പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലു തകര്‍ന്ന സുരേഷിന് ജാമ്യം: പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്ന സാഹചര്യമുണ്ടാകരുതെന്ന് ജസ്റ്റിസ് ബി നാരായണക്കുറുപ്പ്

പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്ന സാഹചര്യമുണ്ടാകുന്നത് തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന പൊലീസ് കംപ്ലയിന്റ് ഓതോറിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്.

പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലു തകര്‍ന്ന സുരേഷിന് ജാമ്യം: പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്ന സാഹചര്യമുണ്ടാകരുതെന്ന് ജസ്റ്റിസ് ബി നാരായണക്കുറുപ്പ്

കൊച്ചി: പോലീസ് മർദ്ദനത്തിൽ നട്ടെല്ലു തകർന്നു ചികിത്സയിൽ കഴിയുന്ന
ഡ്രൈവർ സുരേഷിന് കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന കേസിലാണ് ജാമ്യം. ഈ കഴിഞ്ഞ 29 നാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ സുരേഷിന് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും എളമക്കര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്ന സാഹചര്യമുണ്ടാകുന്നത് തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നാരാദാ ന്യൂസിനോട് പ്രതികരിച്ചു. പൊതുജനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഓരോ പോലീസുകാരനും ബാധ്യതയുണ്ടെന്നും പല സംഭവങ്ങളിലും പോലീസ് ഗുണ്ടകളെപോലെ പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാര്‍ഹമായ കുറ്റം ചെയ്ത ഒരാളെ രക്ഷിക്കാന്‍ കൃതിമ രേഖ ചമയ്ക്കുന്നത് പതിവു സംഭവമാണെന്നും നീതിനായ വ്യവസ്ഥയുടെ നടുവൊടിക്കുന്ന വിധത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റിസ് ബി നാരായണക്കുറുപ്പ് പറഞ്ഞു.


സുരേഷിന്റെ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് ചമച്ച കള്ളക്കേസാണ് ഇതെന്ന ആരോപണം സജീവമായി പരിഗണിച്ചിരുന്നുവെന്നും ബി നാരായണക്കുറുപ്പ് പറഞ്ഞു.  കേസില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നട്ടെല്ല് തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സുരേഷിനെ എളമക്കര പോലീസ് സെപ്തംബര്‍ 19 -ാം തീയതി കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. വില്ലിങ്ങ് ടണ്‍ ഐലന്റ് പോര്‍ട്ട് ട്രസ്റ്റ് സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന സുരേഷ് 2016 ജൂലൈ ഒന്നാം തീയതി  ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്കു പോകുന്ന വഴിയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. ആറു വയസുകാരനെ സ്‌കൂള്‍ ബസില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുരേഷും കുടുംബവും ആരോപിച്ചു.

ഹാര്‍ബര്‍ സ്റ്റേഷനിലെ എസ്‌ഐമാരായ ജോസഫ് സാജന്റെയും പ്രകാശന്റെയും ക്രൂര മര്‍ദ്ദനത്തില്‍  സുരേഷിന്റെ നട്ടെല്ലിന്റെ രണ്ടു കശേരുക്കളും തകര്‍ന്നിരുന്നു. സംഭവത്തില്‍ രണ്ടു പൊലീസുകാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പൊലീസ് മര്‍ദ്ദിച്ചുവെന്ന കേസ് പിന്‍വലിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായും ചികിത്സ നിഷേധിക്കുന്നതായും സുരേഷിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ പോലീസ് അന്യായമായി പെരുമാറിയിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ജസ്റ്റീസ് നാരായണ കുറുപ്പ് വ്യക്തമാക്കി.

പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റതിനു ശേഷം മൂന്ന് മാസമായി തുടര്‍ച്ചയായി ചികിത്സയിലാണ്. ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍. ചികിത്സിക്കുന്ന ആശുപത്രികളില്‍ പൊലീസെത്തി ഭീഷണിപ്പെടുത്തുന്നതും ഡോകര്‍മാരെ സ്വാധീനിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതും പതിവാണെന്നും ഇവര്‍ പരാതിപ്പെടുന്നു. പൊലീസിന്റെ സ്വാധീനം ഉപയോഗിച്ച് പൊലീസ് മര്‍ദ്ദിച്ചുവെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായി. കേസ് അന്വേഷിച്ച മട്ടാഞ്ചേരി അസി. കമ്മീഷണര്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും സുരേഷും ഭാര്യയും ആരോപിക്കുന്നു. പൊലീസ് തന്നെ പ്രതിയാകുന്ന കേസില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന നിലപാടാണ് ഇവര്‍ക്ക്.

Read More >>