ജയരാജനെ തള്ളിപറഞ്ഞ് വീണ്ടും മുഖ്യമന്ത്രി

എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് താന്‍ വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

ജയരാജനെ തള്ളിപറഞ്ഞ് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ജയരാജനെ തള്ളിപ്പറഞ്ഞ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. താനറിയാതെയാണ് വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് താന്‍ വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയതെന്ന് ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

മാധ്യമങ്ങളും പ്രതിപക്ഷവും തന്നെ വേട്ടയാടിയപ്പോള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജി വച്ചത്‌ ജയരാജന്‍ സഭയില്‍ പറഞ്ഞു. വ്യവസായ മേഖല തകര്‍ച്ച നേരിടുമ്പോഴാണ് താന്‍ ചുമതലയേറ്റത്. താന്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നിലപാട് ചിലര്‍ക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി. കെടുകാര്യസ്ഥതയ്‌ക്കെതിരെ നടപടി എടുത്തതിനാല്‍ ശത്രുക്കളുണ്ടായി. പൊതുമേഖലയിലെ ധൂര്‍ത്തും അഴിമതിയും ഇല്ലാതാക്കാന്‍ ശ്രമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായി. അഴിമതിക്കാര്‍ക്ക് അഴിമതി തുടരാന്‍ സാഹചര്യമില്ലാതെ വന്നു. സ്വാധീനിക്കാല്‍ പലരും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. താനെടുത്ത നടപടികള്‍ ചിലരെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഇതാണ് വിവാദത്തിന് പിന്നിലെന്നും ജയരാജന്‍ പറഞ്ഞു.