ആധുനിക ഇസ്രായേലിന്‍റെ ചരിത്രം

തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം അതിജീവനത്തിനുള്ള വഴികള്‍ തേടുകയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ യെഹൂദ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. പണം കൊടുത്തു ഭൂമി വാങ്ങുകയും ആ ഭൂമിയില്‍ യെഹൂദന്‍ അത്യദ്ധ്വാനത്തിലൂടെ പൊന്നു വിളയിക്കുകയും ചെയ്തപ്പോള്‍ അത് പ്രദേശത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു. കൂട്ടുകൃഷിയിടങ്ങളും സ്കൂളുകളും പാര്‍ക്കുകളും റിസര്‍വോയറുകളും എന്തിന്, കാടുകളും അവര്‍ ആ മരുഭൂമിയില്‍ ഉണ്ടാക്കിയെടുത്തു! ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തെക്കുറിച്ചുള്ള ലേഖന പരമ്പരയിലെ മൂന്നാംഭാഗം. അനില്‍കുമാര്‍ വി അയ്യപ്പന്‍ എഴുതുന്നു.

ആധുനിക ഇസ്രായേലിന്‍റെ ചരിത്രം

അനില്‍കുമാര്‍ വി അയ്യപ്പന്‍


വലിയ യെഹൂദാ ജനതതി യെരുശലേമിലും, ഹെബ്രോനിലും, സഫെധിലും, തിബിര്യാസിലും പണ്ടു മുതലേ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഗലീലി ഗ്രാമങ്ങളിലും, വലിയ അധിവാസ കേന്ദ്രങ്ങളിലും ചെറിയ യെഹൂദാ സമൂഹങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തില്‍ യെരുശലേമില്‍ യെഹൂദന്മാരായിരുന്നു ഭൂരിഭാഗവും. ബ്രിട്ടീഷ്‌ കോണ്‍സുലേറ്റില്‍ നിന്നുള്ള 1859-ലെ ഒരു ഡോക്യുമെന്‍റില്‍ ഇപ്രകാരം പറയുന്നു: “യെരുശലേമിലെ മുസ്ലിങ്ങള്‍, പുര്‍ണ്ണ ജനസംഖ്യയുടെ നാലില്‍ ഒന്ന് കവിയുകയില്ല.” 1878-ല്‍, സിയോനിസ്റ്റ് കുടിയേറ്റങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ്‌, ഓട്ടോമന്‍ സുല്‍ത്താന്‍, വിദേശ മുസ്ലീങ്ങളെ, മുഖ്യമായും സിര്‍കെസിയന്‍സിനെയും അല്‍ജീറിയക്കാരെയും കൊണ്ടുവരുന്നതിനുള്ള ഒരു പുനരധിവാസ പോളിസി തുടങ്ങി. ചരിത്രകാരനായ Arnold Blumberg ഇപ്രകാരം വിശദീകരിക്കുന്നു: "1880-നു ശേഷമുണ്ടായ  നവ യഹൂദ ദേശിയതയുടെ ശക്തികളും, തുര്‍ക്കികള്‍ പിന്താങ്ങിയ വിദേശ മുസ്ലിം കോളനിവത്കരണവും, പലസ്തിനിന്‍റെ സമൃദ്ധിയില്‍ ആകര്‍ഷിക്കപ്പെട്ടു നടന്ന സ്വാഭാവിക അറബ് കുടിയേറ്റവും പ്രദേശത്തിലെ ജനസംഖ്യയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു." മേല്‍പ്പറഞ്ഞതുപോലെ, 1878 മുതല്‍, അക്ഷരാര്‍ത്ഥത്തില്‍ നിര്‍ജ്ജനമായ പ്രദേശത്തില്‍, യെഹൂദന്മാരുടെ അത്യദ്ധ്വാനഫലമായി ഈ പ്രദേശം ഫലഭൂയിഷ്ഠമാകാന്‍ തുടങ്ങിയതോടെ മുസ്ലിം കുടിയേറ്റത്തിന്‍റെ ഭീമമായ അലകള്‍ വന്നു കൊണ്ടിരുന്നു. ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും താമസിച്ചിരിക്കുകയും ചെയ്തവനുമായ ഒരുവനെയാണ്‌. ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തിരും. സിയോനിസ്റ്റുകളായ യെഹൂദര്‍, ആരും ഉപയോഗിക്കാതിരുന്ന തരിശു ഭൂമികളില്‍ ആണ് സ്ഥിരവാസമാക്കിയത്‌ എന്നുള്ള കാര്യം ഇപ്പോള്‍ ഏവരും അംഗീകരിക്കുന്നു.


തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം അതിജീവനത്തിനുള്ള വഴികള്‍ തേടുകയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ യെഹൂദ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. പണം കൊടുത്തു ഭൂമി വാങ്ങുകയും ആ ഭൂമിയില്‍ യെഹൂദന്‍ അത്യദ്ധ്വാനത്തിലൂടെ പൊന്നു വിളയിക്കുകയും ചെയ്തപ്പോള്‍ അത് പ്രദേശത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു. കൂട്ടുകൃഷിയിടങ്ങളും സ്കൂളുകളും പാര്‍ക്കുകളും റിസര്‍വോയറുകളും എന്തിന്, കാടുകളും അവര്‍ ആ മരുഭൂമിയില്‍ ഉണ്ടാക്കിയെടുത്തു!


