പീസ് സ്‌കൂള്‍ കെട്ടിടമുയര്‍ത്തിയത് വഖഫ് ബോര്‍ഡിന്റെ പാടശേഖരം നികത്തി; പിന്നില്‍ തഹസില്‍ദാരുള്‍പ്പെട്ട ഗൂഢസംഘം;ഹരിത എംഎല്‍എയും വിവാദത്തില്‍

മതസ്പര്‍ധ വളര്‍ത്തുന്ന സിലബസിന്റെയും ഭൂമികയ്യേറ്റത്തിന്റെയും പേരില്‍ വിവാദത്തിലായ എറണാകുളം തത്തപ്പളളിയിലെ സ്വകാര്യ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഡാറ്റാ ബേങ്കില്‍ പെടുത്തി നിര്‍മ്മാണപ്രവൃത്തികള്‍ നിരോധിച്ച ഒന്നരയേക്കര്‍ പാടശേഖരത്തില്‍.

പീസ് സ്‌കൂള്‍ കെട്ടിടമുയര്‍ത്തിയത് വഖഫ് ബോര്‍ഡിന്റെ പാടശേഖരം നികത്തി; പിന്നില്‍ തഹസില്‍ദാരുള്‍പ്പെട്ട ഗൂഢസംഘം;ഹരിത എംഎല്‍എയും വിവാദത്തില്‍

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന സിലബസിന്റെയും ഭൂമികയ്യേറ്റത്തിന്റെയും പേരില്‍ വിവാദത്തിലായ എറണാകുളം തത്തപ്പളളിയിലെ സ്വകാര്യ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഡാറ്റാ ബേങ്കില്‍ പെടുത്തി നിര്‍മ്മാണപ്രവൃത്തികള്‍ നിരോധിച്ച ഒന്നരയേക്കര്‍ പാടശേഖരത്തില്‍. വഖഫ് ബോര്‍ഡിന്റെ അധീനതയില്‍ ഉളള 23 സെന്റ് സ്ഥലമുള്‍പ്പെടെയുളള പാടശേഖരമാണ് അനധികൃതമായി സ്‌കൂളിനു വേണ്ടി നികത്തിയിരിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാരും കൃഷി ഓഫീസറും അടങ്ങുന്ന ഉദ്യോഗസ്ഥസംഘം കൃത്രിമ റിപ്പോര്‍ട്ടുകളുണ്ടാക്കിയാണ് പാടശേഖരം നികത്തിയതെന്ന് നാരദാ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.


പീസ് ഇന്റര്‍നാഷണല്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെക്കുറിച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതേ ഭൂമിയോട് ചേര്‍ന്നു കിടക്കുന്ന വഖഫ് ബോര്‍ഡിന്റെ 1.55 ഏക്കര്‍ സ്ഥലവും പീസ് ട്രസ്റ്റ് കയ്യേറിയത് കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു.

ഹരിത എംഎല്‍എയായി പേരുകേട്ട വി.ഡി.സതീശന്റെ അറിവോടെയാണ് നിലം നികത്താന്‍ നിയമ അട്ടിമറി നടന്നതെന്ന പഴയ ആരോപണവും പുതിയ വെളിപ്പെടലോടെ വീണ്ടും ഉയരുകയാണ്. കള്ളിയത്ത് ടിഎംടിയുടെ അമരക്കാരനായ നൂര്‍ മുഹമ്മദ് നൂര്‍ ഷാ മാനേജിങ്ങ് ട്രസ്റ്റിയും, നിപ്പോണ്‍ ടയോട്ട ഉടമ ബാബു മൂപ്പന്‍, മേത്തര്‍ ഗ്രൂപ്പിലെ സിറാജ് മേത്തര്‍ തുടങ്ങിയവര്‍ ട്രസ്റ്റികളുമായുള്ളതാണ് സ്ഥാപനം.
01

മാറിമറിയുന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകള്‍


കോട്ടുവള്ളി പഞ്ചായത്തില്‍ ഡാറ്റാബേങ്കില്‍ പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിരുന്ന ഒരേക്കറും 52 സെന്റുമുള്‍പ്പെട്ട സ്ഥലം നികത്തി സ്‌കൂള്‍ കെട്ടിടം പണിയുകയായിരുന്നു. ഈ സ്ഥത്തില്‍ വഖഫ് ബോര്‍ഡിന്റെ അധീനതയില്‍ ഉളള 23 സെന്റ് സ്ഥലവും ഉള്‍പ്പെടും.  ബേസിക് ടാക്സ് രജിസ്റ്ററിലും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ പ്രകാരമുള്ള ഡാറ്റാ ബാങ്കിലും ഈ സ്ഥലം നെല്‍വയല്‍/നിലം ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെല്‍വയലിന്റെ സ്വഭാവവുമുള്ള സ്ഥലം ഇരുപതു കൊല്ലത്തോളമായി കൃഷി ചെയ്യാതിട്ടിരിക്കുകയായിരുന്നു.

