മോദി റിലയൻസിന്റെ മോഡൽ; പിണറായി പുലിമുരുകന്റെയും

കോടികൾ വാരുന്ന മസാലപ്പടങ്ങൾ ഒന്നും വിടാതെ പിണറായി വിജയൻ കുടുംബസമേതം കാണണം. കണ്ടു നിറഞ്ഞു ചിരിക്കണം. ഒന്നാംപേജു പരസ്യം നൽകാൻ നിർമ്മാതാക്കൾ ദേശാഭിമാനിയ്ക്കു മുന്നിൽ ക്യൂ നിൽക്കും. ലാലിനു പിന്നാലെ മമ്മൂട്ടിയും ദിലീപുമൊക്കെ ഈ മാതൃക പിന്തുടരട്ടെ. ദേശാഭിമാനിയുടെ ഖജനാവു നിറയട്ടെ.

മോദി റിലയൻസിന്റെ മോഡൽ; പിണറായി പുലിമുരുകന്റെയും

ഇന്നത്തെ ദേശാഭിമാനി കലക്കിയെന്നേ പറയേണ്ടൂ. പുലി മുരുകനെക്കണ്ട് മനനമ്മതിയോടെ നിറഞ്ഞു ചിരിക്കുന്ന പിണറായി വിജയന്റെ ചിത്രം സഹിതം ഒന്നാന്തരം സിനിമാപ്പരസ്യം ഒന്നാം പേജിൽ. മോദിയെ അനുകരിക്കാൻ പിണറായി ശ്രമിക്കുന്നു എന്ന സിദ്ധാന്തക്കാർക്കു വാദിക്കാൻ ഒരു പോയിന്റു കൂടിയായി. ഇക്കഴിഞ്ഞ സെപ്തംബർ രണ്ടിനാണ് റിലയൻസിന്റെ മോഡലായി നരേന്ദ്രമോദി ടൈംസ് ഓഫ് ഇന്ത്യയുടെയും ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഒന്നാം പേജു കവർന്നത്.

നിറഞ്ഞു ചിരിക്കുകയാണ് പിണറായി. അദ്ദേഹം അങ്ങനെ ചിരിക്കുന്നത് അപൂർവമാണ്. വിമർശിക്കുന്നവർ ജാഗ്രതൈ.  ചിരിക്കുന്ന പിണറായിയുടെ അപൂർവചിത്രമാണ് പുലിമുരുകന്റെ ചെലവിൽ ദേശാഭിമാനി പരസ്യം ചെയ്തത് എന്ന് സൈദ്ധാന്തികമായി വാദിക്കുന്ന മുഖപ്രസംഗമെഴുതാൻ പ്രഭാവർമ്മ പേനയെടുത്തു കഴിഞ്ഞു.


puli-murukan-deshabhimaniപണ്ട് ചാക്കു രാധാകൃഷ്ണൻ പ്ലീനത്തിനും പാർടിയ്ക്കും ആശംസ ചൊരിഞ്ഞതും ഇതേ ഒന്നാം പേജിലായിരുന്നു.  പ്ലീനത്തിന്റെ സംഘാടക സമിതിയുടെ ചെയർമാനായിരുന്നു മന്ത്രി എ കെ ബാലൻ. ചാക്കിന്റെ പരസ്യം ബാലനെയും രോഷം കൊളളിച്ചിരുന്നു. ഏതെങ്കിലും ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ സി.പി.ഐ.എം ക്ഷമാപണം നടത്തുമെന്നൊക്കെ അദ്ദേഹം പരസ്യമായി പറഞ്ഞു കളഞ്ഞു. അതുംപോരാഞ്ഞ്, എങ്ങനെയാണ് പരസ്യം പാര്‍ട്ടി പത്രത്തില്‍ വന്നതെന്ന് വിശദമായി അന്വേഷിക്കും, ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വാങ്ങിയതില്‍ പ്ലീനം സംഘാടക സമിതിക്ക് ഒരു ബന്ധവുമില്ല; പ്ലീനത്തിനായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും
ഒരു രൂപ പോലും സംഭാവന വാങ്ങിയിട്ടില്ല; അദ്ദേഹത്തിന്റെ ഒരു ലോഡ്ജ് പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്ലീനം ആവശ്യത്തിനായി ഉപയോഗപ്പെടുത്തിയിട്ടില്ല; പാലക്കാട് പാര്‍ട്ടിക്കോ സംഘാടകര്‍ക്കോ ഈ പരസ്യവുമായി ഒരു ബന്ധവുമില്ല. വിജയകരമായി നടന്ന ഒരു പ്ലീനത്തിന്റെ ശോഭ കെട്ടു തുടങ്ങിയ പരിദേവനങ്ങളും അന്ന് ബാലൻ പരസ്യമായി നിരത്തിയിരുന്നു.