BLUE-BOX_1ഇസ്രായേലില്‍ യെഹൂദന്മാര്‍ക്ക് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ വഴിയൊരുക്കിയത് ജ്യൂവിഷ് നാഷണല്‍ ഫണ്ട് (JNF) എന്ന സംഘടനയാണ്. 1897-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേസിലില്‍ കൂടിയ ഒന്നാം സിയോണിസ്റ്റ് സമ്മേളനത്തില്‍ വെച്ച് ഘടികാര നിര്‍മ്മാതാവും ഗണിതജ്ഞനുമായ ഹെര്‍മന്‍ ഷാപിറ (Hermann Schapira) എന്ന യെഹൂദ റബ്ബിയാണ് വാഗ്ദത്ത ദേശത്ത് സ്ഥലം വാങ്ങാനും വാഗ്ദത്ത നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള, ലോകത്തിന്‍റെ ഏതു കോണിലുമുള്ള യെഹൂദന്മാരെ അവിടെ എത്തിച്ച് അവര്‍ക്ക് കൃഷിയിടങ്ങള്‍ തുടങ്ങാനും മറ്റുമുള്ള ചിലവുകള്‍ വഹിക്കേണ്ടതിനുമായി ഒരു ‘ദേശീയ’ ഫണ്ട് അത്യാവശ്യമാണ് എന്ന നിര്‍ദ്ദേശം വെച്ചത്. നാല് വര്‍ഷം കൂടി കഴിഞ്ഞ്, 1901-ല്‍ ബേസിലില്‍ വെച്ച് തന്നെ കൂടിയ അഞ്ചാം സിയോണിസ്റ്റ് സമ്മേളനത്തിലാണ് തിയോഡര്‍ ഹെര്‍സലിന്‍റെ നേതൃത്വത്തില്‍ ജ്യൂയിഷ് നാഷണല്‍ ഫണ്ട് (ഹീബ്രു: Keren Kayemet LeYisrael, ചുരുക്കരൂപം: KKL) രൂപീകരിക്കുന്നത്. സൂയസ് കനാല്‍ നിര്‍മ്മാണത്തിന് ബ്രിട്ടീഷ് ഗവണ്മെന്‍റിന് ലോണ്‍ കൊടുത്തു സഹായിച്ച ലോക പ്രശസ്ത യെഹൂദ ബാങ്കര്‍മാരായ റോത്ത് ചൈല്‍ഡ് കുടുംബക്കാരില്‍ നിന്നു മുതല്‍ ലോകത്തിലെ ഏറ്റവും ദരിദ്രമായ യെഹൂദ കുടുംബത്തില്‍ നിന്നുവരെ JNF സംഭാവന സ്വീകരിച്ചു. മൂന്ന് വിധത്തിലായിരുന്നു JNF പണം സ്വീകരിച്ചത്. എല്ലാ യെഹൂദ ഭവനങ്ങളിലേക്കും കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് JNF കളക്ഷന്‍ ബോക്സുകള്‍ വെച്ചു. വാഗ്ദത്ത ദേശത്തിന്‍റെ ചിത്രം അടങ്ങിയ ഈ സംഭാവനപ്പെട്ടി ആദ്യകാലങ്ങളില്‍ നീല നിറമായിരുന്നത് കൊണ്ട് ഇതിനെ ബ്ലൂ ബോക്സ് എന്നും വിളിക്കുന്നുണ്ട്. വാഗ്ദത്ത ദേശത്ത് ഒരു തുണ്ട് ഭൂമി സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട യെഹൂദന്മാര്‍ നീലപ്പെട്ടിയില്‍ പണം നിറച്ചു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കിടയില്‍ പത്ത് ലക്ഷത്തിലധികം നീലപ്പെട്ടികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള യെഹൂദന്മാരുടെ ഭവനങ്ങളില്‍ എത്തപ്പെട്ടിരുന്നു. യെഹൂദാ ബാലന്മാരും ബാലികമാരും സ്കൂളുകളിലേക്ക് പോകുമ്പോഴും വരുമ്പോഴും നീലപ്പെട്ടികളുമായി തെരുവില്‍ സംഭാവന പിരിച്ചു!


BLUE-BOX (വിവിധ തരത്തിലുള്ള JNF കളക്ഷന്‍ ബോക്സ്.)


