വാഗ്‌ദത്ത ദേശത്തെ അശാന്തമാക്കുന്നവര്‍

ഈ കാലഘട്ടത്തിലെ ഒരു പ്രധാന പ്രശ്നമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം. ഈ പ്രശ്നത്തെ വെറും ഭൂമി സംബന്ധമായ കലഹം എന്ന നിലയിലാണ് പൊതുവേ മാധ്യമങ്ങള്‍ ചിത്രീകരിച്ചു കാണാറുള്ളത്‌. ഇന്നത്തെ ഇസ്രായേല്‍ രാജ്യം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ആയിരം വര്‍ഷം പഴക്കമുള്ള അറബി പലസ്തീന്‍ ജനത അധിവസിച്ചിരുന്നുവെന്നും, അവരെ സിയോണിസ്റ്റുകളായ ജൂതന്മാര്‍ ബലമായി പുറത്താക്കുകയായിരുന്നുവെന്നും ശഠിക്കുന്നതാണ് സാധാരണ കേള്‍ക്കാറുള്ള ഒരുവാദം. കൂടാതെ അന്ധമായ വംശവെറി കാരണം യെഹൂദന്മാര്‍ പലസ്തീനില്‍ വംശഹത്യ നടത്തുകയാണ് എന്നും ഇസ്രായേലിന്‍റെ വിമര്‍ശകര്‍ വാദിക്കുന്നു. ഈവക വാദങ്ങള്‍ക്ക് എന്തെങ്കിലും നിലനില്‍പ്പ്‌ ഉണ്ടോ എന്നറിയാന്‍ നമ്മള്‍ ചരിത്രപരമായ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. ഈ ലേഖന പരമ്പരയിലൂടെ അത്തരമൊരു പരിശോധനയ്ക്കാണ് മുതിരുന്നത്. ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തെക്കുറിച്ചുള്ള ലേഖന പരമ്പരയിലെ ഒന്നാംഭാഗം. അനില്‍കുമാര്‍ വി അയ്യപ്പന്‍ എഴുതുന്നു.

വാഗ്‌ദത്ത ദേശത്തെ അശാന്തമാക്കുന്നവര്‍

അനില്‍കുമാര്‍ വി അയ്യപ്പന്‍

നാം അധിവസിക്കുന്ന ഈ കാലഘട്ടത്തിലെ ഒരു പ്രധാന പ്രശ്നമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം. ഈ പ്രശ്നത്തെ വെറും ഭൂമി സംബന്ധമായ കലഹം എന്ന നിലയിലാണ് പൊതുവേ മാധ്യമങ്ങള്‍ ചിത്രീകരിച്ചു കാണാറുള്ളത്‌.

ഇസ്രായേലിന്‍റെ പൂര്‍വ്വചരിത്രം

ഈ പ്രദേശങ്ങളെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ രേഖ ബൈബിള്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ ബി.സി.പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട മോശയുടെ പഞ്ചഗ്രന്ഥങ്ങളും യോശുവയുടെ പുസ്തകവും. വിമര്‍ശകന്മാര്‍ എപ്പോഴും ഇരട്ടത്താപ്പ് കാണിക്കുന്ന ഒരു മേഖലയാണ് ഇത് എന്ന കാര്യം കൂടി ഇവിടെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ ജനം ഈ ഭൂപ്രദേശത്തേക്ക് അതിക്രമിച്ചുകയറി ഇവിടെയുണ്ടായിരുന്നവരെയൊക്കെ കൊന്നുമുടിച്ചു തങ്ങളുടെ ഒരു രാജ്യം സ്ഥാപിക്കുകയായിരുന്നു എന്നുള്ള വിമര്‍ശകരുടെ വാദത്തിന് തെളിവെന്താണ് എന്ന് ചോദിച്ചാല്‍ അവര്‍ കൊണ്ടുവരുന്നത് ബൈബിളിനെയാണ്.


