പ്ലാസ്റ്റിക്കിന് തുണിയേക്കാള്‍ വിലയിടാന്‍ കൊച്ചി നഗരസഭ

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെയും ക്യാരി ബാഗുകളുടെയും ഉപയോഗവും വില്‍പനയും പൂര്‍ണമായും നിരോധിച്ച് സംസ്ഥാനത്തെ മറ്റു കോര്‍പ്പറേഷനുകള്‍ക്ക് വഴി കാട്ടിയ കൊച്ചി നഗരസഭ അമ്പത് മൈക്രോണിനു മുകളിലുളള പ്ലാസ്റ്റിക് ബാഗിന് പത്തുരൂപ വിലയിടാന്‍ ആലോചിക്കുന്നു.

പ്ലാസ്റ്റിക്കിന് തുണിയേക്കാള്‍ വിലയിടാന്‍ കൊച്ചി നഗരസഭ

കൊച്ചി: മാലിന്യമാണ് കൊച്ചിയുടെ തലവേദന. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് ഏറെ പഴി കേട്ട കൊച്ചി നഗരസഭ മുഖം മിനുക്കാന്‍ തയ്യാറെടുക്കുകയാണ്. കോര്‍പറേഷന്‍ പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെയും ക്യാരി ബാഗുകളുടെയും ഉപയോഗവും വില്‍പനയും പൂര്‍ണമായും നിരോധിച്ച് സംസ്ഥാനത്തെ മറ്റു കോര്‍പ്പറേഷനുകള്‍ക്ക് വഴി കാട്ടിയ കൊച്ചി നഗരസഭ അമ്പത് മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക് ബാഗിന് പത്തുരൂപ വിലയിടാന്‍ ആലോചിക്കുന്നു.


2016 ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമം അനുസരിച്ച് നഗരത്തില്‍ വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കവറിന്റെ വില നിശ്ചയിക്കുന്നതിനുളള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ ഇത്തരമൊരു സാധ്യത പരിശോധിച്ചു വരികയാണെന്നും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും ആലോചനകള്‍ നടന്നു വരികയാണെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നാരാദാ ന്യൂസിനോട് പ്രതികരിച്ചു. ഇതിനായി കൗണ്‍സില്‍ കൂടി തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. വേമ്പനാട്ടുകായലിലെയും പെരിയാറിലെയും മാലിന്യമാണ് നഗരം നേരിടുന്ന പ്രധാനപ്രശ്‌നം. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വിവിധ പദ്ധതികള്‍ കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ചുവെങ്കിലും ഫലവത്തായിരുന്നില്ലെന്നും 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചത് ഇതിന്റെ ഭാഗമായാണ് എന്നും മേയര്‍ പറഞ്ഞു.

50 മൈക്രോണിനു താഴെയുളള പ്ലാസ്റ്റിക് വില്‍ക്കുന്നവര്‍ക്ക് പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചു ബോധവത്കരണം നടത്തിയതിന് ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 50 മൈക്രോണിനു താഴെയുളള പ്ലാസ്റ്റിക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് നഗരസഭ സ്വീകരിച്ചു വരുന്നത്. ഇത് സംബന്ധിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗിന് പത്ത് രൂപ വരെ വില നിശ്ചയിച്ചു നല്‍കുമ്പോള്‍, കാരിബാഗുകളുടെ ഉപയോഗത്തില്‍ വന്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ വി.കെ. മിനിമോള്‍ പറഞ്ഞു.

പ്ലാസ്റ്റിക് കുമിഞ്ഞു കൂടുന്നതു കൊണ്ട് പല വിധത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന കൗണ്‍സിലര്‍മാരുടെ പരാതിയെ തുടര്‍ന്നാണ് 50 മൈക്രോണിനു താഴെയുളള പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്. പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമപ്രകാരം വില്പന നടത്തുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ട് വന്ന് വ്യാപാരികള്‍ സീല്‍ ചെയ്ത് വാങ്ങണമെന്നാണ് ചട്ടം.

അമ്പത് മൈക്രോണിനു മുകളിലുള്ള ബാഗാണെങ്കിലും തദ്ദേശ സ്ഥാപനത്തിന്റെ സീല്‍ നിര്‍ബന്ധമാണ്. തദ്ദേശ സ്ഥാപനത്തിന്റെ സീല്‍ ഇല്ലാത്ത പ്ലാസ്റ്റിക് ബാഗുകളില്‍ സാധനങ്ങള്‍ നല്‍കുന്നത് കുറ്റകരമായി മാറും. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരസഭയില്‍ ബാഗുകളുടെ സീലിങ് കര്‍ശനമാക്കാനും പത്ത് രൂപ വില നിശ്ചയിക്കാനും നഗരസഭ ആലോചിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന വ്യാപാരികളില്‍ നിന്ന് വലിയ തുക മാലിന്യ പരിപാലന ഫീസായി ഈടാക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.

Read More >>