നമ്പ്യാര്‍ വാല്‍ ഉപേക്ഷിച്ച ഏകെജിയെ സ്മരിച്ച് പിണറായി ജാതിവാലില്‍ പിടിച്ചു; 'നമുക്ക് ജാതിയില്ല' ഈഴവരില്‍ ഒതുങ്ങില്ലെന്ന് കൃത്യമായ സന്ദേശം

'നമ്പ്യാര്‍ വാല്‍' മുറിച്ച ഏകെജിയെ സ്മരിച്ച് പിണറായി ജാതിവാലിനെ തൂക്കിയടിക്കുന്നു- ഇ.പി ജയരാജന്റെ മകനും പി.കെ ശ്രീമതിയുടെ മകനും ഏകെജി ഉപേക്ഷിച്ച ജാതിവാല്‍ ഉപയോഗിക്കുന്ന ന്യൂജനറേഷന്‍.

നമ്പ്യാര്‍ വാല്‍ ഉപേക്ഷിച്ച ഏകെജിയെ സ്മരിച്ച് പിണറായി ജാതിവാലില്‍ പിടിച്ചു;

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാതിവാലില്‍ പിടിച്ചു- എറണാകുളത്ത്. ജാതിവാലില്ലാതെ തന്നെ പട്ടിണിക്കാര്‍ക്കായി പോരാടിയ പ്രിയ സഖാവ് ഏ.കെ ഗോപാലന്റെ സ്മരണയുണര്‍ത്തുന്ന ചടങ്ങിലാണ് ജാതിവാലിനെ, പിണറായി വാലില്‍ തൂക്കിയടിച്ചത്. പിന്നീട് മന്ത്രിയും സിപിഎം നേതാവുമായി മാറിയ സുശീലയെ മിശ്രവിവാഹം കഴിച്ചും മാതൃകയായ സഖാവാണ് ഏകെജി.

'ഒരു കാലത്ത് സാംസ്‌ക്കാരിക കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ ജാതിപ്പേര് സംസ്‌ക്കാരം തിരിച്ചെത്തുന്നത് അത്യന്തം അപകടകരമാണ്. ആപല്‍ക്കരമായ ഈ ശ്രമത്തെ തിരിച്ചറിഞ്ഞ് ചെറുക്കണം. മുമ്പ് ജാതിപ്പേര് ഉപേക്ഷിച്ചവരുടെ പിന്‍തലമുറക്കാരാണ് ജാതിപ്പേര് തിരികെ കൊണ്ടുവരുന്നതെന്നത് ആപത്തിനെ കൂടുതല്‍ തീവ്രമാക്കും'- ഏകെജി സ്മാരക ഗ്രന്ഥശാലയുടെ വാര്‍ഷികത്തില്‍ പിണറായി പറഞ്ഞു.


[caption id="attachment_49220" align="aligncenter" width="428"]akg 2 കണ്ണൂരില്‍ 2013ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി ഏകെജി അനുസ്മരണ പ്രഭാഷണം നടത്തുന്നു. പി.കെ ശ്രീമതി സമീപം. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ പേരിനൊപ്പവും ജാതിവാലുണ്ട് (ചിത്രത്തിന് കടപ്പാട്- ദി ഹിന്ദു)[/caption]

കുടുമ മുറിച്ചിട്ടും ജാതിവാല്‍ മുറിക്കാതിരുന്ന ഇ.എം.എസ് നമ്പൂതിരപ്പാടിന്റെ അതേ കാലത്ത് ആയില്യത്ത് കുറ്റിയാരി ഗോപാലന്‍ നമ്പ്യാര്‍ എന്ന മുഴുവന്‍ പേരുകാരനാണ് ഏ.കെ ഗോപാലനായി വാല്‍ മുറിച്ചത്. ഏകെജി പേരിനൊപ്പം ചേര്‍ക്കാതിരുന്ന/ ഒഴിവാക്കിയ ജാതിവാലാണ് ബന്ധുനിയമനത്തിലൂടെ വിവാദത്തിലായ സുധീറിനുള്ളത് എന്നത് പിണറായിയുടെ പ്രസ്താവനയ്ക്ക് കൂടുതല്‍ മുന നല്‍കുന്നു. ഇ.പി ജയരാജന്റെ മകനും അതേ ജാതിവാല്‍ ഉപയോഗിക്കുന്നുണ്ട്- ജയ്സണ്‍ നമ്പ്യാര്‍, എന്നാണ് ജയരാജന്റെ മകന്റെ ഫേസ്ബുക്ക് നാമം.