രണ്ടാമത്തെ വഴി JNF സ്റ്റാമ്പുകള്‍ പുറത്തിറക്കുക എന്നതായിരുന്നു. ഈ സ്റ്റാമ്പുകള്‍ വിറ്റുകിട്ടിയ തുക ഫണ്ടിലേക്ക് മുതല്‍ കൂട്ടി. മൂന്നാമത്തെ വഴി ധനികരായ യെഹൂദന്മാരില്‍ നിന്നും വലിയ വലിയ തുകകള്‍ സംഭാവനയായി സ്വീകരിക്കുക എന്നുള്ളതും. JNF രൂപീകരിച്ച് വെറും നാല് വര്‍ഷം കഴിഞ്ഞപ്പോള്‍, 1905-ല്‍ വാഗ്ദത്ത ദേശത്ത് 5600 ദുനം ഭൂമി (ഒരു ദുനം എന്നാല്‍ 25 സെന്‍റാണ്) അവര്‍ വാങ്ങി. തിബെരിയാസിന്‍റെ വടക്ക് പടിഞ്ഞാറുള്ള കെഫാര്‍ ഹിത്തീമില്‍ 2000 ദുനവും റാമല്ലയുടെ തെക്കുള്ള ഹുല്‍ദയില്‍ 2000 ദുനവും ലുദ്ദയുടെ കിഴക്കുള്ള ബെന്‍ ഷേമെനില്‍ 1600 ദുനവുമായി ആകെ 5600 ദുനം അഥവാ 1400 ഏക്കര്‍ ഭൂമിയാണ്‌ ആദ്യത്തെ പര്‍ച്ചേസില്‍ JNF വാങ്ങിയത്. (JNF-Jerusalem; Bein, op. cit., p. 23. Israel Cohen, A Short History of Zionism (London, 1951), p. 64)


ഓട്ടോമന്‍ തുര്‍ക്കികളുടെ കീഴില്‍ ഈ ഭൂപ്രദേശം മുഴുവന്‍ തരിശായി കിടക്കുകയായിരുന്നു. ലെബനോനിലും അലക്സാണ്ട്രിയയിലും സിറിയയിലും കെയ്റോയിലുമൊക്കെയുള്ള സമ്പന്ന അറബികളുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിലെ താമസക്കാര്‍ എന്ന് പറയാനുള്ളത് അധികവും നാടോടികളായ ബെദൂവിയന്‍ അറബികളായിരുന്നു. ഭൂവുടമകളുടെ കുടിയാന്മാരായ ഇക്കൂട്ടരുടെ തൊഴില്‍ ആടുകളെ മേയ്ക്കുന്നതായിരുന്നു. പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശവാസികളായ യെഹൂദന്മാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും താമസിച്ചിരുന്നു. വാഗ്ദത്ത ദേശത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുന്നതായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗം. നൂറ്റാണ്ടുകളായി തരിശായിക്കിടക്കുന്ന ഭൂമി വാങ്ങാന്‍ JNF വന്നപ്പോള്‍ ഭൂവുടമകള്‍ സന്തോഷത്തോടെ അവ വില്‍ക്കുവാന്‍ തയ്യാറായി. ഭൂവുടമകളെ സംബന്ധിച്ചിടത്തോളം ഒന്നിനും കൊള്ളാത്ത ഭൂമി പിതാവിന്‍റെ വില്‍പ്പത്ര പ്രകാരം ലഭിച്ചതാണ്. ഇനി തങ്ങള്‍ മരിക്കുമ്പോള്‍ മക്കളില്‍ ആര്‍ക്കെങ്കിലും അത് എഴുതി വെക്കും, അത്രമാത്രം. ഒരു പുല്ലു പോലും കിളിര്‍ക്കാത്ത, ഒരാളും വാങ്ങാന്‍ തയ്യാറില്ലാത്തതുമായ ഈ ഭൂമി തങ്ങള്‍ പറഞ്ഞ വിലയ്ക്ക് വാങ്ങാനും ആള്‍ക്കാരുണ്ടായത് അവരെ അമ്പരിപ്പിച്ചു.


JNF വെറുതെ ഭൂമി വാങ്ങിക്കൂട്ടുക മാത്രമായിരുന്നില്ല, അവിടെ കൃഷിയിടങ്ങളും വിദ്യാലയങ്ങളും ജലസേചന പദ്ധതികളും നടപ്പാക്കുന്നുണ്ടായിരുന്നു. 1905-ല്‍ തന്നെ ജാഫയില്‍ 'Herzl Gymnasium' എന്ന പേരില്‍ ഒരു സെക്കണ്ടറി സ്കൂള്‍ JNF പണി കഴിപ്പിച്ചിരുന്നു. ഇതില്‍ പ്രത്യേകമായി പറയേണ്ട ഒന്നാണ് ഇസ്രയേല്‍ ട്രീ ഫണ്ട് (ITF). വാഗ്ദത്ത ദേശത്ത് മരം വെച്ച് പിടിപ്പിക്കുന്നതിനുള്ള JNF ന്‍റെ പദ്ധതിയായിരുന്നു അത്.


STAMPയൂറോപ്പിലും അമേരിക്കയിലുമുള്ള യെഹൂദന്മാര്‍ക്ക് വാഗ്ദത്ത ദേശത്ത് തങ്ങളുടെ പേരില്‍ രണ്ട് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ITF ന്‍റെ ഒരു സ്റ്റാമ്പ് വാങ്ങിയാല്‍ മതിയായിരുന്നു. പത്ത് സ്റ്റാമ്പിനു ഒരു ഡോളര്‍ ആയിരുന്നു വില.


