വൈകിയെത്തിയ ഗോളിൽ അത്‌ലറ്റിക് ക്ലബിനെതിരെ റയലിന് ജയം; ലാലിഗയിൽ ഒന്നാം സ്ഥാനം

ഓരോ ഗോൾ വീതം അടിച്ച് സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ പകരക്കാരനായെത്തിയ ആൽവരോ മൊറാറ്റ 83-ആം മിനുറ്റിൽ ഗോൾ നേടിയതോടെയാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഇതോടെ ലാലിഗ പോയിന്റ് പട്ടികയിൽ റയൽ ഒന്നാം സ്ഥാനത്തെത്തി. പട്ടികയിൽ സെവില്ല രണ്ടാം സ്ഥാനത്തും ബാഴ്‌സ മൂന്നാം സ്ഥാനത്തുമുണ്ട്.

വൈകിയെത്തിയ ഗോളിൽ അത്‌ലറ്റിക് ക്ലബിനെതിരെ റയലിന് ജയം; ലാലിഗയിൽ ഒന്നാം സ്ഥാനം

മാഡ്രിഡ്: പകരക്കാരനായി കളത്തിലെത്തിയ ആൽവരോ മൊറാറ്റയുടെ വൈകിയെത്തിയ
ഗോളിൽ റയൽ മാഡ്രിഡിന് അത്‌ലറ്റിക് ക്ലബ്ബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയം. ഈ ജയത്തോടെ സിനദിൻ സിദാന്റെ ശിക്ഷണത്തിലുള്ള റയൽ ടീം ലാലിഗ പോയിന്റ് പട്ടികയിൽ മുൻപിലെത്തി. കളി തുടങ്ങി ഏഴാം മിനുറ്റിൽ തന്നെ കരിം ബെൻസിമയുടെ ഗോളിൽ റയൽ
മുന്നിലെത്തിയിരുന്നു.

എന്നാൽ 27-ആം മിനുറ്റിൽ സബിനിലൂടെ അത്‌ലറ്റിക് ക്ലബ് തിരിച്ചടിച്ച് സമനില കണ്ടെത്തി. പിന്നീട് ആദ്യപകുതിയിലും രണ്ടാം പകുതിയുടെ അവസാന സമയം വരെയും കളി 1-1 എന്ന നിലയിൽ സമനിലയിലേക്ക് നീങ്ങുകയായിരുന്നു. നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ

റൊണാൾഡോയും കരിം ബെൻസിമയും ഗാരെത് ബെയിലും ഉൾപ്പെട്ട റയലിന്റെ മുന്നേറ്റ നിരയ്ക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് 75-ആം മിനുറ്റിൽ കരിം ബെൻസിമയുടെ പകരക്കാരനായി കളത്തിലിറങ്ങിയ ആൽവരോ മൊറാറ്റയാണ് കളി അവസാനിക്കാൻ ഏഴുമിനിറ്റ് ശേഷിക്കെ 83-ആം മിനുറ്റിൽ അത്‌ലറ്റിക് ക്ലബ്ബിന്റെ വല കുലുക്കിയത്.

ഈ ജയത്തോടെ ഒമ്പതു കളികളിൽ നിന്നും 21 പോയിന്റ് നേടിയ റയൽ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സെവില്ലയാണ്. 19 പോയിന്റുമായി ബാഴ്‌സയാണ് മൂന്നാം സ്ഥാനത്ത്. മാഴ്‌സലോയ്ക്ക് ഇസ്‌കോ കൈമാറിയ പന്ത് അത്‌ലറ്റിക് പ്രതിരോധ താരം എന്റിക് സബോറിറ്റിനെ വെട്ടിച്ച് ബ്രസീൽ വിങ്ങർ ബെൻസിമയ്ക്ക് കൈമാറി. ബെൻസിമ ഗോൾമുഖത്തേക്ക് തൊടുത്ത പന്ത് ഗോൾ കീപ്പർ ഗോർക ഇറൈസോസിനെയും കബളിപ്പിച്ച് വലയിലെത്തിയതോടെ കരിം ബെൻസിമയുടെ സീസനിലെ നാലാം ഗോൾ പിറന്നു. കളിയിൽ റയൽ മുന്നിലുമെത്തി.
എന്നാൽ ഈ ലീഡിന് 20 മിനുറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ജാവിയർ ഇറാസോയെ തടയുന്നതിൽ പെപെ വരുത്തിയ നേരിയ പിഴവ് മുതലെടുത്ത് ഇറാസോ ഉയർത്തി നൽകിയ ക്രോസ് ബോക്‌സിനുള്ളിൽ നിന്ന സബിന്റെ കാലുകളിലെത്തി. ക്ലോസ് റേഞ്ചിൽ നിന്നും സബിന്റെ വോളി വലയ്ക്കുള്ളിലായതോടെ അത്‌ലറ്റിക് ക്ലബിന് സമനില ഗോൾ...! ആദ്യപകുതിയിൽ കളി അവസാനിക്കുന്നതിന് മുൻപ് ലീഡ് തിരിച്ചുപിടിക്കാൻ റൊണാൾഡോയിലൂടെ റയലിന് അവസരം ഒരുങ്ങിയെങ്കിലും ഫലവത്തായില്ല.
പിന്നീട് 83-ആം മിനുറ്റിലാണ് ഗാരെത് ബെയിൽ നൽകിയ ക്രോസ് കാലുകളിലെടുത്ത് മൊറാറ്റ ഗോൾമുഖത്തേക്ക് പായിച്ചത്. എന്നാൽ അത്‌ലറ്റിക് ഗോളി ഇറൈസോസ് തടഞ്ഞിട്ടു. തടുത്തിട്ടെങ്കിലും പന്ത് കൈയിലൊതുക്കാൻ ഗോളിക്ക് കഴിഞ്ഞില്ല. പന്തുരുണ്ട് മൊറാറ്റയുടെ തന്നെ കാലുകളിൽ വീണ്ടും. പിന്നീട് ആ പന്ത് വലയിലാക്കാൻ പഴയ യുവന്റസ് താരത്തിന് അധികം
പ്രയാസപ്പെടേണ്ടിവന്നില്ല. കളിയുടെ ഒടുക്കം ആതിഥേയർക്ക് ലീഡ്. സിനദിൻ സിദാന്റെ ശിഷ്യർ ഇതോടെ ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായി കളം വിട്ടു.

Read More >>