'കെ പി ശശികല കലാപത്തിന് കോപ്പുകൂട്ടുന്നു': പ്രസംഗത്തിനെതിരെ പോലീസിൽ പരാതി

ശശികലയുടെ പ്രസംഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണെന്നും മതവികാരത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി

കൊച്ചി:ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്  കെ പി ശശികലയുടെ പ്രസംഗങ്ങൾ വർഗീയ വിഷം പരത്തുന്നതാണെന്ന് കാണിച്ച് കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കാസർഗോഡ് ജില്ലാ പ്ലീഡറും മുസ്ലീം ലീഗ് നേതാവുമായ അഡ്വ. സി ഷുക്കാറാണ് പരാതി നൽകിയത്. ശശികലയുടെ പ്രസംഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണെന്നും മതവികാരത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

പരാതി ലഭിച്ച വിവരം ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. കാര്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കെ പി ശശികലയുടെ  പ്രസംഗം വന്‍തോതില്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് അഡ്വ. സി ഷുക്കൂര്‍ നാരാദാ ന്യൂസിനോട് പറഞ്ഞു. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ ശത്രുതയുണ്ടാക്കുക, മദര്‍ തെരസയെ പോലെയുളള വ്യക്തിത്വങ്ങളെ  അപമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി ഷുക്കൂര്‍ പറഞ്ഞു. ഇത്തരം പ്രസംഗങ്ങള്‍ നമ്മുടെ സാമൂഹ്യ അന്തരീക്ഷം മലിനമാക്കും എന്ന കാരണത്താലാണ് പരാതി നല്‍കിയതെന്നും അഡ്വ. ഷുക്കൂർ പറഞ്ഞു.കെ പി ശശികലയുടെ പ്രസംഗങ്ങൾ നവമാധ്യമങ്ങളിലൂടെ കാട്ടുതീ കണക്കെയാണ് പടര്‍ന്നു പിടിക്കുന്നത്. ഗുജറാത്തും ഒറീസയും ഞങ്ങള്‍ ആവര്‍ത്തിക്കും തുടങ്ങിയ ശശികലയുടെ പ്രസംഗങ്ങൾ വര്‍ഗീയ കലാപത്തിനു കോപ്പു കൂട്ടുന്നതാണ് ഇത്തരം പ്രവണതകള്‍ അനുവദിച്ചു കൊടുക്കാന്‍ സാധിക്കുന്നതല്ലെന്നും സി ഷുക്കൂര്‍ പറഞ്ഞു.

സലഫി പണ്ഡിതൻ ഷംസുദീന്‍ പാലത്തിനെതിരെയും നേരത്തെ അഡ്വ. ഷുക്കൂർ പരാതി നൽകിയിരുന്നു. അമുസ്ലിങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്തെന്നുമുള്ള ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിന് എതിരെ ആയിരുന്നു പരാതിപ്പെട്ടത്.  കെ പി  ശശികലയുടെയും  ഷംസുദ്ദീൻ പാലത്തിന്റേയും പ്രസംഗത്തിന്റെ ഉളളടക്കം ഏതാണ്ട് ഒരു പോലെയാണെന്നും അഡ്വ. ഷുക്കൂർ പറഞ്ഞു.Read More >>