 STAMP_2ഈ ഫണ്ടും വന്‍ വിജയമായി. ‘തങ്ങള്‍ക്ക് വാഗ്ദത്ത ദേശത്ത് പോകാന്‍ കഴിയുന്നില്ല, പക്ഷേ തങ്ങളുടെ പേരില്‍ വാഗ്ദത്ത ദേശത്ത് രണ്ട് മരങ്ങള്‍ വളരാനുള്ള അവസരമെങ്കിലും കിട്ടിയല്ലോ’ എന്ന ചിന്തയായിരുന്നു യെഹൂദന്മാര്‍ക്ക്. പണ്ട് ഇസ്രയേല്‍ രാജ്യം നിലനിന്നിരുന്ന പ്രദേശത്ത് വീണ്ടും ഇസ്രായേല്‍ രാജ്യം സംസ്ഥാപിതമാകും എന്ന് വിശ്വസിച്ചിരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളും ട്രീ ഫണ്ടിന്‍റെ സ്റ്റാമ്പുകള്‍ വാങ്ങിക്കൊണ്ട് ‘മരുഭൂമിയെ മലര്‍വാടിയാക്കാനുള്ള’ JNF ന്‍റെ സ്വപ്ന പദ്ധതയില്‍ ഭാഗഭാക്കുകളായി. ജീവിച്ചിരിക്കുന്നവരുടെ പേരില്‍ മാത്രമല്ല, മരിച്ചു പോയവരുടെ ഓര്‍മ്മയ്ക്കായി അവരുടെ പേരിലും മരം നടാമായിരുന്നു.


 തങ്ങള്‍ ബഹുമാനിക്കുന്ന ആളോടുള്ള ആദരസൂചകമായി അയാളുടെ പേരിലും മരം നടാമായിരുന്നു. കൂടാതെ രക്തസാക്ഷികളായവരുടെ ഓര്‍മ്മയ്ക്ക് വേണ്ടി കുടുംബക്കാരും ബന്ധുക്കളും സ്നേഹിതരും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി.


 ഇന്നും തീവ്രവാദി ആക്രമണത്തില്‍ ഒരു ഇസ്രായേല്യന്‍ കൊല്ലപ്പെട്ടാല്‍, അവന്‍റെ പേരില്‍ അനേകം വൃക്ഷത്തൈകള്‍ ഇസ്രായേലിന്‍റെ പല ഭാഗങ്ങളിലും നട്ടുവളര്‍ത്തപ്പെടും! അതുകൊണ്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡാ മേയര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്: 
“ഞങ്ങൾ വിജയങ്ങളിൽ ആഹ്ലാദിക്കുന്നില്ല. ഒരു പുതിയ തരം പരുത്തി നട്ടു വളർത്തുമ്പോഴും യിസ്രായേലിൽ സ്ട്രോബറികൾ പൂക്കുമ്പോഴും ഞങ്ങൾ ആഹ്ലാദിക്കുന്നു”


യെഹൂദന്‍റെ ഈ ഒടുങ്ങാത്ത ഇച്ഛാശക്തിയാണ് അവനെ ഇന്നും നിലനിര്‍ത്തിപ്പോരുന്നത്. കഠിനാദ്ധ്വാനം ചെയ്യാന്‍ അവന്‍ എന്നും തയ്യാറായിരുന്നു. ഫറവോന്‍റെ ഇഷ്ടികച്ചൂളയിലാണെങ്കിലും വാഗ്ദത്ത ദേശത്തെ മരുഭൂമിയിലാണെങ്കിലും ഒരു മടിയും കൂടാതെ അവന്‍ അദ്ധ്വാനിച്ച് മണ്ണില്‍ പൊന്നു വിളയിച്ചു. 1948-ല്‍, പുതുതായുണ്ടായ യെഹുദ രാഷ്ട്രത്തെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ട്രാന്‍സ് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് തന്നെ 1946-ല്‍ ഇങ്ങനെ എഴുതിയിരുന്നു: "യെഹുദ അധിവാസ കേന്ദ്രങ്ങളിലെ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി. മണല്‍ക്കൂനകളെ അവര്‍ കോളനികള്‍ ആക്കി. അവയില്‍ നിന്ന് അവര്‍ വെള്ളം പുറത്തെടുത്തു. അവയെ ഒരു പറുദീസ ആക്കി രൂപാന്തരപ്പെടുത്തി."


അബ്ദുള്ള രാജാവ് ഇങ്ങനെ എഴുതിയതില്‍ ആശ്ചര്യമില്ല. 1927 ആയപ്പോഴേക്കും JNF 50,000 ഏക്കര്‍ ഭൂമി വാഗ്ദത്ത ദേശത്ത്‌ വാങ്ങിക്കൂട്ടുകയും 50 യെഹൂദ കുടിയേറ്റ കേന്ദ്രങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. 1935 ആയപ്പോഴേക്കും 1750 ഏക്കര്‍ ഭൂമിയില്‍ 17 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ബാല്‍ഫര്‍ ഫോറെസ്റ്റ്, മിഷ്മര്‍ ഹഎമെക് ഫോറസ്റ്റ് എന്നിങ്ങനെ രണ്ട് വനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. 1935-ന്‍റെ അവസാനമായപ്പോഴേക്കും 89,500 ഏക്കര്‍ ഭൂമി JNF വാങ്ങിക്കൂട്ടുകയും 108 യെഹൂദ സമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗം സ്ഥലങ്ങളും പ്രദേശത്തിന്‍റെ മധ്യഭാഗത്തും താഴ്വരകളിലും ആയിരുന്നു. 1939-ല്‍ യെഹൂദ കുടിയേറ്റങ്ങള്‍ക്ക് ബ്രിട്ടന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയമായപ്പോഴേക്കും നാലര ലക്ഷം യെഹൂദന്മാര്‍ വാഗ്ദത്ത ദേശത്ത് താമസക്കാരായി ഉണ്ടായിരുന്നു. ഇതില്‍ നല്പത്തയ്യായിരം പേരും JNF വാങ്ങിക്കൂട്ടിയ ഭൂമിയിലാണ് താമസിച്ചിരുന്നത്.


