സച്ചിൻ ബേബിക്കും ജലസ് സക്‌സേനയ്ക്കും അർദ്ധസെഞ്ച്വറി, ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു

സച്ചിൻ ബേബിക്കും ജലസ് സക്‌സേനയ്ക്കും അർദ്ധസെഞ്ച്വറി, ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ

ഭുവനേശ്വർ: രഞ്ജി ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. സച്ചിൻ ബേബിയുടെയും (51*) ജലജ് സക്‌സേനയുടെയും (58*) അർദ്ധസെഞ്ച്വറികളുടെ മികവിലാണ് കേരളം മാന്യമായ സ്‌കോർ കണ്ടെത്തിയത്.

കളി തുടങ്ങിയ ശേഷം നാലാം ഓവറിൽ തന്നെ അഞ്ചു റൺസെടുത്ത ഓപ്പണർ വി.എ. ജഗദീഷിനെ കേരളത്തിന് നഷ്ടമായിരുന്നു. ഹിമാചലിനെതിരെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ആറാമനായി ഇറങ്ങിയ വി.എ. ജഗദീഷിനെ ഓപ്പൺ ചെയ്യിപ്പിച്ച ക്യാപ്റ്റന്റെ തന്ത്രം ഭുവനേശ്വറിലെ കെ.ഐ.ഐ.ടി സ്റ്റേഡിയത്തിൽ ഫലിച്ചില്ല. ടോട്ടൽ സ്‌കോർ 16ൽ നിൽക്കെ സി.വി. മിലിന്ദിന്റെ പന്തിൽ സുമന്ത് കൊല്ലയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ജഗദീഷിന്റെ മടക്കം.


പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹൻ പ്രേം, ഓപ്പണർ ഭവിൻ ജെ. താക്കറുമായി ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. രണ്ടാം വിക്കറ്റിൽ 75 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ആകാശ് ഭണ്ഡാരി എറിഞ്ഞ 37-ആം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ ഭവിൻ ജെ. താക്കർ ക്ലീൻ ബൗൾഡായി. 101 പന്തിൽ നിന്നും 38 റൺസ് കൂട്ടിച്ചേർത്താണ് ഭവിൻ ക്രീസ് വിട്ടത്. പിന്നീടെത്തിയ സഞ്ജു സാംസനും പിടിച്ചുനിൽക്കാനായില്ല. 50 പന്തുകൾ നേരിട്ട് 15 റൺസ് നേടിയ സഞ്ജു, രവി കിരണിന്റെ പന്തിൽ ക്ലീൻ ബൗൾഡായതോടെ കേരളം 50 ഓവർ തികയുമ്പോൾ മൂന്നിന് 107 റൺസ് എന്ന നിലയിലായിരുന്നു.

തുടർന്ന് ടോട്ടൽ സ്‌കോറിൽ രണ്ടു റൺസ് കൂടി ചേർക്കുന്നതിനിടെ ക്യാപ്റ്റൻ രോഹൻ പ്രേമിനെയും കേരളത്തിന് നഷ്ടമായി. 156 പന്തുകളിൽ നിന്ന് 41 റൺസെടുത്ത ക്യാപ്റ്റനെ ഹൈദരാബാദ് ബൗളർ മെഹ്ദി ഹസൻ, സുമന്ത് കൊല്ലയുടെ കൈകളിൽ എത്തിച്ചായിരുന്നു പവലിയനിലേക്ക് തിരിച്ചയച്ചത്. സഞ്ജു സാംസൻ പുറത്തായ ശേഷം ക്രീസിലെത്തിയ സച്ചിൻ ബേബിയും ക്യാപ്റ്റന് ശേഷം ആറാമനായി ഇറങ്ങിയ ജലജ് സക്‌സേനയുമാണ് പിന്നീട് കേരളത്തിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

126 പന്തുകളിൽ നിന്ന് ആറു ബൗണ്ടറികളോടെയാണ് സച്ചിൻ ബേബി 51 റൺസെടുത്തത്. 98 പന്തുകൾ നേരിട്ട ജലജ് സക്‌സേന 11 ബൗണ്ടറികളോടെ 58 റൺസ് എടുത്തു. അഞ്ചാം വിക്കറ്റിൽ ഈ അപരാജിത കൂട്ടുകെട്ട് ഇതിനകം തന്നെ 114 റൺസെടുത്തിട്ടുണ്ട്.

ഹൈദരാബാദിന് വേണ്ടി ബൗളർമാരായ രവി കിരൺ, സി.വി. മിലിന്ദ്, മെഹ്ദി ഹസൻ, ആകാശ് ഭണ്ഡാരി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജമ്മു കാശ്മീരിനെതിരെ നടന്ന ആദ്യ മത്സരം സമനിലയിലാകുകയും ഹിമാചലിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ തോൽക്കുകയും ചെയ്ത കേരളം, ഇപ്പോൾ സി ഗ്രൂപ്പിൽ ഏഴാം സ്ഥാനത്താണ്. ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ, ജമ്മു കാശ്മീർ, ഹൈദരാബാദ്, ത്രിപുര തുടങ്ങിയ ടീമുകളാണ് യഥാക്രമം ഗ്രൂപ്പിലെ ആദ്യ സ്ഥാനങ്ങളിൽ.

Read More >>