സ്റ്റോപ്പ് മെമ്മോ നല്‍കിയ വില്ലേജാഫീസര്‍ തെറിച്ചു

സ്ഥലംനികത്തലിനെപ്പറ്റി പരാതി ഉയര്‍ന്നപ്പോള്‍ ചട്ടപ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയെ പഠനംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. അവിടെത്തുടങ്ങി അട്ടിമറി നീക്കങ്ങള്‍. അന്ന് വില്ലേജാഫീസറായിരുന്ന സംഗീത് നിലം നികത്തലിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഈ വില്ലേജാപ്പീസറെ സ്ഥലം മാറ്റിയാണ് ഭൂമികയ്യേറ്റത്തിന് ഉദ്യോഗസ്ഥരുള്‍പ്പെട്ട ഗൂഢസംഘം വഴിയൊരുക്കിയത്.

കെട്ടിടം പണിക്കുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ ഭൂമി നിലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പഞ്ചായത്തധികൃതര്‍ ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുകയായിരുന്നു. വിവരാവകാശ പ്രകാരം കലക്ടറേറ്റില്‍ നിന്നു ലഭിച്ച രേഖകളും ഭൂമി നിലമാണെന്നു വ്യക്തമാക്കുന്നു. നിലം നികത്താന്‍ അനുമതിയില്ലെന്നും കലക്ടറേറ്റില്‍ നിന്നും കൃഷിഭവനില്‍ നിന്നും മുമ്പു ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

എന്നിട്ടുമെങ്ങനെ കെട്ടിടത്തിന് നിര്‍മ്മാണാനുമതി കിട്ടിയെന്ന അന്വേഷണമാണ് ഉദ്യോഗസ്ഥനേതൃത്വത്തില്‍ നടന്ന ഒത്തുകളികളിലേക്കും കൃത്രിമമായ റിപ്പോര്‍ട്ടുണ്ടാക്കലുകളിലേക്കും നാരദാ ന്യൂസ് അന്വേഷണത്തെ എത്തിച്ചത്.

[caption id="attachment_46580" align="aligncenter" width="544"]pppp നികത്തപ്പെട്ട വയലിന്റെ തുടര്‍ച്ചയായി സ്‌കൂളിന്റെ പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന നെല്‍വയലിന്റെ സ്വഭാവമുളള സ്ഥലം.[/caption]

[caption id="attachment_48980" align="aligncenter" width="517"]collector-order-02 ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്[/caption]കൃത്രിമ റിപ്പോര്‍ട്ടുകള്‍ പടച്ചത് അഡീ. തഹസില്‍ദാരും കൃഷി ഓഫീസറും

രണ്ട് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടല്‍ കൃത്രിമങ്ങള്‍ക്കു പിന്നിലുണ്ടെന്ന് നാരദാ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമാണ്. ഒന്ന്, അഡീഷണല്‍ തഹസില്‍ദാര്‍ വി.ജെ.ജോണ്‍. രണ്ട്, കൃഷി ഓഫീസര്‍ സരിത മോഹന്‍. മുമ്പ് വില്ലേജാപ്പീസറും കൃഷി ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ട് അഡീഷണല്‍ തഹസില്‍ദാറും കൃഷി ഓഫീസറും തുടര്‍ റിപ്പോര്‍ട്ടുകളില്‍ അട്ടിമറിക്കുകയായിരുന്നു.

സ്ഥലം സന്ദര്‍ശിച്ച് പാടം നികത്തിയത് ബോധ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥയാണ് കൃഷി ഓഫീസര്‍ സരിത മോഹന്‍. അതേ കൃഷി ഓഫീസര്‍ കണ്‍വീനറായ പ്രാദേശിക നിരീക്ഷണ സമിതി ശുപാര്‍ശ ചെയ്തതാകട്ടെ, നിലം ഡാറ്റാ ബാങ്കില്‍ നിന്നു നീക്കം ചെയ്യണമെന്നും! തന്റെ ആദ്യ റിപ്പോര്‍ട്ടൊന്നാകെ മലക്കംമറിച്ചുകൊണ്ടായിരുന്നു കൃഷി ഓഫീസറുടെ രണ്ടാം റിപ്പോര്‍ട്ട്.

കോട്ടുവള്ളി വില്ലേജാപ്പീസര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ (കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരവും കരട് ഡാറ്റാ ബാങ്ക് പ്രകാരവും ഭൂമി നില മാണെന്നായിരുന്നു ആ റിപ്പോര്‍ട്ട്) ഉദ്ധരിച്ചുകൊണ്ടുതന്നെ അതിനെ തള്ളിക്കളയുന്ന ശുപാര്‍ശ നല്‍കുകയായിരുന്നു അഡീഷണല്‍ തഹസില്‍ദാര്‍ വി.ജെ.ജോണ്‍. സമര്‍ത്ഥമായി കോടതിയെ ഇടപെടുവിച്ചാണ് ഉദ്യോഗസ്ഥരുടെ ഈ അട്ടിമറിറിപ്പോര്‍ട്ടുകള്‍ക്ക് കയ്യേറ്റക്കാര്‍ അരങ്ങൊരുക്കിയത്.

