തദ്ദേശ ഉപതിരഞ്ഞെടുപ്പ് ; എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം

രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനും അടക്കം പത്തിടത്ത് എല്‍ഡിഎഫ് വിജയം നേടി

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ; എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം

തിരുവനന്തപുരം: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനും അടക്കം പത്തിടത്ത് എല്‍ഡിഎഫിന് വിജയം.

യുഡിഎഫില്‍ നിന്നും നാല് വാര്‍ഡുകള്‍ എല്‍ഡിഎഫിന് കൈക്കലാക്കാന്‍ സാധിച്ചപ്പോള്‍ എല്‍ഡിഎഫില്‍ നിന്നും ഒരു വാര്‍ഡ്‌ മാത്രമാണ് യുഡിഎഫിനു നേടാന്‍ സാധിച്ചത്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കിഴുവിലം ഡിവിഷനില്‍ 1993 വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീകണ്ഠന്‍ നായര്‍ വിജയിച്ചു. അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മരുതംകോട് വാര്‍ഡ് സിപിഐഎം സ്ഥാനാര്‍ഥി ബിബി സുജിതാറാണിയിലൂടെ സിപിഎം നിലനിര്‍ത്തി. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ സീമന്തപുരം വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി രജനി രഞ്ജിത് 311 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പടഞ്ഞാറ്റേലയിലെ യുഡിഎഫ് വാര്‍ഡ്‌ എല്‍ഡിഎഫ് പിടിച്ചെടുത്തു.


തൃശൂരില്‍ കയ്പമംഗലം ജില്ല പഞ്ചായത്ത്‌ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ സ്ഥാനാര്‍ഥി ബി ജി വിഷ്ണു 6880 വോട്ടിനു വിജയിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്സ് വാര്‍ഡായ ഞമനേങ്ങാട് സിപിഐ എമ്മിലെ സിന്ധു മനോജിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പല്ലൂര്‍ ഈസ്റ്റ് വാര്‍ഡില്‍ കെ ജയരാജ് (സിപിഐ എം) വിജയിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍ കയ്യാലയ്ക്കല്‍ വാര്‍ഡില്‍ സിപിഐഎമ്മിന്റെ എന്‍ നൌഷാദ് വിജയിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് വാര്‍ഡായ അരീക്കാട് ഷമീല്‍ മുഹമ്മദിന്‍റെ വിജയത്തോടെ യുഡിഎഫ് സ്വന്തമാക്കി. പാലക്കാട് മുനിസിപ്പാലിറ്റി മേപ്പറമ്പ് വാര്‍ഡാണ് ബിജെപി നിലനിര്‍ത്തിയ ഏക വാര്‍ഡ്‌. വി എ ശാന്തിയാണ് വിജയിച്ചത്. ഇടുക്കി, മാങ്കുളം ഗ്രാമപഞ്ചായത്ത് അമ്പതാം മൈല്‍ വാര്‍ഡ് കോണ്‍ഗ്രസ്സില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചടക്കി. ബിന്‍സി റോയിയാണ് വിജയി. കാമാക്ഷി ഗ്രാമപഞ്ചായത്ത് കാല്‍വരി മൌണ്ട് വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ബിജുമോന്‍ വിജയിച്ചു.

മാനന്തവാടി ബ്ളോക്ക് തിരുനെല്ലി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സതീഷ്‌കുമാര്‍ 2924 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷൈജു കാട്ടിപറമ്പിലിനെ പരാജയപ്പെടുത്തിയത്. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ആയിറ്റി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.

Read More >>