പിണറായി പിന്തുടരുന്നതാരെ? മോഡിയേയോ മാർക്സിനേയോ?

ഓപ്പണ്‍ മാസിക പ്രസിദ്ധീകരിച്ച അഭിമുഖഫീച്ചര്‍ പിണറായി വിജയനെ കേരളത്തിന്റെ മാനേജര്‍ സ്ഥാനത്തേയ്ക്ക് തരം താഴ്ത്തുന്നു. കേന്ദ്രവുമായി യോജിക്കുന്നതിന് രാഷ്ട്രീയം തടസ്സമാകില്ലെന്ന് പിണറായി പറഞ്ഞിട്ടുണ്ടെന്നടക്കം അഭിമുഖത്തില്‍ പറയുന്നു- മെച്ചപ്പെട്ട കാര്യസ്ഥന്റെ പണി തിരയലല്ല ഇടതിന്റെ ഉത്തരവാദിത്വം. വിപ്ലവം അതിന്റെ അജണ്ടയായേ തീരൂ എന്ന താക്കീതോടെ അഭിമുഖത്തിലെ വരികള്‍ പുനര്‍വായിക്കുകയാണ് ലേഖകന്‍.

പിണറായി പിന്തുടരുന്നതാരെ? മോഡിയേയോ മാർക്സിനേയോ?

'ഭരണനിര്‍വഹണത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാന്‍ എനിക്ക് ആഗ്രഹമില്ല. പ്രത്യയശാസ്ത്രം ഇക്കാര്യത്തില്‍ ഒരു തടസ്സമാകില്ല. ഞങ്ങളുടെ ലക്ഷ്യങ്ങളിലും പദ്ധതികളിലും കേന്ദ്രഗവണ്മെന്റ് അങ്ങേയറ്റം സന്തുഷ്ടരാണ്'

ഒക്ടോബര്‍ 24-നു പുറത്തിറങ്ങിയ ഓപ്പണ്‍ മാഗസിനില്‍ അച്ചടിച്ചു വന്ന അഭിമുഖത്തില്‍, ആര്‍എസ്സിനും ബിജെപിയ്ക്കും എതിരെ പോരാടി നില്‍ക്കുന്ന ഒരു സംഘടനയുടേയും പ്രത്യയശാസ്ത്രത്തിന്റേയും നേതാവെന്ന നിലയ്ക്ക് കേന്ദ്രഗവണ്മെന്റുമായെങ്ങനെ ഒത്തുപോകാന്‍ ആകുന്നു എന്നതിന് പിണറായി വിജയന്‍ നല്‍കിയ മറുപടിയാണിത്. നരേന്ദ്ര മോഡിയും അരുണ്‍ ജെയ്റ്റ്ലിയും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ എല്ലാവരും വളരെ നല്ല പിന്തുണ നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞതായി അഭിമുഖകാരന്‍ എഴുതിയിട്ടുണ്ട്. പിണറായിയുടെ രാഷ്ട്രീയ ഗുരുവായ പാട്യം ഗോപാലന്റെ മകൻ ഉല്ലേഖ് എൻ പി അഭിമുഖമെന്ന രീതിയിൽ പടച്ചിരിക്കുന്ന ഒന്നാന്തരം പി ആർ വർക്കാണ് ഈ ലേഖനം. ദേശീയ ബൂർഷ്വാസിയ്ക്ക് മുൻപിൽ ഡെവലപ്മെന്റലിസ്റ്റ് ആയ ബിസിനസ്-ഫ്രണ്ട്ലി ആയ ഒരു മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നിർമ്മിക്കാനുള്ള ശ്രമമാണ്.  വളരെ നല്ല സ്റ്റ്രാറ്റജിയാണിത്. കേന്ദ്രഗവണ്മെന്റിനെ പിണക്കാതിരിക്കുക എന്നത് അത്യാവശ്യമാണ്. അത്തരം സ്ട്രാറ്റജികളില്‍ പിണറായി വിജയന്‍ മിടുക്കനാണ്. പണ്ട്, ഒ.രാജഗോപാലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ (പ്രത്യേകം ശ്രദ്ധിക്കണം, രാഷ്ട്രീയ ജീവിതമാണ്.) അന്‍പതാം വാര്‍ഷിക വേളയില്‍ അങ്ങോട്ടു ചെന്ന് ആശംസ അര്‍പ്പിച്ചയാളാണ് അദ്ദേഹം. രാഷ്ട്രീയ വ്യത്യാസമെന്തുമാകട്ടെ, ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായി സൗഹൃദമുണ്ടെന്നും, വ്യക്തിപരമായ ശത്രുതയില്ലെന്നു തുറന്നു പറയുകയും ചെയ്തു. അതും നല്ലതാണ്. ആരോടും ശത്രുത സൂക്ഷിക്കേണ്ട കാര്യമൊന്നുമില്ല.