modi-advtതകർപ്പനൊരു മുഖപ്രസംഗത്തിലൂടെയാണ് ദേശാഭിമാനി എ കെ ബാലനു മറുപടി പറഞ്ഞത്. "ഏതു പരസ്യം വരുമ്പോഴും പരസ്യദാതാവിന്റെ ജീവിതപശ്ചാത്തലം പൊലീസ് വെരിഫിക്കേഷന് വിട്ട് റിപ്പോര്‍ട്ട് വാങ്ങിക്കുക സാധ്യമായ കാര്യമല്ല" എന്നായിരുന്നു ബാലനു കിട്ടിയ മുഖമടച്ച മറുപടി. "വില്‍പ്പനനികുതി സംബന്ധമായോ ആദായനികുതി സംബന്ധമായോ സാമ്പത്തിക എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടോ ഒരു കേസുമില്ലെന്ന് സത്യവാങ്മൂലം നല്‍കുന്നവരുടെ പരസ്യമേ കൊടുക്കൂവെന്ന് ഒരു പത്രം നിലപാടെടുത്താല്‍ ആ പത്രം പരസ്യം കിട്ടാതെ പൂട്ടിപ്പോകുകയേ ഉള്ളൂ"വെന്നും സിപിഐഎം നേതാവിനെ ദേശാഭിമാനി ഓർമ്മിപ്പിച്ചു.

അതുകൊണ്ട് ഒന്നാം പേജിൽ ടോമിച്ചൻ മുളകുപാടത്തിന്റെ മോഡലായി പിണറായി വിജയൻ പുലി മുരുകനു വേണ്ടി പരസ്യത്തിൽ അഭിനയിച്ചുവെന്നൊക്കെ വിമർശിക്കുന്നവർ കരുതിയിരിക്കുക. "ദേശീയ സ്വാതന്ത്ര്യസമരം മുന്നോട്ടുകൊണ്ടുപോകുന്നതിനായി പലയിടങ്ങളില്‍നിന്നായി വന്‍തോതില്‍ പണം വന്നപ്പോള്‍, ആ സംഭാവനകളില്‍ കളങ്കിതപണവുമുണ്ടാകുമെന്നും അതുകൊണ്ട് അത് നമ്മള്‍ സ്വീകരിച്ചുകൂടെന്നും ഓർമ്മിപ്പിച്ച ആചാര്യ കാകാ കലേല്‍ക്കറോട്, ചെലവാക്കുന്നത് നല്ല കാര്യത്തിനാണെങ്കില്‍ ഒരു പണവും കളങ്കിതമല്ല" എന്നു മറുപടി പറഞ്ഞ ഗാന്ധിജിയെ ഇന്നും മറന്നിട്ടില്ല, ദേശാഭിമാനിയും സിപിഐഎമ്മും.

