ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോട് മേലുദ്യോഗസ്ഥരുടെ അവഗണന തുടരുന്നു

സേനയ്ക്കകത്തെ പ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ ഉദ്യോഗസ്ഥന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പോലീസ് നേതൃത്വം എത്താത്തത് താഴേത്തട്ടിലുള്ള പോലീസുകാർക്കിടയിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്

ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോട് മേലുദ്യോഗസ്ഥരുടെ അവഗണന തുടരുന്നു

കണ്ണൂർ: മേലുദ്യോഗസ്ഥരുടെ പീഡനവും ന്യായമായ സ്ഥലം മാറ്റം നിഷേധിച്ചതും മൂലം ആത്മഹത്യക്ക് ശ്രമിച്ച മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറോട് മേലുദ്യോഗസ്ഥരുടെ അവഗണന തുടരുന്നു. ആത്മഹത്യാശ്രമം പരാജയപ്പെട്ട് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥൻ കെ കെ മോഹനനോടാണ് മേലുദ്യോഗസ്ഥർ ഇപ്പോഴും അവഗണന കാട്ടുന്നത്.

മോഹനന്റെ മേലുദ്യോഗസ്ഥരായ മട്ടന്നൂർ എസ്‌ഐ,സിഐ എന്നിവരില്‍ നിന്നോ കണ്ണൂരിലെ ജില്ലാ പോലീസ് ആസ്ഥാനത്തില്‍ നിന്നോ, മോഹനൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്കോ മോഹനന്റെ ബന്ധുക്കൾക്കോ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. സേനയ്ക്കകത്തെ പ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ ഉദ്യോഗസ്ഥന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പോലീസ് നേതൃത്വം എത്താത്തത് താഴേത്തട്ടിലുള്ള പോലീസുകാർക്കിടയിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്.


നിലവിൽ ഇരിട്ടി ഡിവൈഎസ്പി പ്രതീഷ് തോട്ടത്തിൽ മാത്രമാണ് മോഹനന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നേരിട്ട് ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിട്ടുള്ളത്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർ കഴിഞ്ഞദിവസം മോഹനൻ ചികിത്സയിലുള്ള ആശുപത്രിയിൽ ഉണ്ടായിട്ടുപോലും മട്ടന്നൂർ എസ്‌ഐ വിവരം ആരായാത്തത് ദുരൂഹമാണെന്ന നിലപാടിലാണ് ജില്ലയിലെ പോലീസുകാർ. പോലീസ് നേതൃത്വം കാട്ടുന്ന അനാസ്ഥ അവരുടെ കുറ്റസമ്മതത്തിന് തുല്യമാണെന്നാണ് പോലീസുകാരുടെ ഇടയിലെ ചർച്ച. കടുത്ത നിലപാടുമായി പോലീസ് അസോസിയേഷൻ മുന്നോട്ടുവരണമെന്ന രീതിയിലാണ് പോലീസുകാരുടെ അഭിപ്രായപ്രകടനം.

മോഹനന്റെ ആത്മഹത്യാശ്രമം സംബന്ധിച്ച് പോലീസ് നടത്തുന്ന അന്വേഷണവും ഒട്ടും പുരോഗമിക്കുന്നില്ല. മോഹനന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ മൊഴി രേഖപ്പെടുത്തിയതിനു ശേഷം മാത്രം മതി അന്വേഷണം എന്ന നിലപാടിലാണ് പോലീസ്.

Read More >>