പിണറായി കൈവിട്ടെന്നു വിവരം; ധാർമ്മികരാജിയിലൂടെ മുഖംരക്ഷിക്കാനുറച്ച് ഇ പി ജയരാജൻ

മന്ത്രി എ. കെ. ശശീന്ദ്രനെപ്പോലെ, മന്ത്രിസഭയിലെ ഒരു മൈനർ കക്ഷിയുടെ പ്രതിനിധിവരെ ഇ. പി. വിവാദത്തിൽ നടപടിയുണ്ടാവുമെന്ന് കമന്റു ചെയ്തത് മുഖ്യമന്ത്രിയുടെ മനസ്സ് ചിലർക്കു മുമ്പിലെങ്കിലും തുറന്നതിന്റെ സൂചനയാണ്. മുഖ്യമന്ത്രി പിണറായിയുടെ അടുത്ത ടേം കൂടി ഉറപ്പാക്കുന്നതിൽ കുറഞ്ഞതൊന്നും കണ്ണൂർ പാർട്ടി നേതൃത്വത്തിന് ലക്ഷ്യമല്ല.

പിണറായി കൈവിട്ടെന്നു വിവരം; ധാർമ്മികരാജിയിലൂടെ മുഖംരക്ഷിക്കാനുറച്ച് ഇ പി ജയരാജൻ

നിയമന വിവാദത്തിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ മന്ത്രി ഇ. പി. ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ കൈവിട്ടതായി അറിയുന്നു. പിണറായിയിൽ നിന്നും അപ്രതീക്ഷിത നീക്കമൊന്നുമുണ്ടായില്ലെങ്കിൽ വ്യവസായമന്ത്രി സ്ഥാനത്തുനിന്നും ഇന്ന് ഇ. പി. പടിയിറങ്ങും. വിവാദനിയമനങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഇ. പി. സ്ഥാനമൊഴിയുക എന്നതാണ് അവസാനവട്ട ഫോർമുലയെന്നാണ് വിവരം.

എന്നാൽ, മുഖ്യമന്ത്രി കൈവിടുമെന്ന് ഇപ്പോഴും ഇ. പി. കരുതുന്നുണ്ടാവാനിടയില്ല. ഏതു മാർഗ്ഗത്തിലാണ് പാർട്ടി നേതൃത്വം ഈ ഫോർമുല ഇ. പി.ക്കു മുന്നിൽ വെക്കുകയെന്ന് വ്യക്തമല്ല. എന്തായാലും വെള്ളിയാഴ്ച നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിനു മുമ്പ് ധാരണ ഇ. പി.യെ അറിയിക്കും. തുടർന്ന് ഇ. പി.യുടെ രാജിയും ഉണ്ടാവാനാണ് എല്ലാ സാധ്യതയും.


നേതൃതലത്തിൽ ഈ ധാരണയോട് എല്ലാ യോജിപ്പും ഉണ്ടായിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലൊഴികെ മറ്റു ജില്ലകളിൽ നിന്നൊന്നും ഇ. പി.ക്ക് പിന്തുണയുള്ളതായി അറിവില്ല. ഇ. പി.ക്ക് പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള നേതാക്കളും ഇ. പി. തുടരരുതെന്ന് അഭിപ്രായമുള്ളവരാണ് പൊതുവിൽ. ഇവരുടെ നിലപാടും മുഖ്യമന്ത്രി കയ്യൊഴിയുന്നതും ചേർന്നാണ് ഇ. പി.യുടെ വിധി കുറിക്കാൻ പോകുന്നത്.

സർക്കാരിന്റെ പ്രതിച്ഛായ തന്നെയാണ് മുഖ്യമന്ത്രിയും കണ്ണൂർ പാർട്ടി നേതൃത്വവും പ്രഥമമായെണ്ണുന്നത്. മുഖ്യമന്ത്രിയുടെ മനസ്സ് ഘടകകക്ഷിമന്ത്രിമാരിലൊരാളുടെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. സാധാരണനിലക്ക് സിപിഎമ്മിലെ തർക്ക പ്രശ്നങ്ങളിൽ അഭിപ്രായം സിപിഐയുടേതൊഴികെയുള്ള ഘടകക്ഷി മന്ത്രിമാരാരും തുറന്നു പ്രകടിപ്പിക്കാറില്ല. മന്ത്രി എ. കെ. ശശീന്ദ്രനെപ്പോലെ, മന്ത്രിസഭയിലെ ഒരു മൈനർ കക്ഷിയുടെ പ്രതിനിധിവരെ ഇ. പി. വിവാദത്തിൽ നടപടിയുണ്ടാവുമെന്ന് കമന്റു ചെയ്തത് മുഖ്യമന്ത്രിയുടെ മനസ്സ് ചിലർക്കു മുമ്പിലെങ്കിലും തുറന്നതിന്റെ സൂചനയായി നേരത്തെത്തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