ISRAYL2001-ല്‍, JNF ന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അവര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം നൂറ് വര്‍ഷങ്ങള്‍ കൊണ്ട് 24 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും 200-ലധികം ഡാമുകളും റിസര്‍വോയറുകളും നിര്‍മ്മിക്കുകയും രണ്ടര ലക്ഷം ഏക്കര്‍ ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയിരത്തിലധികം പാര്‍ക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്തുകൊണ്ട് ഇസ്രായേലിലെ ഏറ്റവും വലിയ ഭൂവുടമകളായി JNF മാറിയിരുന്നത്‌ കാണാന്‍ കഴിയും. (
http://www.jnf.org/about-jnf/history/
)


മരുഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാന്‍ ആദ്യകാലങ്ങളില്‍ യെഹൂദന്മാര്‍ കുറെയേറെ കഷ്ടപ്പെട്ടു. പരമ്പരാഗത രീതിയില്‍ വൃക്ഷത്തൈകളുടെ ചുവട്ടില്‍ വെള്ളം ഒഴിച്ചു കൊടുക്കുന്ന രീതിയാണ് ആദ്യകാലങ്ങളില്‍ ജലസേചനത്തിനായി അവര്‍ സ്വീകരിച്ചത്. മണലില്‍ ഒഴിക്കുന്ന വെള്ളം അല്‍പ നിമിഷങ്ങള്‍ക്കകം ഭൂമിയില്‍ താണുപോകുമെന്നുള്ളതിനാല്‍ ഒഴിക്കുന്ന വെള്ളത്തിന്‍റെ എട്ടില്‍ ഒരു ഭാഗം മാത്രമേ വൃക്ഷത്തൈകള്‍ക്ക് വലിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കേണ്ടതുണ്ടായിരുന്നു
. ഇത് അദ്ധ്വാനവും പണച്ചിലവും ഏറ്റുന്നതായിരുന്നു. അതിനേക്കാള്‍ എല്ലാം ബുദ്ധിമുട്ടുണ്ടാക്കിയത് മരുഭൂമിയിലെ ജലത്തിന്‍റെ ലഭ്യതക്കുറവായിരുന്നു. ഒഴിക്കുന്ന വെള്ളത്തിന്‍റെ നൂറ് ശതമാനവും വൃക്ഷത്തൈകള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയുന്നതും അദ്ധ്വാനഭാരം ലഘൂകരിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാതെ ‘മരുഭൂമിയെ മലര്‍വാടിയാക്കാന്‍’ ഉള്ള തങ്ങളുടെ സ്വപ്നം പൂവണിയില്ലെന്ന് അവര്‍ക്ക് മനസ്സിലായി. യെഹൂദന്‍റെ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തല്‍ഫലമായി, പില്‍ക്കാലത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു ലളിതസാങ്കേതിക വിദ്യ യെഹൂദന്‍റെ തലച്ചോറില്‍ നിന്നും പിറന്നു!


 WATERING(മരുഭൂമിയില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ക്ക് പരമ്പരാഗത രീതിയില്‍ ജലസേചനം  നടത്തുന്ന യെഹൂദന്മാര്‍. 1901-ലെ ചിത്രം.)


മരുഭൂമിയെ മലര്‍വാടിയാക്കാന്‍ യെഹൂദന്മാര്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ വളരെ ലളിതവും കിടയറ്റതുമായിരുന്നു. അധികം ചുട്ടെടുക്കാത്ത മണ്‍ കൂജകളായിരുന്നു പ്രധാന ഉപകരണം. മണല്‍ക്കാടില്‍ നിരനിരയായി നട്ട വൃക്ഷത്തൈകള്‍ക്കിടയില്‍ ഓരോ മണ്‍ കൂജകള്‍ വാവട്ടം മാത്രം പുറത്ത് കാണത്തക്കവിധം കുഴിച്ചിടുകയും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഈ മണ്‍കൂജകളില്‍ വെള്ളം നിറച്ച് അതിന്‍റെ വായ്‌ അടച്ചു പൂട്ടി വെക്കുകയും ചെയ്യും. കൂജയുടെ പുറത്തേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളത്തിനെ വൃക്ഷത്തൈകളുടെ വേരുകള്‍ വലിച്ചെടുക്കും. വൃക്ഷത്തൈകള്‍ വളരുന്നതിനനുസരിച്ചു അവയുടെ വേരുകള്‍ മണ്‍ കൂജകള്‍ പൊട്ടിച്ച് അതിനുള്ളിലേക്ക്‌ കയറുകയും പിന്നെ കൂജകളില്‍ നിന്ന് നേരിട്ട് ജലം വലിച്ചെടുക്കുകയും ചെയ്യും. നന്നായി ചുട്ടെടുക്കാത്ത കൂജകള്‍ ആയതുകൊണ്ട് വേരുകള്‍ക്ക് അതിനുള്ളിലേക്ക്‌ തുളച്ചു കയറാന്‍ വലിയ പ്രയത്നവും ആവശ്യമുണ്ടായിരുന്നില്ല.