times-hindu-advtരണ്ടുമൂന്നു കൊല്ലം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയും ദി ഹിന്ദുവും തമ്മിൽ പരസ്യങ്ങളിലൂടെ നടത്തിയ ഏറ്റുമുട്ടലുകളുടെ പാഠവും ഇവിടെ ഓർക്കാം. Because govt. malfuctions matter, more than wardrobe malfunctions, stay ahead of the Times with The hindu എന്നൊരു പരസ്യം ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടു. പ്രസിദ്ധീകരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഹിന്ദു ഈ പരസ്യം ടൈംസിനു നൽകിയത്. പക്ഷേ, അവരെ ഞെട്ടിച്ച് ടൈംസുകാർ പരസ്യം പ്രസിദ്ധീകരിച്ചു.

പക്ഷേ, പണി കിട്ടുന്നത് ഹിന്ദുവിനും പണം തങ്ങൾക്കുമാണെന്നു ചിന്തിക്കാനുളള മൂളയുണ്ടായിരുന്നു, ടൈംസിന്റെ ബിസിനസ് ഹെഡ് സമീർ വാർലെങ്കറിന്. വായനക്കാരുടെ കണ്ണ് മോഡലിന്റെ ചിത്രത്തിലായിരിക്കുമെന്നും അതിനു കീഴെ അച്ചടിച്ച കുത്തു വാക്ക് ആരും ശ്രദ്ധിക്കില്ലെന്നും അവർക്കുറപ്പായിരുന്നു.

വസ്തുത അന്വേഷിക്കാൻ സർവെ നടത്തിയവർക്കും കാര്യം ബോധ്യപ്പെട്ടു. ഏതോ ഒരു ചൂടൻ മോഡലിന്റെ പതിവു ചിത്രം ടൈംസ് പ്രസിദ്ധീകരിച്ചുവെന്നു കരുതി കൃഷ്ണമണിയിലേയ്ക്കു മോഡലിനെ വിഴുങ്ങി 95 ശതമാനം പേരും ഒന്നാം പേജു മറിച്ചു. ഹിന്ദു ടീം തലപുകച്ചു തയ്യാറാക്കിയ പരസ്യവാചകം വായിച്ചവർ വെറും അഞ്ചു ശതമാനം.

ഒക്ടോബർ 30ന്റെ  ഒന്നാം പേജു കാണുമ്പോൾ ഏതു പരസ്യമോഡലിലേയ്ക്കാവും ദേശാഭിമാനി വായനക്കാർ ഉറ്റുനോക്കുക? മോഹൻലാലിനെയോ പിണറായിയെയോ? ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സിനിമാതാരമായിരിക്കും സാംസ്ക്കാരിക നായകന്‍ എന്ന് ആചാര്യവചനവുമുണ്ട്.

കോടികൾ വാരുന്ന മസാലപ്പടങ്ങൾ ഒന്നും വിടാതെ പിണറായി വിജയൻ കുടുംബസമേതം കാണണം. കണ്ടു നിറഞ്ഞു ചിരിക്കണം. ഒന്നാംപേജു പരസ്യം നൽകാൻ നിർമ്മാതാക്കൾ ദേശാഭിമാനിയ്ക്കു മുന്നിൽ ക്യൂ നിൽക്കും. ലാലിനു പിന്നാലെ മമ്മൂട്ടിയും ദിലീപുമൊക്കെ ഈ മാതൃക പിന്തുടരട്ടെ. ദേശാഭിമാനിയുടെ ഖജനാവു നിറയട്ടെ.

തീയേറ്ററിൽ ജനങ്ങളോടൊപ്പം കണ്ട് പുലി മുരുകനെ ആശീർവദിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പുലിമുരുകൻ ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് പരസ്യവാചകം.

The true leader must submerge himself in the fountain of the people എന്ന് ദീർഘദർശനം ചെയ്ത മനുഷ്യനെയാണ് നാം വ്ളാഡിമെർ ലെനിൻ എന്നു വിളിക്കുന്നത്.