ഖത്തർ മുൻ അമീർ ഷെയ്ഖ് ഖലീഫ അന്തരിച്ചു

അസുഖ സംബന്ധമായ കാരണങ്ങളാല്‍ ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

ഖത്തർ മുൻ അമീർ ഷെയ്ഖ് ഖലീഫ അന്തരിച്ചു

ദോഹ: ഖത്തർ മുൻ അമീറും ഇപ്പോഴത്തെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാമഹനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി (84) അന്തരിച്ചു. അസുഖ സംബന്ധമായ കാരണങ്ങളാല്‍ ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

ഖലീഫയുടെ മരണത്തെ തുടര്‍ന്ന് ഖത്തറിൽ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തർ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല.

അൽ റയ്യാനിൽ 1932ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ 1957ൽ വിദ്യാഭ്യാസ മന്ത്രിയായാണു ഭരണരംഗത്തെത്തുന്നത്. വൈകാതെ ഡപ്യൂട്ടി അമീറായ അദ്ദേഹം 1960ൽ കിരീടാവകാശിയായി. 1960 മുതൽ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവർത്തിച്ചു. പിന്നീട് 1972 മുതൽ 1995 വരെ അദ്ദേഹം ഖത്തർ അമീറായി പ്രവര്‍ത്തിച്ചു.