ബൈബിളില്‍ ഇസ്രയേലിനെ കുറിച്ച് എഴുതിയിരിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ അവര്‍ക്ക് നൂറ് ശതമാനം വിശ്വസനീയമാണ്. പക്ഷേ  അതേ  ബൈബിളില്‍ ഫെലിസ്ത്യരെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവരെയും ഇതുപോലെത്തന്നെ വേറൊരു സ്ഥലത്ത് നിന്നും ദൈവം കൊണ്ടുവന്ന് ഫെലിസ്ത്യ ദേശത്ത് കുടി പാര്‍പ്പിച്ചു എന്നാണ്:

“ഇസ്രായേല്‍ മക്കളേ നിങ്ങള്‍ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ഇസ്രായേലിനെ മിസ്രയീം ദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരില്‍നിന്നും അരാമ്യരെ കീറില്‍ നിന്നും കൊണ്ടു വന്നില്ലയോ?” (Amos 9:7)

‘കഫ്തോരില്‍ നിന്നുവന്ന കഫ്തോര്‍യ്യരും ഗസ്സാവരെയുള്ള ഊരുകളില്‍ പാര്‍ത്തിരുന്ന അവരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാര്‍ത്തു’ എന്ന് ആവര്‍ത്തന പുസ്തകം 2:23-ല്‍ പറഞ്ഞിട്ടുണ്ട്. ബൈബിളിലെ വാചകങ്ങള്‍ പറഞ്ഞത് വിമര്‍ശകന്മാരുടെ ഇരട്ടത്താപ്പ് നിലപാടുകളെ തുറന്നു കാണിക്കാന്‍ വേണ്ടിയാണ്.

1948-നു മുന്‍പ്‌ ഇസ്രായേല്‍ എന്ന് പറയുന്ന ഒരുരാഷ്ട്രം ഉണ്ടായിരുന്നോ എന്നാണ് വിമര്‍ശകന്മാര്‍ പലരും ചോദിക്കുന്നത്. തീര്‍ച്ചയായും ഉണ്ടായിരുന്നു എന്നാണ് ഉത്തരം. B.C.1500 മുതല്‍ നീണ്ട ഒരു സഹസ്രാബ്ദത്തിലധികം കാലം ആ രാഷ്ട്രം നിലനിന്നിട്ടുണ്ട്. ആറു മൂലകളോട് കൂടിയ ദാവീദിന്‍റെ നക്ഷത്രം ആലേഖനം ചെയ്തിട്ടുള്ളതും ഹീബ്രു ഭാഷയില്‍ ഉള്ളതുമായ മൂവായിരം വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ അവിടെ നിന്ന് ഗവേഷകര്‍ ഖനനം ചെയ്തെടുത്തിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ഈ രാജ്യത്തിന്‍റെ ശക്തി ക്ഷയിക്കുകയും B.C.950-ഓടുകൂടി രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. തെക്കേരാജ്യം എന്നും വടക്കേ രാജ്യമെന്നും. വടക്കേരാജ്യം ഇസ്രായേല്‍ എന്നും തെക്കേരാജ്യം യെഹൂദ്യ എന്നും അറിയപ്പെട്ടു. B.C.8-നൂറ്റാണ്ടോടുകൂടി ഇസ്രായേല്‍ രാഷ്ട്രത്തെ അസീറിയക്കാര്‍ വന്നു പിടിച്ചു കൊണ്ടുപോയി. അവിടെ വേറെ ജനങ്ങളെ കൊണ്ടുവന്നു കുടി പാര്‍പ്പിച്ചു. വന്ന ജനങ്ങളും അവിടെ ഉണ്ടായിരുന്ന കുറച്ചു ഇസ്രായേല്യരും തമ്മില്‍ ചേര്‍ന്നതിന്‍റെ ഫലമായി ഉണ്ടായതാണ് ശമര്യര്‍ എന്ന പുതിയ ജാതി.

ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജ്യം ബി.സി.എട്ടാം നൂറ്റാണ്ടോടുകൂടി ഇല്ലാതാകുകയും പിന്നീട് സിറിയക്കാര്‍ അസീറിയക്കാരെ പരാജയപ്പെടുത്തി ഈ പ്രദേശം തങ്ങളുടെ സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്തതിനാല്‍ കുറേക്കാലം ഇതൊരു സിറിയന്‍ പ്രവിശ്യയായി നിലനിന്നിരുന്നു. പിന്നീട് ബാബിലോണ്യരുടെയും പാര്‍സികളുടെയും സാമ്രാജ്യങ്ങള്‍ ആധിപത്യം പ്രാപിച്ചപ്പോള്‍ അവര്‍ ഇതിനെ തങ്ങളുടെ സാമ്രാജ്യത്തോട് ചേര്‍ക്കുകയുണ്ടായി.

