മഴത്തുള്ളി ചികിത്സ നല്ലതാണ്,ശരീരത്തിനും മനസ്സിനും!

ഈ ചികിത്സാരീതിയ്ക്കു ആയുര്‍വേദത്തിലെ 'ധാര'യോട് ഏറെ സമാനതകളുണ്ട്.

മഴത്തുള്ളി ചികിത്സ നല്ലതാണ്,ശരീരത്തിനും മനസ്സിനും!

മഴത്തുള്ളികളും അതിന്‍റെ വേഗതയും മനുഷ്യജീവനുമായി ബന്ധപെടുത്തിയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ അങ്ങനെയൊരു ചികിത്സാരീതി നിലനില്‍ക്കുന്ന കാര്യമറിയാമോ? റെയിന്‍ഡ്രോപ്പ് (മഴത്തുള്ളി) തെറാപ്പി എന്നാണ് ഈ ചികിത്സാരീതിയുടെ പേര്.

1980കളില്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതി അവലംബിക്കുന്നത്. വിവിധങ്ങളായ സുഗന്ധതൈലങ്ങള്‍ ഉപയോഗിച്ചു ശരീരം മസ്സാജ് ചെയ്യുന്നതാണ് ഇതിലെ പ്രധാന കര്‍മ്മം. ഇന്ത്യയും ചൈനയും പാരമ്പര്യമായി ശീലിച്ചു വരുന്ന ഉഴിച്ചില്‍ ചികിത്സയുടെ ആധുനിക വകഭേദമാണ് റെയിന്‍ഡ്രോപ്പ് തെറാപ്പി. ഈ ചികിത്സാരീതിയ്ക്കു ആയുര്‍വേദത്തിലെ 'ധാര'യോട് ഏറെ സമാനതകളുണ്ട്.


ശരീരത്തിന്‍റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളില്‍ ഔഷധഗുണമുള്ള സുഗന്ധതൈലങ്ങള്‍ മഴത്തുള്ളി പോലെ ഇറ്റിറ്റ് വീഴ്ത്തി, പ്രത്യേക രീതിയില്‍ മസാജ് ചെയ്യുകയാണ് റെയിന്‍ ഡ്രോപ്പ് തെറാപ്പിയില്‍ ചെയ്യുന്നത്. മാംസപേശികളുടെ ആരോഗ്യത്തിന് മാത്രമല്ല, മാനസിക വിശ്രാന്തിയും ഈ ചികിത്സയിലൂടെ ലഭിക്കുന്നു.

മുഖ്യമായും നട്ടെല്ലിന് പുറത്തുകൂടി ശരീരത്തിലുള്ള മസ്സാജാണ് റെയിന്‍ഡ്രോപ്പ് തെറാപ്പിയില്‍ ചെയ്യുന്നതെങ്കിലും ചില സമയങ്ങളില്‍ ഈ ചികല്‍സയില്‍ പാദങ്ങളിലും ഉഴിച്ചില്‍ നടത്താറുണ്ട്‌. 5" ഉയരത്തില്‍ നിന്നും ശരീരത്തിലേക്ക് തൈലം ഇറ്റിച്ചു വീഴ്ത്തുന്നത് മഴ നനയുന്ന പ്രതീതി ലഭിക്കും എന്നുള്ളത് കൊണ്ടാണ് ഈ തെറാപ്പിക്ക് ഇങ്ങനെയൊരു പേര് ലഭിച്ചത്. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയായിരിക്കും ഒരു സെഷന്‍റെ ദൈര്‍ഘ്യം.

മറ്റു ദൂഷ്യവശങ്ങള്‍ ഒന്നുമില്ല എന്നുള്ളതും സുഖപ്രദമായ ഉഴിച്ചിലും ലഭിക്കും എന്നുള്ളത് കൊണ്ടും റെയിന്‍ഡ്രോപ്പ് തെറാപ്പി യുറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാവുകയാണ്.
ശരീരപേശികളുടെ അയവിന് റെയിന്‍ഡ്രോപ്പ് തെറാപ്പി സഹായിക്കുന്നു. പ്രത്യേകിച്ചു പുറംവേദനയ്ക്കും, ശരീരത്തിന്‍റെ പേശിവലിവിനും നല്ലൊരു പരിധി വരെ ഈ തെറാപ്പി ആശ്വാസം നല്‍കുന്നു.

രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുത്തമമാണ്. ഔഷധതൈലങ്ങള്‍ ഉപയോഗിച്ചുള്ള ഉഴിച്ചിലാണ് ഇതിനു സഹായിക്കുന്നത്.രക്തയോട്ടം സുഗമമാക്കുന്ന വഴി ശരീരത്തിന് പുതു ഉര്‍ജ്ജം ലഭിക്കുവാനും ഈ ചികിത്സാരീതി പ്രയോജനം ചെയ്യുന്നു.
റെയിന്‍ ഡ്രോപ്പ് തെറാപ്പിയ്ക്ക് വിധേയവരായവര്‍ക്ക് പല രോഗാവസ്ഥയുടെ ശാരീരിക-മാനസിക വേദനകളില്‍ നിന്നുള്ള ആശ്വാസവും ലഭിക്കുന്നതോടെ റെയിന്‍ ഡ്രോപ്പ് തെറാപ്പി തേടുന്നവരുടെ എണ്ണത്തിലും ദിനംപ്രതി വന്‍വര്‍ധനവാണ് ഉണ്ടാകുന്നത്.