പാലക്കാടിനെ കാത്തിരിക്കുന്നത് കൊടും വരൾച്ച; അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ല

ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലമ്പുഴയില്‍ ഇനി 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ഉള്ളത്. കൃഷി ആവശ്യങ്ങൾക്കു മാത്രമേ ഈ വെള്ളം ഉപയോഗിക്കാൻ കഴിയൂ

പാലക്കാടിനെ കാത്തിരിക്കുന്നത് കൊടും വരൾച്ച; അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ല

പാലക്കാട്: ജില്ലയില്‍ വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയുടെ ദിനങ്ങളാണെന്ന് സൂചന നല്‍കി കൊണ്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാലക്കാട്ടെ പ്രധാന അണക്കെട്ടുകളിലെല്ലാം വെള്ളം കുറവാണ്. തുലാ വർഷം ശക്തമാണെങ്കിൽ ഡാമുകളിൽ ആവശ്യത്തിനു വെള്ളമുണ്ടാകാനുള്ള സാധ്യതയില്ല. കുടിവെള്ളത്തിനും കൃഷിക്കും പാലക്കാട് പ്രധാനമായും ആശ്രയിക്കുന്ന അണക്കെട്ടുകളെയാണ്. അതു കൊണ്ടു തന്നെ അതി രൂക്ഷമായ വരൾച്ചയാകും ഇത്തവണ പാലക്കാട് നേരിടാൻ പോകുന്നത്.


.
ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലമ്പുഴയില്‍ ഇനി 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് ഉള്ളത്. കൃഷി ആവശ്യങ്ങൾക്കു മാത്രമേ ഈ വെള്ളം ഉപയോഗിക്കാൻ കഴിയൂ.  അതോടെ കുടിവെള്ളവും മുടങ്ങുന്ന അവസ്ഥയുണ്ടാകും. തിങ്കളാഴ്ച്ച വരെയുള്ള കണക്കു പ്രകാരം  91.2351 ദശലക്ഷം ഘന മീറ്റർ  വെള്ളം മാത്രമേ അണക്കെട്ടിലുള്ളു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 134.8801 ദശലക്ഷം ഘന മീറ്റർ  വെള്ളമായിരുന്നു ഉണ്ടായിരുന്നത്.

മഴയുടെ കുറവും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതുമാണ് മലമ്പുഴയില്‍ വെള്ളം കുറയാനിടയായത്. മലമ്പുഴയില്‍ വെള്ളം കുറഞ്ഞത് രണ്ടാം വിളയേയും കാര്യമായി ബാധിക്കും.മുൻപ് നെല്ലിൽ കതിർ വന്ന ശേഷം മാത്രമായിരുന്നു കർഷകർ കണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചത്. ഇന്നാൽ ഇപ്പോൾ ഞാറ്റടി തയ്യാറാക്കാൻ പോലും അണക്കെട്ടിലെ വെള്ളത്തെ ആശ്രയിക്കേണ്ടി വരും.

ചിറ്റൂര്‍ പുഴ പദ്ധതിക്ക് കീഴിലുള്ള വാളയാര്‍, മീങ്കര, ചുള്ളിയാര്‍ ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്.  ഈ ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും വെച്ചു നോക്കിയാല്‍ വളരെ മാറ്റമുണ്ട്. 18.40 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള വാളയാര്‍ അണക്കെട്ടില്‍ ഇപ്പോഴുള്ളത് 3.92 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് 12.803 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉണ്ടായിരുന്നത്. 11.31 ദശലക്ഷം ശേഷിയുള്ള മീങ്കര അണക്കെട്ടില്‍ ഇപ്പോള്‍ 1.31 ദശലക്ഷം വെള്ളം മാത്രമേയുള്ളു. കഴിഞ്ഞ വര്‍ഷം ഇത് 8.155 ആയിരുന്നു. 13.70 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള ചുള്ളിയാര്‍ അണക്കെട്ടില്‍ ആകെയുള്ളത് വെറും 1.334 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 7.971 ദശലക്ഷം ഘനമീറ്റര്‍ ഉണ്ടായിരുന്നു.

കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 64.9618 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോഴുള്ളത്. 70.8287 ദശ ലക്ഷമാണ് ഈ ഡാമിന്റെ സംഭരണ ശേഷി. പോത്തുണ്ടി അണക്കെട്ടില്‍ പകുതി പോലും വെള്ളം ഇപ്പോള്‍ തന്നെയില്ല. 50.914 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ 23.248 ഘനമീറ്റര്‍ വെള്ളമായി കുറഞ്ഞു.

Read More >>