 WATERING_1മറ്റൊരു രീതി വൃക്ഷത്തൈകളുടെ ഇടയിലൂടെ ദ്വാരങ്ങള്‍ ഇട്ട പൈപ്പുകള്‍ സ്ഥാപിക്കുന്നതായിരുന്നു. ഈ പൈപ്പിന്‍റെ ഒരറ്റം അല്പം ഉയരത്തില്‍ സ്ഥാപിച്ച ഒരു വാട്ടര്‍ ടാങ്കില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ടാപ്പ് തുറക്കുമ്പോള്‍ പൈപ്പുകളിലേക്ക് ഇരച്ചെത്തുന്ന വെള്ളം ദ്വാരങ്ങളിലൂടെ പുറത്തേക്ക് കിനിയുന്നു. പുറത്തുള്ള വൃക്ഷത്തൈകളുടെ വേരുകള്‍ ആ വെള്ളം വലിച്ചെടുക്കുന്നു.


 ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മരുഭൂമിയിലെ വനവത്കരണത്തിന്‍റെ വേഗത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മുന്‍പ് ദിവസത്തില്‍ രണ്ട് നേരം വെള്ളം ഒഴിക്കേണ്ട സ്ഥാനത്തു ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം മാത്രം വെള്ളമൊഴിച്ചാല്‍ മതി എന്ന് വന്നതോടെ അധികമായി ലഭിച്ച സമയം കൊണ്ട് കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒഴിക്കുന്ന വെള്ളത്തില്‍ ഒരു തുള്ളി പോലും വൃഥാവാകുന്നില്ലെന്നതിനാല്‍ അധികം വെള്ളം ചിലവാക്കേണ്ട ആവശ്യവും വന്നിരുന്നില്ല. ഇതെല്ലാം മരുഭൂമിയെ മലര്‍വാടിയാക്കാനുള്ള യെഹൂദന്‍റെ പദ്ധതിക്ക് ആക്കം കൂട്ടി. (തുടരും)


കിബ്ബുട്ട്സുകള്‍


KIBBUTSവാഗ്ദത്ത ദേശത്ത് ഇത്രമാത്രം കാര്യങ്ങള്‍ ചെയ്യുവാന്‍ യെഹൂദന് കഴിഞ്ഞതിന് പ്രധാന കാരണം കിബ്ബുട്ട്സ് എന്നറിയപ്പെടുന്ന സംഘങ്ങളാണ്. കിബ്ബുട്ട്സ് എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം “സാമൂഹിക അധിവാസ സംഘം” എന്നാണ്. ഇത് ഒരു പ്രത്യേക ഗ്രാമീണ സമൂഹമാണ്. പരസ്പര സഹായത്തിനും സാമൂഹ്യ നീതിക്കും സമര്‍പ്പിക്കപ്പെട്ട ഒരു സംഘം; വസ്തുവിന്‍റെ കൂട്ട് ഉടമസ്ഥാവകാശം, സമത്വം, ഉത്പാദനത്തിലെ സഹകരണം, ഉപഭോഗം, പരിശീലനം  എന്നീ  തത്വത്തെ അടിസ്ഥാനമാക്കിയ ഒരു സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതി. "ഓരോരുത്തരുടെ കഴിവിന് ഒത്തവണ്ണം ഓരോരുത്തരില്‍നിന്നും, ഓരോരുത്തരുടെ ആവശ്യത്തിനു ഒത്തവണ്ണം ഓരോരുത്തര്‍ക്കും" എന്ന ആശയമാണ് അവരുടെ മുദ്രാവാക്യം. ഈ ആശയം സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അത് ഒരു പാര്‍പ്പിടമാണ്.


1850-കള്‍ക്ക് ശേഷം വാഗ്ദത്ത ദേശത്തേക്ക് കുടിയേറി പാര്‍ത്ത യെഹൂദന്മാര്‍ ഒറ്റയ്ക്കൊറ്റയ്ക്കയാണ് ആദ്യകാലങ്ങളില്‍ കൃഷിയും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചെയ്തത്. അതുകൊണ്ടുതന്നെ പറയത്തക്ക രീതിയിലുള്ള നേട്ടങ്ങള്‍ അവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ JNF വാങ്ങിക്കൂട്ടിയ സ്ഥലത്ത് പിന്നീട് വന്ന കുടിയേറ്റക്കാരെ താമസിപ്പിച്ചപ്പോള്‍, കൂട്ടായ അദ്ധ്വാനം കൊണ്ടേ മരുഭൂമിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുള്ള കാര്യം അവര്‍ക്ക് വളരെ വേഗം ബോദ്ധ്യമായി. അതിന്‍റെ അനന്തരഫലമായിരുന്നു കിബ്ബുട്ട്സ്. ആദ്യത്തെ കിബ്ബുട്ട്സീം (കിബ്ബുട്ട്സിന്‍റെ ബഹുവചനരൂപം) ഉടലെടുത്തത് 1909-ല്‍ വടക്കന്‍ ഇസ്രായേലില്‍, കിന്നരേത്ത് തടാകത്തിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ്. Kibbutz Degania Aleph എന്നായിരുന്നു ആ കിബ്ബുട്ട്സിന്‍റെ പേര്.


കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കുടിയേറിയ യുവ യെഹൂദന്മാരായിരുന്നു JNF വാങ്ങിയ സ്ഥലത്ത് ആ കിബ്ബുട്ട്സ് സ്ഥാപിച്ചത്. അവരുടെ പാത വളരെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ശത്രുതാ മനോഭാവമുള്ള സര്‍ക്കാരും അയല്‍ക്കാരും, കാര്‍ഷികവൃത്തിയിലുള്ള പരിജ്ഞാനക്കുറവും ശാരീരികാദ്ധ്വാനം നടത്തി പരിചയമില്ലാത്ത വളന്‍റിയേഴ്സും നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടന്നതിലൂടെ തരിശായി മറിയ ഭൂമിയും ജലത്തിന്‍റെ ദൗര്‍ലഭ്യതയും ഫണ്ടിന്‍റെ അപര്യാപ്തതയുമെല്ലാം അവര്‍ക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് ആ യുവ സമൂഹം നേടിയ വിജയം പുറകേ വന്ന ആയിരങ്ങള്‍ക്ക് പ്രചോദനമേകുന്നതായിരുന്നു. കിബ്ബുട്ട്സുകള്‍ പ്രദേശത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ആദ്യത്തെ കിബ്ബുട്ട്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം കിബ്ബുട്ട്സുകള്‍ പ്രദേശത്തിന്‍റെ പല ഭാഗങ്ങളില്‍ രൂപം കൊള്ളാന്‍ തുടങ്ങിയിരുന്നു. 1920 ആയപ്പോഴേക്കും 12 കിബ്ബുട്ട്സുകളും 1950 ആയപ്പോഴേക്കും 214 കിബ്ബുട്ട്സുകളും ഉണ്ടായി.   (
http://www.jewishvirtuallibrary.org/jsource/Society_&_Culture/kibbutz.html
)


കൃഷിയിടങ്ങള്‍ മാത്രമല്ല, ഡാമുകളും കനാലുകളും കെട്ടിടങ്ങളും പാര്‍ക്കുകളും ഗ്രാമങ്ങളും നഗരങ്ങളും എല്ലാം കിബ്ബുട്ട്സുകള്‍ വഴി പണിയാന്‍ തുടങ്ങിയതോടെ പ്രദേശത്തിന്‍റെ മുഖച്ഛായ അതിവേഗം മാറാന്‍ തുടങ്ങി. തരിശായി കിടന്നിരുന്ന ഭൂമിയില്‍ വനങ്ങളും വയലേലകളും ഗ്രാമങ്ങളും നഗരങ്ങളും രൂപം കൊള്ളാന്‍ തുടങ്ങി. മരുഭൂമിയില്‍ യെഹൂദന്മാര്‍ പണിതുയര്‍ത്തിയ നഗരങ്ങളില്‍ പ്രധാനപ്പെട്ടത് പില്‍ക്കാലത്ത് ഇസ്രായേല്‍ രാഷ്ട്രത്തിന്‍റെ തലസ്ഥാനമായിരുന്ന ടെല്‍ അവീവ് ആയിരുന്നു.


WORK(കിബ്ബുട്ട്സിന്‍റെ ഭാഗമായി വാഗ്ദത്ത ദേശത്ത് കൃഷിയിടങ്ങള്‍ക്ക് മതില്‍ പണിയുന്ന യെഹൂദന്മാര്‍)


ടെല്‍ അവീവ്: മനുഷ്യപ്രയത്നത്തിന്‍റെ മഹാത്ഭുതം


1909-ല്‍ 66 യെഹൂദ കുടുംബങ്ങള്‍ ചേര്‍ന്ന ഒരു ഗ്രൂപ്പാണ് ടെല്‍ അവീവ് എന്ന നഗരം നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്. ആദ്യം ഈ നഗരത്തിന്‍റെ പേര് ‘അഹുസത് ബെയ്ത്’ എന്നായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം തിയോഡര്‍ ഹെര്‍സലിന്‍റെ ഒരു പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നഗരത്തിനു ടെല്‍ അവീവ് എന്ന് പേര് മാറ്റിയിടുന്നത്. ജാഫ്ഫയില്‍ താമസിക്കുന്നതിനു പലവിധമായ നിയന്ത്രണങ്ങളും കൊണ്ടുവന്ന് തുര്‍ക്കി ഭരണകൂടം യെഹൂദന്മാരെ കഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നും കുടിയേറിയതാണ് ഈ 66 കുടുംബങ്ങള്‍. ഇതിന്‍റെ രൂപീകരണത്തിന്‍റെ ചരിത്രം രസകരമാണ്. ജാഫ്ഫയില്‍ നിന്ന് വന്നവര്‍ കടല്‍ത്തീരത്ത് മണല്‍ കൂമ്പാരമയി കിടന്നിരുന്ന ഈ ഭൂമി മൊത്തമായാണ് വാങ്ങിയത്. വാങ്ങിക്കഴിഞ്ഞ് പ്ലോട്ടുകളായി തിരിച്ചപ്പോള്‍ ഏതൊക്കെ ഭാഗങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണം എന്ന കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവസാനം സംഘത്തിന്‍റെ തലവനായിരുന്ന Arieh Akiva Weiss എന്നയാള്‍ വെളുത്ത നിറത്തിലുള്ള 66 ചിപ്പിത്തോടും തവിട്ടു നിറത്തിലുള്ള 66 ചിപ്പിത്തോടും സംഘടിപ്പിച്ചു. വെളുത്ത ചിപ്പിത്തോടില്‍ കുടുംബത്തിന്‍റെ പേരും തവിട്ടു നിറത്തിലുള്ള ചിപ്പിത്തോടില്‍ പ്ലോട്ട് നമ്പറുകളും എഴുതി രണ്ട് കൂട്ടമായി വെച്ചു. ഓരോ കുടുംബനാഥനും വെള്ള നിറത്തിലും തവിട്ടു നിറത്തിലും ഉള്ള ഓരോ ചിപ്പിത്തോട് എടുക്കണം. കിട്ടുന്ന കുടുംബത്തിന്‍റെ പേരും പ്ലോട്ട് നമ്പറും നോക്കി ആ കുടുംബത്തിന് ആ പ്ലോട്ട് നല്‍കുന്നു. അതായിരുന്നു സംഘത്തലവന്‍റെ പദ്ധതി. എല്ലാവര്‍ക്കും ആ  ആശയത്തിനോട് യോജിപ്പായിരുന്നു. അങ്ങനെ 66 കുടുംബങ്ങള്‍ക്കും അവിടെ ഭൂമി വീതിക്കപ്പെട്ടു. ഈ സംഭവം "Shell Lottery" എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. (
http://happyintlv.net/item/discover-the-birth-of-tel-aviv/
)


