മതേതരവിരുദ്ധ ആശയങ്ങളുള്ള പാഠഭാഗങ്ങള്‍ പീസ് സ്‌കൂളില്‍ പഠിപ്പിച്ചത് തന്നെ; വിവാദ പാഠഭാഗം ഒന്നര വർഷം മുൻപ് പിൻവലിച്ചതാണെന്ന് വിശദീകരണം

മതപഠനത്തിനുള്ള പുസ്തകങ്ങള്‍ തയ്യാറാക്കിയത് മുംബൈയിലെ ബുറൂജ് പബ്ലിക്കേഷനാണ്. ഷംസ്, ഖമര്‍ കരിക്കുലമനുസരിച്ചുള്ള പാഠഭാഗങ്ങളാണ് പുസ്തകങ്ങളിലുള്ളത്. രാജ്യത്തെ നാനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുറൂജ് പബ്ലിക്കേഷന്റെ ഇസ്ലാമിക പഠനങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ബുറൂജ് പബ്ലിക്കേഷന് സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേനുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

മതേതരവിരുദ്ധ ആശയങ്ങളുള്ള പാഠഭാഗങ്ങള്‍ പീസ് സ്‌കൂളില്‍ പഠിപ്പിച്ചത് തന്നെ; വിവാദ പാഠഭാഗം ഒന്നര വർഷം മുൻപ് പിൻവലിച്ചതാണെന്ന് വിശദീകരണം

കൊച്ചി: മതേതരവിരുദ്ധ ആശയങ്ങളടങ്ങിയ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നെന്ന് നാരദാന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മതം മാറാന്‍ തയ്യാറായ ആളുകളോട് എന്തൊക്കെ ഉപദേശങ്ങളാണ് നല്‍കുക എന്ന കാര്യം പറയുന്ന പാഠഭാഗം രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയതാണ്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മതപഠനത്തിനായുള്ള പുസ്തകങ്ങളില്‍ സമാന സ്വഭാവമുള്ള ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.


രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ പ്രചരിക്കുന്ന ഭാഗം ഇങ്ങനെയാണ്
11നിങ്ങളുടെ അടുത്ത സുഹൃത്ത് ആദം/ സൂസന്‍ മുസ്ലീം മതത്തിലേക്ക് മാറാന്‍ തീരുമാനിച്ചാല്‍ എന്ത് ഉപദേശമാകും നല്‍കുക?

a) എത്രയും വേഗം അവന്റെ/ അവളുടെ പേര് അഹമ്മദ്/ സാറ എന്ന് മാറ്റാന്‍ നിര്‍ദ്ദേശിക്കും

b) കുരിശുള്ള മാലയുണ്ടെങ്കില്‍ മാറ്റാന്‍ ആവശ്യപ്പെടും

c) ഷഹാദ പഠിക്കാന്‍ ഉപദേശിക്കും

d) മാതാപിതാക്കള്‍ മുസ്ലീം മതവിശ്വാസികളല്ലെങ്കില്‍ വീടുപേക്ഷിക്കാന്‍ പറയും

e) ഹലാല്‍ ചിക്കന്‍ കഴിക്കാന്‍ ആവശ്യപ്പെടും

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പ്രാധാന്യത്തിനനുസരിച്ച് ക്രമപ്പെടുത്താനും അതിന്റെ വിശദീകരണം ക്ലാസില്‍ നടത്താനും പാഠഭാഗത്തില്‍ പറയുന്നുണ്ട്.

മതപഠനത്തിനുള്ള പുസ്തകങ്ങള്‍ തയ്യാറാക്കിയത് മുംബൈയിലെ ബുറൂജ് പബ്ലിക്കേഷനാണ്. ഷംസ്, ഖമര്‍ കരിക്കുലമനുസരിച്ചുള്ള പാഠഭാഗങ്ങളാണ് പുസ്തകങ്ങളിലുള്ളത്. രാജ്യത്തെ നാനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുറൂജ് പബ്ലിക്കേഷന്റെ ഇസ്ലാമിക പഠനങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ബുറൂജ് പബ്ലിക്കേഷന് സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേനുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പാഠപുസ്തകത്തിലെ ഭാഗം പിന്‍വലിച്ചതാണെന്നാണ് പീസ് ഇന്റര്‍നാഷണലിന്റെ വിശദീകരണം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ആ പാഠഭാഗം പഠിപ്പിക്കേണ്ടെന്ന് ഒന്നരവര്‍ഷം മുമ്പ് തന്നെ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി പീസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ എംഎം അക്ബര്‍ നാരദാന്യൂസിനോട് പറഞ്ഞു. ഷഹാദത്തിന്റെ(ഇസ്ലാമിക മതത്തിലേക്ക് മാറാനുള്ള പ്രാഥമിക പ്രാര്‍ത്ഥന) പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനാണ് പുസ്തക പ്രസാധകര്‍ പ്രസ്തുത പാഠഭാഗം ചേര്‍ത്തതെന്ന് അക്ബര്‍ പറയുന്നു. അത്തരം ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ പ്രസാധകര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നുമാണ് ഫൗണ്ടേഷന്റെ നിലപാട്. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ കേരളത്തിലെ അനുയായി എന്നറിയപ്പെടുന്ന ആളാണ് എം എം അക്ബര്‍.

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മതപഠനത്തിന് ഇരുപതോളം പുസ്തകങ്ങളാണുള്ളത്. ഈ പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊടുത്തുവിടാറില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. മുസ്ലീം വിഭാഗത്തിലുള്ള കുട്ടികളെ മാത്രമാണ് ഈ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പീസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ കീഴിലുള്ള പത്ത് സ്ഥാപനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. 700 അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

സിബിഎസ്ഇയുടെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മതേതരത്വ വിരുദ്ധ ആശയങ്ങളുള്ള സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയതിനും കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നേരത്തെ വിവാദത്തിലായിരുന്നു.