പുലിയും മുരുകനും സെന്‍സറിങ്ങ് കടന്നു; ചിത്രത്തിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

ഒക്ടോബര്‍ 7ന് കേരളത്തില്‍ മാത്രം 175 തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്

പുലിയും മുരുകനും സെന്‍സറിങ്ങ് കടന്നു; ചിത്രത്തിന്  ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

മലയാളത്തിലെ മെഗാബജറ്റ് ചിത്രങ്ങളുടെ ചരിത്രത്തില്‍ ഇടം നേടിയ മോഹന്‍ലാലിന്റെ പുലിമുരുകന് സെന്‍സര്‍ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കി. മുറിച്ചു മാറ്റാനോ ശബ്ദം മ്യൂട്ട് ചെയ്യാനോ ഉള്ള ആവശ്യങ്ങളൊന്നുമില്ലാതെ പുലിമുരുകന്‍ സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി. പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളുള്ളതിനാല്‍ മൃഗസംരക്ഷണവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഏറെ ആവശ്യമുണ്ടായിരുന്നു. പുലിയെ ഉപയോഗിച്ചു നടത്തിയ ചിത്രീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ഹാജരാക്കി.


2 മണിക്കൂര്‍ 35 മിനിറ്റാണ് സിനിമയുടെ ആകെ ദൈര്‍ഘ്യം. ആക്ഷന്‍ രംഗങ്ങള്‍ നിരവധിയുള്ള സിനിമയുടെ ട്രെയ്‌ലര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ഒക്ടോബര്‍ 7ന് കേരളത്തില്‍ മാത്രം 175 തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ 200 തിയേറ്ററിലും മുംബൈ അടക്കമുള്ള നഗരങ്ങളില്‍ 60 തിയേറ്ററുകളിലും സിനിമയെത്തും. ഇന്ത്യയ്ക്ക് പുറത്തുള്ള റിലീസിങ്ങ് വൈകാതെയുണ്ടാകും.

വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അന്യന്‍, ഗജിനി, ഏഴാം അറിവ്, രാവണ്‍, ബാഹുബലി തുടങ്ങിയ സിനിമയുടെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്‌നിനാണ് ത്രില്ലൊരുക്കിയിരിക്കുന്നത്. 184 ദിവസങ്ങളെടുത്ത് വിയറ്റ്‌നാം തായ്‌ലന്റ് ദക്ഷിണേന്ത്യയിലെ വനങ്ങള്‍ എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
സിബി- ഉദയ്കൃഷ്ണ കൂട്ടുകെട്ടിലെ ഉദയ്കൃഷ്ണയുടെ ആദ്യ സ്വതന്ത്ര രചനയാണിത്. തെലുങ്കിനെ വിറപ്പിക്കുന്ന ജഗപതി ബാബുവാണ് പ്രതിനായക വേഷത്തില്‍. തമിഴ് താരം കിഷോര്‍, ലാല്‍, സിദ്ധിഖ്, കമാലിനി മുഖര്‍ജി, മകരന്ദ് ദേശ് പാണ്ഡേ, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, നന്ദു, സന്തോഷ് കീഴാറ്റൂര്‍, ഹരീഷ് പേരാടി, കലിംഗ ശശി, എം.ആര്‍ ഗോപകുമാര്‍, ചാലി പാല, ജയകൃഷ്ണന്‍, സേതുലക്ഷ്മി, കണ്ണന്‍ പട്ടാമ്പി തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലേത്.

സാങ്കേതികമായി ഏറെ പ്രത്യേകതയുള്ളതും ഗ്രാഫിക്‌സിന് കോടികള്‍ ചെലവാക്കിയ ചിത്രത്തിന് ഷാജിയാണ് ക്യാമറ. എഡിറ്റിങ്ങ് ജോണ്‍ കുട്ടി. റിലീസിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഒക്ടോബര്‍ അഞ്ചിന് എറണാകുളത്ത് സിനിമയുടെ ഓഡിയോ റിലീസ് നടക്കും.