പിണറായിയുടെ ബന്ധുവിന്റെ നിയമനം; സിപിഐഎം അനുകൂല അഭിഭാഷകർക്കിടയിൽ അമർഷം പടരുന്നു

കഴിഞ്ഞ സർക്കാരുകൾ - വിഎസ് സർക്കാരും ഉമ്മൻചാണ്ടി സർക്കാരും - ഈ സ്ഥാനത്ത് പത്തുപേരെയാണ് നിയമിച്ചത്. പാർടി അംഗങ്ങളോ അനുഭാവികളോ ആയ പത്തുപേരുടെ അവസരം ഒറ്റയടിക്ക് പിണറായിയുടെ ബന്ധു കവർന്നുവെന്ന ആക്ഷേപമാണ് അഭിഭാഷകർ ഉന്നയിക്കുന്നത്

പിണറായിയുടെ ബന്ധുവിന്റെ നിയമനം; സിപിഐഎം അനുകൂല അഭിഭാഷകർക്കിടയിൽ അമർഷം പടരുന്നു

മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ബിവറേജസ് കോർപറേഷന്റെയും ഹൈക്കോടതിയിലെ ഏക സ്റ്റാൻഡിംഗ് കൗൺസലായി പിണറായി വിജയൻറെ ഭാര്യാ സഹോദരിയുടെ മകൻ അഡ്വ. ടി നവീനെ നിയമിച്ചതിനെതിരെ സിപിഐഎം അനുകൂല അഭിഭാഷകർക്കിടയിൽ അമർഷം പടരുന്നു. ഇരു സ്ഥാപനങ്ങളുടെയും സ്റ്റാൻഡിംഗ് കൗൺസിലർമാരായി കഴിഞ്ഞ രണ്ടു സർക്കാരുകളുടെ കാലത്തും പത്തുപേർക്ക് വീതം നിയമനം ലഭിച്ച സ്ഥാനത്താണ് ഇപ്പോൾ ഒരാളെ മാത്രമായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവാണ് എന്ന യോഗ്യത ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് അഭിഭാഷകർ നാരദാ ന്യൂസിനോടു പറഞ്ഞു.


വലിയ സാമ്പത്തിക നേട്ടം കൈക്കലാക്കാനുളള അവസരമാണ് ഇതുവഴി അഡ്വ. നവീന് ലഭിച്ചത് എന്നാണ് ആക്ഷേപം. മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിയാക്കുന്ന കേസുകളുടെ സ്വഭാവം മൂലം മിക്ക കേസുകളും ഒന്നോ രണ്ടോ ദിവസത്തിനകം തീർപ്പാകും. കേസൊന്നിന് നാലായിരം രൂപയാണ് സ്റ്റാൻഡിംഗ് കൗൺസലിന്റെ പ്രതിഫലം. പ്രതിമാസം അഞ്ചുലക്ഷം രൂപയോളം സ്റ്റാൻഡിംഗ് കൗൺസിലിന് ലഭിക്കുമെന്നാണ് അഭിഭാഷകർ പറയുന്നത്.

ബിവറേജസ് കോർപറേഷനിൽ നിന്നുളള പ്രതിഫലം കൂടിയാകുമ്പോൾ പ്രതിമാസം ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് രൂപയുടെ വരവാണ് അഡ്വ. ടി. നവീനെ കാത്തിരിക്കുന്നതെന്ന് വാദമുണ്ട്. കഴിഞ്ഞ സർക്കാരുകൾ - വിഎസ് സർക്കാരും ഉമ്മൻചാണ്ടി സർക്കാരും - ഈ സ്ഥാനത്ത് പത്തുപേരെയാണ് നിയമിച്ചത്. പാർടി അംഗങ്ങളോ അനുഭാവികളോ ആയ പത്തുപേരുടെ അവസരം ഒറ്റയടിക്ക് പിണറായിയുടെ ബന്ധു കവർന്നുവെന്ന ആക്ഷേപമാണ് അഭിഭാഷകർ ഉന്നയിക്കുന്നത്.

നിലവിൽ ഒരു സീനിയർ ഗവണ്മെന്റ് പ്ലീഡറുടെ വരുമാനത്തെക്കാൾ എത്രയോ മടങ്ങ് അധികമാണ് ഈ തുക. സീനിയർ ഗവ. പ്ലീഡർക്ക് തൊണ്ണൂറായിരം രൂപയാണ് മാസം ലഭിക്കുന്ന പ്രതിഫലം. സർക്കാരിന്റേതല്ലാത്ത മറ്റൊരു കേസും ഈ കാലയളവിൽ ഏറ്റെടുക്കാനും പാടില്ല. എന്നാൽ സ്റ്റാൻഡിംഗ് കൗൺസലിന്റെ കാര്യം അങ്ങനെയല്ല. തങ്ങളുടെ സ്ഥാപനം എതിർ കക്ഷിയല്ലാത്ത ഏതു കേസും അവർക്കു വാദിക്കാം. അതായത് ബിവറേജസ് കോർപറേഷനോ മലിനീകരണ നിയന്ത്രണ ബോർഡോ എതിർകക്ഷിയല്ലാത്ത ഏതു സ്വകാര്യ കേസും അഡ്വ. നവീന് ഏറ്റെടുക്കാം. ആ വരുമാനം വേറെ.

ഇത്തരത്തിൽ ഒറ്റയാനായി സ്ഥാപനങ്ങളുടെ ചുമതല ഏൽപ്പിക്കാൻ വേണ്ട കഴിവോ പ്രാഗത്ഭ്യമോ അഡ്വ. നവീൻ തെളിയിച്ചിട്ടില്ലെന്നും അവർ വാദിക്കുന്നു. അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദിന്റെ സ്ഥാപനത്തിലെ ജൂനിയർ അഭിഭാഷകനാണ് അഡ്വ. നവീൻ. സ്വന്തമായി ഓഫീസോ പ്രാക്ടീസോ എസ്റ്റാബ്ലിഷ്മെന്റോ ഇല്ലാത്ത അഭിഭാഷകനെയാണ് ഇത്രയും വലിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വക്കാലത്തു മുഴുവൻ എജിയുടെ ഓഫീസിലെ അഭിഭാഷകരെ ഏൽപ്പിച്ചുവെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആക്ഷേപം ചൊരിഞ്ഞവരാണ് ഇതു ചെയ്തതെന്നും ഹൈക്കോടതിയിലെ അഭിഭാഷകർ ആരോപിക്കുന്നു.

സർക്കാർ അഭിഭാഷകരുടെ പട്ടികയിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് വേറെയും പരാതികൾ ഉയർന്നിരുന്നു. കൊല്ലം ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ നിന്ന് നിയമിച്ച ഏക അഭിഭാഷകയായ പ്രിയ ഷാനവാസിനെക്കുറിച്ചാണ് ഏറെ പരാതി. സിഐടിയു ജില്ലാ സെക്രട്ടറിയും ബാർ കൗൺസിൽ പ്രസിഡന്റായ ഷാനവാസ് ഖാന്റെ മകൾ എന്ന യോഗ്യത മാത്രമാണ് പ്രിയയ്ക്കുളളതെന്നും അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതേ വരെ ഹൈക്കോടതി കണ്ടിട്ടുപോലുമില്ലാത്ത അഭിഭാഷകയാണ് ഇവരെന്നും ആക്ഷേപമുണ്ട്. കൊല്ലം ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിലുൾപ്പെട്ട യോഗ്യരായവരെ വെട്ടിയാണ് ഇവരെ നിയമിച്ചതെന്നും അഭിഭാഷകർ പറയുന്നു.

Read More >>