ലാലേട്ടന്‍ മാസ്ഡാ; പുലിമുരുകന്‍ നാളെ!

മമ്മൂട്ടിയുടെ മൃഗയയോട് മത്സരിക്കാന്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം പുലിയുമായി നാളെ മോഹന്‍ലാല്‍ തിയേറ്ററില്‍

ലാലേട്ടന്‍ മാസ്ഡാ; പുലിമുരുകന്‍ നാളെ!

ലാല്‍ലഹരിയില്‍ ആരാധകര്‍. ഫാന്‍സിനായി പുലര്‍ച്ചെ ഷോ. മലയാളത്തിലെ ഏറ്റവും വലിയ പണം മുടക്കി ചിത്രം ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രമാകുമോയെന്നറിന്‍ മണിക്കൂറുകള്‍ മാത്രം...

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് മാസ്പ്പടം പുലിമുരുകന്‍ നാളെ തിയറ്ററിലേയ്ക്ക്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ഞൂറിലധികം തീയറ്ററുകളിലാണ് സിനിമയെത്തുന്നത്. പ്രേക്ഷകര്‍ക്കായുള്ള ഷോകള്‍ക്ക് മുന്‍പ് കേരളത്തിലെ 200 കേന്ദ്രങ്ങളും പുലര്‍ച്ചെ തുറക്കും. രാവിലെ 8ന് ആരംഭിക്കുന്ന ഫാന്‍സിനായി പ്രത്യേക ഷോയോടെ പുലിമുരുകന്റെ 'കലിപ്പ് എന്‍ട്രി'.


mammootty

27 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയേറ്ററുകളെ അലറി വിറപ്പിച്ച പുലിയും വാറുണ്ണിയേയും മറക്കാനായിട്ടില്ല. മമ്മൂട്ടി വാറുണ്ണിയായെത്തിയ മൃഗയ (1989). ലോഹിതദാസിന്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത എക്കാലത്തേയും വിറപ്പിക്കുന്ന ചിത്രം. ഗ്രാമത്തിനു തലവേദനയായ പുലിയെ പിടിക്കാന്‍ വരുന്ന വാറുണ്ണി അതിലും തലവേദന സൃഷ്ടിക്കുന്നതിന്റെ ചിത്രീകരണം. പുലിയെ കഥാപാത്രമാക്കി എംടി- ഹരിഹരന്‍ ടീം ഏഴാംവരവ് എന്ന ചിത്രമൊരുക്കിയെങ്കിലും അമ്പേ പരാജയമായിരുന്നു ഫലം. മമ്മൂട്ടിയുടെ മൃഗയയോട് മത്സരിക്കാന്‍ പുലിമുരുകനെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്.

ജനത ഗാരേജ്, ഒപ്പം എന്നിവയുടെ സൂപ്പര്‍മെഗാ വിജങ്ങളിലൂടെ ലാല്‍ലഹരിയിലായ ഫാന്‍സ് പുലിമുരുകനിലെ ലാലിസം കാണാന്‍ ഫാന്‍സ് തിക്കിത്തിരക്കുമെന്നുറപ്പ്. മറ്റുസംസ്ഥാനങ്ങളില്‍ പിന്നോക്കം പോയപ്പോഴും കേരളത്തില്‍ മോഹന്‍ലാല്‍ വിതരണത്തിനെടുത്തപ്പോള്‍ വന്‍ വിജയമാണ് കബാലിക്കുണ്ടായത്. ജനതാ ഗാരേജിന്റെ അവിശ്വസനീയ വീജയത്തിനു ശേഷം തെലുങ്ക് സിനിമാലോകവും ലാലിന്റെ ഡേറ്റിനായി കാത്ത്‌നില്‍ക്കുകയാണ്. എല്ലാത്തിനു പുറമെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ഒപ്പം മറ്റൊരു സിനിമയും ഒപ്പമെത്താത്ത കളക്ഷന്‍ നേടി മലയാളത്തിന്റെ ബോക്‌സോഫീസില്‍ ചരിത്ര വിജയവും നേടി- ഇത് ലാലിന്റെ സമയം എന്ന് സിനിമാലോകം ഉറപ്പു പറയുന്നതിനിടയിലാണ് 'ഇനിയും പുറത്തുവിട്ടിട്ടിരല്ലാത്ത അത്രയ്ക്ക് കോടികള്‍' ചെലവാക്കി ടോമിച്ചന്‍ മുളകുപാടം ലാലേട്ടന്റെ ബിഗ്ബജറ്റ് ചിത്രവുമായെത്തുന്നത്. വൈശഖെന്ന മാസ് ഡയറക്ടറും ഉദയകൃഷ്ണയുടെ പഞ്ച് തിരക്കഥയും ചേര്‍ന്ന് ഒരു കംപ്ലീറ്റ് ലാല്‍സിനിമയാകും പുലിമുരുകനെന്ന് ഉറപ്പ്. പലപ്പോഴായി സിനിമ കണ്ടവര്‍ സിനിമയിലെ ആക്ഷനെക്കുറിച്ച് വാചാലരാവുന്നുമുണ്ട്. ആക്ഷന്‍ സീനുകള്‍ക്കു വേണ്ടി കോടികളാണ് ചിത്രം ചെലവഴിച്ചിരിക്കുന്നത്. ഗ്രാഫിക്‌സ് ബാഹുബലിയടക്കമുള്ള സിനിമകളുടെ സാങ്കേതിക വിദഗ്ദരാണ് ഒരുക്കിയിരിക്കുന്നത്.

ട്രെയ്‌ലര്‍ ഉയര്‍ത്തിയ ആവേശം സിനിമയിലുടനീളമുണ്ടാകുമെങ്കില്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത കാശുവാരിപ്പടമായി പുലിമുരുകന്‍ മാറുമെന്ന് കണക്കാക്കപ്പെടുന്നു. പോക്കിരിരാജയിലൂടെ വൈശാഖെന്ന സംവിധായകനെ പരിചയപ്പെടുത്തിയ നിര്‍മ്മാണ കമ്പനിയാണ് മുളകുപാടം. പുലിമുരുകനെന്ന ഡ്രീം പ്രൊജക്ടിനു വേണ്ടി മറ്റു പല പ്രൊജക്ടുകളും വേണ്ടെന്നു വെച്ച് വര്‍ഷങ്ങളായി ഈ ഒറ്റച്ചിത്രത്തിന്റെ പിന്നണിയിലായിരുന്നു കമ്പനി. 2.35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് ക്ലീന്‍ 'യു'സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കുട്ടികളും കുടുംബവും ആദ്യഷോ മുതല്‍ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണം മുടക്കി ചിത്രമായ പുലിമുരുകന്‍ ഏറ്റവും വലിയ പണം വാരി ചിത്രമാകുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...