ആശ്രിതനിയമന വിവാദം : വ്യവസായമന്ത്രി ഇ പി ജയരാജന് മുഖ്യമന്ത്രിയുടെ താക്കീത്

പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതിനുപിന്നാലെയാണ് ജയരാജന്റെ നടപടി വിവാദമായത്

ആശ്രിതനിയമന വിവാദം : വ്യവസായമന്ത്രി ഇ പി ജയരാജന് മുഖ്യമന്ത്രിയുടെ താക്കീത്

കണ്ണൂര്‍: ആശ്രിതനിയമനം വിവാദത്തില്‍ കടുത്ത താക്കീതുമായി മുഖ്യമന്ത്രി. വ്യവസായമന്ത്രി ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുവരുത്തി ശകാരിച്ചു. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് പിണറായി, ഇ പി ജയരാജനെ ശാസിച്ചത്. ആശ്രിത നിയമന വിവാദം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയെന്ന് പിണറായി കടുത്ത ഭാഷയില്‍ തന്നെ ജയരാജനോട് പറഞ്ഞാതായാണ് വിവരം. പിണറായി ഇപി കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടുനിന്നു.


ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇനി ഇത്തരം വിവാദങ്ങള്‍ ഒരുകാരണവശാലും ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കി. സ്ഥലത്ത് ഉണ്ടായിരുന്ന പി കെ ശ്രീമതിയെയും കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും ഒഴിവാക്കിയായിരുന്നു ശകാരം. അതേസമയം ആശ്രിത നിയമന വിവാദത്തില്‍ പാര്‍ട്ടിയിലും ഇപിക്കെതിരെ കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്.

അതേസമയം വ്യവസായ വകുപ്പിന് കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്നിരിക്കുന്ന നിയമനങ്ങള്‍ പാര്‍ട്ടി തലത്തില്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദുബായില്‍ പറഞ്ഞു.

പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതിനുപിന്നാലെയാണ് ജയരാജന്റെ നടപടി വിവാദമായത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ജയരാജന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Read More >>