B.C. 606, B.C.597, B.C.586 എന്നീ വര്‍ഷങ്ങളില്‍ ബാബേല്‍ രാജാവിനെ ബുഖദ്‌നേസറിന്‍റെ സൈന്യം തെക്കേരാജ്യമായ യെഹൂദയെ ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ബാബേലിലേക്കു അടിമകളായി പിടിച്ചു കൊണ്ടു പോവുകയും ചെയ്തു. ഇവര്‍ അവിടെ അടിമകളായി കിടന്ന കാലം അവരുടെ ചരിത്രത്തില്‍ ബാബേല്‍ പ്രവാസം എന്ന് അറിയപ്പെടുന്നു. B.C.536, B.C.527, B.C.516 എന്നീ വര്‍ഷങ്ങളില്‍ അവരെ അവിടെ നിന്ന് തിരിച്ചു തങ്ങളുടെ നാട്ടിലേക്ക് വരാന്‍ അന്നത്തെ രാജാവായിരുന്ന കൊരെശ് അനുവാദം നല്‍കി. അങ്ങനെ അവര്‍ മടങ്ങി വന്നു.

പിന്നീട് അവര്‍ ദൈവാലയം പണിയുകയും നഗര മതില്‍ പണിയുകയും യെരുശലെമിനെ വീണ്ടും പ്രാമുഖ്യമുള്ള നഗരമാക്കി മാറ്റുകയും ചെയ്തു. അപ്പോഴും ഒരു സ്വതന്ത്ര രാജ്യമായിട്ടായിരുന്നില്ല, പാര്‍സി സാമ്രാജ്യത്തിന്‍റെ ഒരു പ്രവിശ്യ എന്ന നിലയില്‍ മാത്രമാണ് യെരുശലേം അടങ്ങുന്ന ഈ പ്രദേശം നിലനിന്നത്. പിന്നീട് ഗ്രീക്കുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു. അവരെ തുടര്‍ന്ന് റോമാക്കാര്‍ ഈ നഗരം പിടിച്ചടക്കി. ഭൂമിശാസ്ത്രപരമായി ഇസ്രായേല്‍ എന്ന രാജ്യവും യെഹൂദ്യ എന്ന രാജ്യവും ഇല്ലാതായിത്തീര്‍ന്നപ്പോഴും ഇന്നത്തെ ഈജിപ്തിനും ഗാസ്സക്കും ഇടയിലുള്ള സമുദ്രതീരത്ത്‌ ഗസ്സ, അസ്കലോന്‍, അസ്തോദ്‌, എക്രോന്‍, ഗത്ത് എന്നീ അഞ്ച് പട്ടണങ്ങളോട് കൂടിയ ഒരു ചെറിയ ഭൂപ്രദേശമായിക്കൊണ്ട് ഫെലിസ്ത്യ ജനത നിലനില്‍ക്കുന്നുണ്ടായിരുന്നു. കാലക്രമേണ ഈ അഞ്ച് പട്ടണങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളെയും ഫെലിസ്ത്യദേശമെന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഫെലിസ്ത്യ ജനത ഭൂമുഖത്ത് നിന്ന് നിഷ്കാസിതരാകുകയും വേറെ പല വംശത്തിലും വര്‍ഗ്ഗത്തിലും പെട്ട ആളുകള്‍ അവിടെ താമസമാരംഭിക്കുകയും ചെയ്തു.

യേശുക്രിസ്തുവിന്‍റെ കാലമായപ്പോള്‍ ആ പ്രദേശം റോമാ സാമ്രാജ്യത്തിന്‍റെ കീഴിലായിരുന്നു. സ്വാതന്ത്ര്യ മോഹികളായ യെഹൂദന്മാര്‍ പലപല സംഘങ്ങളായി തിരിഞ്ഞ് ഒളിപ്പോര്‍ സംഘടനകളുണ്ടാക്കി റോമാക്കാരെ ആക്രമിക്കുന്നത് അക്കാലത്ത് പതിവായിരുന്നു. അതിന്‍റെ അനന്തരഫലമായി എ.ഡി.70-ല്‍ ഉണ്ടായ യെരുശലേം നാശം ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തങ്ങളിലൊന്നാണ്. ഒരു ലക്ഷത്തോളം വരുന്ന റോമന്‍ സൈന്യമാണ് ആ വര്‍ഷം ഏപ്രിലില്‍ സൈന്യാധിപനായ ടൈറ്റസിന്‍റെ നേതൃത്വത്തില്‍ യെരുശലെമിനെ വളഞ്ഞത്. പതിനായിരക്കണക്കിന് യെഹൂദന്മാരെ മതിലുകള്‍ക്കുള്ളില്‍ തളച്ചിട്ടു. യെരുശലേമില്‍ നിന്ന് പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചു. നിരോധനം 143 ദിവസംനീണ്ടുനിന്നു. രക്ഷപ്പെടാനുള്ള പ്രതീക്ഷകളെല്ലാം നഷ്ടമായി. പട്ടണത്തില്‍ ക്ഷാമം അതികഠിനമായി. വിശപ്പിനു മുന്നില്‍ മാനുഷിക വികാരങ്ങളെല്ലാം അസ്തമിച്ചു. ക്ഷാമത്തെക്കുറിച്ചു ഫ്ലാവിയസ് ജോസീഫസ്‌ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും മക്കള്‍ അപ്പന്മാരില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചുപറിച്ചു. എത്രയും ദയനീയമെന്നു പറയട്ടെ, അമ്മമാര്‍ തങ്ങളുടെശിശുക്കളുടെ വായില്‍നിന്നു തന്നെ ഭക്ഷണം തട്ടിയെടുത്തു. പ്രിയ കുഞ്ഞുങ്ങള്‍ തങ്ങളുടെ കൈകളില്‍ കിടന്നുമ രിക്കുമ്പോള്‍ ജീവദായകമായ ഉരുളകള്‍ അവരില്‍ നിന്നു തട്ടിയെടുക്കാന്‍ അമ്മമാര്‍ മടിച്ചില്ല. സ്വന്തം കുഞ്ഞുങ്ങളെ അമ്മമാര്‍ പുഴുങ്ങിത്തിന്നു.” (
http://www.rjgeib.com/thoughts/desolation/josephus.html
)