സർക്കാരിന്റെ ജനപിന്തുണക്കും തുടർഭരണസാധ്യതകൾക്കും മങ്ങലുണ്ടാക്കുന്ന ഒരു നടപടികളെയും പിന്തുണക്കാനാവുന്ന രാഷ്ട്രീയ സ്ഥിതിയല്ല കണ്ണൂരിലെ പാർട്ടിയെ സംബന്ധിച്ചെങ്കിലും കേരളത്തിലുള്ളത്. ആർഎസ്എസുമായുള്ള സംഘർഷത്തിൽ പാർട്ടിക്ക് പിടി നഷ്ടപ്പെടാനുള്ള സാധ്യതകൾ പുതിയ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലവർക്ക് വളരെ വേവലാതിയുണർത്തുന്നതാണ്. കണ്ണൂരിലെ സംഘർഷത്തെ ഊതിക്കത്തിച്ച് കേരളത്തിൽ ആളും വേരോട്ടവും കൂട്ടാനുള്ള കേന്ദ്രതല പദ്ധതികളിലാണ് ആർഎസ്എസ് നേതൃത്വം. ബുധനാഴ്ച പിണറായിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിനോടുള്ള പ്രതികരണമായ ഹർത്താൽ പ്രഖ്യാപനം ബി.ജെ.പി.കേന്ദ്ര നേതൃത്വത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. അതിനു മുമ്പു സിപിഎം പ്രവർത്തകന്റെ വധം നടന്നതും ദില്ലിയിൽ കേരളത്തിലെ 'സിപിഎം അക്രമ'ങ്ങൾക്കെതിരെ ബി.ജെ.പി. സംഘടിച്ച പ്രതിഷേധ ദിനാചരണവും ഒരേ ദിവസമായതും ബി.ജെ.പി.യുടെ തന്ത്രം വ്യക്തമാക്കുന്നതാണ്. ഇവ മനസ്സിലാക്കിയല്ലാതെ കണ്ണൂർ ജില്ലയിലെങ്കിലും സിപിഎം നേതൃത്വം ഒരു കാര്യത്തിലും നിലപാടെടുക്കാനിടയില്ല. മുഖ്യമന്ത്രി പിണറായിയുടെ അടുത്ത ടേം കൂടി ഉറപ്പാക്കുന്നതിൽ കുറഞ്ഞതൊന്നും കണ്ണൂർ പാർട്ടി നേതൃത്വത്തിന് ലക്ഷ്യമല്ല.

ഇ. പി.യോടുള്ള വൈകാരികബന്ധമാണ് തുറന്ന നിലപാടുകളെടുക്കുന്നതിന് കണ്ണൂരിൽ നിന്നുള്ള നേതാക്കൾക്ക് തടസ്സമായിരുന്നത്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന നിലക്കുള്ള ഉറ്റ സാഹോദര്യം ഇ. പി.യോട് ഏറ്റവുമധികമുള്ള നേതാക്കളുടെ കൂട്ടത്തിലാണ് മുഖ്യമന്ത്രി പിണറായിയുടെ സ്ഥാനം. മുഖ്യമന്ത്രി തന്നെ ആ സമീപനം കയ്യൊഴിക്കുന്ന നില വരുന്നതോടെ കണ്ണൂരിലെ മറ്റ് നേതാക്കളാരും ഇ. പി.ക്കു വേണ്ടി വാദിക്കാനുണ്ടാവില്ല.

സംഘടനാപരമായും ഇ. പി.യെ സംരക്ഷിക്കാനാവുന്നതല്ല കണ്ണൂർ സിപിഎം നേതൃത്വത്തിന്റെ സ്ഥിതി. ബുധനാഴ്ച രാജിവച്ചൊഴിഞ്ഞ ദീപ്തി നിഷാദിന്റെ നിയമനത്തിന്റെ പേരിൽ പാർട്ടിയിൽ ആദ്യമായി പരാതി ഉന്നയിച്ചതുതന്നെ ഇ. പി. നേരിട്ടിടപഴകുന്ന പ്രദേശത്തെ പാർട്ടി ലോക്കൽ കമ്മറ്റിയാണ്. പാർട്ടി സംസ്ഥാന കമ്മറ്റിക്ക് നേരിട്ട് നിയമനത്തിനെതിരെ പരാതി നൽകിയ ലോക്കൽ കമ്മറ്റി ജില്ലാ ഘടകത്തിന് പരാതിയുടെ കോപ്പി നൽകുകയാണ് ചെയ്തത്. പ്രാദേശിക പാർട്ടി ഘടകത്തിന്റെ എതിർപ്പിന്റെ ശക്തിയാണ് ഇ. പി.യുടെ സഹോദരന്റെ പുത്രഭാര്യയായ ദീപ്തിയുടെ രാജിയിൽ കണ്ടത്.

ദീപ്തിക്ക് രാജിവക്കേണ്ടി വന്നതിൽനിന്നു പോലും അതിൽ നിന്ന് തനിക്കെതിരായ നീക്കത്തിലേക്കുള്ള ദൂരം ഇ. പി. മനസ്സിലാക്കിയിട്ടില്ലെന്നു വേണം വിചാരിക്കാൻ. കാരണം, തനിക്കെതിരായ പാർട്ടി നടപടികൾക്കു പിന്നിൽ ഇ. പി. തന്നെ പ്രതീക്ഷിക്കാത്ത ഇടപെടലുകളുണ്ടെന്നും വിവരമുണ്ട്. ഭരണത്തിലെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പഴയ പല മിത്രങ്ങളെയും ഇ. പി. സ്വയമറിയാതെതന്നെ മിത്രങ്ങളല്ലാതാക്കിയിട്ടുണ്ട്. അവരിൽ നിന്നുള്ള ഫീഡ്ബാക്കുകൾ കൂടി ചേർന്നതാണ് ഇ. പി. രാജിവച്ചൊഴിയുക എന്ന ഫോർമുലയെന്ന് പാർട്ടിക്കു പുറത്ത് സംസാരമുണ്ട്.

അപ്പോൾപോലും ഇ. പി. അപമാനിതനായി ഇറങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടാകാൻ പാർട്ടിയോ ഭരണ നേതൃത്വമോ ആഗ്രഹിക്കുന്നില്ലെന്നറിയുന്നു. അതിന്റെ ഭാഗമാണ് നിയമന വിവാദത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റ് ഒഴിയൽ എന്ന ധാരണ.

Read More >>