പി കെ ശ്രീമതിയുടെ മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് പാർട്ടി അറിവോടെ അല്ലെന്ന് പിണറായി വിജയൻ

ബന്ധു നിയമന വിവാദം അതീവ ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യത്തിൽ പാർട്ടി കൂട്ടായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു

പി കെ ശ്രീമതിയുടെ മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് പാർട്ടി അറിവോടെ അല്ലെന്ന് പിണറായി വിജയൻ

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ പികെ ശ്രീമതി മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് പാർട്ടി അനുമതിയോടെ അല്ലെന്ന് പിണറായി വിജയൻ. നിയമനം അനുചിതമാണെന്ന് കണ്ടതിനാൽ പാർട്ടി ഇടപെട്ടാണ് അത് റദ്ദാക്കിയത്. മാത്രമല്ല സ്ഥാനക്കയറ്റം നൽകിയത് തടഞ്ഞതും പാർട്ടി ഇടപെട്ടു തന്നെ ആണെന്നു പിണറായി വിജയൻ പറഞ്ഞു.

മരുമകളുടെ നിയമനത്തെ കുറിച്ച് പി കെ ശ്രീമതി ഇന്നു രാവിലെ ഫെയ്സ്ബുക്കിൽ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. മന്ത്രി ഭവനത്തില്‍ മൂന്നു തസ്തികകളിലേക്ക് ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതത് മന്ത്രിമാര്‍ക്ക് നിശ്ചയിക്കാം എന്ന് പാര്‍ട്ടി സെക്രട്ടറി അറിയിച്ച പ്രകാരമായിരുന്ന നിയമനം  . അനുവാദം വാങ്ങിയ ശേഷമാണ് മകന്റെ ഭാര്യയെ നിയമിച്ചത് എന്നുമായിരുന്നു ശ്രീമതി ടീച്ചറുടെ വിശദീകരണം. ഈ വിശദീകരണം തള്ളിയാണ് പിണറായി വിജയൻ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

ബന്ധു നിയമന വിവാദം അതീവ ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യത്തിൽ പാർട്ടി കൂട്ടായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനവിവാദം സർക്കാരിന്റെ പ്രതിച്ഛായ തകർത്തു എന്നത് പ്രതിപക്ഷത്തിന്റെ ആക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ന് രാവിലെ നിയമന വിവാദത്തിൽ വിഎസിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ പ്രതിച്ഛായ തകർത്തു എന്നായിരുന്നു പ്രതികരണം.