ഗതിമുട്ടി പട്ടണം വിട്ടവരെ ടൈറ്റസ്‌ പിടിച്ചു ക്രൂശിച്ചുകൊന്നു. അവര്‍ ദൈവാലയത്തെ അഗ്നിക്കിരയാക്കി. യെരുശലേം നഗരത്തെ പൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ ടൈറ്റസ്‌ കല്പന നല്‍കി. ‘കല്ലിന്മേല്‍കല്ല്‌ ശേഷിക്കാതെ’ അവര്‍ ദൈവാലയത്തെയും അതിന്‍റെ മതിലുകളെയും ഇടിച്ചുനിരത്തി. ഈ നിരോധനത്തില്‍ 11 ലക്ഷം യെഹൂദന്മാര്‍ മരിച്ചുവെന്നും 97000 യെഹൂദന്മാര്‍ അടിമകളായി പിടിക്കപ്പെട്ടുവെന്നും ജോസീഫസ് പറയുന്നു. റോമാക്കാര്‍ തടവുകാരോട് ക്രൂരമായി പെരുമാറി. രക്തദാഹികളായ റോമാ പൌരന്മാരെ രസിപ്പിക്കുന്നതിനുവേണ്ടി അനേകംപേരെ സിംഹത്തിനിട്ടു കൊടുത്തു. കുറ്റക്കാര്‍ എന്ന് തോന്നിയവരെ ജീവനോടെ ദഹിപ്പിച്ചു. (http://sacred-texts.com/jud/josephus/war-5.htm)