എന്നാല്‍, അറിയാതെയാകാമെങ്കിലും ഇതിനകത്ത് പതിയിരിക്കുന്ന ഒരു അപകടത്തെ അദ്ദേഹം കാണാതെ പോകുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ അദ്ദേഹം ഏതു പ്രത്യയശാസ്ത്രത്തെ ഏറ്റെടുത്തിരിക്കുന്നോ അതിന്റെ രാഷ്ട്രീയത്തിനു കടകവിരുദ്ധമായ ചില സന്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒന്നാമത്തെ കാര്യം, നിങ്ങളേതു രാഷ്ട്രീയത്തെ എതിര്‍ക്കുന്നോ അതിനു നല്‍കുന്ന ചെറുതല്ലാത്ത അംഗീകാരമാണിത്. രാജഗോപാലെന്ന സുഹൃത്തിന്റെ ജന്മദിനത്തിലല്ല, പൊതുജീവിതത്തിന്റെ വാര്‍ഷികവേളയില്‍ ആശംസ അര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ അയാള്‍ സംഘപരിവാറുകാരനാണെന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്നത് ബുദ്ധിശൂന്യതയാണ്. ആശംസിക്കേണ്ടതല്ല, മറിച്ച് അപലപിക്കേണ്ട ഒന്നാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം പേറുന്ന ഒരു വ്യക്തിയുടെ പൊതുജീവിതമെന്നത് ഒരു മാര്‍ക്സിസ്റ്റിനു മനസ്സിലാകുന്നില്ലെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണെന്നു പറയാതെ വയ്യ.

അതുപോകട്ടെ, പഴയ കാര്യമാണെന്നു വയ്ക്കാം. ഈ അഭിമുഖത്തിലേക്ക് തിരിച്ചു വരാം. കേരളത്തിന്റെ വികസന പദ്ധതികളില്‍ ബിജെപി നേതൃത്വം സന്തുഷ്ടരാണെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ബിജെപിയുടെ വികസനസങ്കല്പത്തെ ഇടതുപക്ഷപാര്‍ട്ടികള്‍ നയിക്കുന്ന ഒരു ഗവണ്മെന്റ് പിന്തുടരുന്നു എന്നാണോ? അങ്ങനെയെങ്കില്‍ ബിജെപിയുള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ നടപ്പിലാക്കുന്ന നിയോലിബറല്‍ വികസന നയങ്ങളെ ഇടതുപക്ഷവും പുല്‍കുന്നു എന്നു ഇത് വായിക്കുന്നവര്‍ മനസ്സിലാക്കേണ്ടി വരുമോ?

Image result for john brittasരണ്ടാമത്തെ കാര്യം പ്രത്യയശാസ്ത്രത്തെ ഭരണനിര്‍വഹണത്തിനകത്ത് ഇടപെടുത്തില്ല എന്ന വാഗ്ദാനമാണ്. അതായത് സ്റ്റേറ്റിന്റെ വികസന നയങ്ങളില്‍, ഇടതുപക്ഷ ആശയങ്ങള്‍ക്ക് വലിയ റോളൊന്നുമില്ല എന്ന് പച്ചയ്ക്ക് പറഞ്ഞു വയ്ക്കുന്നു. ഇതു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇന്ത്യക്ക് വേണ്ടത് നല്ല രാഷ്ട്രീയക്കാരല്ല, മറിച്ച് നല്ല സിഇഒമാരാണ് എന്നു പഴയൊരു പ്ലാനിങ്ങ് കമ്മീഷന്‍ അംഗം പറഞ്ഞതാണ്.

