കെജിഎസ് ഗ്രൂപ്പ് തന്നെ വന്നു കണ്ടു, അവര്‍ പറഞ്ഞ ന്യായം കേട്ടു; പക്ഷേ ആറന്മുളയില്‍ വിമാനത്താവളം വരില്ലെന്ന് പിണറായി വിജയന്റെ ഉറപ്പ്

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യം. സംസ്ഥാനത്ത് വിമാനത്താവളം വരുന്നതിന് എല്‍ഡിഎഫ് എതിരല്ല. എന്നാല്‍ ആറന്മുളയില്‍ വരുന്നതിനെയാണ് എതിര്‍ത്തത്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു...

കെജിഎസ് ഗ്രൂപ്പ് തന്നെ വന്നു കണ്ടു, അവര്‍ പറഞ്ഞ ന്യായം കേട്ടു; പക്ഷേ ആറന്മുളയില്‍ വിമാനത്താവളം വരില്ലെന്ന് പിണറായി വിജയന്റെ ഉറപ്പ്

ആറന്മുള വിമാനത്താവള വിഷയത്തില്‍ കെജിഎസ് ഗ്രൂപ്പ് തന്നെ വന്നു കണ്ടിരുന്നുവെന്നും അവര്‍ പറഞ്ഞ ന്യായം കേട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കെജിഎസിന് അനുകൂലമായ ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് അവരോട് വ്യക്തമാക്കിയെന്നും പിണറായി പറഞ്ഞു. ആറന്മുളയില്‍ ഒരു കാരണവശാലും വിമാനത്താവളം അനുവദിക്കില്ല. പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പിണറായി വ്യക്തമാക്കി.


കോടതിയില്‍ കെ.ജി.എസിന്റെ വാദം നടക്കുന്നുണ്ട്. അതിനര്‍ഥം സര്‍ക്കാര്‍ നിലപാട് മാറിയെന്നല്ലെന്നും പിണറായി പറഞ്ഞു. കെജിഎസ് ഗ്രൂപ്പിന് ഒരു സഹായവും ചെയ്യില്ല. അത് വ്യക്തമാകുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായത്. കെജിഎസിന് പറയാനുള്ളത് ഈ മാസം 31ന് കേള്‍ക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സ്വാഭാവിക നീതി ആര്‍ക്കും നിഷേധിക്കില്ലെന്നും എന്നാല്‍ കെജിഎസിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും പിണറായി പറഞ്ഞു.

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യം. സംസ്ഥാനത്ത് വിമാനത്താവളം വരുന്നതിന് എല്‍ഡിഎഫ് എതിരല്ല. എന്നാല്‍ ആറന്മുളയില്‍ വരുന്നതിനെയാണ് എതിര്‍ത്തത്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശത്ത് പിണറായി വിജയന്‍ വിത്തുവിതച്ചു. പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുമെന്ന് സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്തുക. അതിനുള്ള തുടക്കമാണ് ഇന്ന് നടന്നത്.

Read More >>