യെരുശലേമിന്‍റെ നാശത്തിനുശേഷം യെഹൂദാ ജനത്തിന്‍റെ ആശയായി ശേഷിച്ചത് മസാദയാണ്. യെരുശലേമിന് 30 മൈല്‍ തെക്കുമാറി ചാവുകടലിന്‍റെ പടിഞ്ഞാറേ തീരത്തുള്ള കുന്നിന്‍പ്രദേശമാണ് മസാദ. ബി.സി.40-ല്‍ ഹെരോദാ രാജാവ് ഇതിനെ ഒരു കോട്ടയായി പണിതിരുന്നു. ഹസ്മോണിയന്‍ വംശക്കാര്‍ ആദ്യം ഇവിടെ പണി കഴിപ്പിച്ചിരുന്ന കോട്ടയെ ഹെരോദാവു പുതുക്കി പണിതതാണ്. യെരുശലേമിന്‍റെ പതനത്തിനുശേഷം എലെയാസറുടെ നേതൃത്വത്തില്‍ രക്ഷപ്പെട്ട ദേശസ്നേഹികളുടെ ഒരുചെറിയ ഗണം മസാദാ കോട്ടതാവളമാക്കി മൂന്നു വര്‍ഷത്തോളം പിടിച്ചുനിന്നു. കോട്ടയ്ക്കുള്ളില്‍ ഒന്നിന് പുറകില്‍ മറ്റൊന്നായി നാല് നിരമതിലുകള്‍ പണിതാണ് അവര്‍ പിടിച്ചു നിന്നത്. റോമന്‍ സൈന്യം ഈ കോട്ടയെ തകര്‍ക്കാന്‍ കഠിനമായിശ്രമിച്ചു. എ.ഡി.73-ല്‍ ഹദ്രിയന്‍റെ കീഴില്‍ ധാരാളം സൈന്യം താഴ്വരയില്‍ നിറഞ്ഞു. ഒന്‍പതു മാസത്തെ ശ്രമം കൊണ്ട് ഗോവണിപ്പടി പണിയുകയും യന്ത്ര മുട്ടിയുപയോഗിച്ചു മതിലിനെ തള്ളിയിടുവാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിരോധകര്‍ മണ്ണും തടിയുംകൊണ്ട്‌ ഒരു മതില്‍ നിര്‍മ്മിച്ചു. അതിനെ റോമാക്കാര്‍ ചുട്ടതിനുശേഷം പിറ്റേദിവസം മതിലിനുള്ളില്‍ പ്രവേശിക്കുവാന്‍ തീരുമാനിച്ചു. ആ രാത്രി എലെയാസര്‍ തന്‍റെ അനുയായികളെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “മനുഷ്യരുടെ ഉടയവനും നീതിമാനുമായ യഹോവയായ ദൈവത്തെയല്ലാതെ മറ്റാരേയും സേവിക്കുകയില്ലെന്നു നാം ദൃഡനിശ്ചയം ചെയ്തവരാണ്. അത് നടപ്പില്‍ വരുത്താനുള്ള സമയം ആഗതമായി. നമ്മുടെ കുട്ടികള്‍ അടിമത്തം അനുഭവിക്കാതെയും നമ്മുടെ സ്ത്രീകള്‍ ചാരിത്ര്യ ശുദ്ധിയോടും, ആത്മാഭിമാനത്തോടും, സ്വാതന്ത്ര്യത്തോടും മരിക്കുന്നതിനെ നമുക്ക്‌ തിരഞ്ഞെടുക്കാം. നമ്മുടെ വസ്തുവകകള്‍ റോമാക്കാര്‍ക്ക് കൊടുക്കാതെ അവയെ കത്തിച്ചു നശിപ്പിക്കാം. നമ്മുടെ ധാന്യപ്പുരകള്‍ മാത്രം കത്തിക്കരുത്. ആഹാരമില്ലാഞ്ഞിട്ടല്ല, സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നാം മരിച്ചത് എന്ന് ലോകം അറിയേണ്ടതിന്തന്നെ.”

ഈ നിര്‍ദ്ദേശത്തോട് യോജിച്ച് ഓരോരുത്തര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ വധിച്ചു. ശേഷിച്ചവര്‍ പത്തുപേരെ ചീട്ടിട്ടു എടുത്തു അവര്‍ മുഖേന ബാക്കിയുള്ള എല്ലാവരെയും കൊന്നു. പിന്നെ ആ പത്തുപേരും ആത്മഹത്യ ചെയ്തു. അതിലെ അവസാനത്തെയാള്‍ കെട്ടിടത്തിനു തീവെച്ചശേഷം തന്‍റെ വാള്‍ നെഞ്ചില്‍ തറപ്പിച്ചാണ് മരിച്ചത്. പിറ്റേന്ന് രാവിലെ സൈന്യം വന്നപ്പോള്‍ കണ്ടത് കഴിഞ്ഞ മൂന്നുവര്‍ഷവും കോട്ടയെ പ്രതിരോധിച്ച 960 യെഹൂദന്മാര്‍ ആത്മഹത്യ ചെയ്തിരിക്കുന്നതാണ്. ആത്മഹത്യ ഭയന്ന് ഒരു ഗുഹയില്‍ ഒളിച്ചിരുന്ന രണ്ടുസ്ത്രീകളും അഞ്ചു പൈതങ്ങളും അവശേഷിച്ചത് കൊണ്ടാണ് കോട്ടയ്ക്കുള്ളില്‍ നടന്ന കാര്യങ്ങള്‍ റോമന്‍ സൈന്യത്തിനും ലോകത്തിനും അറിയാന്‍ കഴിഞ്ഞത്.

