം നിരവധി റോസർട്ടുകളിൽ ഷെയറുകളുള്ള ആളാണ് ഷാജി. ജില്ലയിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കെതിരെ വനം വകുപ്പ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. തുടർന്നാണ് ആനയെ വേട്ടയാടി വനംവകുപ്പിന് താക്കീത് നൽകാൻ ഷാജിയും സംഘും തീരുമാനിച്ചത്.

കഴിഞ്ഞ മെയ് 30ന് പുലര്‍ച്ചെയാണ് ബത്തേരി-പുല്‍പ്പള്ളി റൂട്ടില്‍ നാലാംമൈലില്‍ 10 വയസ്സ് വരുന്ന പിടിയാന വെടിയേറ്റ് ചരിഞ്ഞത്.  മെയ് 29ന് രാത്രിയില്‍ റിസോര്‍ട്ടുടമയായ കുളത്തിങ്കല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ആനയെ വേട്ടയാടിയത്.


മുത്തങ്ങ, പുല്‍പ്പള്ളി പ്രദേശങ്ങളില്‍ റിസോര്‍ട്ട് നടത്തുന്ന ഷാജിയാണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തില്‍ത്തന്നെ വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ നൂല്‍പ്പുഴയിലെ ജംഗിള്‍ ഡെയ്‌സ് റിസോര്‍ട്ടില്‍ നിന്ന് തോക്കും തിരകളുമായി എട്ടംഗ സംഘം പിടിയിലായിരുന്നു. ഈ സംഘം നൽകിയ മൊഴിയില്‍ നിന്നാണ് ഷാജിയിലേക്ക് അന്വേഷണം ചെന്നെത്തിയത്.  തുടര്‍ന്നിയാളെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

[caption id="attachment_53102" align="alignleft" width="282"]shaji കുളത്തിങ്കല്‍ ഷാജി[/caption]

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുത്തങ്ങ മൈക്കര റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കാണിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതാണ് റിസോര്‍ട്ട് മാഫിയയെ പ്രകോപിച്ചത്.

വന്യജീവിസങ്കേതത്തിനകത്ത് കയറിത്തന്നെ കാട്ടാനയെ വേട്ടയാടി വനംവകുപ്പിന് താക്കീത് നല്‍കുന്നതിനൊപ്പം വൈല്‍ഡ് ലൈഫ് വാര്‍ഡനെ പ്രതിരോധത്തിലാക്കുകയായിരുന്നു മാഫിയയുടെ ലക്ഷ്യം.

വന്യജീവി സങ്കേത്തോട് ചേര്‍ന്ന കിടക്കുന്ന റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി നടത്തുകയും  വെടിയിറച്ചി എത്തിക്കുകയും ചെയ്ത  സംഘത്തിലെ പ്രമുഖനാണ് കുളത്തിങ്കല്‍ ഷാജിയെന്ന് വനപാലകര്‍ പറഞ്ഞു. വനമേഖലയില്‍ സ്ഥാപിക്കുന്ന നിരീക്ഷണ കാമറ തകര്‍ക്കുന്നതും ഇവിടെ നിത്യസംഭവമാണ്. ഇതിന് പിന്നിലും  മാഫിയയാണെന്ന് വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.

Read More >>