ഇത് അങ്ങേരുടെ അഭിപ്രായം മാത്രമല്ല. കുറച്ചു കാലമായി, ശക്തമായി അവതരിപ്പിക്കപ്പെടുകയും ഇവിടത്തെ വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടര്‍ന്നു പോരാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആശയമാണ്. ചന്ദ്രബാബു നായിഡു തൊട്ട് നരേന്ദ്ര മോഡിയും നിതീഷ് കുമാറുമുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെ നമ്മള്‍ വിലയിരുത്തുന്നതും അംഗീകരിക്കുന്നതും പൊളിറ്റീഷ്യന്‍സ് എന്ന നിലയ്ക്കല്ല. കഴിവുറ്റ മാനേജര്‍മാര്‍ എന്ന നിലയ്ക്കാണ്. മെച്ചപ്പെട്ട ഗവേണന്‍സ് എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള പരമപ്രധാനമായ ആവശ്യം.

അവിടെ ഒരു പ്രോബ്ലമുള്ളത് ആര്‍ക്കാണ് നല്ല മാനേജര്‍മാരാകാന്‍ പറ്റുക എന്നുള്ളതാണ്. മാനേജറുടെ റോള്‍ അയാള്‍ മാനേജ് ചെയ്യുന്ന സിസ്റ്റത്തിന്റെ സുഗമമായ നടത്തിപ്പാണ്. അതിനപ്പുറം ആ സിസ്റ്റത്തിന്റെ മാറ്റം എന്നത് അയാളുടെ അജണ്ടയില്‍ പെടാത്ത കാര്യമാണ്. അത് അയാളുടെ താല്പര്യത്തിനും കഴിവിന്റെ പരിധിയ്ക്കും പുറത്തുള്ള വിഷയമാണ്. അങ്ങനെ നോക്കുമ്പോള്‍, ഈ നിയോലിബറല്‍ പൊളിറ്റിക്കല്‍ ഇക്കണോമിക്കകത്ത്, അതില്‍ അന്തര്‍ലീനമായ പ്രശ്നങ്ങളുടെ പരിഹാരം എന്നത് മാനേജര്‍ പണി ചെയ്യുന്ന രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം ഒരു അസാദ്ധ്യത മാത്രമാണ്. നല്ല കാര്യസ്ഥന്റെ പണി വ്യവസ്ഥിതിയുടെ നിലനില്പും അതിനെ നയിക്കുന്ന ഹെജിമണിയുടെ അതിജീവനവുമാണ്. അല്ലാതെ അതിന്റെ ഇരകളുടെ ഉന്നമനമല്ല. ജോണ്‍ മെയ്നാര്‍ഡ് കെയ്ന്‍സ് രക്ഷിക്കാന്‍ ശ്രമിച്ചത് മുതലാളിത്തത്തെയാണ്, അല്ലാതെ അതിനകത്തെ ചൂഷിതരെയല്ല.

പക്ഷേ, കേരളത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റും ഇടതുരാഷ്ട്രീയ സംഘടനകളും, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, തങ്ങളെ സ്വയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് യു ഡി എഫിനേക്കാളും കോണ്‍ഗ്രസിനേക്കാളുംമെച്ചപ്പെട്ട മാനേജര്‍ ആയാണ്. 'നിങ്ങള്‍ അങ്ങോട്ട് നോക്കൂ, അവരേക്കാള്‍ എത്ര ഭേദമാണ് ഞങ്ങള്‍' എന്നതാണ് എല്‍ഡിഎഫിന്റെ 'യുണീക് സെല്ലിങ്ങ് പ്രൊെപ്പാസിഷന്‍' എങ്കില്‍ അത് അടിയന്തിരമായി രാഷ്ട്രീയ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്.

സുതാര്യത, അഴിമതി വിരുദ്ധത, ഉദ്യോഗസ്ഥരുടെ അച്ചടക്കം, അധ്വാനക്ഷമത വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി തീര്‍ത്തും മാനേജീരിയല്‍ എന്നു പറയാവുന്ന, മെച്ചപ്പെട്ട ബ്യൂറൊക്രസിയെ ഒരു സൊല്യൂഷനായി മുന്‍പോട്ട് വയ്ക്കുക എന്ന കാര്യമാണ് പിണറായി വിജയന്‍ ഇപ്പോള്‍ ഹൈലൈറ്റ് ചെയ്യുന്നത്. നല്ല ഭരണസംവിധാനം നല്ലതു തന്നെ. പക്ഷേ, അതിനെ പരമപ്രധാന വിഷയമാക്കുക എന്നത് മുതലാളിത്ത യുക്തിയാണ്. ആ യുക്തി (ഏറെക്കുറെ രാഷ്ട്രീയ ഭേദമന്യേ) സ്വാംശീകരിച്ച ഒരു പബ്ലിക്കിന്റെ കയ്യടി വാങ്ങാന്‍ ഭരണത്തില്‍ നിന്നും രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തുമെന്നു പറഞ്ഞ് സിഇഒ ചമയുന്നത് ഒരു മാര്‍ക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം കോമാളിത്തമാണ് .


