'സിസേറിയന്‍ അത്ര സുഖമുള്ള ഒരു ഏര്‍പ്പാടല്ല'; ലീയുടെ പോസ്റ്റ്‌ വൈറലാകുന്നു

ശസ്ത്രക്രിയ ലഘുവായ ഒരു പ്രസവരീതിയാണ് എന്ന സങ്കല്‍പ്പത്തെയാണ് അനുഭവത്തിലൂടെ ലീ വിവരിക്കാന്‍ ശ്രമിക്കുന്നത്. സിസേറിയന്‍ സമ്മാനിച്ച മുറിപ്പാടും ലീ പോസ്റ്റ്‌ ചെയ്തിരുന്നു.

ജന്മം നല്‍കുവാന്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുഖകരമായി തിരഞ്ഞെടുക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് സിസേറിയന്‍ എന്ന് ഇന്നും പൊതുവേ വിശ്വസിക്കപ്പെടുന്നു. വേദനയറിയാതെ പ്രസവിക്കുവാനുള്ള ഉപാധി എന്ന നിലയിലാണ് പലപ്പോഴും സിസേറിയന്‍ എന്ന ശസ്ത്രക്രിയയെ വിലയിരുത്തപ്പെടുന്നതും. എന്നാല്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഈ അമ്മ പറയുന്നു നിങ്ങള്‍ കരുതുന്നത് പോലെ സിസേറിയന്‍ അത്ര സുഖമുള്ള ഒരു ഏര്‍പ്പാടല്ല!

അടിയന്തരമായ സാഹചര്യത്തില്‍ സിസേറിയന് വിധേയയാകേണ്ടി വന്ന അമ്മയാണ് റെ ലീ എന്ന അമേരിക്കന്‍ വനിത. സിസേറിയന്‍ അത്ര ലഘുവായ ഒരു അനുഭവമല്ല എന്ന് ലീ വിവരിക്കുന്നു. ആ ദിവസം താന്‍ കടന്നു പോയ അനുഭവങ്ങളെക്കുറിച്ച്

ലീ ഫേസ്ബുക്കില്‍ എഴുതിയത് 29,400 പേര്‍ ഇതുവരെ ഷെയര്‍ ചെയ്തു കഴിഞ്ഞു.

[caption id="attachment_52911" align="aligncenter" width="439"]സിസേറിയനെ തുടര്‍ന്ന് ലീ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് അടിവയറ്റിലെ മുറിപ്പാടിന്‍റെ ചിത്രം ലീ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത അടിവയറ്റിലെ മുറിപ്പാടിന്‍റെ ചിത്രം[/caption]

ശസ്ത്രക്രിയ ലഘുവായ ഒരു പ്രസവരീതിയാണ് എന്ന സങ്കല്‍പ്പത്തെയാണ് അനുഭവത്തിലൂടെ ലീ വിവരിക്കാന്‍ ശ്രമിക്കുന്നത്. സിസേറിയന്‍ സമ്മാനിച്ച മുറിപ്പാടും ലീ പോസ്റ്റ്‌ ചെയ്തിരുന്നു. ആഴത്തിലും നീളത്തിലും മനുഷ്യശരീരത്തില്‍ മുറിവുണ്ടാക്കുന്നത് തന്നെ എത്രമാത്രം വേദനാജനകമായ അവസ്ഥയാണ് എന്ന് ചിന്തിക്കാന്‍ കഴിയുന്നതേയുള്ളു
"ഓ..സിസേറിയന്‍ ആയിരുന്നോ? അപ്പോള്‍ പ്രസവിക്കുകയായിരുന്നില്ല..സുഖമായി കുഞ്ഞിനെ പുറത്തെടുത്തു..അല്ലെ?"

അതേ..എന്‍റെ സിസേറിയന്‍ തികച്ചും എന്‍റെ സൗകര്യമായിരുന്നു. 38 മണിക്കൂര്‍ നീണ്ട പ്രസവവേദനയ്ക്ക് ശേഷം എന്‍റെ കുഞ്ഞ് അപകടത്തിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്ത സൗകര്യമായിരുന്നു അത്. എന്‍റെ മാംസപേശികളുടെ  ഓരോ സങ്കോചനവും എന്‍റെ കുഞ്ഞിന്‍റെ ഹൃദയമിടിപ്പിനെ തടയുകയായിരുന്നു.

എനിക്ക് സുഖപ്രസവം സാധ്യമാകും എന്നായിരുന്നു ഗര്‍ഭകാലത്തെ പതിവ് ചെക്കപ്പുകളില്‍ അറിയിച്ചിരുന്നത്. സിസേറിയന്‍ ആവശ്യമായി വരില്ല എന്നും അവര്‍ പറഞ്ഞിരുന്നു. എന്നിരുന്നിട്ടും എന്‍റെ ശരീരം ഒരു മേജര്‍ ഓപറേഷനു വേണ്ടി തയ്യാറാക്കണം എന്ന് പെട്ടെന്ന് അറിയിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപോയില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്?

എന്‍റെ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ എന്‍റെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. നിസ്സാരമായി കരുതാന്‍ കഴിയുന്ന ഒരു ചെറിയ ശസ്ത്രക്രിയയല്ലെലോ സിസേറിയന്‍.

എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും കഠിനമായ വേദനയായിരുന്നു സിസേറിയന്‍. ഞാനും ഇപ്പോള്‍ ആ അമ്മമാരുടെ കൂട്ടത്തില്‍ ഒരാളാണ്- അടിവയറ്റില്‍ കുറുകെ കാണുന്ന ഒരു വലിയ മുറിവുണങ്ങിയ പാട് ഞങ്ങള്‍ക്കുണ്ടാകും. ഞങ്ങളില്‍ നിന്നും മുറിച്ചെടുത്ത മക്കളോട് ഈ മുറിവുണങ്ങിയ പാട് കാണിച്ചുകൊടുത്തു ഒരു അതിജീവനത്തിന്റെ കഥ ഞങ്ങള്‍ക്ക് പറയാനുണ്ടാകും. ( ജീവിക്കാനാകാതെ മരിച്ചുപോയവരും ധാരാളമാണ്).

5" നീളം മാത്രമുള്ള ഒരു മുറിവുണ്ടാക്കി അതിലൂടെ കൊഴുപ്പ് പാളികളും മാംസവും ആന്തരാവയവങ്ങളും വകഞ്ഞുമാറ്റി (പ്രസവം കഴിയുന്നത്‌ വരെ ഇവയെല്ലാം ശരീരത്തിന് പുറത്തായിരിക്കും എന്നും വിസ്മരിക്കരുത്) ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ അവര്‍ തിരഞ്ഞു കണ്ടെത്തുകയായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

കഴിഞ്ഞില്ല, ഒന്നിരിക്കാന്‍ പോലും കഴിയാത്തവിധം മാംസം ഉടഞ്ഞിട്ടുണ്ടാകും. കുറഞ്ഞത്‌ ആറു ആഴ്ചകള്‍ എങ്കിലും വേണം പരസഹായമില്ലാതെ ഒന്നു എഴുന്നേറ്റിരിക്കാന്‍. കാരണം ശരീരം സ്വാഭാവികമായും ഈ മുറിവുകളെ അതിജീവിക്കേണ്ടതല്ലേ.

കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കു എന്ന് ആ നേഴ്സ് ആവശ്യപ്പെട്ടതനുസരിച്ചു അതിനു ശ്രമിച്ചപ്പോഴാണ് എന്‍റെ ശരീരം കുറുകെ കീറിമുറിച്ചതിന്‍റെ അതിവേദന ഞാന്‍ കൂടുതല്‍ അറിഞ്ഞത്. ഒപ്പം, തുന്നിക്കെട്ടിയ മാംസവും വലിഞ്ഞുമുറുകിയപ്പോള്‍ അസഹനീയമായ വേദന കൊണ്ടു ഞാന്‍ നിലവിളിച്ചു. സിസേറിയന്‍ സുഖമുള്ള ഏര്‍പ്പാടല്ലേ എന്ന് ചോദിച്ചവര്‍  അപ്പോള്‍ എന്‍റെ മുന്നില്‍ വന്നിരുന്നുവെങ്കില്‍..

ഏറ്റവും കരുത്തുള്ള സ്ത്രീയാണ് ഞാന്‍, അതെനിക്കറിയാം. എനിക്ക് വേണ്ടി മാത്രമല്ല, എന്‍റെ പുന്നാരമകനും വേണ്ടികൂടിയാണത്. അവന്‍റെ പുഞ്ചിരിക്കുന്ന മുഖം കാണാന്‍ ഇനിയും കരുത്തു നേടാന്‍ ഞാന്‍ ഒരുക്കമാണ്!

ലീയുടെ എഫ്.ബി പോസ്റ്റ്‌ ലോകമെമ്പാടും വൈറല്‍ ആയിക്കഴിഞ്ഞു. ഓഗസ്റ്റ്‌ 19നാണ് റെ ലീ ഈ കുറിപ്പെഴുതുന്നത്. വളരെയധികം ആളുകളും ഈ പോസ്റ്റിന് പിന്തുണ നല്‍കി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജന്മം നല്‍കുന്നതില്‍ ഒരു മത്സരം എന്തിനാണ് എന്ന് ഷെല്ലി വില്യംസ് എന്ന യുവതി ചോദിക്കുന്നു. ഈ കാര്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മക്കളും അമ്മമാര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും, അതില്‍ എങ്ങനെ പ്രസവിച്ചു എന്നുള്ള ചിന്ത അപ്രസക്തമാണ്.

സുഖപ്രസവത്തിനു ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ശരീരം ആരോഗ്യം വീണ്ടെടുക്കുമ്പോള്‍, സിസേറിയന് ഇതിനു ആഴ്ചകള്‍ വേണ്ടി വരുംമെന്നു സ്വന്തം അനുഭവങ്ങളിലൂടെ മരിസ എന്ന സ്ത്രീയും പങ്കു വയ്ക്കുന്നു. കൂടാതെ സിസേറിയന്‍ ചെലവേറിയ ചികിത്സാരീതി കൂടിയാണ്. ഇങ്ങനെയിരിക്കെ ചപലമായ ഒരു ആശ്വാസത്തിന് സിസേറിയന്‍ തിരഞ്ഞെടുക്കാന്‍ ഒരു സ്ത്രീ മുതിരുമെന്ന് കരുതുന്നുണ്ടോ?

ഏതായലും ഒരു കാര്യം വ്യക്തമാണ്, അനസ്തേഷ്യ നല്‍കുന്ന മയക്കത്തില്‍ പ്രസവം എളുപ്പമാക്കാം എന്ന ചിന്തയിലല്ല ഭൂരിപക്ഷം സ്ത്രീകളും സിസേറിയന് വിധേയമാകുന്നത്. ഗര്‍ഭസ്ഥശിശുവിന്‍റെയും അമ്മയുടെയും ആരോഗ്യവും സുരക്ഷയും മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍.