ഇങ്ങള് മലപ്പുറത്തേക്ക് വാ ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ; എന്‍.ഗോപാലകൃഷ്ണനെ സുലൈമാനി കുടിക്കാന്‍ ക്ഷണിച്ച് പി വി അബ്ദുല്‍ വഹാബ് എംപിയുടെ പോസ്റ്റ്

മലബാറിന്റേം, മലപ്പുറത്തിന്റേം, മാപ്പിളമാരുടേം ചരിത്രമറിയുന്ന ആരും ഇവിടത്തെ മുസ്ലിങ്ങളെ അവഹേളിക്കാന്‍ തയ്യാറാകില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, സാമ്പത്തിക ചരിത്രം ഇവയെല്ലാം നന്നായൊന്ന് പഠിച്ചാല്‍ ദേശസ്നേഹം ഒരു സമുദായത്തിന്റെ മാത്രം കുത്തകയല്ലെന്ന് ബോധ്യമാകും.

ഇങ്ങള് മലപ്പുറത്തേക്ക് വാ ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ; എന്‍.ഗോപാലകൃഷ്ണനെ സുലൈമാനി കുടിക്കാന്‍ ക്ഷണിച്ച്  പി വി അബ്ദുല്‍ വഹാബ് എംപിയുടെ പോസ്റ്റ്

മലപ്പുറം: മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെപോലെ പെറ്റുകൂട്ടുകയാണെന്ന പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണനെ സുലൈമാനി കുടിക്കാന്‍ മലപ്പുറത്തേക്ക് ക്ഷണിച്ച് പി വി അബ്ദുല്‍ വഹാബ് എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും അദേഹം മാപ്പപേക്ഷിക്കുകയും ചെയ്തതിനിടയാണ് അബ്ദുൾ വഹാബിന്റെ പേജിൽ 'എന്റെ വക സുലൈമാനി'എന്ന ഹാഷ് ടാഗില്‍ എഫ് ബി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ മതവിദ്വേഷത്തില്‍ നീറിപ്പുകയുമ്പോഴും ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഒരുമയോടെ കഴിയുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നുണ്ടാകും. പിന്നെ മുസ്ലിങ്ങള്‍ മാത്രം വോട്ട് ചെയ്തല്ല ഇവിടെ നിന്ന് എം എല്‍ എമാര്‍ ഉണ്ടാകുന്നത്. ഹിന്ദുക്കളും, ക്രിസ്ത്യാനികളും എല്ലാം സ്നേഹത്തോടെ തന്നെയാണ് വോട്ട് ചെയ്യുന്നത്. മുസ്ലിമുകള്‍ക്ക് മാത്രമായി ഇവിടെ എംഎല്‍എമാരില്ല. അതുകൊണ്ട് നിങ്ങളീ സുലൈമാനി ചൂടാറും മുമ്പ് കുടിച്ച് മലപ്പുറത്തിന്റെ ഖല്‍ബിലെന്താണെന്ന് അനുഭവിച്ചറിയൂ...  മുസ്ലിമായതില്‍ അഭിമാനിക്കുന്ന ഇന്ത്യക്കാരനായതില്‍ ആനന്ദിക്കുന്ന ഒരു ഇന്ത്യന്‍ മുസ്ലിമായി ജീവിക്കുന്നതില്‍ ആത്മാഭിമാനം കൊള്ളുന്ന ലക്ഷങ്ങളെ നിങ്ങള്‍ക്കിവിടെ കാണാനാകുമെന്നും പോസ്റ്റിലുണ്ട്

ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇങ്ങള് മലപ്പുറത്തേക്ക് വാ ഒരു സുലൈമാനി കുടിച്ചാല്‍ തീരാനുള്ള കാര്യള്ളൂ... #entevakasulaimani
മലപ്പുറം പാക്കിസ്ഥാനാണെന്ന് പറയുന്ന എല്ലാവരും ഇങ്ങോട്ടൊന്നു വരണം. എന്റെ വക ഒരു സുലൈമാനീം കുടിച്ച് ഈ നാടും കണ്ട് നാട്ടാരേം കണ്ട് തിരിച്ചു പോകുമ്പം തീരുന്ന പ്രശ്നേയുള്ളു.

മലബാറിന്റേം, മലപ്പുറത്തിന്റേം, മാപ്പിളമാരുടേം ചരിത്രമറിയുന്ന ആരും ഇവിടത്തെ മുസ്ലിങ്ങളെ അവഹേളിക്കാന്‍ തയ്യാറാകില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, സാമ്പത്തിക ചരിത്രം ഇവയെല്ലാം നന്നായൊന്ന് പഠിച്ചാല്‍ ദേശസ്നേഹം ഒരു സമുദായത്തിന്റെ മാത്രം കുത്തകയല്ലെന്ന് ബോധ്യമാകും.

മതവിദ്വേഷത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങള്‍ നീറി പുകയുമ്പോള്‍ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമെല്ലാം ഒരുമയോടെ ഇവിടെ ജീവിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാകാം. അവരുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തില്‍ ഇര പിടിക്കാനും, സ്വയം ഇരയാകാനും ഇവിടത്തെ മുസ്ലിം സമുദായത്തെ കിട്ടാത്തതും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാകും. കേരളത്തിന്റെ അതിസമ്പന്നമായ സംസ്‌കാരത്തിന്റെ മഹത്തായ ഏടുകള്‍ പലതിലും മലപ്പുറം ജില്ലയുടെ കരസ്പര്‍ശം കാണാനാകും. തുഞ്ചനും, പൂന്താനവും, വള്ളത്തോളുമെല്ലാം ഈ മണ്ണില്‍ ജനിച്ച് ഈ മണ്ണിന്റെ മഹത്വം ഉയര്‍ത്തിയവരാണ്. അവര്‍ക്കാര്‍ക്കും ഇവിടത്തെ മുസ്ലിം ജനത അസ്വസ്ഥതയായി തോന്നിയിട്ടില്ല. കാരണം നിങ്ങള്‍ക്കില്ലാത്ത വിശാലമായൊരു കാഴ്ച്ചപാട് അവര്‍ക്കുണ്ടായിരുന്നു.

മതഭ്രാന്ത് മൂത്ത് അങ്ങ് ഉത്തരദേശത്ത് ബാബറി മസ്ജിദ് ആക്രമിച്ചപ്പോഴും മതസൗഹാര്‍ദമെന്ന ഒറ്റവാക്കില്‍ എല്ലാ വൈകാരിക വിസ്ഫോടനങ്ങളും കുഴിച്ചു മൂടാന്‍ മലപ്പുറത്തെ സമുദായ നേതാക്കള്‍ക്ക് സാധിച്ചുവെന്നത് നിങ്ങള്‍ വിസ്മരിക്കരുത്.

മതസൗഹാര്‍ദത്തിന് കോട്ടമുണ്ടാക്കാന്‍ ക്ഷുദ്രശക്തികള്‍ ഓരോന്നായി ശ്രമിച്ചപ്പോഴും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മഹനീയമായ വ്യക്തിത്വം നടത്തിയ ഇടപെടലുകള്‍ ചരിത്ര പുസ്തകങ്ങളില്‍ തിരയണമെന്നില്ല. നിങ്ങള്‍ ഘോരഘോരം പ്രസംഗിക്കുന്ന കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ഗൂഗിളെന്ന സെര്‍ച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ മതിയാകും. നിങ്ങള്‍ പറയുന്ന ഈ പാക്കിസ്ഥാനിലാണ് കേരളത്തിലെ പ്രശസ്തമായ പല ഹൈന്ദവ ക്ഷേത്രങ്ങളും തലയുയുര്‍ത്തി നില്‍ക്കുന്നത്. അവയൊന്നും ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ലെങ്കില്‍ അത് ഭാരതമെന്ന മൂന്നക്ഷരത്തില്‍ കോര്‍ത്തെടുത്ത ദേശസ്നേഹം കൊണ്ട് മാത്രമാണ്.

കുഞ്ഞാലി മരക്കാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ലിയാര്‍, മമ്പുറം തങ്ങള്‍, ഉമ്മര്‍ ഖാസി എന്നീ പേരുകളൊന്നും നിങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ വഴിയില്ല. പക്ഷേ നിങ്ങളുടെ മനസിലെ അസഹിഷ്ണുത ഇതൊന്നും അംഗീകരിക്കാന്‍ സമ്മതിക്കുന്നുണ്ടാകില്ല. ഇനി കേട്ടിട്ടില്ലെങ്കില്‍ ഇങ്ങോട്ടൊന്ന് വരണം നമ്മള്‍ക്ക് സുലൈമാനിക്കൊപ്പം കുറച്ച് ചരിത്രോം പഠിക്കാം.

കേരളമിന്ന് വികസന സൂചികയില്‍ ലോകത്തെ മികച്ച രാജ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുണ്ടെങ്കില്‍ മരുഭൂമിയില്‍ മലപ്പുറംകാരൊഴുക്കിയ വിയര്‍പ്പിന്റെ വിലകൂടിയാണിത്.

പിന്നെ മുസ്ലിങ്ങള്‍ മാത്രം വോട്ട് ചെയ്തല്ല ഇവിടെ നിന്ന് എം എല്‍ എമാര്‍ ഉണ്ടാകുന്നത്. ഹിന്ദുക്കളും, കൃസ്ത്യാനികളും എല്ലാം സ്നേഹത്തോടെ തന്നെയാണ് വോട്ട് ചെയ്യുന്നത്. മുസ്ലിമുകള്‍ക്ക് മാത്രമായി ഇവിടെ എം എല്‍ എമാരില്ല.

അതുകൊണ്ട് നിങ്ങളീ സുലൈമാനി ചൂടാറും മുമ്പ് കുടിച്ച് മലപ്പുറത്തിന്റെ ഖല്‍ബിലെന്താണെന്ന് അനുഭവിച്ചറിയൂ.... മുസ്ലിമായതില്‍ അഭിമാനിക്കുന്ന ഇന്ത്യക്കാരനായതില്‍ ആനന്ദിക്കുന്ന ഒരു ഇന്ത്യന്‍ മുസ്ലിമായി ജീവിക്കുന്നതില്‍ ആത്മാഭിമാനം കൊള്ളുന്ന ലക്ഷങ്ങളെ നിങ്ങള്‍ക്കിവിടെ കാണാനാകും.

I invite all the haters of Muslims in Malappuram to Malappuram. Let us have a glass of sulaimani (black tea) and feel how we host you without considering your cast or colour.

Malappuram has played a key role in the Independence struggle of our country and also gave birth to many freedom fighters. It is the place where the literary icons like Thunjathu Ezhuthachan, Poonthanam and Vallathol have born. They have not felt any intolerance towards anyone here.

Malappuram has stood behind secularism when various parts of country had witnessed intolerance after the demolition of Babri Masjid. Our leaders stood for peace when the sentiments had been hurt on different occasions.

We are Muslims who are proud to be called as an Indian.

Read More >>