ഈ കോമാളിത്തത്തേ പിണറായി ഏറ്റുപിടിക്കുന്നുണ്ടോ എന്നത് ഒരു ദോഷൈകദൃക്കായ (Cynical) ഒരു ഇടതുപക്ഷക്കാരന്റെ വെറും സംശയമല്ല എന്ന്, അ Marxist in The Market Place, എന്ന അശ്ലീലത്തലക്കെട്ടില്‍ വന്ന പ്രസ്തുത അഭിമുഖത്തില്‍ (അഭിമുഖമെന്നതിനേക്കാളുപരി പിണറായിയുടെ വാക്കുകളിലൂടെയും മറ്റു പലര്‍ക്കും അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുന്ന ഒന്നാന്തരം നിയോലിബറല്‍ പ്രൊപഗണ്ടിസ്റ്റ് ലേഖനം) അദ്ദേഹത്തെക്കുറിച്ച് ചിലര്‍ പറയുന്ന നല്ലവാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാകും.

''സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കൂടുതല്‍ മെച്ചപ്പെട്ട അച്ചടക്കം കൊണ്ടുവരാന്‍ ഉള്ള നടപടികള്‍ കാര്യങ്ങള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന സൂചനകള്‍ നല്‍കുന്നു. ഒരു കേഡര്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയില്‍ നിന്നും എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരു ചീഫ് മിനിസ്റ്റര്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ആഹ്ളാദകരമാണ്'' - എന്നു പറയുന്നത് ടിപി ശ്രീനിവാസന്‍ ആണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണെന്നു പറായേണ്ടതില്ലല്ലോ.

'വെറുമൊരു' രാഷ്ട്രീയക്കാനായല്ല, മറിച്ച് ഒരു സ്റ്റേറ്റ്സ്മാനായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതെന്ന്''- ജി. വിജയരാഘവന്‍. വെറുമൊരു രാഷ്ട്രീയക്കാരന്‍ എന്ന പ്രയോഗത്തില്‍ രാഷ്ട്രീയത്തോടുള്ള ടിയാന്റെ പുച്ഛം പ്രകടമാകുന്നുണ്ട്.

വാഴ്ത്തുപാട്ടുകാരില്‍ ഡോ. ബാബുപോളും പേരു വെളിപ്പെടുത്തത്ത നിരവധി ഉന്നത ഉദ്യോഗസ്ഥരും പിണറായി വിജയന്റെ ഉപദേശകവൃന്ദത്തിലെ പലരും ഉള്‍പ്പെടെ നിരവധി ആളുകളെ ലേഖകന്‍ ക്വോട്ട് ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും പറയാനുള്ളത് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തുന്ന, വികസന നായകനായ പിണറായിയെക്കുറിച്ചാണ്. 'As CM, Pinarayi means business' എന്നാണ് മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് പറയുന്നത്. അതായത് പിണറായി മറ്റെന്തിനേക്കാളുമുപരി ഗൗരവത്തോടെ കാണുന്നത് ഭരണനിര്‍വഹകന്‍ എന്ന തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചാണെന്ന്. (Means Business = to be very, very serious) അതു ആവശ്യമായിരിക്കെത്തനെ ഒരു മാര്‍ക്സിസ്റ്റ് എന്ന നിലയ്ക്കുള്ള തന്റെ ഉത്തരവാദിത്വത്തെ അതില്‍ നിന്നും വേര്‍തിരിക്കുന്നത് ഒട്ടും ഡയലക്റ്റിക്കലല്ലാത്തെ, മാര്‍ക്സിസ്റ്റ് അല്ലാത്ത സമീപനമാണെന്നു പറയാതെ നിര്‍വാഹമില്ല.

