കണ്ണില്‍ ചോരയില്ലാതെ പോലീസിന്റെ ക്രൂരത; പരാതി പറയാനെത്തിയ യുവാവിന്റെ കണ്ണിലും സ്വകാര്യഭാഗത്തും പച്ചമുളകരച്ചു പുരട്ടി

മൂന്നാംമുറ പ്രയോഗിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും പലക്കുറി ആവര്‍ത്തിക്കുമ്പോഴാണു നട്ടെല്ലു തല്ലി ഒടിച്ചും കണ്ണിലും സ്വകാര്യ ഭാഗത്തും പച്ചമുളക് അരച്ചു പുരട്ടിയും കൊച്ചിയിലെ പോലീസ് അഴിഞ്ഞാട്ടം..

കണ്ണില്‍ ചോരയില്ലാതെ പോലീസിന്റെ ക്രൂരത; പരാതി പറയാനെത്തിയ യുവാവിന്റെ കണ്ണിലും സ്വകാര്യഭാഗത്തും പച്ചമുളകരച്ചു പുരട്ടി

കൊച്ചി:  കാക്കിയിട്ടാല്‍ ആരെയും തല്ലാം കൊല്ലാം എന്നു ചിന്തിക്കുന്ന കുറച്ചധികം പോലീസ് ഉദ്യോഗസ്ഥർ സര്‍വീസില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് കൊച്ചിയില്‍  അരങ്ങേറുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.  മൂന്നാംമുറ പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രിയും ഡിജിപിയും പലക്കുറി ആവര്‍ത്തിച്ചിട്ടും പോലീസിനു വലിയ മാറ്റമൊന്നുമില്ല. കവല ചട്ടമ്പിമാരെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പല കേസുകളിലും ആരോപണ വിധേയര്‍ക്കെതിരെയുളള പോലീസിന്റെ പെരുമാറ്റം. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നട്ടെല്ലു തല്ലിതകര്‍ത്ത ഡ്രൈവര്‍ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് കൊച്ചിയില്‍ വീണ്ടും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയത്.


കുടുംബവഴക്കിനെ കുറിച്ച് പരാതി പറയാനെത്തിയ 19 കാരനെ ആളുമാറി തല്ലിചതച്ചു

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കളളനാക്കുക എന്ന പതിവു പ്രയോഗമാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ പ്രാവര്‍ത്തികമാക്കിയത്. സെപ്തംബര്‍ 24 ന് കുടുംബവഴക്കിനെ കുറിച്ച് പരാതി പറയാനെത്തിയ സൂരജ് എന്ന 19 കാരന് ക്രൂരമര്‍ദ്ദനമാണ് പോലീസില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്.  കഴിഞ്ഞ ഞായറാഴ്ച  രാത്രി പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയ തന്നെ ആളുമാറി പോലീസ് മര്‍ദ്ദിച്ചു എന്നായിരുന്നു സൂരജിന്റെ പരാതി. ബീവറേജസ്ഔട് ലറ്റിനു മുന്നില്‍ പോലീസിനെ അസഭ്യം പറഞ്ഞവരുടെ കൂട്ടത്തില്‍ ഇയാളും ഉണ്ടായിരുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നേരിട്ട് തെളിവെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറ്റം ചെയ്ത പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും, ഇതു പോലീസ് സേനയ്ക്കു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

തലയില്‍ തിളച്ച വെളളം ഒഴിച്ചു: കണ്ണിലും സ്വകാര്യ ഭാഗത്തും പച്ചമുളക് അരച്ചു പുരട്ടി

മോഷണം ആരോപിച്ചു മൂന്നു പേര്‍ ചേര്‍ന്ന് പിടിച്ച് കൊണ്ടു പോയി പോലീസില്‍ എല്‍പ്പിച്ച ആറ്റിങ്ങല്‍ സ്വദേശി ആര്‍ എസ് പ്രദീഷിന് (35) പോലീസില്‍ നിന്ന് ക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. കണ്ണിലും സ്വകാര്യ ഭാഗത്തും പച്ചമുളക് അരച്ചു പുരട്ടിയും തിളച്ച വെള്ളം തലയിലേക്കൊഴിച്ചും പോലീസുകാര്‍ പീഡിപ്പിച്ചുവെന്നാ
ണ് പ്രദീഷിന്റെ ഭാര്യ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഉടന്‍ തന്നെ മൂവാറ്റുപുഴയിലെത്തി തെളിവെടുപ്പു നടത്തും.

തയ്യല്‍ തൊഴിലാളിയായ പ്രദീഷ് വിദേശത്തായിരുന്നു. നാട്ടില്‍ എത്തി ഒരു തയ്യല്‍ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പ്രദീഷ് കടയുടെ  സമീപത്തുള്ള ഒരു വാടക വീട്ടില്‍താമസിക്കുകയായിരുന്നു. അടുത്തുള്ള വീടുകളില്‍ സമീപകാലത്തായി നടന്ന മോഷണങ്ങള്‍ക്കു പിന്നില്‍ ഇയാള്‍ ആണെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ ഇയാളെ ഒരു കാറില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാത്രി 7 മണിക്കു പോലീസ് സ്റ്റേഷനിലെത്തിയ പ്രദീഷിനെ നേരം വെളുക്കുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വലതുകാലിന്റെ പാദം തല്ലിയൊടിക്കുകയും രണ്ടുകാലിലും ചൂരല്‍ തിരുകി ഒടിക്കാനും ശ്രമിച്ചു.  പരിക്കുമായി നാലു ദിവസമാണ് പ്രദീഷ് പോലീസ് സ്റ്റേഷനില്‍ കിടന്നത്. ഭാര്യ മോളി പോലീസ് സ്റ്റേഷനുമുന്നില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇയാളെ വിട്ടയച്ചത്. മര്‍ദ്ദനവിവരം പുറത്തു പറഞ്ഞാല്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പ്രദീഷ് പറയുന്നു.

dgp

പോലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെന്ന് ഡിജിപി

പോലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നാരദാ ന്യൂസിനോട് പറഞ്ഞു. മൂവാറ്റുപുഴ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാണ് പോലീസ് സേന നിലകൊള്ളേണ്ടത്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സേനയില്‍ നിന്നും പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
പോലീസിന്റെ ഭാഷയും പെരുമാറ്റവും ധാര്‍ഷ്ട്യം നിറഞ്ഞത്: നടപടിയില്ലെങ്കില്‍ വ്യാപക പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും


പോലീസ് അതിക്രമത്തില്‍ നട്ടെല്ലു തകര്‍ന്ന സുരേഷിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഓണത്തിന് ഈ സമിതിയുടെ കീഴില്‍ ഉപവാസം സമരം നടത്തിയിരുന്നുവെങ്കിലും അധികൃതര്‍ കണ്ണു തുറന്നിരുന്നില്ല. പോലീസ് അതിക്രമം തുടര്‍ക്കഥയാകുമ്പോള്‍ അതിക്രമത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നീതി ലഭിക്കും വരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.  സംഭവം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും മുവാറ്റുപുഴ എംഎല്‍എ എല്‍ദോ ജേക്കബ് പ്രതികരിച്ചു. പോലീസിലുളള സാധാരണക്കാരുടെ വിശ്വാസത്തിനു പോറല്‍ എല്‍പ്പിക്കാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന  മറുപടിയാണ് പാലാരിവട്ടം പോലീസില്‍ നിന്നുളള പ്രതികരണം .

Read More >>