ബന്ധു നിയമനങ്ങള്‍ റദ്ദാക്കണം; ചെന്നിത്തല

കുറ്റക്കാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയായി തുടരാന്‍ ജയരാജന് ധാര്‍മികമായി അവകാശം നഷ്ടമായെന്നും ചെന്നിത്തല വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബന്ധു നിയമനങ്ങള്‍ റദ്ദാക്കണം; ചെന്നിത്തല

വയനാട്: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജനെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയായി തുടരാന്‍ ജയരാജന് ധാര്‍മികമായി അവകാശം നഷ്ടമായെന്നും ചെന്നിത്തല വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടക്കില്ല. ജയരാജന്റെ ബന്ധുനിയമനം മാത്രം റദ്ദാക്കിയാല്‍ മാത്രം പോര. പൊതുമേഖലാ സ്ഥാപനങ്ങളിലെ അനധികൃത ബന്ധു നിയമനങ്ങള്‍ റദ്ദാക്കണം. ഒരു വ്യവസായ മന്ത്രിയും ചെയ്യാത്ത കാര്യമാണ് ജയരാജന്‍ ചെയ്തത്. നിയമനം വിവാദമായപ്പോള്‍ ജയരാജനെ ശാസിച്ചു എന്നൊക്കെ വാര്‍ത്തയുണ്ടാക്കുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമമാണ്. ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ വിഷയം സംബന്ധിച്ച കേസുകള്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. സമരത്തില്‍ നിന്നും പ്രതിപക്ഷം പിന്മാറില്ലെന്നും കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദഹേം വ്യക്തമാക്കി.