ഏകെജിയുടെ കൂടെ ഡല്‍ഹിയിലെത്തി ഇന്ന് സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായി ഉയര്‍ന്ന എസ്.രാമചന്ദ്രന്‍ പിള്ള ജാതിവാല്‍ ഉപേക്ഷിച്ചിട്ടില്ല എന്നത് ചോദ്യം ചെയ്യപ്പെടുകയാണ്. ഏകെജി ഉപേക്ഷിച്ച ജാതിവാല്‍ അദ്ദേഹത്തിന്റെ സഹചാരി ഇക്കാലമത്രയും പേരിനൊപ്പം ചേര്‍ത്തു എന്നതിനെ സ്വയംവിമര്‍ശനത്തോടെ എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കും ഇനി വിലയിരുത്തേണ്ടി വരും. പിണറായി മുഖ്യമന്ത്രിയായിരിക്കെ തന്നെ സുരേഷ് കുറുപ്പടക്കം ജാതിവാലോടെ എംഎല്‍എമാരായുമുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാംവാര്‍ഷികം ആഘോഷിച്ച് ജാതിക്കെതിരെ കൃത്യമായ സന്ദേശം നല്‍കുന്ന പാര്‍ട്ടിയും ഇടതു സര്‍ക്കാരും പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍മാരില്‍ വരെയുള്ള ജാതിവാലിന്റെ പേരില്‍ പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നമുക്ക് ജാതിയില്ല പരിപാടികളില്‍ പോലും ജാതിവാലുള്ള പലരും പങ്കെടുത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാതിയ്ക്കെതിരായ പോരാട്ടത്തിനുള്ള കൃത്യമായ സന്ദേശം പിണറായിയുടെ ഏകെജി സ്മാരക പ്രസംഗത്തില്‍ അടങ്ങിയിരിക്കുന്നു. നമുക്ക് ജാതിയില്ല പരിപാടികള്‍ ഈഴവരിലെ ആര്‍എസ്എസുകാരോട് ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധതയെ ഓര്‍മ്മിപ്പിക്കാന്‍ മാത്രം നടത്തുന്ന പരിപാടിയല്ലെന്നും സവര്‍ണ്ണജാതിബോധത്തോടും പോരാടാന്‍ തന്നെയാണ് ഉറപ്പിച്ചിരിക്കുന്നതെന്നും പിണറായി വ്യക്തമാക്കുകയാണ്.

വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസ് ലായത്തില്‍ ചേക്കേറെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ വി.എസ് അച്യുതാനന്ദനും പിണററായി വിജയനും കേരളമൊട്ടാകെ നടന്ന് ജാതിവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. ജാതിവാലിനെ ആപത്ത് എന്നും തിരിച്ചറിഞ്ഞ് ചെറുക്കണമെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ ചലനം വളരെ വലുതു തന്നെയാണ്. ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടിനും പിന്നീട് മുഖ്യമന്ത്രിയായ പി.കെ വാസുദേവന്‍ നായര്‍ക്കും അച്യുതമേനോനും ഇ.കെ നായനാര്‍ക്കും ജാതിവാലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു മുഖ്യമന്ത്രിക്കും ജാതിവാല്‍ ഉണ്ടായിരുന്നുമില്ല. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് 1960ല്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് ജാതിവാലുള്ളൊരു മുഖ്യമന്ത്രി ആ മുന്നണിയിലുണ്ടായത്. അതാകട്ടെ പ്രജാസോഷ്യലിസ്റ്റുകാരനായ പട്ടം താണുപിള്ളയും.

ജാതിവാലുള്ള ഒരാള്‍ പോലുമില്ലാത്ത മന്ത്രിസഭയാണ് പിണറായിയുടേത്. പിണറായിയുടെ ജാതിവാല്‍ വിരുദ്ധ പ്രഖ്യാപനം കേരളത്തില്‍ വലിയ ചര്‍ച്ചകളുയര്‍ത്തുമെന്നുറപ്പാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ദീപ്തിയും ശ്രീയും പേരിനൊപ്പമുണ്ടായിരുന്ന ജാതിവാല്‍ ഒഴിവാക്കിയിരുന്നു. ജാതിവാല്‍ ഔദ്യോഗിക നാമമായി പോയതിനാലാണ് ഒഴിവാക്കാനാവാത്തത് എന്നാണ് പല പ്രമുഖരും പറയുന്നത്. ഔദ്യോഗിക നാമങ്ങള്‍ക്കൊപ്പമുള്ള ജാതിവാലുകള്‍ ഒഴിവാക്കാന്‍ നൂലാമാലകളില്ലാത്തതും സൗജന്യവുമായ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കുമോ?- പിണറായിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും.

സുധീര്‍ നമ്പ്യാരെന്ന, ഇ.പി ജയരാജന്റെ 'വിവാദബന്ധു'വിനെ ഉദ്ദേശിച്ചാണ് പിണറായി ഇപ്പോള്‍ ജാതിവാല്‍ വിരുദ്ധ പ്രസ്താവന നടത്തിയത് എന്ന തോന്നല്‍ പെട്ടെന്നുയരുമെങ്കിലും പിണറായിയുട പ്രസ്താവന കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. എസ്. രാമചന്ദ്രപ്പിള്ള മുതല്‍ പാര്‍ട്ടിയില്‍ തന്നെയുള്ള എത്രപേര്‍ പിണറായിയുടെ പ്രസ്താവനയുടെ കാമ്പുള്‍ക്കൊണ്ട് ജാതിവാല്‍ മുറിക്കുമോ?

Read More >>