Palestine_1മസാദ കോട്ടയുടെ അവശിഷ്ടങ്ങള്‍

ടൈറ്റസിന്‍റെ ആക്രമണത്തില്‍ യരുശലേം നഗരം തകരുകയും യെഹൂദൻ പിറന്നനാട് ഉപേക്ഷിച്ചു പോകേണ്ട ഗതികേട് വരികയുംചെയ്തു. പിന്നീട് യെഹൂദന് യെരുശലെമിലേക്ക് പ്രവേശനാനുമതി ലഭിച്ചു, അവര്‍ വീണ്ടും അവിടെ വലിയ ജനതയായി മാറി. റോമാക്കാരില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാഗ്രഹിച്ച യെഹൂദന്മാരില്‍ പലരും ഒളിപ്പോര്‍ സംഘങ്ങള്‍ക്ക്‌ രൂപം കൊടുക്കുകയും അവര്‍ മിന്നലാക്രമണങ്ങളിലൂടെ റോമക്കാര്‍ക്ക് തലവേദനയാവുകയും ചെയ്തു. ബര്‍കൊക്ക്ബയുടെ നേതൃത്വത്തില്‍ എ.ഡി.134-ല്‍ നടന്ന വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. പട്ടണത്തില്‍ ശേഷിച്ചിരുന്നവയെ ഇടിച്ചു നിലംപരിചാക്കി പട്ടണത്തിന്‍റെ അടിസ്ഥാനങ്ങളെ ഉഴുതുമറിച്ചു. യെഹൂദനെ എന്നന്നേക്കുമായി യെരുശലേമിന്‍റെ മണ്ണില്‍നിന്ന് പുറത്താക്കാൻ റോമാ ഗവണ്മെന്‍റ് തീരുമാനിച്ചു.

അങ്ങനെ രണ്ടാം നൂറ്റാണ്ടില്‍ യഹൂദന്മാര്‍ യെരുശലേമില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. എന്തുകൊണ്ടാണ് ഈ മൊത്തം പ്രദേശത്തിനും പിന്നീട് പലസ്തീന്‍ എന്ന് പറയുന്നത് എന്ന കാര്യം നാം അന്വേഷിക്കുമ്പോള്‍ ചരിത്രം നമുക്ക്‌ നല്‍കുന്ന ഉത്തരം ‘റോമാക്കാരുടെ യെഹൂദവിരോധം’ എന്നതാണ്. ചരിത്രത്തെ അപ്പാടെ വിഴുങ്ങുന്ന ഒരു പരിപാടി ഇതിനിടയില്‍ റോമാക്കാര്‍ ചെയ്തിരുന്നു.

യെരുശലേമില്‍ യെഹൂദന് ഒരു അവകാശവുമില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ആപ്രദേശത്തിന്‍റെ പേര് തന്നെ റോമാക്കാര്‍മാറ്റിയിട്ടു! യെരുശലേമിന്‍റെ പേര് ഐലിയ കപ്പിത്തോളിനാ (Aelia Capitolina) എന്ന് ഔദ്യോഗികമായി മാറ്റി. യെഹൂദന്മാരുമായി ഏറ്റവും ശത്രുതയുണ്ടായിരുന്ന ജനവിഭാഗം ഏതാണെന്ന് ബൈബിളില്‍നിന്നും അന്വേഷിച്ച അവര്‍ക്ക് കിട്ടിയ ഉത്തരം, അത്ഫെലിസ്ത്യര്‍ ആയിരുന്നു എന്നാണ്. യേശുക്രിസ്തുവിന്‍റെ കാലത്തിനും നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ ഫെലിസ്ത്യ ജനത ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. എങ്കിലും ഇത് ഫെലിസ്ത്യരുടെ ഭൂമിയാണ് എന്ന് പറഞ്ഞുകൊണ്ട് റോമാക്കാര്‍ ആ പ്രദേശത്തിന് "സിറിയപാലസ്തീനാ"  എന്ന് പുനഃര്‍നാമകരണം നടത്തി!

റോമക്കാരാണ് ക്രിസ്തുവര്‍ഷത്തിന്‍റെ രണ്ടാംശതകത്തില്‍ ജെറുസലെമിനും അതിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കും “സിറിയപാലസ്തീനാ" എന്ന നാമം ഔദ്യോഗികാംഗീകാരത്തോടെ ആദ്യമായി ഉപയോഗിക്കുന്നത്. അതൊരു ശരിയായ പ്രയോഗം അല്ലായിരുന്നു. ഗ്രീക്ക്‌ ഭാഷയില്‍ "പലസ്തീനാ" എന്നാല്‍ ഫെലിസ്ത്യരുടെ മാതൃരാജ്യം എന്നാണ് അര്‍ത്ഥം. പക്ഷേ, ഇന്നത്തെ ഗാസയുടെ ഒരുഭാഗം ഉള്‍പ്പെടുന്ന, മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കെ തീരത്തുള്ള ഒരു ചെറു കഷ്ണം പ്രദേശത്തെക്കാള്‍ അധികമായിയാതൊന്നും ഫെലിസ്ത്യര്‍ ഒരുകാലത്തും കൈവശം വച്ചിരുന്നില്ല. മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്നമേ ഫെലിസ്ത്യര്‍ ഇല്ലാതായി തീര്‍ന്നിരുന്നു താനും. യഹൂദ്യരാജ്യം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശം റോമക്കാര്‍ കീഴടക്കിയപ്പോള്‍ ആദ്യം അവര്‍തന്നെ അതിനെ യെഹൂദ്യ പ്രവിശ്യ എന്ന് നാമകരണം ചെയ്തതുമാണ്.