ഒരു കാലത്ത് കുപ്രസിദ്ധി നേടിത്തന്ന മാര്‍ക്സിസ്റ്റ് കാര്‍ക്കശ്യത്തെ മാറ്റി വച്ച്, റെയില്‍വേ കോറിഡോറുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും ഉള്ള കരാറുകള്‍ സ്വകാര്യ കോര്‍പറേറ്റുകളെ ഏല്‍പിക്കുന്നത് തുറന്ന മനസ്സോടെ ജെയ്റ്റ്ലിയുമായി വിജയന്‍ ചര്‍ച്ച ചെയ്തു എന്നും ലേഖകന്‍ പറയുന്നുണ്ട്. ''വളരെ ഫലപ്രദമായൊരു ചര്‍ച്ച (ഒക്ടോബര്‍ 3) കേരള മുഖ്യമന്ത്രിയുമായി ഞാന്‍ നടത്തുകയുണ്ടായി. പുതിയ ആശയങ്ങളോട് തുറന്ന സമീപനമാണ് അദ്ദേഹത്തിനുള്ളത്. ജനങ്ങള്‍ക്കുപകാരപ്പെടുമെങ്കില്‍ അവ എവിടെ നിന്നുത്ഭവിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ല'', എന്നാണ് സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ആശ്വസിക്കുന്നത്. ഗീതാ ഗോപിനാഥിന്റെ ആശയങ്ങളുടെ ഉത്ഭവം ഫ്രീഡ്മാന്‍ തൊട്ടിങ്ങോട്ടുള്ള നിയോലിബറല്‍ സാമ്പത്തികശാസ്ത്രജ്ഞരുടേതാണെന്നത് അദ്ദേഹത്തിനറിയാത്തതാകുമോ? കഴിഞ്ഞ മൂന്നു ദശാബ്ദങ്ങള്‍ കൊണ്ട്, ആ നയങ്ങള്‍ ഈ ലോകത്തെ വലിച്ചെറിഞ്ഞു കളഞ്ഞ പ്രതിസന്ധികളെന്തൊക്കെയാണെന്നത് അറിയാതെ പോകുന്ന അജ്ഞത കൊണ്ടാണോ, ആശയങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള വേവലാതികള്‍ അദ്ദേഹത്തിനില്ലാതെ പോകുന്നത്.

Image result for tp srinivasanസംഘടനയ്ക്കും അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുമപ്പുറം, പിണറായി വിജയന്‍ എന്ന വ്യക്തിയെ പ്രതിഷ്ഠിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോകുന്നത് ഒട്ടും ശുഭകരമല്ല. സംഘടനയുടെ പണി പിണറായി വിജയന്‍ എന്ന വികസനനായകന്റെ പിആര്‍ വര്‍ക്കായി മാറുന്നിടത്ത് പ്രശ്നമുണ്ട്. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മ്മാണത്തിന്, ഒരു വലതു രാഷ്ട്രീയ നേതാവിന്റെ പി ആര്‍ സ്ട്രാറ്റജികളുമായി ചില സമാനതകള്‍ ഉണ്ടാകുമ്പോള്‍.

മാര്‍ക്സ്റ്റിസ്റ്റ് പാര്‍ട്ടിയ്ക്ക് വിപ്ലവകരമായ ചില ലക്ഷ്യങ്ങളുണ്ടെന്ന് കരുതിപ്പോരുന്ന ആളാണ് ഞാനും. വിപ്ലവമെന്നു പറയുമ്പോള്‍, വാരിക്കുന്തവും നാടന്‍ തോക്കുമേന്തി ഡല്‍ഹി മാര്‍ച്ച് നടത്തി അധികാരം പിടിച്ചെടുക്കുക എന്ന കട്ടന്‍ ചായ-പരിപ്പുവട കാല്പനികതയല്ല ഉദ്ദേശിക്കുന്നത്. 'ക്യാപിറ്റലിസം എന്ന ഗ്ലോബല്‍ സിസ്റ്റത്തിനകത്ത്, ഇന്ത്യ എന്ന ക്വാസി-ഫ്യൂഡല്‍ കൂടിയായ സ്റ്റേറ്റിനകത്ത് സ്ഥിതി ചെയ്യുന്ന കേരളമെന്ന ഇട്ടാവട്ടത്തിനകത്തിരുന്ന് എന്തു ചെയ്യാന്‍' എന്നൊക്കെ ഓര്‍ത്ത് നിരാശരാകാനും പരിഹാസം ചൊരിയാനും പോകുന്നവരോട്, കോണ്‍ഗ്രസും ബിജെപിയുമൊക്കെയുള്ള ഇതേ സിസ്റ്റത്തിനകത്ത് ബെറ്റര്‍ മാനേജരാകാന്‍ ഇടതുപക്ഷത്തിനു കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അത്തരം പരിമിതികളെ മറികടന്ന് സ്വന്തം സ്വാധീന മേഖലകളില്‍ ചില വിപ്ളവകരമായ ഇടപെടലുകള്‍ നടത്താന്‍ ഇടതുപക്ഷത്തിനു സാധിക്കുമെന്നു കൂടെ ഞാന്‍ കരുതുന്നു.

അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

കേരളത്തിലെ എല്ലാ സ്വകാര്യ തൊഴില്‍ മേഖലകളിലും ദളിത്, ന്യൂനപക്ഷ, സ്ത്രീ സംവരണം ആവശ്യമാണെന്ന മുദ്രാവാക്യം ഉയര്‍ത്തുകയും സമരങ്ങള്‍ ആരംഭിക്കുകയും ചെയ്തൂടെ?

കേരളത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി എസ് സിയ്ക്ക് വിടാനുള്ള സമ്മര്‍ദ്ദമുയര്‍ത്തിക്കൂടെ?

ജോലി സമയം 8 മണിക്കൂര്‍ എന്നത് കര്‍ശനമായി പാലിക്കപ്പെടാനുള്ള സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിക്കൂടെ? (ആളുകള്‍ തൊഴിലെടുക്കാത്തതു കൊണ്ടാണ് നാടു നന്നാവത്തതെന്നത് മുതലാളിത്തത്തിന്റെ കുനുഷ്ഠ് യുക്തിയാണ്)

മിനിമം വേതനം എല്ലാ മേഖലകളിലും നടപ്പിലാക്കേണ്ട കാര്യമല്ലേ?

പാര്‍പ്പിടം എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യമെന്ന നിലയ്ക്ക് പരിഗണിക്കപ്പെടുകയും അത് നീതിപൂര്‍വമായ രീതിയില്‍ വിതരണം ചെയ്യപ്പെടണമെന്നും എന്നത് അടിയന്തിര ആവശ്യമായി ഏറ്റെടുത്തൂടെ? (ഭവനരഹിതരായ ലക്ഷക്കണക്കിനു കുടുംബങ്ങളുള്ള കേരളത്തില്‍ അതേയെണം വീടുകള്‍ ആള്‍താമസമില്ലാതെ ഉപയോഗശൂന്യമായി സമ്പന്നന്റെ ഇന്‍വെസ്റ്റ്മെന്റായി ഒഴിഞ്ഞു കിടക്കുന്നുണ്ട്)

കേരളത്തിന്റെ ഭൂമിയും വിഭവങ്ങളും ഒരു ന്യൂനപക്ഷത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും, റിയല്‍ എസ്റ്റേറ്റുകാരനും ബില്‍ഡര്‍മാര്‍ക്കും തോന്നിവാസം കളിക്കാന്‍ വിട്ടുകൊടുക്കാന്‍ പാടില്ലാത്ത പൊതുസ്വത്താണെന്നും നമുക്ക് പറയാന്‍ സാധിക്കണ്ടേ?.

ഇതുപോലെ നൂറുകണക്കിനു കാര്യങ്ങള്‍ ഉറക്കെ വിളിച്ചു പറയാനും സമരങ്ങളിലൂടെ (ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഭരണവും സമരത്തിനുള്ള അവസരമാണ്) നേടിയെടുക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണ്ടതല്ലേ?