newഅട്ടിമറിക്ക് ഗൂഢസംഘം കോടതിയെ കരുവാക്കിയതിങ്ങനെ

വന്‍ ഗൂഢാലോചനകള്‍ ഭൂമികയ്യേറ്റത്തിനു പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ അട്ടിമറി റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍ നടന്ന അണിയറ നാടകങ്ങള്‍. പഞ്ചായത്തധികൃതര്‍ കെട്ടിടത്തിന് നമ്പറിട്ടു നല്‍കാന്‍ വിസമ്മതിച്ചതാണ് ഈ നാടകത്തിലെ മുഖ്യഭാഗം. ജനകീയപ്രതിഷേധത്തിനൊപ്പമാണെന്നു വരുത്താനും, അതേസമയം കയ്യേറ്റക്കാര്‍ക്ക് കാര്യം നടന്നുകിട്ടാനും ഒരേ സമയം കളിക്കുകയായിരുന്നു പഞ്ചായത്തധികൃതര്‍.

നമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് വിമുഖത കാട്ടിയതിനു തൊട്ടുപിന്നാലെ കയ്യേറ്റക്കാര്‍ നാടകം കോടതിയിലേക്കു നീക്കി. നമ്പര്‍ നല്‍കാത്തതിനെക്കുറിച്ച് പരാതി ഉന്നയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ രാജമാണിക്യം 'നിയമാനുസൃത' നടപടികളെടുക്കാന്‍ താലൂക്കാപ്പീസിലേക്കും കൃഷിഭവനിലേക്കും റിപ്പോര്‍ട്ടുകള്‍ തേടി. 'നിയമാനുസൃത' റിപ്പോര്‍ട്ടുകളുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു താലൂക്കാപ്പീസില്‍ അഡീഷണല്‍ തഹസില്‍ദാരും കൃഷിഭവനില്‍ കൃഷിഓഫീസറും!saritha-mohan


അതോടെ, കയ്യേറ്റഭൂമി നല്ല ഭൂമിയായി. ഈ രണ്ടുദ്യോഗസ്ഥര്‍ നല്‍കിയ കൃത്രിമ റിപ്പോര്‍ട്ടുകള്‍, അവരുടെ തന്നെ മുന്‍ റിപ്പോര്‍ട്ടുകളെ കാറ്റില്‍പ്പറത്തിയും കണ്ടില്ലെന്നു നടിച്ചും, കലക്ടറാപ്പീസില്‍ നിന്നും ഉത്തരവായിപ്പിറന്നു. ഗൂഢാലോചനകളില്‍ പിറന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന് നമ്പറിട്ടു നല്‍കാന്‍ കലക്ടര്‍ രാജമാണിക്യം ഉത്തരവായി.thalsidar-02ഹരിത എംഎല്‍എ അറിയാതെയോ ഈ ഹരിതവിരുദ്ധ നീക്കം?

മുമ്പ് ആക്ഷേപമുന്നയിച്ച ഇടതുരാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും വായടപ്പിച്ചു കൊണ്ടാണ് മതപഠനം ലക്ഷ്യമിട്ട് സ്ഥാപിച്ച ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണം സാധുവായിത്തീര്‍ന്നത്. എന്നുമാത്രമല്ല, തുടര്‍ന്ന് അവിടെത്തന്നെ അനക്‌സ് നിര്‍മ്മിക്കാനും പീസ് ഇന്റര്‍നാഷണല്‍ അനുമതി നേടിയെടുത്തു. ഹരിത എംഎല്‍എ പട്ടം നേടിയെടുത്ത വി.ഡി.സതീശന്റെ മൗനാനുവാദം നിലം തൂര്‍ക്കല്‍ ശ്രമങ്ങള്‍ക്കു പിന്നിലുണ്ടെന്ന് ആദ്യഘട്ടം മുതലേ ആരോപണമുയര്‍ന്നിരുന്നു. ഉന്നതതല രാഷ്ട്രീയ ഇടപെടല്‍കൂടാതെ കോടതിയെയും കലക്ടറെയും വരെ കരുവാക്കിയുള്ള ഭൂമി കയ്യേറ്റം നടക്കില്ലെന്നതു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ വി.ഡി.സതീശന്‍ എംഎല്‍എ പുലര്‍ത്തുന്ന മൗനം ഭൂമികയ്യേറ്റപ്രശ്‌നത്തില്‍ പല ഘട്ടങ്ങളിലായി ഇടപെട്ടവരുടെയെല്ലാം നെറ്റി ചുളിപ്പിക്കുന്നതാണ്.

മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തിലുള്ള സിലബസിന്റെ പേരില്‍ വിവാദക്കുരുക്കില്‍ നില്‍ക്കെയാണ് ഭൂമികയ്യേറ്റത്തിന്റെ പേരിലും പീസ് ഇന്റര്‍നാഷണല്‍ പ്രതിക്കൂട്ടിലാവുന്നത്.

Edited by E. Rajesh

Read More >>