Palestine_2(ബി.സി. എട്ടാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തിലുള്ള ഓരോ രാജ്യങ്ങളുടെയും കിടപ്പ് ഇങ്ങനെയായിരുന്നു. യെഹൂദ്യാ രാജ്യത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി ഇന്നത്തെ ഈജിപ്തിനും ഗാസ്സക്കും ഇടയിലുള്ള സമുദ്രതീരത്ത്‌ ഗസ്സ, അസ്കലോന്‍, അസ്തോദ്‌, എക്രോന്‍, ഗത്ത് എന്നീ അഞ്ച് പട്ടണങ്ങളോട് കൂടിയ ഒരു ചെറിയ ഭൂപ്രദേശമായിരുന്നു ഫെലിസ്ത്യ ദേശം എന്നറിയപ്പെട്ടിരുന്നത്.)

പിന്നെ എന്തിനാണ് റോമക്കാര്‍ വീണ്ടുംപേര് "സിറിയപാലസ്തീനാ” എന്ന് മാറ്റിയത്? ഇതൊരു പ്രധാനപ്പെട്ട ചോദ്യം ആണ്. ഈജിപ്ഷ്യന്‍ അടിമ നുകത്തിന്‍ കീഴില്‍ സ്ഥാപിതമായ യെഹൂദ സമൂഹവും യെഹൂദ മതവും മോശയ്ക്കു നല്‍കപ്പെട്ട നിയമത്തിനു ചുറ്റുമായിട്ടാണ് നിലനിന്നിരുന്നത്. സാമ്രാജ്യത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്‍റെ ഇടയില്‍ മോശെക്കു നല്‍കപ്പെട്ട നിയമത്തിന്‍റെ സ്വീകാര്യത അവരെ വിപ്ലവത്തിലേക്ക് നയിക്കുമോ എന്ന വലിയ ഉത്ക്കണ്ഠ റോമാക്കാര്‍ക്ക് ഉണ്ടായിരുന്നു. അങ്ങനെയൊരു അനന്തരഫലം ഒഴിവാക്കുവാന്‍ റോമാ സാമ്രാജ്യം അതിഘോരമായ യെഹൂദ കൂട്ടക്കുരുതികള്‍ ആരംഭിച്ചു. ഒന്നാം യെഹൂദ യുദ്ധമെന്നും, രണ്ടാംയഹൂദ യുദ്ധമെന്നുമാണ് ഇന്ന് അവ ഓര്‍മിക്കപ്പെടുന്നത്. ആനുപാതികമായ കണക്കു എടുത്താല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ കൊന്നതിനെക്കാള്‍ കൂടുതല്‍ യെഹൂദന്മാരെ റോമക്കാര്‍ ഒരുപക്ഷെ കൊന്നു കാണുമെന്നു ചരിത്രകാരന്മാര്‍ പറയുന്നു.

കൂട്ടക്കുരുതി അവസാനിച്ചപ്പോള്‍, ഹദ്രിയന്‍ ചക്രവര്‍ത്തി ജെറുസലേം നശിപ്പിച്ചശേഷം, രണ്ടാം ശതകത്തില്‍ ഗ്രീക്കുകാരെ അവിടെ പാര്‍പ്പിക്കുവാന്‍ കൊണ്ടുവരുകയും, യെഹൂദന്മാര്‍ക്ക് അങ്ങോട്ടുള്ള പ്രവേശനം വിലക്കുകയും ചെയ്തു. വിലക്ക് ലംഘിക്കുന്ന യെഹൂദന്മാര്‍ക്ക് മരണശിക്ഷ ആണ് മുന്നിലുണ്ടായിരുന്നത്‌. ഇവിടെ യെഹൂദന്മാര്‍ ഇല്ലെന്നും, അവരെ ഞങ്ങള്‍ ഇങ്ങോട്ട് കടക്കാന്‍ അനുവദിക്കയില്ലെന്നുമാണ് രാഷ്ട്രീയമായി "പാലസ്തീനാ" എന്നതുകൊണ്ട്‌ ഉദ്ദേശിച്ചിരുന്നത്. ഇതിന് വഴങ്ങാത്ത ചില യെഹൂദന്മാര്‍ തങ്ങളുടെ വിശുദ്ധനാട്ടില്‍ അവശേഷിച്ചിരുന്നു. എന്ന് മാത്രമല്ല, യെഹൂദ പീഡനങ്ങളുടെ കാലത്ത് ആ പ്രദേശം വിട്ടുപോയ ധാരാളംപേര്‍ പില്‍ക്കാലത്ത് തിരികെ വരുകയും ചെയ്തു.