ഇതൊന്നും ഒട്ടും എളുപ്പമല്ല എന്നറിയാം. തുടങ്ങിയാല്‍ ശക്തമായ എതിര്‍പ്പുകള്‍ പലവഴിയ്ക്ക് വരുമെന്നുമറിയാം. ശ്രമങ്ങള്‍ പലതും പാളിപ്പോയേക്കാം. എന്നാല്‍ അതുണ്ടാക്കാന്‍ പോകുന്ന മാറ്റത്തിന്റെ കാറ്റ് കേരള സമൂഹത്തെ ഉലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുത്തന്‍ ആശയങ്ങള്‍ അവ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കും. വ്യക്തിയോ സമൂഹമോ ആകട്ടെ അണ്‍ലേണ്‍ (Unlearn) ചെയ്യുന്നതാണ് Learn ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള പണി. അതുകൊണ്ട്, നമ്മളറിയാതെ നമ്മളെ നയിക്കുന്ന ഹെജിമണിയുടെ യുക്തികളെ ചോദ്യം ചെയ്യാനുള്ള അവസരമാണ്, അണ്‍ലേണ്‍ (Unlearn) ചെയ്യാനുള്ള സാധ്യത കൂടിയാണ് അവ തുറന്നിടുക. ഇന്നത്തെ സാഹചര്യത്തില്‍ അത് കേരളത്തില്‍ മാത്രമൊതുങ്ങില്ല. മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കൂടെ വ്യാപിക്കും. ലോകത്തിന്റെ പല കോണുകളില്‍ അവ ചര്‍ച്ച ചെയ്യപ്പെടും. ഇടതുപ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജമാകും. (എജ്ജാതി റൊമാന്റിസിസമെന്നു കരുതി ചിരിക്കണ്ട. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍ പലതും, കേരളത്തിലെ ജനകീയാസൂത്രണ പ്രവര്‍ത്തനത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന വസ്തുത ചിരിയ്ക്കുന്നവന് അറിയില്ലെങ്കില്‍ അതെന്റെ കുറ്റമല്ല). ആ അര്‍ഥത്തില്‍ ഒരു ബൃഹത്തായ രാഷ്ട്രീയ സമരത്തിനെക്കുറിച്ച് ബദലുകളെക്കുറിച്ച് ജനങ്ങളോടു സംസാരിക്കാതെ, പോരാടുന്ന മനുഷ്യരുടെ പ്രചോദനമായി മാറാതെ, വലതുരാഷ്ട്രീയത്തിന്റെ ഇമേജ് ബില്‍ഡിങ്ങിലേയ്ക്ക് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഗവണ്മെന്റും സംഘടയും മാറുമ്പോള്‍ ജനങ്ങളില്‍ ഉറച്ചു പോകുന്ന ആശയം TINA (There is no alternative) ആണ്. സമൂഹത്തിന്റെ പിന്തിരിപ്പന്‍ ബോധ്യങ്ങളെ അടിച്ചുറപ്പിച്ചല്ല, അടിച്ചു തെറിപ്പിച്ചാലാണ് മാര്‍ക്സിസ്റ്റ് രാഷ്ട്രീയം മുന്നോട്ടു പോവുക.അതുകൊണ്ടുതന്നെ റെവല്യൂഷണറി ഗോള്‍ ഇല്ലാത്തൊരു ഇടതുപക്ഷത്തിന്റെ -------പ്രസ്‌കതിയെന്താണെന്ന് നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിനു വലതുപക്ഷത്തേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഈ സിസ്റ്റത്തെ മാനേജ് ചെയ്യാന്‍ പറ്റില്ല. ക്യാപിറ്റലിസത്തിന്റെ നിയോലിബറല്‍ വസന്തം ഏറെക്കുറെ അവസാനിച്ചെന്നും, അതൊരു പുതിയ സ്ട്രാറ്റജി സ്വീകരിക്കാന്‍ പോകുന്ന കാലം അനതിവിദൂരമല്ലെന്നും പറയുന്നത് ബൂര്‍ഷ്വാചിന്തകര്‍ തന്നെയാണ്. അവര്‍ക്കറിയാം അതെങ്ങനെ ചെയ്യണമെന്ന്. അല്ലെങ്കില്‍ അതവര്‍ കണ്ടെത്തിക്കൊള്ളും. സര്‍വൈവ് ചെയ്യണമല്ലോ. അന്നേരം അതിനകത്ത് മെച്ചപ്പെട്ട കാര്യസ്ഥന്റെ പണി തിരയലല്ല ഇടതിന്റെ ഉത്തരവാദിത്വം. വിപ്ലവം അതിന്റെ അജണ്ടയായേ തീരൂ, ചുരുങ്ങിയത് ആ താടിക്കാരന്റെ പേരിന്റെ ആദ്യാക്ഷരം വാലായിരിക്കുന്നിടത്തോളം കാലമെങ്കിലും. കാരണം, അയാളൊരു മാനേജ്മെന്റ് ഗുരുവായിരുന്നില്ല, മറിച്ച് ഒരു റെവല്യൂഷണറിയായിരുന്നു

Read More >>