പാക്‌ സര്‍ക്കാര്‍ ഇന്ത്യക്കൊപ്പം! ഭീകരരെ വളര്‍ത്തുന്നത് നിര്‍ത്താന്‍ സൈന്യത്തിന് മുന്നറിയിപ്പ്

രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ് പാക്കിസ്ഥാന്‍. ഭീകരരെ വളര്‍ത്തുന്നത് തടഞ്ഞില്ലെങ്കില്‍ ലോകസമൂഹത്തിനു മുമ്പാകെ ഒറ്റപ്പെടേണ്ടിവരുമെന്ന് പാക് സര്‍ക്കാര്‍ സൈന്യത്തിന് മുന്നറിയിപ്പു നല്‍കി.

പാക്‌ സര്‍ക്കാര്‍ ഇന്ത്യക്കൊപ്പം! ഭീകരരെ വളര്‍ത്തുന്നത് നിര്‍ത്താന്‍ സൈന്യത്തിന് മുന്നറിയിപ്പ്

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വന്തം പട്ടാളവുമായി ഇടയുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമ്പോള്‍ എതിര്‍ക്കാന്‍ വരരുതെന്ന് സൈനിക നേതൃത്വത്തിന് നവാസ് ഷെരീഫ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇക്കാര്യം ഐഎസ്‌ഐ പ്രവിശ്യാ കമാണ്ടര്‍മാരെയും നാല് പ്രവിശ്യാ ഭരണത്തലവന്മാരെയും നേരിട്ടറിയാക്കാനും ധാരണയായി.

ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അക്തറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജാന്‍ജ്വയും ഇതിനായി നാല് പാക് പ്രവിശ്യകളിലും പോവും. ഭീകരപ്രവര്‍ത്തനം തടയാന്‍ സഹായിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഒറ്റപ്പെടാന്‍ ഒരുങ്ങിക്കോളൂ എന്നാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.


ഇന്ത്യയെ ലക്ഷ്യമിട്ടു നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന അവകാശവാദത്തെ സ്വയം തള്ളിക്കളയുന്നതാണ് ഈ നിലപാട്. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയാണെന്ന വിലയിരുത്തലിലാണിത്. സംഘര്‍ഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം സേനാ നേതൃത്വത്തിനും ഐഎസ്‌ഐ മേധാവികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെയാണ് സേനയുടെമേല്‍ പിടിമുറുക്കുന്ന പാക് സര്‍ക്കാരിന്റെ നീക്കം.

അമേരിക്കയും ചൈനയും പാക്കിസ്ഥാന്റെ കൂടെയല്ല!

ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യം അനുവദിക്കുന്നില്ലെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഭീകരപ്രവര്‍ത്തനം നടത്തിയതിന് പിടികൂടപ്പെട്ടരെ മോചിപ്പിക്കാന്‍ സൈന്യം ഇടപെടുന്നുവെന്നും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാക് അധികൃതര്‍ പിന്തുണക്കുകയാണെന്ന ഇന്ത്യയുടെ ആരോപണം ശരിവെക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്.

ഇതിനു തുടര്‍ച്ചയായാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസില്‍ സര്‍വ്വകക്ഷി യോഗം. സര്‍വകക്ഷിയോഗത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഒരു ചെറുസംഘം സിവില്‍ മിലിട്ടറി ഉദ്യാഗസ്ഥര്‍ക്കു മുന്നില്‍ പ്രതിസന്ധിയുടെ ഗൗരവം അവതരിപ്പിച്ചു.

ലോകമധ്യേ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഈ പ്രത്യേകയോഗത്തില്‍ പറഞ്ഞു. 'അമേരിക്കയുമായുള്ള നല്ല ബന്ധവും അനുദിനം മോശമാവുകയാണ്. ജെയ്‌ഷെ മൊഹമ്മദിനെതിരെ നടപടി വേണമെന്നും പത്താന്‍കോട്ട് സംഭവത്തില്‍ അന്വേഷണം തീര്‍ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്' ഐസാസ് ചൗധരി യോഗത്തെ അറിയിച്ചു. പാക്കിസ്ഥാന്‍ സമീപനം മാറ്റണമെന്ന് ചൈനയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൗധരി അവിടെ പറഞ്ഞു.

രഹസ്യയോഗ വിവരങ്ങള്‍ പുറത്തുവിടുന്നത് പാക് പത്രം

ഇന്ത്യയുമായുള്ള സംഘര്‍ഷം ഭരണപട്ടാള നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ഭിന്നതകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് പാക് പത്രമായ 'ഡോണ്‍' ആണെന്നതാണ് ഏറ്റവും പ്രധാനം. സേനയും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ സര്‍ക്കാരിനൊപ്പം നിന്നാണ് ഡോണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിങ്ങ്.

പാക് അധികൃതര്‍ നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തില്‍ (ഉറി ഭീകരാക്രമണത്തിലെ പങ്ക്) അവര്‍ക്കുള്ള പങ്ക് ശരിവക്കുക കൂടിയാണ് 'ഡോണ്‍'. അതേസമയം, സര്‍ക്കാരല്ല സൈന്യമാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നും ഇതുവഴി അവര്‍ സ്ഥാപിക്കുന്നു.

അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഭീകരര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ചാല്‍ സൈനിക നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നത് വ്യക്തമല്ല. എന്നാല്‍ പൊതുജനാഭിപ്രായം പാക് സര്‍ക്കാരിന്റെ നിലപാടിനൊപ്പമായിരിക്കുമെന്ന് സൂചിപ്പിക്കുന്നു പാക് പത്രം ഇക്കാര്യത്തിലെടുക്കുന്ന സമീപനം.

Read More >>