TEL-AVIV (കടല്‍ക്കരയിലുള്ള മണലാരണ്യത്തില്‍ ടെല്‍ അവീവ് നഗരത്തിന്‍റെ ശിലാസ്ഥാപനം നടക്കുമ്പോള്‍ എടുത്ത ഫോട്ടോ)


നഗരം നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു വെറും എട്ടു കൊല്ലം ആയപ്പോള്‍ 1917-ല്‍ ഓട്ടോമന്‍ സര്‍ക്കാര്‍ യെഹൂദന്മാരെ ജാഫ്ഫയില്‍ നിന്നും ടെല്‍ അവീവില്‍ നിന്നും പുറത്താക്കി! ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സമയമായിരുന്നു അത്. യെഹൂദന്മാര്‍ ബ്രിട്ടീഷ് ചാരന്മാര്‍ ആണെന്ന കാരണം പറഞ്ഞായിരുന്നു പുറത്താക്കല്‍. അവരെ പുറത്താക്കുവാനുള്ള പ്രഖ്യാപനം വന്നു കഴിഞ്ഞു വെറും എട്ടു മാസമായപ്പോഴേക്കും പുറത്താക്കപ്പെട്ട യെഹൂദന്മാര്‍ക്ക് അവരുടെ ഭവനങ്ങള്‍ തിരികെ ലഭിച്ചു. അപ്പോഴേക്കും ഈ പ്രദേശം ബ്രിട്ടന്‍ പിടിച്ചെടുക്കുകയും ബ്രിട്ടീഷ് മാന്‍ഡേറ്റായി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തതാണ് അതിന് കാരണം. അവിടെയുള്ള സ്ഥലമുടമകള്‍ക്കും വസ്തുവകകളുടെ ഉടമകള്‍ക്കും മടങ്ങി വരാനുള്ള അനുവാദം ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരുന്നു.


ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ ജാഫ്ഫയില്‍ 11,000 യെഹൂദന്മാര്‍ താമസിക്കുന്നുണ്ടായിരുന്നു. 1921-ല്‍ ജാഫ്ഫയിലെ കിബ്ബുട്ട്സില്‍ അറബികള്‍ നടത്തിയ ആക്രമണത്തില്‍ 43 യെഹൂദന്മാര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ജഫ്ഫയില്‍ ഉണ്ടായിരുന്ന ധാരാളം യെഹൂദന്മാര്‍ അവിടം വിട്ടു ടെല്‍ അവീവിലേക്ക് കുടിയേറി. ഇത് ടെല്‍ അവീവ് നഗരത്തിന്‍റെ വളര്‍ച്ചയ്ക്ക് വളരെ സഹായകരമായി. പില്‍ക്കാലത്ത്, ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായപ്പോള്‍ അതിന്‍റെ തലസ്ഥാനമായി നിന്നത് യെഹൂദര്‍ ശൂന്യതയില്‍ നിന്നെന്നവണ്ണം പണിതുയര്‍ത്തിയ ടെല്‍ അവീവ് നഗരമാണ്. പില്‍ക്കാലത്ത്, യെരുശലേം നഗരം ഇസ്രായേലിന്‍റെ രാഷ്ട്രീയ  തലസ്ഥാനമായി മാറിയെങ്കിലും വ്യാവസായിക തലസ്ഥാനമായി ഇന്നും നിലനില്‍ക്കുന്നത് ടെല്‍ അവീവ് നഗരമാണ്. യെഹൂദന്‍റെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും കഠിനാദ്ധ്വാനത്തിന്‍റെയും പ്രതീകമായി ടെല്‍ അവീവ് പട്ടണം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. (തുടരും...)


TEL-AVIV_1(ആധുനിക ടെല്‍ അവീവ് പട്ടണം, ഒരു നിശാദര്‍ശനം)