ഒമാനിലെ റുവി റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം; കെട്ടിടത്തിലുണ്ടായിരുന്നവരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും ജീവഹാനി ഒന്നും സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അറിയിപ്പ് വന്നിട്ടുണ്ട്

ഒമാനിലെ റുവി റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം; കെട്ടിടത്തിലുണ്ടായിരുന്നവരെ  അഗ്നിശമനസേന രക്ഷപ്പെടുത്തി

മസ്ക്കറ്റ്; ഒമാനില്‍ കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലുണ്ടായിരുന്നവരെ അഗ്നിശമനസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. മസ്കറ്റ് ഓകേ സെന്ററിനു സമീപമുള്ള റുവി റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും ജീവഹാനി ഒന്നും സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാരിന്‍റെ അറിയിപ്പ് വന്നിട്ടുണ്ട്.

ഇന്ന് രാവിലെ 8.45ഓടെയാണ് തീപിടിത്തമുണ്ടായത്. ആറുനിലക്കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ കഴിയാതെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. ഒരുപാടു സമയം കഴിഞ്ഞാണ് അഗ്നിശമന സേനയ്ക്ക് അവിടെ എത്താനായത്. ക്രെയിനുകള്‍ ഉപയോഗിച്ചാണ് തങ്ങളെ അവര്‍ തീയില്‍ നിന്നും പുറത്തെടുത്തതെന്ന് രക്ഷപ്പെട്ട ആളുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.