Palestine_3(റോമക്കാര്‍ ‘സിറിയ പലസ്തീനാ’ എന്ന് പേര് മാറ്റിയിട്ട വാഗ്ദത്ത നാടിന്‍റെ ഭൂപടം ഗസ്സ, അസ്കലോന്‍, അസ്തോദ്‌, എക്രോന്‍, ഗത്ത് എന്നീ അഞ്ച് പട്ടണങ്ങളോടു കൂടിയ മെഡിറ്ററെനിയന്‍ തീരത്തെ ഒരു ചെറിയ രാജ്യമായി അതുവരെ ചരിത്രത്തില്‍ നിലനിന്നിരുന്ന പലസ്തീന്‍ നാട് പില്‍ക്കാലത്ത് ഇസ്രയേല്‍, യെഹൂദ്യ എന്നീ രണ്ട് രാജ്യങ്ങളെയും രാഷ്ട്രീയപരമായും ഭൂമിശാസ്ത്ര പരമായും ഉള്‍ക്കൊള്ളാന്‍ തുടങ്ങിയത് റോമക്കാര്‍ ഇങ്ങനെ പേര് മാറ്റിയിട്ടതിന് ശേഷമാണ്.)

അനൌപചാരികമായി റോമക്കാര്‍ തുടര്‍ന്നും ഈപ്രദേശത്തെ യെഹുദ്യ എന്ന് വിളിച്ചിരുന്നു. എ.ഡി. നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോട് കൂടി പലസ്തീനിനെ, പ്രിമാ എന്നും സെക്കുന്താ എന്നും രണ്ടു പ്രവിശ്യകളായി തിരിച്ചു. നുറ്റാണ്ടുകള്‍ കടന്നു പോയപ്പോള്‍ "പലസ്തീനാ" എന്ന നാമത്തിന്‍റെ പ്രയോഗം ശുഷ്ക്കിച്ചു വന്നു. പിന്നീടു അതിനൊരു വ്യക്തമായ പ്രയോഗം ഇല്ലാതെയായി. പതിനാറാം നുറ്റാണ്ട് മുതല്‍ ഈ പ്രദേശത്തെ അധീനതയിലാക്കിയിരുന്ന തുര്‍ക്കികളുടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ (1299-1923) കീഴില്‍ "പലസ്തീനാ" എന്നപേരില്‍, ഭരണപരമായോ രാഷ്ട്രിയപരമായോ അസ്തിത്വം ഉള്ള ഒരു ഘടകം ഉണ്ടായിരുന്നില്ല.

Palestine_4(ഓട്ടോമന്‍ സാമ്രാജ്യത്തില്‍ പലസ്തീന്‍ എന്ന പേരില്‍ ഒരു പ്രവിശ്യ ഒരുകാലത്തും ഉണ്ടായിരുന്നില്ല. ആ പ്രദേശത്തിനെ അവര്‍ സിറിയ എന്നാണ് വിളിച്ചിരുന്നത്‌)

പിന്നീട് ഇരുപതാം നുറ്റാണ്ടില്‍, ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കികളുടെ കയ്യില്‍ നിന്ന് മദ്ധ്യപൂര്‍വ്വദേശത്തെ ഈ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ശേഷം 1920-ല്‍ ബ്രിട്ടീഷ്‌ മാന്‍ഡേറ്റ് ഉണ്ടാക്കിയപ്പോളാണ് ബ്രിട്ടീഷുകാര്‍ പലസ്തീന്‍ എന്ന പേര് വീണ്ടും ഉപയോഗിക്കുന്നത്. പക്ഷെ, അന്തിമമായി 1922-ല്‍ പലസ്തീനെ നിര്‍വചിച്ചപ്പോള്‍, രണ്ടുകൊല്ലം മുന്‍പ് അവര്‍തന്നെ ഉണ്ടാക്കിയ പലസ്തിനിന്‍റെ ഭൂഭാഗത്തിന്‍റെ നാലില്‍ ഒന്ന് മാത്രമാണ് അതില്‍വന്നത്. (തുടരും.)

Read More >>